ഗ്രഹണകാലത്തിന്റെ അസ്തമയസൂചനകൾ.


 ഗ്രഹണകാലത്തിന്റെ അസ്തമയസൂചനകൾ.കോൺഗ്രസ്സ് സർക്കാറിന്റെ പിടിപ്പുകേടുകൊണ്ടും  അഴിമതികൊണ്ടും അധികാരധാർഷ്ട്യം കൊണ്ടും മനംമടുത്ത ജനം ഒരു രക്ഷകനെ കാത്തിരിക്കയായിരുന്നു


56 ഇഞ്ച് നെഞ്ചളവിന്റെ വീമ്പും വാചാലതയുടെ ആകർഷണീയതയും ഗുജ്റാത്തിനെ ഇന്ത്യയിലെ സ്വർഗ്ഗഭൂമിയാക്കിയെന്ന പെരുംനുണ കോർപ്പറേറ്റ് മീഡിയയുമായുണ്ടാക്കിയ അവിശുദ്ധബാന്ധവത്തിന്റെ ബലത്തിൽ സാധുജനങ്ങളെ വിശ്വസിപ്പിക്കുന്നതിൽ വരിച്ച വിജയവും ന്യൂനപക്ഷവിഭാഗങ്ങൾ അനർഹമായി പലതും നേടുന്നുവെന്ന് പ്രചരിപ്പിച്ച് അവരോട് ഭൂരിപക്ഷസമൂഹത്തിൽ വെറുപ്പ് സൃഷ്ടിക്കാനായതും അവലംബമാക്കി അധികാരത്തിലേക്കുള്ള വഴി സുഗമമാക്കിയ സംഘപരിവാരം പെരുംനുണകളാൽ കെട്ടിപ്പൊക്കിയിരുന്നത് വെറും ഒരു ശീട്ടുകൊട്ടാരമായിരുന്നെന്ന് പയ്യെപ്പയ്യെ തെളിയാൻ തുടങ്ങി

ഗുജ്റാത്ത് സ്വർഗ്ഗഭൂമിയായി തുടർന്നാലുമില്ലെങ്കിലും ഇന്ത്യ പൊതുവിൽ നരകഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിലേക്കും ജനം ഉണർന്നു. രാജവെമ്പാലക്ക് തുല്യം വർഗീയവിഷം മനസ്സിലേറ്റി നടക്കുന്ന വല്യേട്ടന്മാർ അമരത്തുണ്ടെന്ന ധൈര്യത്തിൽ ഹീനമായ വർഗ്ഗീയവിഷം ചീറ്റാൻ കൂട്ടത്തിലെ ഞാഞ്ഞൂലുകൾക്ക് പോലും ഉളുപ്പില്ലാതായത് കണ്ട് സാംസ്ക്കാരികബോധം വറ്റിയിട്ടില്ലാത്ത സംഘപരിവാർ അനുഭാവികൾക്ക് പോലും ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നു.  

മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച് മഹാപാപിയെ പ്രതിമ സ്ഥാപിച്ച് പൂജിക്കാൻ വരെയുള്ള വിവരക്കേടിലേക്ക് ഇന്ത്യ അധ:പതിക്കാനാരംഭിച്ചു. കോൺഗ്രസ്സ് ഗവണ്മന്റ് അമേരിക്കയോട് പുലർത്തിയിരുന്ന അപമാനകരമായ ദാസ്യത്തെ നിഷ്പ്രഭമാക്കുന്ന വിധത്തിൽ ഇന്ത്യയെ അമേരിക്കക്ക് തീ്റെഴുതാൻ തന്നെ തയ്യാറെടുക്കുന്നതിനെ ലക്ഷണങ്ങൾ കാണപ്പെട്ടു തുടങ്ങി. സ്വിസ്സ്ബാങ്കിൽ നേരിട്ട് പോയി കള്ളപ്പണം കൈക്കലാക്കി ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ട് വന്ന് രാജ്യത്തിനു മുതൽകൂട്ടും എന്ന് ഉച്ചത്തിൽ വീമ്പിളക്കിയിരുന്നത് വെറും ഉച്ചയുറക്കിലെ പിച്ചും പേയും പറച്ചിൽ മാത്രമായിരുന്നെന്ന് തെളിഞ്ഞു

ഇന്ത്യയുടെ കൊച്ചു പരിച്ഛേദമായി കരുതാവുന്ന ദൽഹിയിൽ താമസിക്കുന്ന എല്ലാ സംസ്ഥാനങ്ങളേയും സംസ്കാരങ്ങളേയും രാഷ്ട്രീയങ്ങളേയും പ്രത്യയശാസ്ത്രങ്ങളേയും പ്രതിനിധീകരിക്കുന്ന ജനങ്ങൾ ജനവഞ്ചന നടത്തിയതിനോട് ഇതാ വ്യക്തമായി പ്രതികരിച്ചിരിക്കുന്നു. വിവരവും വിവേകവും തിരിച്ചറിവും രാജ്യത്ത് നിന്ന് തികച്ചും അന്യം നിന്നിട്ടില്ലെന്നതിന്റെ ഈ പ്രത്യക്ഷസാക്ഷ്യം ഇന്ത്യയുടെ ഭാവി പാടേ ഇരുൾമൂടിയോ എന്ന് ആശങ്കിച്ചവർക്ക് ആശ്വാസം പകരുന്നതാണ്


ഫോട്ടോഷോപ്പ് വിസ്മയങ്ങൾകൊണ്ടും വാഗ്ധോരണിയാലുംഇവന്റ് മാനേജ്മെന്റ്കാരെ ഉപയോഗിച്ച് വിരിയിച്ചെടുക്കുന്ന വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ട് പ്രയോഗങ്ങളുടെ മായികതയാലും  ജനങ്ങളെ  പരിമിതകാലയളവിലേക്ക് മാത്രമേ മോഹാലസ്യലകപ്പെടുത്തുകയുള്ളു എന്ന സത്യം ഇതാ പുലരുന്നുസഹിഷ്ണുതയാർന്നതും സർവ്വ നന്മകളേയും ഉൾക്കൊള്ളാൻ പരിപാകമാർന്നതുമാണ് ഇന്ത്യൻ പൊതുബോധം എന്ന നന്മക്കും മേന്മക്കും ഈ ദൽഹിയനുഭവം ഒരിക്കൽകൂടി അടിവരയിടുന്നു.


ജയ്ഹിന്ദ്.

No comments: