കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ ഗാനം.

“എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമയുടെ  ഇതിവൃത്തത്തിന്റെ കാമ്പ് കണ്ടറിഞ്ഞ് അതിനെ ഒരു പാട്ടിന്റെ ഏതാനും ഈരടികളിലേക്ക് ലയിപ്പിച്ചുചേർത്ത റഫീഖ്  അഹമ്മദിന്റേത് അനിതരസാധാരണമായ രചനാമായാജാലം.                                                                                                                                                      
പ്രപഞ്ചത്തെ ഒരു  കുഞ്ഞു മഞ്ഞുകണത്തിലേക്കൊതുക്കി പ്രതിബിംബിപ്പിക്കുന്ന ജാലവിദ്യപോലെ.
                                                                                                                                   
കാലം  കടന്നുപോകെ പുഴ മെലിയുന്നതും, അത് നൂലുപോലെ നേർക്കുന്നതും, ഒഴിഞ്ഞ കടവുപോലെ നായികയുടെ അകം ഏകാന്തമാകുന്നതും, മഴയും വെയിലും മാറിമാറിയെത്തിയ ഏറെ തുഭേദങ്ങളിലൂടെ എരിഞ്ഞെരിഞ്ഞ് മനം തിരിപോലെ കരിയുന്നതും, തിരഞ്ഞ്തിരഞ്ഞ് കണ്ണുകൾ തിരപോലെ അലയുന്നതും,  ഒടുവിൽ ആ കാത്തിരിപ്പ് അനന്തമാണെന്നറിയുന്നതോടെ വേനലിന്റെ കാഠിന്യം മലർദലങ്ങളെയുതിർക്കുമ്പോലെ മോഹത്തിന്റെ വളകൾ മനസ്സിൽനിന്ന് ഊർന്നുപോകുന്നതും.... 

സ്വന്തം മനസ്സിനെ കവർന്നെടുത്തശേഷം ഏതോ നിയോഗത്തിനുപിന്നാലെ കടന്നുകളഞ്ഞ പ്രിയങ്കരന്റെ പ്രിയരൂപം പിന്നെപ്പിന്നെ ഓർമ്മകളിലും മനസ്സിന്റെ കണ്ണുകളിലും  തെന്നിയും മിന്നിയും തെളിഞ്ഞുമായുന്നതും.....

മൊയ്തീനുവേണ്ടി മാത്രം ജീവിച്ച കാഞ്ചനമാലയുടെ ഉൽക്കടമായ ഹൃദയവികാരങ്ങൾക്ക്  ഗാനാവിഷ്ക്കാരം നിർവഹിക്കാനായി
ബിംബകൽപ്പനാസമ്പന്നമായ  തന്റെ കവിമനസ്സിനെ  റഫീഖ് അഹമ്മദ്  ഈരടികളിലേക്ക് ഉദാരമായി  കുടഞ്ഞിടുകയായിരുന്നു  എന്നുതോന്നുന്നു.                                                                                                                                                    മനംകവരുന്ന ബിംബകൽപ്പനകളുടെ സാമജ്ജസ്യം സമ്മാനിക്കുന്ന സമ്പൂർണ്ണത അത്രമേൽ ഹൃദ്യമായി  ഈരടികളിൽ പരിലസിക്കുന്നു.                                                                                                                                         ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും പുഴപോലെ നിറഞ്ഞൊഴുകിയ ഒരു മനസ്സ് പിന്നീട് വിധിയുടെ അപ്രതിഹതമായ ആഘാതമേറ്റ് എവ്വിധം ഊഷരമായിപ്പോയെന്ന് വരികൾ തേങ്ങുമ്പോൾ അതിനൊപ്പം ഗാനാസ്വാദകരുടെ മനസ്സും വിങ്ങുന്നു....

ഏകിയ ഈണത്തിന്റെ ഇമ്പത്തിനൊപ്പം വാദ്യസംഗീതത്തിന്റെ  ഔചിത്യപൂർണ്ണമായ വിന്യാസചാരുതയും  ചേർന്ന് ഗാനത്തിന്റെ ഭാവോന്മീലനത്തെ   പരമകാഷ്ടയിലെത്തിക്കുന്നതിൽ സംഗീതസംവിധായകൻ വിജയിക്കുമ്പോൾ, അനിർവ്വചനീയമായ  സംഗീതാനുഭവത്താൽ ശ്രോതാവ് സമ്മാനിതനാകുകയുമാണ് ഈ ഗാനത്തിലൂടെ.                                                                                                                                             
ഭാവതീവ്രതയാർന്ന  വരികളുടെ ഉള്ളറിഞ്ഞ് ഉചിതമായ ഈണം ഇണക്കിയ എം.ജയചന്ദ്രനും അങ്ങനെ  രചയിതാവിനു സമശീർഷനായി  കൃതഹസ്തനാകുന്നു.  

ഗാനത്തിന്റെ ആത്മാവറിഞ്ഞ് ആലാപനം നിർവ്വഹിച്ച് ശ്രോതാക്കളുടെ ഉള്ളിൽ അസുലഭ അനുഭൂതിയും  തീരാത്ത വേദനയും പടർത്തിയ ശ്രേയാഘോഷാലിന്റെ ചാതുര്യം മലയാള ഗാനശാഖയ്ക്ക് വരദാനം പോലെയായി.                                                                                                                                             
ശ്രേയയുടെ സ്വരസഞ്ചാരത്തെ ഒട്ടും വിഘ്നപ്പെടുത്താതെ അനുഗമിക്കുന്ന പശ്ചാത്തലസംഗീതവും ശ്രേയക്ക് മാത്രം സ്വന്തമായ ചില അത്യപൂർവ്വ സൂക്ഷ്മസ്വരവിന്യാസങ്ങളുടെ സമർത്ഥമായ സന്നിവേശവും ഗാനത്തിന് സവിശേഷമായ ഭാവത്തികവും ശ്രവണസുഭഗതയുമേകി.

രചനാസൗകുമാര്യം അരുളുന്ന വശ്യതയും, സംഗീതപരിജ്ഞാനം തീർക്കുന്ന മായികതയും, ആലാപന ചാതുരി ഒരുക്കുന്ന മധുരിമയും ചേരുംപടിചേർന്ന പ്രതിഭാത്രയസംഗമത്തിന്റെ സുകൃതം, ഇനിയും ഏറെ വർഷങ്ങളിലൂടെ സംഗീതപ്രേമികൾക്ക് നെഞ്ചേറ്റാൻ പൊന്നുരുപ്പടിപോലെ മൂല്യവത്തായൊരു പാട്ടിനു പിറവിനൽകി.

“കാത്തിരുന്ന് കാത്തിരുന്ന്..” എന്ന് തുടങ്ങുന്ന പാട്ടിനെപ്പറ്റിയാണ് പറഞ്ഞുവന്നത്.

ഇത്തരമൊരുഗാനത്തിനായി ഇനിയും മലയാളം എത്രകാലം കാത്തുകാത്തിരിക്കണം !!


ഉസ്മാൻ പള്ളിക്കരയിൽ.           
Continue Reading

കൊടിയിറക്കം.

ഗൾഫിലെ ജോലിയിൽ നിന്ന് ഞാൻ ഞെട്ടറ്റ് വീണു. അകാലത്തിലൊന്നുമല്ല ഈ വീഴ്ച്ച എന്നതിനാൽ ഇതൊരത്യാഹിതമല്ല.   അതുകൊണ്ട്തന്നെ ഇതിൽ  ഞെട്ടാനുള്ള വക ഒട്ടുമില്ല.  വേണ്ടത്ര മുന്നറിയിപ്പും മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നതിനാൽ ഒരു പാരച്ച്യൂട്ടിലെന്നപോലെയുള്ള അനായാസത ഉണ്ട്താനും.
എന്നാലും യുഎഇ-യിലെ ബേങ്ക് നോട്ടുകൾ ഇനിയും എനിക്കായ് പ്രസവിക്കില്ല എന്നോർക്കുമ്പോൾ …….!  J

പ്രവാസജീവിതത്തിന് നാൽപ്പത് കൊല്ലത്തെ പ്രായമായി. നാൽപ്പതുകൊല്ലം ക്ഷിപ്രവേഗത്തിൽ  ഒലിച്ചുപോയി എന്നാണ് പൊതുവിൽ തോന്നുന്നതെങ്കിലും ചിലയിടത്തൊക്കെ അത് തളംകെട്ടി നിന്നതായും അനുഭവം പറയുന്നു.  ജീവിതത്തിലെ ചില ദശാസന്ധികളുടെ തരഭേദങ്ങളായിരിക്കാം അതിനു നിദാനം.

വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി  ഇല്ലാതിരുന്ന പലതും കാലം കയ്യിൽ വെച്ചുതന്നു. ഉണ്ടായിരുന്ന പലതും  തിരിച്ചെടുത്ത് കൊണ്ടുപോകുകയും ചെയ്തു. ലാഭനഷ്ടങ്ങൾ കണക്ക്കൂട്ടുമ്പോൾ അനുഭവങ്ങളുടെ ഒരു ഭാണ്ഡം നിറച്ച് മനസ്സിന്റെ ഒരു മൂലയിൽ മാറ്റിവെച്ചിരിക്കുന്നതിനെ അവഗണിക്കാനാവില്ല. എത്ര തട്ടിക്കിഴിച്ചാലും അത് ലാഭം തന്നെയാണ്.

മുമ്പേ പറന്ന ജ്യേഷ്ടന്റെ പിന്നാലെ പറക്കമുറ്റിയപ്പോൽ ഞാനും  ഗൾഫിലേക്ക് പറന്നു.  പഠനം പത്ത് കഴിഞ്ഞാൽ പാസ്സ്പോട്ട് എടുക്കുക, പറക്കുക എന്നതായിരുന്നു അന്നത്തെ നാട്ടുരീതി.  ഐ.ടി.ഐ-യിൽ ചേർന്ന ശേഷം കോഴ്സ് പൂർത്തിയാക്കാതെ മുങ്ങിയിട്ടായിരുന്നു ഞാൻ ഗൾഫിൽ പൊങ്ങിയത് എന്നത് അടിവരയിട്ട് പറയേണ്ട വിഡ്ഡിത്തമാണ്. പഠനത്തിന്റെ പ്രാധാന്യം മനസ്സിലായതും അതില്ലാത്തതിന്റെ അംഗവൈകല്യം അനുഭവിച്ചറിഞ്ഞ് ഖേദിച്ചതും ഗൾഫിലെത്തിയിട്ടാണ്. കോടതി പിരിഞ്ഞശേഷം ലോപോയിന്റ് മനസ്സിൽ വന്നിട്ട് കാര്യമില്ലല്ലോ.  കയ്യിലുള്ളതിനെ മിനുക്കിയെടുത്ത് ഒരുകൈ നോക്കിയാലേ അതിജീവനം സാദ്ധ്യമാകൂ എന്ന ബോദ്ധ്യവും  അതിനുള്ള പരിശ്രമങ്ങളുമായപ്പോൾ വിധി ചില അനുകൂലസാഹചര്യങ്ങൾ ഒരുക്കിത്തന്ന് സഹകരിച്ചു. അങ്ങനെ ആമ്പലും വെള്ളവും ഒപ്പത്തിനൊപ്പം എന്ന വരവ്-ചിലവ് അനുപാതത്തിൽ നിന്ന് ഏറെനാളുകൾക്ക് ശേഷമാണെങ്കിലും അനുകൂലമായ അവസ്ഥയിലെത്തി.

ഗൾഫിന്റെ അന്നും ഇന്നും എന്നതിനെ വസ്തുനിഷ്ഠമായി വിലയിരുത്തുക എന്ന ഉദ്ദേശ്യമൊന്നും വ്യക്തിനിഷ്ഠമായ  ഈ കുറിപ്പിനില്ല. പലകാരണങ്ങൾകൊണ്ടും അതിനു ഞാൻ അസമർത്ഥനുമാണ്.

എന്റെ പ്രവാസജീവിതം തുടങ്ങിയ കാലത്ത് 505 ദിർഹം കൊടുത്താൽ മാത്രം വാങ്ങാൻ കിട്ടുമായിരുന്ന ആയിരം രൂപയുടെ ഡ്രാഫ്റ്റ് ഇപ്പോൾ 55 ദിർഹത്തിന് കിട്ടും.  മണിമാർക്ക്റ്റ് അത്രയ്ക്ക് ‘യൂസർ ഫ്രന്റ്ലി’ ആയിട്ടും ആളുകളുടെ മുഖത്ത് പഴയ പ്രസാദം ഇല്ലാത്തത്, പെരുക്കിന് 50 രൂപയ്ക്ക് യഥേഷ്ടം കിട്ടുമായിരുന്നു നാട്ടുമ്പുറത്തെ മണ്ണ് ഇപ്പോൾ 5000 കൊടുത്താലും കിട്ടാനില്ലെന്ന് വന്നതുകൊണ്ടായിരിക്കാം.

നാല്പതുകൊല്ലം മുമ്പ് നാലുനിലയുള്ള എടുപ്പിനെ കാണുമ്പോൾ മനസ്സിൽ തോന്നിയിരുന്നത് അമ്പരപ്പായിരുന്നു. ഇപ്പോഴത്തെ പുതിയ എടുപ്പുകളെ അംബരത്തോളം കണ്ണുകളുയർത്തിനോക്കിയാലും മുഴുവനായും ഉൾക്കൊള്ളാനാകുന്നില്ലല്ലോ എന്ന അന്ധാളിപ്പായി അത് മാറിയിട്ടുണ്ട്

റോൾ ഫിലിമുകൾ വാങ്ങി കേമറയിൽ ലോഡ് ചെയ്ത്, വെളിച്ചത്തെക്കുറിച്ചും നിഴലിനെക്കുറിച്ചും വെളിവില്ലാതെ അച്ചാലും മുച്ചാലും ക്ലിക്ക് ചെയ്ത ഒരു കാലമുണ്ടായിരുന്നു.  കോപ്പിയൊന്നിന്   രണ്ട് ദിർഹം നിരക്കിൽ അജ്മാനിലെ ഏകകളർ സ്റ്റുഡിയോയിലേക്ക് കഴുകാനയച്ചാൽ മാത്രമേ അന്ന് കളർപ്രിന്റ് ലഭ്യമായിരുന്നുള്ളു. കടിഞ്ഞൂൽ സന്തതിയുടെ പിറവികാത്ത് കഴിയുന്ന പിതാവിന്റെ മനസ്സോടെ ആഴ്ച്ചയോളം കാത്തിരുന്ന് സ്റ്റുഡിയോയിൽനിന്ന് തിരിച്ചു കിട്ടിയിരുന്ന മങ്ങിയ ചിത്രങ്ങൾ പലതും മനസ്സിലിപ്പോഴും തെളിച്ചത്തോടെയുണ്ട്. ആ  കാലം കഴിഞ്ഞുപോയി.  ഡിജിറ്റൽ കേമറയും കൈവെള്ളയിലെ സ്ഥിരതാമസക്കാരനായ സ്മാർട്ട്ഫോണും മിന്നൽ വേഗത്തിൽ  അതീവവിശദാംശസഹിതം കാണിച്ചുതരുന്ന തിളക്കമുള്ള പുതിയ ചിത്രങ്ങളാണിപ്പോൾ.  എന്നിട്ടും അവ പഴയചിത്രങ്ങളുടെയത്ര മനസ്സിൽ പതിയാത്തത് മനസ്സിന്റെ മങ്ങൽ കൊണ്ടായിരിക്കാം.

ശരീരം തടിപ്പിക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റിയുള്ള കൂലങ്കഷചർച്ചകൾ ഗൾഫിലെത്തിയ ആദ്യകാലത്ത് പൊടിപൊടിച്ച് നടന്നിരുന്നത് പോകെപ്പോകെ മെലിഞ്ഞ്മെലിഞ്ഞ് തീരെ ഇല്ലാതായി. പകരം കുറച്ചുകൊല്ലങ്ങളായി തടി എങ്ങനെ മെലിയിപ്പിക്കാം എന്ന  ചിന്തകളാണ് മനസ്സിൽ വണ്ണംവെച്ചുകൊണ്ടിരുന്നത്. അനുഭവങ്ങളും അതുനൽകിയ അവബോധവുമായിരിക്കാം  ആളുകളുടെ കാഴ്ച്ചപ്പാടുകളിലെ ഈ മാറ്റത്തിന് അടിസ്ഥാനമായത്.

1970-കളിൽ പ്രവാസികളാകാനുള്ളവരുടെ പ്രവാഹത്തിൽ തിക്കിത്തിരക്കി ഇവിടെ എത്തിച്ചേർന്നവരിൽ സിംഹഭാഗവും അവിവാഹിതയൗവ്വനങ്ങളായിരുന്നു.  ജോലി കഴിഞ്ഞുള്ള വെടിവട്ടങ്ങളിലും പ്രസിദ്ധീകരണങ്ങളിലെ പ്രതിപാദനങ്ങളിലും അന്ന് അവർക്ക് പ്രേമം ഇഷ്ടവിഷയമായിരുന്നതിന് അതിനാൽ സ്വാഭാവികതയുണ്ട്.   പതിറ്റാണ്ടുകൾ പിന്നിട്ട പ്രവാസജീവിതത്തിനു ശേഷം  ഏറെ പറയുന്നതും  ശ്രദ്ധിക്കുന്നതും അനിഷ്ടവിഷയമായിട്ടും പ്രമേഹത്തെപ്പറ്റിയാണെന്നത് സങ്കടം കലർന്ന സത്യമാണ്.  എത്ര ശ്രദ്ധിച്ചാലും ഇത്തിരി പ്രമേഹവും പ്രഷറും ഒത്തിരി കൊളസ്റ്റ്രോളുമായിട്ടല്ലാതെ മടങ്ങാൻ കഴിയുന്നവർ വിരളം.  ഞാനും ആ സാമാന്യനിയമത്തിന് അതീതനല്ല.  ഒറ്റയടിക്ക് മുപ്പത് ‘പുഷ് അപ്പു’കൾ പുഷ്പം പോലെ സാധിച്ചിരുന്നത് ഇപ്പോൾ മൂന്നെണ്ണത്തിലെത്തുമ്പോഴേക്ക് കുത്തനെയുള്ള മലകയറ്റം പോലെ ഗിയർ താഴ്ത്തി വലിപ്പിക്കാൻ പാടുപെടുന്നതിന്റെ ആയാസത്തെ പ്രിയത്തോടെയല്ലെങ്കിലും പ്രായം എന്ന് തന്നെയല്ലേ പറയേണ്ടത് ?

