കലങ്ങാൻ കൂട്ടാക്കാത്ത കുളങ്ങൾ.

ഗ്രാമത്തിലെ അങ്ങാടിയിലൂടെ കടന്നുപോകുന്ന പ്രധാനപാതയിലേക്ക് വടക്കെകാട് നിന്നുള്ള ഉപറോഡ് വന്നുതൊടുന്നത് അങ്ങാടി ആരംഭിക്കുന്നതിനുമുമ്പായി അൽപ്പം വടക്കോട്ട് മാറിയാണ്. പരൂര്, ആറ്റുപുറം, ചമ്മനൂര് പ്രദേശങ്ങളൊക്കെ ചുറ്റിക്കറങ്ങി അവിടത്തെ വിശേഷങ്ങളുടെ ശേഷിപ്പുകളുമായി വന്നെത്തുന്ന പ്രധാനപാതയിലേക്ക് മുക്കില്പീടിക, കൗക്കാനപ്പെട്ടി, കല്ലിങ്ങൽ വാർത്തകളുമായി വടക്കെകാട് റോഡ് വന്ന് തൊട്ടുരുമ്മുന്നതോടെ രണ്ടുംകൂടി ഒന്നായി ഏറെ സന്തോഷത്തോടെ മുന്നോട്ട്.

ഇനി ആദ്യത്തെ വളവിലെ പാറേട്ടന്റെ ചായക്കട കഴിഞ്ഞാൽ അടുത്ത വളവെത്തുമ്പോൾ വലത് വശത്ത് കാണുന്നത് ബാലൻവൈദ്യരുടെ ആസ്ഥാനവും മയമുണ്ണിയുടെ പച്ചക്കറിക്കടയുമാണ്ഇടത്തോട്ട് തിരിഞ്ഞാൽ നേരെ കുന്ദംകുളത്തേക്ക് പോകാം. അത്യാവശ്യമില്ലെങ്കിൽ മയമുണ്ണിയുടെ പീടികയോട് ചേർന്ന് തുടങ്ങുന്ന ബസ്സ്പോകാത്ത, തിരക്കില്ലാത്ത ചൗക്കി റോഡിലേക്ക് അൽപ്പം ബുദ്ധിമുട്ടി വണ്ടിതിരിക്കുകയുമാകാം. തിരിവുകഴിഞ്ഞ് ഒരു ചക്രപ്പാട് വണ്ടി ഉരുളുമ്പോഴേക്ക് അതാ വീണ്ടും തിരിവ് ! ഉടനെ ഇടത്തോട്ട് തിരിക്കേണ്ടത് നമ്മളുടെ ആവശ്യമാണ്. ഇല്ലെങ്കിൽ നേരെ പാടത്തേക്ക് വണ്ടിചാടലാകും ഫലം. അതത്ര നല്ല കാര്യമല്ല. നമ്മൾ വണ്ടി ഇടത്തോട്ട് തിരിച്ചാൽ വലിയ അല്ലലില്ലാതെ ഇനി മുന്നോട്ടുപോകാം. അധികം വളവും തിരിവൊന്നുമില്ലാതെ എട്ടാന്തറ വഴി ചക്കിത്തറ പാലം വരെ നേരെയാണ് റോഡ്. പക്ഷെ അങ്ങോട്ട് പോയിട്ടെന്തു കാര്യം ?

വേഗം തന്നെ വലത്തോട്ട് തിരിയാൻ ഒരു വഴി തെളിയുന്നുണ്ട്. “ശ്ശെടാ, ആകെ വളവും തിരിവുമാണല്ലോഎന്ന ഒരു പ്രാക്ക് മനസ്സിൽ തികട്ടിവരുന്നതോടൊപ്പം നമ്മുടെ വണ്ടി വലത്തോട്ട് തിരിയുകതന്നെയാണ്. മനസ്സിലെ പ്രാക്ക് വാക്കായി നാക്കിലെത്തുമ്പോഴേക്ക് ഒരു കാഴ്ച്ച മുന്നിൽ തെളിഞ്ഞുവരികയുമാണ്.

മാനത്തെ മൂടിപ്പിടിച്ച ഒരു മുളങ്കൂട്ടത്തെ വകഞ്ഞ് നമ്മുടെ കാഴ്ച്ചയിലിപ്പോൾ വിടർന്ന് വന്നിരിക്കുന്നത് ഒരു കുളമാണ്. ചുറ്റും ഞാറ്റടികളും അതിനിരുപുറവും തൈതെങ്ങിൻ തോപ്പുകളുമുള്ളതിനു നടുവിൽ, അപ്പുറം കുട്ടാടൻ പാടശേഖരത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി കൈക്കുമ്പിളിൽ വെച്ച് നീട്ടിത്തരുമ്പോലെ സാമാന്യം വലിപ്പമുള്ള ഒരു കുളം.

കൊച്ചനൂർക്കാരുടെ പൊതുകുളമായ കൊച്ചനുങ്കുളമാണിത്. എണ്ണമറ്റ ഗ്രാമവാസികൾ ദേഹശുദ്ധിവരുത്തിയ നുറ്റാണ്ടുകൾ പ്രായമുള്ള കുളം. പരിസരത്തെ പാടങ്ങളിൽ കന്നുപൂട്ട് കഴിഞ്ഞ് ആളും കന്നും ഇവിടെ ഒന്നിച്ചുവന്നിറങ്ങി കുളിച്ചുകയറിയിരുന്നു. കൊച്ചനുങ്കുളത്തിൽ ഒരു ചാടിക്കുളിയും അച്ചാലും മുച്ചാലും നീന്തലുമില്ലാതെ ഇവിടത്തെ കൗമാരത്തിന്റെ ഒരു ദിനവും അവസാനിച്ചിരുന്നില്ല. കരയിൽ നിരത്തിയിട്ട അലക്കുകല്ലുകളിൽ അടിച്ചുകഴുകി അശുദ്ധിനീക്കിയ വസ്ത്രങ്ങളാണ് ഗ്രാമവാസികൾ അണിഞ്ഞിരുന്നത്. ആണിനും പെണ്ണിനും വ്യത്യസ്തമായുള്ള ഇതിന്റെ കടവുകളിലെ വെടിവട്ടങ്ങളിൽനിന്നാണ് നാട്ടുവാർത്തകൾ വിനിമയം ചെയ്യപ്പെട്ടിരുന്നത്....

വെള്ളിമാനം വെള്ളത്തിൽ പ്രതിബിംബിക്കുന്നുണ്ട്. ഇളങ്കാറ്റുണർത്തുന്ന ചെറുവീചികളൊഴിച്ചാൽ ജലപ്പരപ്പ് നിശ്ചലം. ഇടക്കിടെ ഉപരിതലത്തിലെത്തി പൊട്ടിപ്പോകുന്ന കുമിളകളും ചെറുചലനങ്ങളും മത്സ്യസമൃദ്ധിയുടെ സൂചനകളാണ്. പാടത്ത് ജലം പെരുകി കുളത്തെക്കൂടി കൂടെക്കൂട്ടുമ്പോഴാണ് മത്സ്യങ്ങളുടെ വരവുപോക്ക് നടക്കുന്നത്. നിൽക്കേണ്ടവർക്ക് നിൽക്കാം, പോകേണ്ടവർക്ക് പോകാം എന്ന ഉദാരതപാടത്തോട് ചേർന്നതായതിനാൽ ആണ്ടുതോറും പുതുക്കപ്പെടുന്ന ജലം കുളത്തിന്റെ സംശുദ്ധി ഉറപ്പ് വരുത്തുന്നുണ്ട്.


