അലിഞ്ഞുപോയ അത്താണികള്‍.

ജീവിതായോധനത്തിന്റെ യാതനകള്‍ നിറഞ്ഞ ഒരു കാലത്തിന്റെ കഥ പറയുന്ന പ്രതീകങ്ങളാണ്‌ അത്താണികള്‍. നിരത്തുകളും വാഹനങ്ങളും അന്യമായിരുന്ന ഒരു കാലത്തിന്റെ അതിജീവനപ്രതീകങ്ങള്‍. പഴയകാലത്തെ ആളുകളുടെ  ജീവിതഭാരത്തിന്‌ ആവുന്നതോതില്‍ ഇളവുനല്‍കിയിരുന്ന ഈ ലളിതനിര്‍മ്മിതിയെ  നന്മയുടെ പ്രതീകമായും വിശേഷിപ്പിക്കാം.




ചിത്രത്തിന്‌ കടപ്പാട്: വിക്കിപീഡിയ
കല്ലുവെച്ചപീടിക എന്നറിയപ്പെട്ടിരുന്ന ഒരു ചെറുകെട്ടിടമുണ്ടായിരുന്നു  ഞങ്ങളുടെ ദേശത്തിന്റെ തെക്കെ അതിരില്‍. പലവ്യഞ്ജനക്കടയും നാടന്‍ ചായക്കടയും അതില്‍ പ്രവര്‍ത്തിച്ചിരുന്നു. വഴിയാത്രക്കാരുടെ  ഇടത്താവളമായി സദാ സജീവവും ശബ്ദമുഖരിതവുമായിരുന്ന ഒരിടം.
മണ്ണുകൊണ്ടുണ്ടാക്കിയ പീടികകളും വീടുകളും സര്‍വ്വസാധാരണമായിരുന്ന പഴയകാലത്ത് കല്ലുവെച്ച് പടുത്തുണ്ടാക്കിയവ അപൂര്‍വ്വമായതുകൊണ്ടാകാം "കല്ലുവെച്ച പീടിക" എന്ന് ആ എടുപ്പിനെ ആളുകള്‍ പ്രത്യേകമായി പേര്‍ ചൊല്ലിവിളിച്ചത്.

കല്ലുവെച്ചപീടികയ്ക്ക് മുന്നില്‍ പ്രതാപത്തോടെ നിലകൊണ്ടിരുന്ന കരിങ്കല്ലുകൊണ്ടുള്ള ഭീമാകാരനായ അത്താണിയാണ്‌ ജീവിതത്തില്‍ ഞാന്‍ കണ്ട ആദ്യത്തെ അത്താണി. ഒരേസമയം പല ചുമടുകള്‍ക്ക് ഇടം നല്‍കാന്‍മാത്രം വിസ്തൃതമായൊരത്താണി. ഒരുപക്ഷെ കല്ലുവെച്ചപീടികയ്ക്ക് അത്രയും പെരുമയും അതിലെ കച്ചവടസ്ഥാപനങ്ങള്‍ക്ക് അത്രയും ജനകീയതയും ലഭിച്ചത് മുറ്റത്ത് സ്ഥാപിതമായിരുന്ന അത്താണിയുടെ സാന്നിദ്ധ്യം കൊണ്ട്തന്നെയാകാം.

പീടികമുതല്‍ തെക്കോട്ട് പരന്നു കിടക്കുന്ന വിശാലമായ പാടമായിരുന്നു. പാടത്തിനു നടുവില്‍ തെക്കുവടക്കായി വലിയ നെടുവരമ്പുമായി സ്ഥിതിചെയ്യുന്ന തോട്. കല്ലുവെച്ച പീടികയുടെ ഏതാനും വാര അകലെ വരെ നേരെ വന്ന് പിന്നെ പടിഞ്ഞാട്ട് വളഞ്ഞ് അടുത്ത ഗ്രാമങ്ങളിലൂടെ നീണ്ടുപോയി തോട് അങ്ങകലെ പൊന്നാനിയോളം ചെന്ന്‌  ബീയം കായലില്‍ ലയിക്കുന്നു. പാടത്തിനപ്പുറം അഞ്ഞൂര്, നായരങ്ങാടി, ഞവണേങ്ങാട്, ഉള്ളിശ്ശേരി പ്രദേശങ്ങളില്‍ നിന്ന് നെടിയ തോടുവരമ്പും പാടവരമ്പും താണ്ടി  തലയില്‍ ചുമടുമായി വലഞ്ഞ് നടന്നെത്തിയ ഒട്ടേറെ പഥികര്‍ക്ക് ആ അത്താണി ഏറെക്കാലം വലിയ ആശ്വാസം നല്‍കിയിരുന്നിരിക്കണം.

എന്റെ അമ്മായി (പിതൃസഹോദരി) എനിക്കോര്‍മ്മവെച്ച കാലംമുതല്‍ വിധവയായും മക്കളില്ലാതെയും ഞങ്ങളോടൊപ്പമായിരുന്നു. ഉപ്പയുടേയും ഉമ്മയുടേയും മാതാപിതാക്കള്എന്റെ ജനനത്തിനു മുമ്പ്തന്നെ  ‍ മരണപ്പെട്ടുകഴിഞ്ഞിരുന്നതിനാല്‍ വല്യുപ്പ-വല്യുമ്മമാരുടെ ഉദാരമായ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിയാന്‍ യോഗമുണ്ടാകാതെപോയ എനിക്ക് ആ കുറവറിയാതിരുന്നത് അമ്മായിയുടെ സാന്നിദ്ധ്യത്താലായിരുന്നു. ഉദാരമായ സ്നേഹവാത്സല്യവും ഒപ്പം ശരിയായ രീതിയില്‍ വഴിനടത്താനുള്ള ജാഗരൂകതയും അവരില്‍ സമമായി സമ്മേളിച്ചിരുന്നു. വര്‍ഷങ്ങളോളം വീടുവിട്ടുനില്‍ക്കുന്ന ഉപ്പയുടെ മലേഷ്യന്‍ പ്രവാസത്തില്‍  ഉമ്മക്ക് അളവറ്റ പിന്തുണയുമായി ഒരത്താണിപോലെ  കാര്യപ്രാപ്തിയില്‍ പുരുഷനോളം മികവുണ്ടായിരുന്ന അമ്മായി വീടിന്‌ താങ്ങുംതണലുമായി. ഒരു തള്ളക്കോഴിയുടെ ചിറകിനടിയിലെന്നപോലെ, ഉമ്മയും ഞങ്ങള്‍ മൂന്ന് കുഞ്ഞുങ്ങളും ഉപ്പയുടെ അഭാവത്തിലും അമ്മായിയുടെ തണലില്‍ സുരക്ഷിതരായിരുന്നു.

രണ്ടുതവണ വിവാഹിതയായ അവര്‍  ആദ്യഭര്‍ത്താവിന്റെ  കടുത്ത നടപടിദൂഷ്യത്തില്‍ മനംമടുത്ത് ആ വിവാഹത്തില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു.  പുനര്‍വിവാഹാനന്തരം മലേഷ്യയിലേക്ക് പോയ ഭര്‍ത്താവ് അവിടെവെച്ച് അകാലമരണമടയുകയും ചെയ്തതോടെ ഇനിയൊരു വിവാഹത്തിനില്ലെന്ന്‌  ഉറച്ച തീരുമാനമെടുത്ത് ഇളയ രണ്ട് ആങ്ങളമാരുടേയും അനിയത്തിയുടേയും മക്കളെ  സ്വന്തമെന്നപോലെ സ്നേഹിച്ച് ശിഷ്ടകാലം ജീവിച്ചു.

വിളകളേയും വിത്തുകളേയും വളപ്രയോഗങ്ങളേയും സംബന്ധിച്ച പരിജ്ഞാനം, പലഹാരക്കൂട്ടുകളിലെ അറിവും പാചകവൈഭവവും, വിശ്രമവേളകളിലെ തഴപ്പായ നെയ്ത്ത്, അടുക്കളത്തോട്ടം പരിചരണം, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കല്‍, കഷ്ടപ്പാടുള്ളവരെ കയ്യയച്ച് സഹായിക്കല്‍, ഇമ്പമാര്‍ന്ന രീതിയില്‍ പഴയകാല മാപ്പിളപ്പാട്ടുകളുടെ ആലാപനാസ്വാദനങ്ങള്‍, കയ്യളവുകളാല്‍ ശീല കൃത്യമായി ചീന്തിമുറിച്ച് സൂചിയുപയോഗിച്ച് പെണ്‌കുപ്പായങ്ങള്‍  തുന്നിയുണ്ടാക്കല്‍‌, അവയില്‍ നിറമുള്ള നൂലുകൊണ്ട് ചിത്രപ്പണികള്‍ ചെയ്യല്‍ തുടങ്ങി അമ്മായിയുടെ അഭിരുചികള്‍ ബഹുമുഖമായിരുന്നു.

വാര്‍ദ്ധക്യത്തിലെത്തിയ അവര്‍ പിന്നീട് രോഗിണിയായി  ശയ്യാവലംബിയായി. ഇടക്കിടെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വിവരമറിയിക്കാനായി നാലുനാഴിക അകലേയുള്ള കുട്ടിവൈദ്യരുടെ വീട്ടിലേക്ക് അന്ന് പ്രൈമറിക്ലാസുകളില്‍ പഠിച്ചിരുന്ന ഞാന്‍ ഇടക്കിടെ  പോകുമായിരുന്നു. (വൈദ്യരുടെ മുഴുവന്‍ പേര്‍ രാമന്‍കുട്ടിയെന്നോ കൃഷണന്‍കുട്ടിയെന്നോ ഒക്കെ ആയിരുന്നിരിക്കാം). കല്ലുവെച്ചപീടിക പിന്നിട്ടിട്ട് വേണം അഞ്ഞൂരുള്ള വൈദ്യരുടെ വീട്ടിലോ മരുന്ന് ഷോപ്പിലോ എത്താന്‍.  ആ കാല്‍നടയാത്രയില്‍, കല്ലുവെച്ചപീടികയുടെ അരികിലെത്തുമ്പോള്‍ ഞാന്‍ അന്നോളം മറ്റെവിടെയും കണ്ടിട്ടില്ലാത്ത ആ അത്താണിയെ കൌതുകപൂര്‍വ്വം കുറച്ചുനേരം നോക്കിനില്‍ക്കല്‍ പതിവുപരിപാടിയായിരുന്നു.
ആരെങ്കിലും ദീനവിവരം അറിയിച്ചാലുടന്‍   നാട്ടുവഴികളിലൂടെ സ്വന്തം സൈക്കിള്‍ ചവുട്ടി വീടുകളില്‍ വന്നിരുന്ന ഹൃദയാലുവായ കുട്ടിവൈദ്യര്‍ എന്റെ അറിയിപ്പുപ്രകാരം അഞ്ഞൂര്‍ ദേശത്ത്  നിന്നും ഒട്ടേറെ തവണ കല്ലുവെച്ചപീടികയും അത്താണിയും പിന്നിട്ട് സൈക്കിളില്‍ സഞ്ചരിച്ച് ഞങ്ങളുടെ വീട്ടില്‍ വന്നു. കാരുണ്യപൂര്‍വ്വം രോഗവിവരങ്ങളാരാഞ്ഞ് കുറിപ്പടികള്‍ മാറ്റിയെഴുതി പലപ്പോഴും പ്രതിഫലം വാങ്ങാന്‍ കൂട്ടാക്കാതെ, കര്‍മ്മം ചെയ്ത കൃതാര്‍ത്ഥതമാത്രം കൈമുതലാക്കി തിരിച്ചുപോയി. കുറിപ്പടികള്‍ പ്രകാരം ഉമ്മ തയ്യാറാക്കിയ കഷായക്കൂട്ടുകളും ശ്രുശ്രൂഷയുംകൊണ്ട് അമ്മായി രോഗശാന്തിയറിഞ്ഞു. രോഗപീഡയില്‍ വൈദ്യര്‍ ഞങ്ങള്‍ക്കെന്നപോലെ അഞ്ഞൂരിന്റെ നാലഞ്ച് കിലോമിറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം   ആശ്രയമായിരുന്നു. വിളിച്ചാല്‍ വിളിപ്പുറത്ത് എന്നപോലെ രോഗികളായിരുന്ന വയോജനങ്ങള്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കിയിരുന്ന കുട്ടിവൈദ്യരും ജനങ്ങളുടെ ദീനങ്ങളുടേയും വേദനകളുടേയും ദുരിതഭാണ്ഡങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന മറ്റൊരത്താണിയായി.

പ്രതിഫലമിച്ഛിക്കാത്ത സേവനതല്‍പ്പരരായിരുന്ന അത്തരം വൈദ്യന്മാരും അത്താണിയെപ്പോലെത്തന്നെ ഇന്നു കണികാണാന്‍ കിട്ടാത്തവിധം  അന്യംനിന്നുപോയ നാട്ടുപുണ്യങ്ങളാണ്‌. തൂവെള്ളവസ്ത്രത്തില്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ചര്‍മ്മകാന്തിയുമായി മുക്കാലും വെളുത്തുകഴിഞ്ഞ തലമുടി ഭംഗിയായി പിറകോട്ട് ചീകിവെച്ച് ക്ലീന്‍ഷേവുചെയ്ത മുഖവും കരുണരസം സ്ഫുരിക്കുന്ന കണ്ണുകളും മുഖത്ത് തികഞ്ഞ ശാന്തഭാവവുമായി അദ്ദേഹം ഭൂമിയെ വേദനിപ്പിക്കാതെ പതിയെ സൈക്കിള്‍ ചവുട്ടി പോകുന്ന ചിത്രം മനസ്സില്‍ ഇപ്പോഴും ഒട്ടും നിറം മങ്ങാതെയുണ്ട്.
1976-ല്‍ എന്നെ ഗള്‍ഫിലേക്ക് യാത്രയാക്കിയ അമ്മായി ഞാന്‍ തിരിച്ചെത്താന്‍ കാത്തുനില്‍ക്കാതെ കടന്നുപോയി. എന്നെ രൂപപ്പെടുത്തിയതിന് ഞാന്‍ ഏറെ കടപ്പെട്ട ആ അത്താണിയെ കാലം കൊണ്ടുപോയി....
കാലപ്രവാഹത്തില്‍ പാടത്തിന്റേയും തോടിന്റേയും നെടുവരമ്പിന്‌ വീതി കൂടി. മണ്ണിട്ട റോഡായും കല്ലിട്ട റോഡായും പിന്നിട്  ടാര്‍റോഡായും പതുക്കെപ്പതുക്കെ അത്  പരിണമിച്ചു. തലച്ചുമടുകാരും കാവിന്റെ നടുഭാഗം  തോളില്‍ വെച്ച് രണ്ടറ്റത്തും ഭാരം തൂക്കിയിട്ട് താളാത്മകമായി ചാടിച്ചാടി നടന്നുപോയിരുന്നവരും അപൂര്‍വ്വ കാഴ്ചകളായി. റോഡുകളും മോട്ടോര്‍വാഹനങ്ങളും സാര്‍വത്രികമാകുകയും തലച്ചുമടിന്റെ ആവശ്യകത ഇല്ലാതാകുകയും ചെയ്ത് നാട് പരിഷ്ക്കാരങ്ങളെ വാരിയണിഞ്ഞപ്പോള്‍ പ്രസക്തി നഷ്ടപ്പെട്ട് അവഗണിക്കപ്പെട്ട് അത്താണികള്‍ എല്ലായിടത്തും അനാഥമായി. അനവസരത്തില്‍ അസ്ഥാനത്ത് നിലകൊള്ളുന്ന ജാള്യതയോടെ അവ കുറേ നാള്‍ കൂടി നിലനിന്നു. കല്ലുവെച്ചപീടികക്ക് മുന്നിലെ അത്താണിയും നിരുപയോഗമായെങ്കിലും ഒരോര്‍മ്മത്തെറ്റുപ്പോലെ ഏറെനാള്‍ അവിടെത്തന്നെ കാണപ്പെട്ടിരുന്നു. കാലാന്തരത്തില്‍ ആദ്യം അത്താണിയും തുടര്‍ന്ന് കല്ലുവെച്ച പീടിക തന്നെയും നിഷ്ക്കാസനം ചെയ്യപ്പെട്ടു.  കല്ലുവെച്ച പീടികയുടെ സ്ഥാനത്ത് ഒരു വാര്‍പ്പുവീട് ഉയര്‍ന്നു.
അത്താണിയെ  പുതിയ കാലം ഒരു സ്മാരകമായി പോലും എവിടെയും  നിലനിര്‍ത്തിയതായി കാണുന്നില്ല. എങ്കിലും പല സ്ഥലപ്പേരുകളിലും അത്താണി അദൃശ്യസാന്നിദ്ധ്യമായി ഇപ്പോഴും കുടിയിരിക്കുന്നുണ്ട്‌. കൊച്ചനൂര്‍ എന്ന എന്റെ ഗ്രാമത്തിന്റെ അതിരുപങ്കിടുന്ന ഗ്രാമത്തിന്റെ പേര് അത്താണിയുമായി ബന്ധപ്പെട്ടതാണ്‌ . നടനും എഴുത്തുകാരനും, 'വേറിട്ട കാഴ്ച്ചകള്‍' എന്ന ടി.വി. പരമ്പരയുടെ ശില്‍പ്പിയുമായ വി.കെ.ശ്രീരാമന്റെ ഗ്രാമമായ ചെറുവത്താണി.  പുത്തനത്താണി, രണ്ടത്താണി, കരിങ്കല്ലത്താണി തുടങ്ങി മലബാറില്‍ അത്താണിപ്പെരുമയുള്ള പേരുകള്‍ പേറുന്ന വേറെയും ഊരുകളുണ്ടല്ലോ.
അത്താണിയെപ്പറ്റി, ഒപ്പം ജീവിതത്തില്‍ അത്താണിയായി വര്‍ത്തിച്ചവരെപ്പറ്റിയുമുള്ള    ഓര്‍മ്മകള്‍ എന്റെ മനസ്സിലിപ്പോള്‍ ഉണര്‍ത്തിയെടുത്തത് സെന്റര്‍ കോര്‍ട്ട് എന്ന ബ്ലോഗില്‍ മന്‍സൂര്‍ ചെറുവാടി എഴുതിയ ഒരു പോസ്റ്റിന്റെ വായനയാണ്‌. അത്താണി, തെരപ്പം, റാന്തല്‍ വിളക്ക് തുടങ്ങി കാലത്തില്‍ വിലയംകൊണ്ട   ചില പഴയകാലപ്രതീകങ്ങള്‍ കാവ്യാത്മകമായ ഭാഷയില്‍ സ്മരിക്കപ്പെട്ടിരിക്കുന്നു. പോയകാലത്തിന്റെ നാട്ടുനന്മകളെഴുതിയത് വായിക്കുമ്പോള്‍ ആ പഴയകാലത്തേക്ക് മനസ്സ് കുതിക്കുകയായി. പരാമര്‍ശിക്കപ്പെട്ട പലതും അറിയുകയും ആസ്വദിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം എന്റേത്കൂടിയാണ്‌. അല്ല, മദ്ധ്യവയസ്സ് പിന്നിട്ട എല്ലാ മലയാളികളുടേതുമാണ്‌.
ഫോക്ക് നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന നടത്തയുമായി കീരന്‍കുട്ടി വന്ന്‌ അത്താണിയില്‍ തലച്ചുമടിറക്കി വെച്ചതും നാടന്‍ബീഡിക്ക് തീപിടിപ്പിച്ച് അത്താണിയില്‍ ചാരിയിരുന്ന്‌ വിശ്രമിച്ചതും മന്‍സൂര്‍ മനോഹരമായി എഴുതിയപ്പോള്‍, ചിത്രകാരന്‍ ഇസ്‌ഹാഖ് അതിന്‌ ഉചിതമായ ദൃശ്യഭാഷ നല്‍കിയപ്പോള്‍ അത്‌ ഹൃദയഹാരിയായി. ഒപ്പം പ്രിയതരമായ ഒരുപാട് ഓര്‍മ്മകളെ തൊട്ടുണര്‍ത്തുകയും ചെയ്തു..
ഈ വരികള്‍ക്ക് ആധാരമായ മന്‍സൂറിന്റെ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിനെ പിന്തുടര്‍ന്നുപോയാല്‍ വായിക്കാം:


12 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

കാലത്തിൽ വിലയംകൊണ്ട അത്താണികൾ....

Noushad Kuniyil said... Reply To This Comment

ശിലാരൂപികളായ അത്താണികളെയോർക്കുമ്പോൾ അത്താണികളുടെ മനുഷ്യരൂപങ്ങളെ അനുസ്മരിക്കുന്ന കരുണാർദ്രമായ രചനാസൗന്ദര്യം! ഹൃദ്യം പ്രിയപ്പെട്ട ഉസ്മാൻ സാബ്.

Rainy Dreamz ( said... Reply To This Comment

കുട്ടി വൈദ്യരെ കണ്ടു, അത്താണികൾക്കിടയിലെ ആ അത്താണി മനസിൽ നിറഞ്ഞു നിൽക്കുന്നു.

sHihab mOgraL said... Reply To This Comment

'അത്താണി'യെന്ന് വാക്ക്‌ താങ്ങി നിൽക്കുന്നത്‌ വിശാലമായ വികാരവൈവിധ്യങ്ങളെയാണെന്ന തിരിച്ചറിവിലേക്ക്‌ നയിച്ചു, ലളിതവും സരളവുമായ ഈയെഴുത്ത്‌. നന്ദി

Pradeep Kumar said... Reply To This Comment

പുതിയ തലമുറക്ക് കെട്ടുകഥകളായി തോന്നാവുന്നത്ര അന്യം നിന്നുപോയ നമ്മുടെ സാംസ്കരികത്തനിമകൾ മനോഹരമായ ഭാഷയിലൂടെ അവതരിപ്പിച്ച ആ ചെറുവാടിപ്പോസ്റ്റ് ഓർക്കുന്നു.

അത്താണികൾ ഇവിടെ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ ഒരുപക്ഷേ അടുത്ത തലമുറ വിശ്വസിച്ചേക്കാം. എന്നാൽ ഒട്ടും ധനമോഹമില്ലാതെ കണ്ണുകളിൽ തിളങ്ങുന്ന കാരുണ്യവുമായി രോഗികളുടെ വീടുകളിലേക്ക് ചികിത്സിക്കാൻ ചെന്നിരുന്ന ഭിഷഗ്വരന്മാർ ഉണ്ടായിരുന്നു എന്നത് അടുത്ത തലമുറ ഒട്ടും വിശ്വസിക്കില്ല......