ഗൾഫിൽ നിന്നുള്ള രണ്ടാം അവധിക്കാലത്ത് എന്നെ  പിടിച്ചു പെണ്ണുകെട്ടിച്ച് എനിക്കൊരു തുണയെത്തന്ന് പ്രിയപ്പെട്ട ഉപ്പ ഈ ലോകത്തുനിന്ന് യാത്രയായിഎനിക്ക്   നാലുമക്കൾ പിറന്ന ശേഷം ഇനി എന്റെ ഭാവി  ഭദ്രമെന്ന ആശ്വാസവുമായി പിന്നീട് എന്റെ പൊന്നുമ്മയും യാത്രയായി.  രണ്ട് വൻനഷ്ടങ്ങൾ..  പാതിവഴിയിൽ പറയാതെ പോയ പ്രിയപ്പെട്ടവരായ വേറെയും പലരുണ്ട്. പ്രിയപ്പെട്ടവരുടെ ആ നിരയുടെ അഭാവം എന്റെ മനസ്സിന്റെ അകത്തേയും, പുറത്തെ ലോകത്തേയും വലിയൊരളവോളം പരിശൂന്യമാക്കിക്കളഞ്ഞു. ആ ശൂന്യതയിലേക്ക് ദുഃഖത്തോടെ നോക്കി മനസ്സെപ്പോഴും പ്രാർത്ഥനാപൂർവ്വം കണ്ണുനീർ വാർക്കുന്നുമുണ്ട്.

എല്ലാ പിതാക്കന്മാരെയും പോലെ ഞാനും ആസ്വദിച്ചുകൊണ്ട്തന്നെ അർപ്പിതമായ ചുമതലകൾ നിർവ്വഹിക്കുന്നതിൽ ഇക്കാലമത്രയും വ്യാപൃതനായി. നല്ല മൂല്യങ്ങൾ മുറുകെപ്പിടിക്കാനുള്ള തിരിച്ചറിവ് നൽകലും നല്ല വിദ്യാഭ്യാസം മക്കൾക്ക് ലഭ്യമാക്കലും മുന്തിയ പരിഗണനയായി എന്നും കണക്കിലെടുത്തു.
 സഹനവും സഹായവും സ്നേഹവും സഹകരണവുമായി സഹധർമ്മിണി  എല്ലായിപ്പോഴും കൂടെനിന്നു. മക്കൾ പ്രതീക്ഷകൾകൊത്ത് ഉയർന്നു എന്ന സംതൃപ്തിയും ഞങ്ങൾക്ക് സ്വന്തമാണ്.

ചോരാത്ത കൂര തന്നെയായിരുന്നു പണ്ടും ഉണ്ടായിരുന്നത്.  എന്നാലും പ്രൗഡിയുള്ള കൂരയൊന്ന് പടുത്തുയർത്തുന്ന എല്ലാ ഗൾഫുകാരുടേയും കൂട്ടയോട്ടത്തിൽ  സജീവമായി ഞാനും കൂടുകയുണ്ടായി എന്നും ഏറ്റുപറയേണ്ടതുണ്ട്.

രണ്ട് പെണ്മക്കളും മകനും  വിവാഹിതരായി.  അവർക്ക് അനുരൂപരായ നല്ല  ഇണകളെത്തന്നെ ലഭിച്ചു എന്നത് എടുത്തുപറയേണ്ട സൗഭാഗ്യമാണ്. മൂവരിലുമായി നാലുപേരക്കുഞ്ഞുങ്ങളാലും ഞങ്ങൾ അനുഗ്രഹീതരായി.  ചിത്രകലാകാരികൂടിയായ  ഇളയമകൾ പഠനത്തിലും മികവുപുലർത്തി ആർക്കിടെക്ച്ചറൽ എഞ്ചിനീയറിങ്ങിന്റെ മുന്നാം വർഷത്തിലെത്തി മുന്നോട്ട് ഗമിക്കുന്നു.

കൈവന്ന ശമ്പളക്കാശിന്റെ ചെറുതല്ലാത്ത ഒരു വിഹിതം  വിശ്വാസവഞ്ചനയുടെ കുരുക്കിലകപ്പെട്ട് അന്യാധീനപ്പെട്ട അഹിതത്തിന് ശരാശരി ഗൾഫുകാരെപ്പോലെ ഞാനും വിധേയനായിതലകുനിയാനിടവരാതെ  കാര്യങ്ങൾ മുന്നോട്ട് നീക്കാനുള്ള ത്രാണി എന്നിട്ടും വിധി ബാക്കിയാക്കിയതിനാൽ അതിലിപ്പോൾ ഞാൻ ഖിന്നമാനസനല്ല.

എന്നും‌ നഗരത്തിനുപുറത്ത് ജോലിചെയ്യാനാണ് ഇടവന്നത്. അതിനാൽ വിപുലമായ സുഹൃദ്‌വൃന്ദം കൊണ്ട് ഞാൻ അനുഗൃഹീതനായില്ല എന്ന നിരാശ തോന്നിയിട്ടുണ്ട്. എന്റെ ഏകാന്തതയിലേക്ക് വഴിതെറ്റി വല്ലപ്പോഴും വന്നുപെട്ടവരിൽനിന്ന്  കയ്യിൽ‌ തരത്തിനുകിട്ടിയ സമാനമനസ്ക്കരെ രക്ഷപ്പെടാനനുവദിക്കാതെ അള്ളിപ്പിടിച്ചതിനാൽ കുറവനുഭവപ്പെടാതെ കഴിഞ്ഞുകൂടാനുള്ള വക സൗഹൃദങ്ങളുടെ വകുപ്പിൽ ഇപ്പോഴുണ്ട്.  പോരാത്തതിന് സോഷ്യൽമീഡിയയിലെ സഹവാസത്തിൽ നിന്ന് ചിലരെ അരിച്ചുപെറുക്കിയെടുത്ത് എന്റെ ധ്രൃതരാഷ്ട്രാലിംഗനത്തിന് വിധേയരാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. J

പ്രതിസന്ധിഘട്ടങ്ങൾ പലപ്പോഴുമുണ്ടായിട്ടുണ്ട്സഹായഹസ്തവുമായി തക്കസമയത്ത് എത്തി രക്ഷകരായവർ എന്നും മനസ്സിലുണ്ട്.  എന്റെ പ്രാർത്ഥനകളിലും അവരൊക്കെയുണ്ട്.

ആഗ്രഹങ്ങളെ നിലവിലുള്ള യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുംവിധം പരിമിതപ്പെടുത്താൽ പൊതുവെ ശ്രദ്ധിച്ചിരുന്നതിനാൽ കാര്യമായാ ഇച്ഛാഭംഗങ്ങളൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ല .  അതേസമയം ഒന്നും വെള്ളിത്താലത്തിൽ വെച്ച് നീട്ടിത്തരുമ്പോലെ അനായാസലബ്ധമായിരുന്നുമില്ല.  താൻ പാതി ദൈവം പാതി എന്നാണല്ലോ. നേട്ടങ്ങളായി എണ്ണാവുന്ന എല്ലാറ്റിന്റേയും പിന്നിൽ അലച്ചിലിന്റേയും പിടച്ചിലിന്റേയും കഥകളുണ്ട്.   അതിനാൽ കിട്ടിയതിന്റേയെല്ലാം വില നന്നായി ബോദ്ധ്യമുണ്ട്. ജഗന്നിയന്താവിനോട് അതിനെല്ലാം നന്ദിയുമുണ്ട്.