വടക്കെയറ്റത്തുണ്ടായിരുന്ന മുറ്റിത്തഴച്ച കൈതപ്പൊന്തകൾ ഇപ്പോൾ കാണാനില്ല. കുളത്തിനുനടുവിൽ ഇത്തിരിസ്ഥലത്ത് പടർന്ന് ആമ്പൽച്ചെടികളും ഒറ്റപ്പെട്ട് കാണപ്പെട്ടിരുന്ന പൂക്കളും അവിടെയില്ല. പഞ്ചായത്തുകാരുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം കൈതപ്പൊന്തയും ആമ്പൽപ്പടർപ്പുകളും തിരോഭവിച്ചുവെങ്കിലും കുളത്തിനിപ്പോഴും നവയൗവ്വനം. ചുറ്റും കരിങ്കല്ലുകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. വലയംചെയ്യുന്ന വട്ടൻനില ഉടമകളുടെ കയ്യേറ്റഭീഷണിക്ക് ആജീവനാന്ത അറുതി. സമാധാനം.

ഫോട്ടോ: കാദർ കൊച്ചനൂർ

നമ്മൾ വണ്ടിയൊതുക്കിയിടുന്നു. പിന്നെ തോർത്തുമുണ്ടിലേക്ക് ഒരു വേഷപ്പകർച്ച. കരിങ്കൽ കെട്ടിനടുത്ത് ചെരുപ്പഴിച്ചുവെച്ച് നനഞ്ഞമണ്ണിൽ നിലം പറ്റി പടരുന്ന ചെറുസസ്യങ്ങളിൽ പാദമൂന്നുമ്പോൾ അറിയുന്ന തണുപ്പ്. മെല്ലെ കാലുകൾ വെള്ളത്തിനരികിലേക്ക്. കുഞ്ഞോളങ്ങളിലേക്ക്. ഒരു കുളിര് അരിച്ചുകയറുകയാണ്. മുട്ടറ്റം വെള്ളം പിന്നെയും മുകളിലേക്ക്. നമ്മളുടെ ഉദരഭാഗത്തൊക്കെ രോമകൂപങ്ങൾ ഉണർന്നെണീറ്റുകഴിഞ്ഞു. അരയറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഒരു കുടന്ന ജലം കൈക്കുമ്പളിലെടുത്ത് പഴയപോലെ, അതെ പഴയപോലെത്തന്നെ നമ്മൾ വായിലെടുക്കുന്നു. ഒന്ന് കുലുക്കുഴിഞ്ഞ് തുപ്പിക്കളയുന്നു. തിരുമധുരം പോലെ വായിൽ സുഖദമായ ഒരു സ്വാദ് പടരുന്നു. അറിയാതെ നമ്മൾ ചുറ്റും നോക്കുന്നു. മുളങ്കൂട്ടം തലയാട്ടുന്നുണ്ട്. തെങ്ങോലകളെ ഊയലാട്ടി ഇളംകാറ്റ് പതിഞ്ഞുവീശുന്നുണ്ട്. മാനത്ത് ഒരു ചെമ്പരുന്ത് വട്ടമിട്ട് പറക്കുന്നുണ്ട്. കൊങ്ങിണിക്കാടുകളിൽ നിന്ന് കണ്ണുകൾ എന്നപോൽ അസംഖ്യം പൂവുകൾ നിങ്ങളെത്തന്നെ ഉറ്റുനോക്കുന്നുണ്ട്. ഇളകിയ വെള്ളം ഉത്സാഹപൂർവ്വം നിങ്ങളെ കാത്തുനിൽക്കുന്നുണ്ട്.

