ഗതിഭേദങ്ങള്‍.

പുരോഗതിയിലേയ്ക്ക്
ശരവേഗം കുതിക്കുന്നോരും
അധോഗതിയിലേയ്ക്ക്
പതിതരായ് പതിക്കുന്നോരും
സ്ഥിതിഭേദമില്ലാതെ സദാ
മിതാവസ്ഥയാലനുഗ്രഹീതരും.....

കഷ്ടതയേറെയറിഞ്ഞ്
കഷ്ടിച്ച് കരേറിയവരും
സൗഭാഗ്യഗിരിയിൽ നിന്ന്
അഗാധതയിലാപതിച്ചവരും....

സ്വയംകൃതാനർത്ഥത്താൽ
ദുർഗതി സ്വയം വരിച്ചവരും
അറിയാതെയതിലകപ്പെട്ടവരും
സത്ഗതി അടിച്ചെടുത്തവരും
വിധിയാലത് വീണുകിട്ടിയവരും....

എങ്ങനെ വീണാലും നില
നാലുകാലിലാകുന്നവരും
എത്ര താങ്ങിയാലും ശരി
നേരെ നിൽക്കാനാകാത്തവരും......

ദുർഗതിയിലുമതെനിക്കില്ലെന്ന്
വെറുതെ നടിപ്പോരും
ഗതികേടിലും പുല്ല് വേണ്ടെന്ന്
മുറുകേ ശഠിപ്പോരും.......

കോടതി വ്യവഹാരങ്ങളാൽ
ഗതിയറ്റുപോയോരും
ഷോടതി*യാൽ ഗതികേടിൻ
അടിവേരറുത്തോരും.........

മദിരയിൽ മുങ്ങി സദാ
മന്ദഗതിയിലായോരും
മദിരാക്ഷിയാൽ മാനം
മുച്ചൂടും മുടിച്ചോരും......

വിധിയെപ്പഴിച്ച് നരജന്മം
മതിയെന്ന് നിനപ്പോരും
ജീവിതക്കൊതിയിനിയും
മതിയായില്ലെന്ന് കുതിപ്പോരും....

ഭിന്നപ്രകൃതിയായ്
ഖിന്നരായ്, ധന്യരായ് 
മന്നിതിൽ ജനതതി
ഭിന്നമാം വിതാനത്തിൽ......

ഗതിയുടെ അകംപൊരുൾ

ദുരൂഹം, ദുർജ്ഞേയം !
വിധിവിഹിതം ജീവിത
ഗതി വിഗതികൾ !!

............................................
ഷോടതി = ലോട്ടറി.
Pages (8)1234567 Next