വലിയ വേതനവും കുടുംബത്തെയൊട്ടാകെ കൂടെക്കൂട്ടാനുള്ള ശേഷിയുമുള്ള ചെറുന്യൂനപക്ഷത്തെ ഒഴിച്ചുനിർത്തിയാൽ മഹാഭൂരിപക്ഷത്തിനും പ്രവാസം ആസ്വാദ്യകരമായ അനുഭവമല്ല എന്ന് എല്ലാവർക്കുമറിയാംഒരിക്കൽ പ്രവാസിയായവന്റെ ചുമലിൽ പിന്നീട് ഏറിയേറിവരുന്ന  ചുമതലകൾ  സ്വയം വിമോചിതനാകാൻ കഴിയാത്തവണ്ണം    പ്രവാസാവസ്ഥയിൽ അവനെ തളച്ചിടുകയും സ്വന്തമായി അതിനൊരന്ത്യം കുറിക്കാൻ അശക്തനാക്കുകയുമാണ്.  ജീവിക്കാനും ജീവിപ്പിക്കാനുമായി ഇത്തരത്തിൽ സ്വദേശം വെടിയേണ്ട ഗതികേട് കൂട്ടത്തോടെ അനുഭവിക്കേണ്ടിവരുന്ന മറ്റേതെങ്കിലും ജനവിഭാഗം മലയാളികളല്ലാതെ ഭൂഗോളത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടാകുമോ എന്ന് ആശ്ചര്യം തോന്നാറുണ്ട്ഇഷ്ടജനങ്ങളുടെ സാമീപ്യമനുഭവിച്ച് അവനവന്റെ ഗൃഹപരിസരത്ത് സ്വന്തം ഭാഗധേയം  നിർണ്ണയിക്കാനും നിലനിൽക്കാനും അവസരം കിട്ടാത്ത നിരാലംബജീവിതങ്ങളുടെ അഭിശപ്തത ജന്മപരമ്പരകളിലൂടെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

35 വർഷത്തോളം നീണ്ട മലേഷ്യാവാസമാണ് ഞങ്ങളെ പോറ്റാനായി എന്റെ പിതാവ് നൽകിയ കനത്ത വില. പിതാവിന്റെ സമകാലികരായ ഞങ്ങളുടെ പ്രദേശത്ത്നിന്നുള്ള ഒട്ടേറെ പേർ അന്ന് മലേഷ്യയെ ആശ്രയിച്ചിരുന്നു. അതിനു തൊട്ടുമുമ്പത്തെ തലമുറയ്ക്ക് ആശ്രയമായത് സിലോൺ (ശ്രീലങ്ക) ആയിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ തലമുറയ്ക്ക് ഗൾഫ് അഭയസ്ഥാനമായതിനുപിന്നാലെ മകനുൾപ്പടെയുള്ള പുതുതലമുറയും ഗൾഫ് പ്രവാസം തുടങ്ങിക്കഴിഞ്ഞു. അതിനടുത്ത തലമുറയോ? അരിക്കാശിന് അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന് ഈ ദുസ്ഥിതിക്ക് ആസന്നഭാവിയിലൊന്നും അവസാനമുണ്ടാകുമെന്ന് കരുതാൻ കാരണങ്ങളില്ല. ഉദ്ദേശശുദ്ധിയില്ലാത്തവരും സ്വാർത്ഥംഭരികളുമായ രാഷ്ട്രീയക്കാർ അധികാരം കയ്യാളുകയും അഴിമതിയിലാറാടുകയും ചെയ്ത് രാഷ്ട്രപുരോഗതിയെ സ്തംഭിപ്പിക്കുന്ന അവസ്ഥ ഏറെ നാളായി അരങ്ങ് തകർക്കുന്നു. കൂനിന്മേൽ കുരു എന്നപോലെ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരാരോഹണത്തിന് എളുപ്പവഴി അന്യേഷിക്കുന്നവർ ഉഡായിപ്പുകളിലൂടെ ജനസ്വാധീനമാർജ്ജിക്കുന്നതും ജാതിമതാടിസ്ഥാനത്തിലെ ജനവിഭജനത്തിലൂടെ പരസ്പരസ്പർദ്ധയുണ്ടാക്കുന്നതുമായ പുതിയ പ്രവണതകൾ കാണുമ്പോൾ പ്രത്യാശയുടെ കര പിന്നെയും അകലുന്നതായി തോന്നുന്നു.

നാടിന്റെ അവസ്ഥയുടെ പ്രാതികൂല്യത്തിനുപുറമെ അനാവശ്യ ആചാരങ്ങൾക്കും ആഡംബരത്തിനും വേണ്ടിയുള്ള ധൂർത്തും ആസൂത്രണത്തിന്റെ അഭാവവും പ്രവാസിയെ തോൽപ്പിക്കുന്ന സെല്ഫ്ഗോൾ ആകുന്നുണ്ട്.  പൊങ്ങിവരാൻ അനുവദിക്കാതെ വീണ്ടും വീണ്ടും പ്രവാസത്തിന്റെ ആഴത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിൽ സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ പങ്ക് എത്രത്തോളമുണ്ടെന്നത് ഓരോ പ്രവാസിയും ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട വൈയക്തികമായ വിഷയമാണ്.

ഏറെനാൾ കുടുംബത്തെ പിരിഞ്ഞിരികുന്ന പീഡയാണ് പ്രവാസത്തിലെ ഏറ്റവും ദൈന്യത മുറ്റിയ ഘടകം. ഉറ്റവരെ പോറ്റുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടി അനുഷ്ടിക്കുന്ന ആത്മബലിക്ക് സമാനമായ ത്യാഗമാണത്. ദാമ്പത്യത്തിലെ ഇരുപങ്കാളികളും ആ ത്യാഗാഗ്നിയിലേക്ക് ഹവിസ്സായി തുല്യനിലയിൽ സ്വയം അർപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള പ്രവാസി സഹോദരങ്ങളുടെ മുന്നിൽ പ്രവാസപീഡകളെക്കുറിച്ച് പരിദേവനം ചെയ്യാൻ ഞാൻ അർഹനല്ല. ആദ്യകാലത്തെ 15 വർഷങ്ങളിൽ ആ കൈപ്പ്‌രസവും അതിന്റെ തീക്ഷ്ണതയും പൂർണ്ണാർത്ഥത്തിൽ ഞാനും അറിഞ്ഞിട്ടും അനുഭവിച്ചിട്ടുമുണ്ടെങ്കിലും, ഒടുവിലെ കാൽ നൂറ്റാണ്ടായി സ്ഥിതി വ്യത്യസ്തമായിരുന്നു. നാട്ടിലും ഗൾഫ്നാട്ടിലും ഇടവിട്ട മാസങ്ങളിൽ കഴിയാനുള്ള അവസരം എണ്ണപ്പാടത്തെ എന്റെ തൊഴിൽ ഉറപ്പുനൽകിയിരുന്നു.


യു..-യിൽ ഒരിക്കൽ പോലും ഒരുദ്യോഗസ്ഥനും വഴിയിൽ തടഞ്ഞുനിർത്തി പരിശോധിച്ച അനുഭവം എനിക്കില്ല. പാസ്സ് ചോദിക്കാൻ പോലും ആരും മുതിർന്നിട്ടില്ല.  ഒരു തദ്ദേശീയനും അമാന്യമായി പെരുമാറിയിട്ടില്ല. ഒരു കാര്യത്തിനും കൈക്കൂലികൊടുക്കേണ്ടി വന്നിട്ടില്ല. ഒരു രേഖയും അനുവദിച്ചുകിട്ടുന്ന കാര്യത്തിൽ ആരും വെച്ചുതാമസിപ്പിച്ചിട്ടില്ല.  എന്നിങ്ങനെ അനുഭവസാക്ഷ്യത്തോടെ ഒട്ടേറെ നന്മകൾ ഈ നാടിനെക്കുറിച്ച് പറയാനുണ്ട്.  വിദ്യാവിഹീനതയുടെ പരാധീനതയുമായി ഈ മണ്ണിൽ വിമാനമിറങ്ങിയ എന്നെപ്പോലൊരാൾക്ക് കൈകാലിട്ടടിച്ച് സ്വയം നീന്തൽ പഠിക്കാനും സ്വപരിശ്രമത്താൽ  നീന്തിനീന്തി ഒരു കരപറ്റാനും അവസരം തന്ന് സഹായിച്ച ഈ നാടിനോടുള്ള നന്ദിയും സ്നേഹാതിരേകവും പെറ്റനാടിനോടുള്ള അത്രയും തന്നെയാണ്. സമീപസ്ഥനാടുകളിൽ നടമാടുന്ന അരാജകാവസ്ഥകൾ തീണ്ടാതെ ഈ നാടിനെ കാത്തുകൊള്ളണേ എന്ന് പ്രാർത്ഥനാനിർഭരമാണ് എന്റെ മനസ്സ്.  ഒപ്പം എന്റെ സ്വന്തം നാട്ടുകാർക്കായി ഇനിയുമേറെക്കാലം യു..-യിൽ ബേങ്ക്നോട്ടുകൾ പെറ്റുപെരുകണേ എന്ന പ്രാർത്ഥനയും അത്രതന്നെ ഉൽക്കടമായി ഉള്ളിലുണ്ട്. 