നമ്മൾ സാവകാശം വെള്ളത്തിൽ മുങ്ങുന്നു. ശരീരത്തിൽ നിന്ന് ആവി ഒഴിയുന്നത്പോലെയുള്ള ഒരനുഭവംമനസ്സിൽ നിന്ന് എന്തോ ഭാരമൊഴിയുന്നതുപോലെ ഒരു തോന്നൽ. ജലം കലവി പോലെ നിങ്ങളുടെ കാതിൽ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്. പണ്ടത്തെപ്പോലെത്തന്നെ. ആണ്ടുകൾക്കപ്പുറം ഇതേകുളത്തിൽ ഇതേജലത്തിൽ ഇതുപോലെ മുങ്ങിക്കിടന്ന ചെറുബാല്യത്തിലേക്ക് മനസ്സും മുങ്ങാംകുഴിയിടുന്നു. വർഷങ്ങൾ ഓടിമറയുകയാണ്. മനസ്സും ശരീരവും സ്നാനപ്പെടുകയാണ്
നമുക്കിപ്പോൾ ഒരു ശ്വാസത്തിന്റെ ആവശ്യം തോന്നുന്നുണ്ട്. അതെ, ഒരു പുതിയ ശ്വാസത്തിന്റെ ആവശ്യം. പതുക്കെ തലപൊക്കുമ്പോൾ തെളിമാനവും മുളന്തലപ്പുകളും കൊങ്ങിണിപ്പൂക്കളും ഒരു സ്വപ്നത്തിലെന്നപോലെ നമ്മളെത്തന്നെ നോക്കി നിൽക്കുകയാണ്…. പ്രവാസം വരിച്ച ഈ ചെറുമകൻ എത്രയോ കാലത്തിനുശേഷം തിരികെയെത്തിയിരിക്കയാണല്ലോ…..

നേരെ കാണുന്ന അടുത്ത കടവിലൊരു ചലനം. കറവക്കാരൻ വാസു പശുവിനെ തേച്ചുകഴുകാൻ കൊണ്ടുവന്നിരിക്കയാണ്.
ങേ! പശുവോഅതെ പശു തന്നെ. പക്ഷെ നാട്ടുപശുവാണ്. സോഷ്യൽമീഡിയയിൽ നിന്ന് തുറിച്ചുനോക്കി പേടിപ്പിക്കുന്ന ഉത്തരേന്ത്യൻ പശുവല്ല !

വാസു ആളെതിരിച്ചറിഞ്ഞെന്ന് തോന്നുന്നു. പശുവിനെ കടവിലെ വെള്ളത്തിൽ  വിട്ട് അവൻ കരിങ്കൽകെട്ടിലൂടെ നടന്നുവരുന്നു. കൊച്ചനൂർ സ്കൂളിലെ പത്താം ക്ലാസിൽ നിന്ന് പണ്ട് പിരിയുമ്പോഴത്തെ അതേ ചിരിയുണ്ട് ചുണ്ടിൽ. വാസു കടവത്ത് കരിങ്കൽകെട്ടിൽ കുന്തുകാലിലിരുന്ന് നീട്ടിത്തന്ന കരം കവരുമ്പോൾ മനസ്സ് ഒരു പുതിയ സ്വാസ്ഥ്യമറിയുന്നു. കുളവും കൊങ്ങിണിക്കാടും മുളങ്കൂട്ടവും തെളിമാനവും ചെറുമീനുകളും വാസുവും അവന്റെ പയ്യും പണ്ടത്തെ സ്കൂളും എല്ലാം ഇവിടെത്തന്നെയുണ്ട്. പൊതിയുന്ന സ്നേഹത്തോടെ, അകം നിറയ്ക്കുന്ന ശാന്തിയോടെ….

കുളം കലക്കുന്നവരൊക്കെ തോറ്റുപോകുന്ന കലങ്ങാത്ത കൂട്ടാക്കാത്ത കുളങ്ങളെയോർത്ത് മന്ദഹാസത്തോടെ, മനപ്രസാദത്തോടെ ഇനി നമ്മൾ വീട്ടിലേക്ക് മടങ്ങുകയാണ്..

ഉസ്മാൻ പള്ളിക്കരയിൽ.