മൻസൂർ അബ്ദു ചെറുവാടി said... Reply To This Comment

രണ്ട് കാര്യങ്ങൾകൊണ്ട് ഈ കുറിപ്പ് എന്‍റെ മനസ്സില് തൊടുന്നു ഉസ്മാൻ ഭായ് . ഒന്ന് ഒരു കാലഘട്ടം അടയാളപ്പെടുത്തിയ അത്താണി യെ പറ്റി പറഞ്ഞത് കൊണ്ട് . രണ്ടാമത് നിങ്ങളെയൊക്കെ സ്നേഹം എന്ന അത്താണിയിൽ ചാരിയ അമ്മായിയെ പറ്റി പറഞ്ഞത് കൊണ്ട് .ഇതാവും കൂടുതൽ എന്നോട് ചേർന്ന് നിൽക്കുന്നത് . ഞങ്ങൾക്ക് സ്നേഹമായി , ഉമ്മാക്ക് ഊർജ്ജമായി ഇതുപോലൊരു അമ്മായി ഇപ്പോഴും എന്‍റെ വീട്ടിലുണ്ട് . ഉപ്പയുടെ വസിയത്തുകളിൽ ഒന്നായിരുന്നു അമ്മായിയെ നന്നായി നോക്കണം എന്നതും .

ഒരു സ്മരണയും ജീവിതവും മനോഹരമായി സമന്വയിപ്പിച്ച് എഴുതിയിട്ടുണ്ട് നിങ്ങൾ . അലഞ്ഞു തിരിഞ്ഞ്‌ ഏതെങ്കിലും ഗ്രാമങ്ങളിൽ എത്തുമ്പോൾ ഞാൻ തിരയാറുണ്ട് , ഏതെങ്കിലും ഒരു മൂലയിൽ പഴയ പ്രതാപ കാലവും അനുസ്മരിച്ച് ഒറ്റക്കിരിക്കുന്ന ഒരത്താണിയെ . കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ പറഞ്ഞിരുന്നു കിനാവുപാടങ്ങളിൽ കിനാവ്‌ പെയ്യണം എന്ന് . [പെയ്തിട്ടുണ്ട് . അതിമനോഹരമായി തന്നെ .

പിന്നെ എന്നെയും ബ്ലോഗിനെയും പരമാർശിച്ചതിൽ എന്‍റെ സന്തോഷം മറച്ചു വെക്കുന്നില്ല . എഴുത്ത് മനസ്സില് നിന്നും പടിയിറങ്ങി പോകുമോ എന്ന പേടിയിൽ ഇരിക്കുമ്പോൾ ഇതൊക്കെ നല്ല പ്രചോദനങ്ങളാണ് . സ്നേഹം

കൊച്ചു ഗോവിന്ദൻ said... Reply To This Comment

ഒരു കാലത്ത് എല്ലാവർക്കും താങ്ങും തണലുമായി ജീവിച്ച് ഒടുവിൽ അവഗണനയിൽ ശിഷ്ടജീവിതം നയിക്കേണ്ടി വന്ന ആരൊക്കെയോ ഓർമയിലെത്തുന്നു. നന്മ നിറഞ്ഞ രചന. നന്ദി.

ajith said... Reply To This Comment

ഏറ്റവും അവസാനമായിഒരു അത്താണി കണ്ട ഓര്‍മ്മ കൂത്താട്ടുകളത്ത് നിന്നും പിറവത്തേയ്ക്ക് പോകുന്ന വഴിയിലാണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇപ്പോല്‍ അതൊന്നും അവിടെയില്ല. അത്താണിക്കല്ലുകളൊക്കെ ആള്‍ക്കാര്‍ നട പണിയുന്നതിനും മതില്‍ ഉണ്ടാക്കുന്നതിനുമൊക്കെ ചുമന്നുകൊണ്ട് പോയി.
ചരിത്രത്തോടും മുന്‍‌തലമുറയോടും സ്നേഹമില്ലാത്ത നമ്മള്‍ അത്താണികളേയും മറന്നു, അത്താണികളായി നിന്ന മനുഷ്യരേയും മറന്നു

yousufpa said... Reply To This Comment

വായന അതീവ ഹൃദ്യമായി. വായനയിൽ മുഴുക്കെ അത്താണിയെന്ന ബിംബം വളരെ ഭംഗിയോടെ അവതരിപ്പിച്ചു. കൊച്ചനൂർ എന്റെ ഗ്രാമം കൂടി ആയതിനാൽ ഞാനും ഒരു കുട്ടി ആയി.ആ കുട്ടിക്കാലം അല്പനേരത്തേക്കെങ്കിലും തിരിച്ചു തന്നതിന് നന്ദി പ്രിയപ്പെട്ട ചേട്ടാ...