എനിക്ക് ഒരു ഋതുസംക്രമത്തിന്റെ നാളുകളാണിത്.  ജീവിതാകാശത്തിന്റെ പശ്ചിമകോണിലെ അന്തിച്ചുവപ്പ് കാണാറായിട്ടുണ്ട്.  അതിനുമുമ്പത്തെ പൊൻവെയിലിൽ ശേഷിക്കുന്ന കാലം ഉല്ലസിക്കാനുള്ള അവസരമൊരുക്കുന്നതിനു വേണ്ടിയാകാം  പ്രവാസത്തിന്റെ ഈ കൊടിയിറക്കം . എന്റെ ശുഭാപ്തിവിശ്വാസം രൂഡമൂലമായിരിക്കുന്നത് ദൈവത്തിന്റെ കാരുണ്യത്തിലും പ്രിയജനങ്ങളുടെ സ്നേഹവായ്പ്പിലും തന്നെയാണ്.

പ്രിയരേ നന്ദി.

ഉസ്മാൻ പള്ളിക്കരയിൽ

 

 


Continue Reading

കലങ്ങാൻ കൂട്ടാക്കാത്ത കുളങ്ങൾ.

ഗ്രാമത്തിലെ അങ്ങാടിയിലൂടെ കടന്നുപോകുന്ന പ്രധാനപാതയിലേക്ക് വടക്കെകാട് നിന്നുള്ള ഉപറോഡ് വന്നുതൊടുന്നത് അങ്ങാടി ആരംഭിക്കുന്നതിനുമുമ്പായി അൽപ്പം വടക്കോട്ട് മാറിയാണ്. പരൂര്, ആറ്റുപുറം, ചമ്മനൂര് പ്രദേശങ്ങളൊക്കെ ചുറ്റിക്കറങ്ങി അവിടത്തെ വിശേഷങ്ങളുടെ ശേഷിപ്പുകളുമായി വന്നെത്തുന്ന പ്രധാനപാതയിലേക്ക് മുക്കില്പീടിക, കൗക്കാനപ്പെട്ടി, കല്ലിങ്ങൽ വാർത്തകളുമായി വടക്കെകാട് റോഡ് വന്ന് തൊട്ടുരുമ്മുന്നതോടെ രണ്ടുംകൂടി ഒന്നായി ഏറെ സന്തോഷത്തോടെ മുന്നോട്ട്.

ഇനി ആദ്യത്തെ വളവിലെ പാറേട്ടന്റെ ചായക്കട കഴിഞ്ഞാൽ അടുത്ത വളവെത്തുമ്പോൾ വലത് വശത്ത് കാണുന്നത് ബാലൻവൈദ്യരുടെ ആസ്ഥാനവും മയമുണ്ണിയുടെ പച്ചക്കറിക്കടയുമാണ്ഇടത്തോട്ട് തിരിഞ്ഞാൽ നേരെ കുന്ദംകുളത്തേക്ക് പോകാം. അത്യാവശ്യമില്ലെങ്കിൽ മയമുണ്ണിയുടെ പീടികയോട് ചേർന്ന് തുടങ്ങുന്ന ബസ്സ്പോകാത്ത, തിരക്കില്ലാത്ത ചൗക്കി റോഡിലേക്ക് അൽപ്പം ബുദ്ധിമുട്ടി വണ്ടിതിരിക്കുകയുമാകാം. തിരിവുകഴിഞ്ഞ് ഒരു ചക്രപ്പാട് വണ്ടി ഉരുളുമ്പോഴേക്ക് അതാ വീണ്ടും തിരിവ് ! ഉടനെ ഇടത്തോട്ട് തിരിക്കേണ്ടത് നമ്മളുടെ ആവശ്യമാണ്. ഇല്ലെങ്കിൽ നേരെ പാടത്തേക്ക് വണ്ടിചാടലാകും ഫലം. അതത്ര നല്ല കാര്യമല്ല. നമ്മൾ വണ്ടി ഇടത്തോട്ട് തിരിച്ചാൽ വലിയ അല്ലലില്ലാതെ ഇനി മുന്നോട്ടുപോകാം. അധികം വളവും തിരിവൊന്നുമില്ലാതെ എട്ടാന്തറ വഴി ചക്കിത്തറ പാലം വരെ നേരെയാണ് റോഡ്. പക്ഷെ അങ്ങോട്ട് പോയിട്ടെന്തു കാര്യം ?

വേഗം തന്നെ വലത്തോട്ട് തിരിയാൻ ഒരു വഴി തെളിയുന്നുണ്ട്. “ശ്ശെടാ, ആകെ വളവും തിരിവുമാണല്ലോഎന്ന ഒരു പ്രാക്ക് മനസ്സിൽ തികട്ടിവരുന്നതോടൊപ്പം നമ്മുടെ വണ്ടി വലത്തോട്ട് തിരിയുകതന്നെയാണ്. മനസ്സിലെ പ്രാക്ക് വാക്കായി നാക്കിലെത്തുമ്പോഴേക്ക് ഒരു കാഴ്ച്ച മുന്നിൽ തെളിഞ്ഞുവരികയുമാണ്.

മാനത്തെ മൂടിപ്പിടിച്ച ഒരു മുളങ്കൂട്ടത്തെ വകഞ്ഞ് നമ്മുടെ കാഴ്ച്ചയിലിപ്പോൾ വിടർന്ന് വന്നിരിക്കുന്നത് ഒരു കുളമാണ്. ചുറ്റും ഞാറ്റടികളും അതിനിരുപുറവും തൈതെങ്ങിൻ തോപ്പുകളുമുള്ളതിനു നടുവിൽ, അപ്പുറം കുട്ടാടൻ പാടശേഖരത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി കൈക്കുമ്പിളിൽ വെച്ച് നീട്ടിത്തരുമ്പോലെ സാമാന്യം വലിപ്പമുള്ള ഒരു കുളം.

കൊച്ചനൂർക്കാരുടെ പൊതുകുളമായ കൊച്ചനുങ്കുളമാണിത്. എണ്ണമറ്റ ഗ്രാമവാസികൾ ദേഹശുദ്ധിവരുത്തിയ നുറ്റാണ്ടുകൾ പ്രായമുള്ള കുളം. പരിസരത്തെ പാടങ്ങളിൽ കന്നുപൂട്ട് കഴിഞ്ഞ് ആളും കന്നും ഇവിടെ ഒന്നിച്ചുവന്നിറങ്ങി കുളിച്ചുകയറിയിരുന്നു. കൊച്ചനുങ്കുളത്തിൽ ഒരു ചാടിക്കുളിയും അച്ചാലും മുച്ചാലും നീന്തലുമില്ലാതെ ഇവിടത്തെ കൗമാരത്തിന്റെ ഒരു ദിനവും അവസാനിച്ചിരുന്നില്ല. കരയിൽ നിരത്തിയിട്ട അലക്കുകല്ലുകളിൽ അടിച്ചുകഴുകി അശുദ്ധിനീക്കിയ വസ്ത്രങ്ങളാണ് ഗ്രാമവാസികൾ അണിഞ്ഞിരുന്നത്. ആണിനും പെണ്ണിനും വ്യത്യസ്തമായുള്ള ഇതിന്റെ കടവുകളിലെ വെടിവട്ടങ്ങളിൽനിന്നാണ് നാട്ടുവാർത്തകൾ വിനിമയം ചെയ്യപ്പെട്ടിരുന്നത്....

വെള്ളിമാനം വെള്ളത്തിൽ പ്രതിബിംബിക്കുന്നുണ്ട്. ഇളങ്കാറ്റുണർത്തുന്ന ചെറുവീചികളൊഴിച്ചാൽ ജലപ്പരപ്പ് നിശ്ചലം. ഇടക്കിടെ ഉപരിതലത്തിലെത്തി പൊട്ടിപ്പോകുന്ന കുമിളകളും ചെറുചലനങ്ങളും മത്സ്യസമൃദ്ധിയുടെ സൂചനകളാണ്. പാടത്ത് ജലം പെരുകി കുളത്തെക്കൂടി കൂടെക്കൂട്ടുമ്പോഴാണ് മത്സ്യങ്ങളുടെ വരവുപോക്ക് നടക്കുന്നത്. നിൽക്കേണ്ടവർക്ക് നിൽക്കാം, പോകേണ്ടവർക്ക് പോകാം എന്ന ഉദാരതപാടത്തോട് ചേർന്നതായതിനാൽ ആണ്ടുതോറും പുതുക്കപ്പെടുന്ന ജലം കുളത്തിന്റെ സംശുദ്ധി ഉറപ്പ് വരുത്തുന്നുണ്ട്.


വടക്കെയറ്റത്തുണ്ടായിരുന്ന മുറ്റിത്തഴച്ച കൈതപ്പൊന്തകൾ ഇപ്പോൾ കാണാനില്ല. കുളത്തിനുനടുവിൽ ഇത്തിരിസ്ഥലത്ത് പടർന്ന് ആമ്പൽച്ചെടികളും ഒറ്റപ്പെട്ട് കാണപ്പെട്ടിരുന്ന പൂക്കളും അവിടെയില്ല. പഞ്ചായത്തുകാരുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം കൈതപ്പൊന്തയും ആമ്പൽപ്പടർപ്പുകളും തിരോഭവിച്ചുവെങ്കിലും കുളത്തിനിപ്പോഴും നവയൗവ്വനം. ചുറ്റും കരിങ്കല്ലുകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. വലയംചെയ്യുന്ന വട്ടൻനില ഉടമകളുടെ കയ്യേറ്റഭീഷണിക്ക് ആജീവനാന്ത അറുതി. സമാധാനം.

ഫോട്ടോ: കാദർ കൊച്ചനൂർ

നമ്മൾ വണ്ടിയൊതുക്കിയിടുന്നു. പിന്നെ തോർത്തുമുണ്ടിലേക്ക് ഒരു വേഷപ്പകർച്ച. കരിങ്കൽ കെട്ടിനടുത്ത് ചെരുപ്പഴിച്ചുവെച്ച് നനഞ്ഞമണ്ണിൽ നിലം പറ്റി പടരുന്ന ചെറുസസ്യങ്ങളിൽ പാദമൂന്നുമ്പോൾ അറിയുന്ന തണുപ്പ്. മെല്ലെ കാലുകൾ വെള്ളത്തിനരികിലേക്ക്. കുഞ്ഞോളങ്ങളിലേക്ക്. ഒരു കുളിര് അരിച്ചുകയറുകയാണ്. മുട്ടറ്റം വെള്ളം പിന്നെയും മുകളിലേക്ക്. നമ്മളുടെ ഉദരഭാഗത്തൊക്കെ രോമകൂപങ്ങൾ ഉണർന്നെണീറ്റുകഴിഞ്ഞു. അരയറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഒരു കുടന്ന ജലം കൈക്കുമ്പളിലെടുത്ത് പഴയപോലെ, അതെ പഴയപോലെത്തന്നെ നമ്മൾ വായിലെടുക്കുന്നു. ഒന്ന് കുലുക്കുഴിഞ്ഞ് തുപ്പിക്കളയുന്നു. തിരുമധുരം പോലെ വായിൽ സുഖദമായ ഒരു സ്വാദ് പടരുന്നു. അറിയാതെ നമ്മൾ ചുറ്റും നോക്കുന്നു. മുളങ്കൂട്ടം തലയാട്ടുന്നുണ്ട്. തെങ്ങോലകളെ ഊയലാട്ടി ഇളംകാറ്റ് പതിഞ്ഞുവീശുന്നുണ്ട്. മാനത്ത് ഒരു ചെമ്പരുന്ത് വട്ടമിട്ട് പറക്കുന്നുണ്ട്. കൊങ്ങിണിക്കാടുകളിൽ നിന്ന് കണ്ണുകൾ എന്നപോൽ അസംഖ്യം പൂവുകൾ നിങ്ങളെത്തന്നെ ഉറ്റുനോക്കുന്നുണ്ട്. ഇളകിയ വെള്ളം ഉത്സാഹപൂർവ്വം നിങ്ങളെ കാത്തുനിൽക്കുന്നുണ്ട്.

നമ്മൾ സാവകാശം വെള്ളത്തിൽ മുങ്ങുന്നു. ശരീരത്തിൽ നിന്ന് ആവി ഒഴിയുന്നത്പോലെയുള്ള ഒരനുഭവംമനസ്സിൽ നിന്ന് എന്തോ ഭാരമൊഴിയുന്നതുപോലെ ഒരു തോന്നൽ. ജലം കലവി പോലെ നിങ്ങളുടെ കാതിൽ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്. പണ്ടത്തെപ്പോലെത്തന്നെ. ആണ്ടുകൾക്കപ്പുറം ഇതേകുളത്തിൽ ഇതേജലത്തിൽ ഇതുപോലെ മുങ്ങിക്കിടന്ന ചെറുബാല്യത്തിലേക്ക് മനസ്സും മുങ്ങാംകുഴിയിടുന്നു. വർഷങ്ങൾ ഓടിമറയുകയാണ്. മനസ്സും ശരീരവും സ്നാനപ്പെടുകയാണ്
നമുക്കിപ്പോൾ ഒരു ശ്വാസത്തിന്റെ ആവശ്യം തോന്നുന്നുണ്ട്. അതെ, ഒരു പുതിയ ശ്വാസത്തിന്റെ ആവശ്യം. പതുക്കെ തലപൊക്കുമ്പോൾ തെളിമാനവും മുളന്തലപ്പുകളും കൊങ്ങിണിപ്പൂക്കളും ഒരു സ്വപ്നത്തിലെന്നപോലെ നമ്മളെത്തന്നെ നോക്കി നിൽക്കുകയാണ്…. പ്രവാസം വരിച്ച ഈ ചെറുമകൻ എത്രയോ കാലത്തിനുശേഷം തിരികെയെത്തിയിരിക്കയാണല്ലോ…..

നേരെ കാണുന്ന അടുത്ത കടവിലൊരു ചലനം. കറവക്കാരൻ വാസു പശുവിനെ തേച്ചുകഴുകാൻ കൊണ്ടുവന്നിരിക്കയാണ്.
ങേ! പശുവോഅതെ പശു തന്നെ. പക്ഷെ നാട്ടുപശുവാണ്. സോഷ്യൽമീഡിയയിൽ നിന്ന് തുറിച്ചുനോക്കി പേടിപ്പിക്കുന്ന ഉത്തരേന്ത്യൻ പശുവല്ല !

വാസു ആളെതിരിച്ചറിഞ്ഞെന്ന് തോന്നുന്നു. പശുവിനെ കടവിലെ വെള്ളത്തിൽ  വിട്ട് അവൻ കരിങ്കൽകെട്ടിലൂടെ നടന്നുവരുന്നു. കൊച്ചനൂർ സ്കൂളിലെ പത്താം ക്ലാസിൽ നിന്ന് പണ്ട് പിരിയുമ്പോഴത്തെ അതേ ചിരിയുണ്ട് ചുണ്ടിൽ. വാസു കടവത്ത് കരിങ്കൽകെട്ടിൽ കുന്തുകാലിലിരുന്ന് നീട്ടിത്തന്ന കരം കവരുമ്പോൾ മനസ്സ് ഒരു പുതിയ സ്വാസ്ഥ്യമറിയുന്നു. കുളവും കൊങ്ങിണിക്കാടും മുളങ്കൂട്ടവും തെളിമാനവും ചെറുമീനുകളും വാസുവും അവന്റെ പയ്യും പണ്ടത്തെ സ്കൂളും എല്ലാം ഇവിടെത്തന്നെയുണ്ട്. പൊതിയുന്ന സ്നേഹത്തോടെ, അകം നിറയ്ക്കുന്ന ശാന്തിയോടെ….

കുളം കലക്കുന്നവരൊക്കെ തോറ്റുപോകുന്ന കലങ്ങാത്ത കൂട്ടാക്കാത്ത കുളങ്ങളെയോർത്ത് മന്ദഹാസത്തോടെ, മനപ്രസാദത്തോടെ ഇനി നമ്മൾ വീട്ടിലേക്ക് മടങ്ങുകയാണ്..

ഉസ്മാൻ പള്ളിക്കരയിൽ.
Continue Reading

ഒരു പൂക്കുറിഞ്ഞിപക്ഷിയുടെ തേങ്ങല്‍

കാനേഷ് പൂനൂർ രചിച്ച പൂക്കുറിഞ്ഞിപക്ഷി എന്ന നോവൽ വായിച്ചവസാനിപ്പിച്ചത് മനസ്സിനെ ഗ്രസിച്ച വിങ്ങലോടെയാണ്.. സ്ത്രീജന്മങ്ങൾ നെരിപ്പോടിലെന്നപോലെ ജീവിതത്തിൽ എരിഞ്ഞൊടുങ്ങുന്നതിന്റെ ദാരുണദൃശ്യങ്ങൾ മനസ്സിൽ അത്രമേൽ വേവും വേപഥുവും നിറക്കുന്നു. 

ദാരിദ്ര്യാവസ്ഥയാൽ നിസ്സഹായരായിപ്പോകുന്ന പെൺകുട്ടികളുടെ ജീവിതഗതിയെ വിധി ഇരുളാണ്ട തുരങ്കത്തിലൂടെയെന്നപോലെ ദുരിതക്കയങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിലെ സങ്കടവും അതിനിടയാക്കുന്ന സാമൂഹികസാഹചര്യങ്ങളോടുള്ള അമർഷവും അതോടൊപ്പം  അർഹമായ പരിഗണന സ്ത്രീകൾക്ക് നൽകുന്നതിൽ പുരുഷന്മാർ പൊതുവെ പ്രകടമാകുന്ന പിശുക്കിനോടുള്ള പരിഭവവുമാണ് നോവലിന്റെ പ്രമേയസ്വീകാരത്തിന് പ്രേരണയെന്ന് രചയിതാവ് ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്.