Akbar said... Reply To This Comment

ഏറെ ഹൃദ്യമായിരുന്നു ചെറു വാടിയുടെ ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട ചില ചിത്രങ്ങൾ എന്ന പോസ്റ്റ്‌. അന്ന് ഞാനതിനു ഇങ്ങിനെ എഴുതി.. >>>>ഓർമ്മകളുടെ മച്ചിൻ പുറത്തു നിന്ന്, അഭ്രപാളികളിലെ ദൃശ്യവിസ്മയം പോലെ, ഓടിമറഞ്ഞു പോയ കാലാന്തരങ്ങളുടെ ക്ലാവ് പിടിച്ച പ്രതാപബിംബങ്ങൾ ഇവിടെ നാടൻപാട്ടിന്റെ ലാളിത്യമുള്ള ഗദ്യഭാഷയിലൂടെ പുനർസൃഷ്ടിക്കുകയാണ് എഴുത്തുകാരൻ

റാന്തൽ , അത്താണി, തെരപ്പം, ചായമക്കാനി, കാള വണ്ടി തുടങ്ങിയ നാട്ട്യങ്ങളില്ലാത്ത ഗ്രാമീണതയുടെ സമൃദ്ധഭാവങ്ങൾ അന്യമായ ഇന്നത്തെ മോഡേണ്‍യുഗത്തിൽ, ആ ഓർമ്മകൾ ഇന്നും പഴമനസ്സുകളിൽ ഗൃഹാതുരതയുടെ ഇടക്കനാദം തീർക്കുമ്പോൾ നാമറിയുന്നു, നമ്മൾ കൈ വിട്ടു പോയതേതൊരു നല്ല കാലമെന്നു. <<<<
-------------------------------------------

ഉസ്മാന്ജിയുടെ മനോഹര ഭാഷയിൽ ഇവിടെ സമാനമായ മറ്റൊരു കാലത്തെ അടയാളപ്പെടുത്തുന്നു. അമ്മായിയുടെ ഓർമ്മകൾ വാക്കുകളിൽ നനവ്‌ പടർത്തുന്നത് ഞാനറിഞ്ഞു എന്റെ വായനയിൽ. ഒപ്പം പോയകാലത്തിന്റെ നഷ്ടസ്മൃതികളും

A said... Reply To This Comment

അത്താണികള്‍ നഷ്ടമായ ഒരു കാലം തന്നെയാണിത്. അതിന്‍റെ രണ്ടര്‍ത്ഥത്തിലും. അത്താണി ഒരു ബിംബം കൂടിയാണ്. കൂട്ടുകുടുംബകാലത്ത് എല്ലാവരും പരസ്പരം അത്താണികള്‍ ആയിരുന്നു. പിന്നീട് ഓരോരുത്തരും അവനവനിലേക്ക്‌ ഒതുങ്ങി "സ്വയം പര്യാപ്തന്‍" ആകുന്ന കാലം വന്നു. അങ്ങിനെയാണ് അത്താണികള്‍ അസ്തമിച്ചത്. ആ ഒരു കാലത്തെ ഈ പോസ്റ്റില്‍ അതീവ ഹൃദ്യമായി വിവരിച്ചിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment


പണ്ടത്തെ എന്റെ ഒരു ലൈനടി
ബഞ്ചായിരുന്നു നാട്ടിലെ അത്താണി..ഇന്നതില്ല
കാലത്തിൽ ഒഴുക്കിൽ മറഞ്ഞുപോയ അത്താണികൾ