 പുസ്തകത്തിന് പൂക്കുറിഞ്ഞിപക്ഷി എന്ന് പേരിട്ടതിന്റെ സാംഗത്യം നോവൽ വായിച്ചുകഴിയുന്നതോടെയാണ് വ്യക്തമാകുന്നത്. റൂഹാങ്കിളി തുടങ്ങിയ പക്ഷിപ്പേരുകൾ വേറെയും ബിംബകൽപ്പനപോലെ നോവലിന്റെ ഗതിനിർണ്ണയിക്കുന്ന വിധത്തിൽ വർത്തിക്കുന്നുണ്ടല്ലോ. പക്ഷെ ഒരു പൈങ്കിളീസ്പർശം  സമ്മാനിക്കുന്ന തരത്തിലും അങ്ങനെയൊരു മുൻവിധിയോടെ നോവലിനെ സമീപിക്കാനിടയാക്കുന്ന വിധത്തിലും ആ പേര് നോവലിന് ഒരു ബാദ്ധ്യതയായിത്തീരുന്നു എന്ന സങ്കടം തോന്നുന്നു. 

പരത്തിപ്പറയാൻ പൊതുവെ വിമുഖതയുള്ള നോവലിസ്റ്റിന്റെ കയ്യടക്കം ‘നോവെല്ല’ എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ പുസ്തകത്തിന്റെ വലിപ്പം കുറച്ചിട്ടുണ്ട്. പക്ഷെ പരത്തിപ്പറയേണ്ട പലഭാഗങ്ങളും കുറുകിപ്പോയത് ദോഷമായും ഭവിച്ചിട്ടുണ്ട്. പലഭാഗങ്ങളും പറയാനുദ്ദേശിക്കുന്നതിന്റെ നഖചിത്രങ്ങൾ മാത്രമായൊതുങ്ങി. ഭാവനാശാലികളായ വായനക്കാർക്ക് സ്വന്തം ഭാവുകത്വത്തിനനുസരിച്ച് ഇതൾവിടർത്തിയെടുക്കാനും വഴക്കിയെടുക്കാനുമുള്ള സാദ്ധ്യത തുറന്നിടുന്നതാണ് നോവലിസ്റ്റിന്റെ ഈ സമീപനമെങ്കിലും വാക്കുകളെ  മഴവില്ലുപോലെ മനോഹരമാക്കാൻ കെൽപ്പുള്ള രചയിതാവിന്റെ സ്വന്തം ഭാഷയിൽ പലരംഗങ്ങളും കൊഴുപ്പോടെ ആവിഷ്കൃതമായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയ അവസരങ്ങളുമുണ്ട്. 

ചേക്കുട്ടിക്കോയ എന്ന ഭർത്താവിൽനിന്ന് അയാളുടെ പുകഴ്ച്ചയുടെ കാലത്ത് ബിയ്യാത്തുവിന് അനുഭവിക്കേണ്ടിവന്ന അവഗണനയും സ്നേഹരാഹിത്യവും, അതിനുശേഷം വന്ന തകർച്ചയുടെ കാലത്തെ അയാളുടെ കുമ്പസാരവും സ്നേഹാതിരേകവും അവസ്ഥാന്തരത്തിന് അനുരോധമായ സ്വാഭാവികതയായി സ്വീകരിക്കപ്പെടുമ്പോൾ, വീണ്ടുമെത്തിയ പുകഴ്ച്ചയുടെ കാലത്ത് ഹൃദയശൂന്യതയിലേക്കുള്ള അയാളുടെ മടക്കം അൽപ്പം അതിഭാവുകത്വത്തിന്റെ അംശം കലർന്നതായിപ്പോയി. ഇടയിലെ മാനസാന്തരക്കാലം അത്രമേൽ പ്രത്യാശാഭരിതമായി അനുഭവപ്പെട്ടതുകൊണ്ടായിരിക്കാം ഒടുവിൽ അയാൾ പുറത്തെടുക്കുന്ന ക്രൂരതയുടെ അതിപ്രസരം ഉൾക്കൊള്ളാൻ വായനക്കാരൻ വൈമനസ്യം കാണിക്കുന്നത്. അങ്ങനെനോക്കുമ്പോൾ തകർച്ചയുടെ കാലത്തെ അയാളുടെ ഉദാരമായ ഏറ്റുപറച്ചിലുകളെങ്കിലും ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. 

വിവാഹിതയായി ഏറെനാൾ പിന്നിട്ടിട്ടും ബിയ്യാത്തുവിന്റെ സ്വന്തം കുടുംബക്കാർ ഒട്ടും തിരിഞ്ഞുനോക്കാത്ത അവസ്ഥ എങ്ങനെ ഉണ്ടായി എന്നതും വിശ്വസനീയതയുടെ പരിധിക്ക് പുറത്താണ്. ആണും പെണ്ണുമായി അവർക്ക് ആകപ്പാടെയുള്ള മകളാണ് ബിയ്യാത്തു എന്ന നിലക്ക് പ്രത്യേകിച്ചും. ഹാജ്യാരുടെ വീട്ടിലെ ഉമ്മയുടെ അടുക്കളജോലിത്തിരക്കോ ഉപ്പയുടെ അടക്ക-വാഴക്കുല കച്ചവടത്തിരക്കോ അതിനുള്ള ഫലപ്രദമായ ന്യായീകരണമായെടുക്കാൻ മനസ്സ് വിസമ്മതിക്കുന്നു. 

ഭർത്താവിന്റെ ആദ്യഭാര്യയുടെ മരണത്തെത്തുടർന്ന് അവരുടെ മൂന്നുമക്കളുടെ ഉമ്മസ്ഥാനം കൂടി ഏറ്റെടുത്തുകൊണ്ടാണ് ചേക്കുട്ടിക്കോയയുടെ ഭാര്യാപദത്തിൽ അവൾ എത്തിപ്പെടുന്നത്. എല്ലാ ആട്ടുംതുപ്പും സഹിച്ചുകൊണ്ട്, അഗമ്യഗമനശ്രമങ്ങളെ അതിജീവിച്ചുകൊണ്ട്, അറപ്പിക്കുന്ന കാഴ്ച്ചകളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, എല്ലാം ജോലിഭാരങ്ങളും ചുമന്ന് ഭർത്തൃഗൃഹത്തിൽ ബിയ്യാത്തു കഴിഞ്ഞുകൂടിയത് ഭാവശുദ്ധിയുടെ ബലം ഒന്നുകൊണ്ട് മാത്രമാണ്. പ്രവാസം കഴിഞ്ഞെത്തിയ ഭർത്താവിന്റെ ശാരീരികാവശ്യനിർവ്വഹണത്തിന് അവളുടെ താൽക്കാലികമായ രോഗാവസ്ഥ തടസ്സമായെന്ന ഒറ്റക്കാരണത്താൽ ഒരു സപത്നിയെ സഹിക്കേണ്ടിവരുന്ന ദുര്യോഗമാണവൾക്ക് പിന്നെ വന്നുചേർന്നത്.  അതോടെ സഹനത്തിന്റെ നെല്ലിപ്പടി കണ്ട അവൾ സ്വഗൃഹത്തിലേക്ക് മടങ്ങാൻ തന്റേടം കാണിച്ചു. തിരികെ ചെല്ലാനുള്ള ശുപാർശയുമായെത്തിയ ഭർത്തൃസഹോദരൻ മുഹമ്മതും ഒത്താശക്കാരി കദിയോമത്തയും അവളെ അനുനയിപ്പിക്കാനായി പ്രയോഗിച്ച ഒടുവിലത്തെ തുരുപ്പുശീട്ട് ബാപ്പു എന്ന പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിലിന്റെ കാര്യമായിരുന്നു. ഏറെനാൾ പരിപാലിച്ച കുഞ്ഞിന്റെ സങ്കടത്തിൽ അലിഞ്ഞ് അവൾ നിലതെറ്റിവീണുപോയതും തിരികെ ചെല്ലാൻ തീരുമാനിച്ചതും വായനക്കാരന്റെ ദുഃഖമായെന്ന് പറയാതെ വയ്യ

കളിപ്പാട്ടം പോലെ പെണ്ണിനെ തട്ടിക്കളിക്കുന്ന ആണിന്റെ മുഷ്ക്കിന് ആഘാതമേൽപ്പിച്ചുകൊണ്ട് അവൾ മുഹമ്മതിനേയും കദിയോമത്തയേയും ആട്ടിപ്പറഞ്ഞയച്ചിരുന്നെങ്കിൽ അത് നോവലിലൂടേ സമൂഹത്തിനു നൽകാൻ കഴിയുന്ന സന്ദേശമായേനേ. ഭൂമികച്ചവടത്തിന്റെ ദല്ലാൾ പണിയും മറ്റുമായി സ്വന്തം മാതാപിതാക്കളുടെ സാമ്പത്തികനില തൃപ്തികരമായിരിക്കുന്നതിന്റെ അനുകൂലഘടകം പിന്തുണയേകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും അവൾക്കതിനു കഴിയേണ്ടതായിരുന്നു. പക്ഷെ രചയിതാവിലെ കാൽപ്പനികതയുടെ കാമുകൻ അവളെ കണ്ണുകാട്ടി വിളിച്ചത് ബാപ്പു എന്ന അരുമക്കുരുന്നിന്റെ മോണകാട്ടിച്ചിരിയുടെ വശ്യതയിലേക്കാണ്. ഇവിടെ വായനക്കാരന് ധർമ്മസങ്കടത്തോടെ നിൽക്കാനേ കഴിയുന്നുള്ളു….. 

ബിയ്യാത്തുവിന്റെ പാത്രസൃഷ്ടി അതിമനോഹരമായിരിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. സ്ഫടികജലംപോലെ അടിത്തട്ടുകാണാവുന്ന അവളുടെ മനസ്സിന്റെ പരിശുദ്ധിയെ സുവ്യക്തമായി വായനക്കാരന് കാണിച്ചുകൊടുക്കുന്നതിൽ എഴുത്തുകാരൻ ആർജ്ജിച്ച വിജയം നൂറുശതമാനം തന്നെയാണ്. അഴകും സൗശീല്യവുമൊത്ത ബിയ്യാത്തുവിന്റെ ജീവിതം ഇനിയെങ്കിലും പച്ചപിടിക്കണേ എന്ന പ്രാർത്ഥന ജീവിതത്തിൽ അവൾ നേരിടുന്ന ഓരോ ദുരിതാനുഭവത്തിനു ശേഷവും വായനക്കാരന്റെ ഉള്ളിലുണരുന്നു. ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്ക് വേച്ചുപോകുന്ന ആ ജീവിതത്തിന്റെ ദുർവ്വിധി വായനക്കാരന്റെ സങ്കടമായി പരിണമിക്കുന്നുണ്ട്. 

ഏതൊരു സ്ത്രീയും അന്തരാ ഉൾക്കൊള്ളുന്ന വികാരമായ അമ്മയാകാനുള്ള ആഗ്രഹം പൂവണിയുന്നതിനെസംബന്ധിച്ചുള്ള സ്വപ്നങ്ങൾ താലോലിക്കാൻ തുടങ്ങവെ ആ സ്വപ്നങ്ങളെ കശക്കിയെറിയുവാൻ തയ്യാറായ ഭർത്താവിനോട് ഹൃദയം നുറുങ്ങിക്കൊണ്ട് യാചിക്കുന്നതും പിന്നെ പൊട്ടിത്തെറിക്കുന്നതും അവസാനശ്രമമെന്ന നിലയിൽകരീമിനേയും റൈഹാനയേയും ബാപ്പുവിനേയും ഞാൻ പൊന്നുപോലെ നോക്കിക്കോളാംഎന്ന് കെഞ്ചിനോക്കുന്നതും തന്മയത്വത്തോടേയുള്ള ആഖ്യാനമികവിന് ഉദാഹരണമാണ്. 

കാൽപ്പനികതയുടെ കാന്തി ഇയലുന്ന പദപ്രയോഗങ്ങളും ശൈലീവിശേഷങ്ങളും ഗദ്യത്തിന് തോരണം ചാർത്തി അങ്ങിങ്ങ് വിതാനിച്ചിരിക്കുന്നത് നോവലിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. പ്രകൃതിവർണ്ണനയുടേയും പരിസരവിവരണങ്ങളുടേയും ആകർഷണീയമായ സമ്മിശ്രണം വഴി വായനക്കാരനെ കഥയുടെ ലോകത്തേക്ക് മാറ്റിപ്രതിഷ്ടിക്കാൻ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. 

ദരിദ്രഭവനത്തിലാണെങ്കിലും ബിയ്യാത്തുവിന്റെ വിവാഹഘോഷം മനസ്സ്നിറയ്ക്കുന്ന വിധത്തിൽ വിദഗ്ദ്ധമായി ആവിഷ്ക്കരിക്കാൻ നോവലിസ്റ്റ് നൈപുണ്യം കാണിക്കുന്നുകല്യാണത്തിനായി വീടുണരുന്നതും അതിന്റെ കുതൂഹലങ്ങളും ഏതാനും വാചകങ്ങളിൽ വായനക്കാരനെ അനുഭവിപ്പിക്കാൻ കഴിഞ്ഞ മിടുക്ക് അഭിനന്ദനീയം. 

നബീസു എന്ന ആത്മസഖിയും കദിയാത്ത എന്ന നാത്തൂനും അമ്മായിഉമ്മയും ഉൾപ്പടെയുള്ള ഇതരകഥാപാത്രങ്ങൾക്കും വേണ്ടത്ര മിഴിവേകാനായിട്ടുണ്ട്. ഉപകഥകളെ അൽപ്പംകൂടി വികസിപ്പിക്കാൻ തയ്യാറായിരുന്നെങ്കിൽ നോവൽ ബൃഹത്തായതാകുമായിരുന്നു. അതിനുള്ള സാദ്ധ്യത നോവലിസ്റ്റ് ഉപയോഗപ്പെടുത്താതിരുന്നത് നോവലിന്റെ ഇഴയടുപ്പത്തിനും ശിൽപ്പഭദ്രതയ്ക്കും  മുൻഗണന നൽകിയതുകൊണ്ടായിരിക്കാം. 

ഉറൂബിന്റെഉമ്മാച്ചുവുംബഷീറിന്റെഉപ്പുപ്പാക്കൊരാനേണ്ടാർന്ന്എന്ന കൃതിയും വെളിവാക്കുന്ന മുസ്ലിംഗൃഹജീവനത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും ഉജ്ജ്വലമാതൃകകൾക്ക് സദൃശമായ മാപ്പിളജീവിതപശ്ചാത്തലം ഈ കൃതിക്കും സ്വന്തമാണ്. അതിന്റെ തന്മയത്വത്തോടെയുള്ള ആഖ്യാനമികവിൽ കാനേഷ് സമശീർഷത പുലർത്തുന്നുണ്ടെന്നതും നിരീക്ഷിക്കപ്പെടേണ്ടതാണ്. വിശ്വാസപരമായ വിശുദ്ധി വഴിയുന്ന ഗൃഹാന്തരീക്ഷത്തിന്റേയും ചിത്തവൃത്തികളുടേയും ചാരുതയുറ്റ രൂപങ്ങൾ സമ്മോഹനമായ രീതിയിൽ ഈ കൃതിയിൽ വരച്ചിട്ട വാങ്മയചിത്രങ്ങളാണ്. 

ആഖ്യായികയിലെ ആദ്യകാൽവയ്പ്പ് എന്നതിന്റെ ആനുകൂല്യം വകവെച്ചുകൊടുത്തുകൊണ്ട് പറയട്ടെ, ഉജ്ജ്വലമെന്നും ഒന്നാംകിടയെന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും നടേപടഞ്ഞ പോരായമകളോടുകൂടിയും ഈ നോവലിന്റെ സ്ഥാനം ഇന്ന് കൊണ്ടാടപ്പെടുന്ന മറ്റു പല കൃതികളെക്കാളും ഉയരത്തിൽ തന്നെയാണ്.

ക്ലിക്കുകളിൽ പെടാതെ തന്റെമാത്രം ഏകാന്തമായ സാഹിത്യവഴിത്താരയിൽ സഞ്ചരിക്കുന്ന ആളാണ് കാനേഷ് പൂനൂർ.  കഥ, നോവൽ, കവിത, കവിതയൂറുന്ന സിനിമാഗാനങ്ങൾ, കുറിപ്പുകൾ, മാപ്പിളപ്പാട്ടുകൾ, നർമ്മപംക്തികൾ, ലേഖനങ്ങൾ, സിനിമാനിരൂപണങ്ങൾ, ലേഖനസമാഹാരങ്ങളുടെ എഡിറ്റിങ്ങ്, ആനുകാലികങ്ങളുടെ പത്രാധിപത്വം തുടങ്ങി സാഹിത്യത്തിന്റെ ഒട്ടുമിക്ക കർമ്മമേഖലകളിലും സ്വന്തം കയ്യൊപ്പ് പതിച്ചുകഴിഞ്ഞ അദ്ദേഹത്ത്ന്റെ സപര്യയെ അർഹമായ വിധത്തിൽ ശ്രദ്ധിക്കാൻ മലയാളം മനസ്സുവെക്കേണ്ടിയിരിക്കുന്നു

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കപ്പെടുകയുംഒട്ടേറെ വായനക്കാരെ ആകർഷിക്കുകയും ചെയ്തപൂക്കുറിഞ്ഞിപക്ഷിസുജീഷ് പുതുക്കുടിയുടെ കമനീയമായ കവർ ഡിസൈനിങ്ങും പി.കെ.ദയാനന്ദിന്റെ ശ്രദ്ധേയമായ അവതാരികയുമായിലിപി പബ്ലിക്കേഷൻസ്പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിക്കുന്നു. (വില 85.00 രൂപ). 
Continue Reading