വീക്ഷണഭേദങ്ങൾക്കിടയിലെ ഐക്യസാദ്ധ്യതകൾ


വീക്ഷണഭേദങ്ങൾക്കിടയിലെ ഐക്യസാദ്ധ്യതകൾ
“ഏതെങ്കിലും തരത്തിലുള്ള ആത്യന്തികതയെ  എതിർക്കാൻ ഒരുങ്ങിപ്പുറപ്പെടുന്നവർ സ്വയമറിയാതെ അതിന്റെ മറ്റേ അറ്റത്തുള്ള അത്യന്തികതയിൽ എത്തിപ്പെടുന്നു“ എന്ന് ആരോ പറഞ്ഞുവെച്ചിട്ടുണ്ട്.

സംസ്ക്ര്‌തസമൂഹം എല്ലാവിധ വിഭാഗീയതകൾക്കുമതീതമായി ഒന്നിക്കുന്ന ഒരു പോയിന്റാണ് ബലാത്സംഗം തിന്മയാണ് എന്നത്. അതിന്റെ വിപാടനത്തിനായി ഒരേവികാരത്തോടെ ചിന്തിക്കുകയും അതിനുള്ള പോംവഴികൾ സമൂഹസമക്ഷം സമർപ്പിക്കുകയും ചെയ്യുമ്പോൾ ഉദ്ദിഷ്ടലക്ഷ്യസാധ്യത്തിന് ആ നിർദ്ദേശം അണുഅളവെങ്കിലും സംഭാവനനൽകുന്നതാണെങ്കിൽ സർവ്വാ‍ത്മനാ സ്വാഗതം ചെയ്യപ്പെടുക എന്നതാണ് സാമാന്യനീതി.

വിചിത്രമെന്ന് പറയട്ടെ, ബലാത്സംഗം ഒഴിവാക്കാൻ മാന്യമായ വസ്ത്രധാരണം ഒരളവുവരെ ഉപയുക്തമാണെന്ന് ഒരു മതവിശ്വാസിയുടെ ഭാഗത്ത് നിന്ന് അഭിപ്രായപ്രകടനം ഉണ്ടാകുമ്പോഴേക്കും അതിന് മതപരമായ സമ്മതികൂടിയുണ്ടെന്ന ഏക കാരണത്താൽ ആ നിർദ്ദേശത്തോട് നെഗറ്റീവ് ആയി പ്രതികരിക്കാനാണ് പലരുടേയും വ്യഗ്രത!

അന്യഥാ വിവാദവിഷയങ്ങളിൽ സമചിത്തതയോടെ പ്രതികരിക്കുകയും ബുദ്ധിപരമായ സത്യസന്ധത പ്രകടിപ്പിക്കുകയും ചെയ്യാറുള്ള പലരും ഈ നിർദ്ദേശത്തിനെതിരിൽ വാളെടുക്കാൻ ധ്ര്‌ഷ്ടരാകുന്നു എന്നത് തികച്ചും അമ്പരപ്പിക്കുന്ന കാഴ്ചയാണ്.

ഒരാത്യന്തികതക്കെതിരെ നിലപാടെടുക്കുന്നവർ സ്വയമറിയാതെ അനഭിലഷണീയമായ രീതിയിൽ മറ്റൊരാത്യന്തികതയിലെത്തിച്ചേരുന്നതിന്റെ ഉദാഹരണമായിട്ടാണ് എനിക്ക് ഇതനുഭവപ്പെട്ടത്.

വൈകാരികപിരിമുറുക്കമുള്ള അവസ്ഥ പ്രകോപനങ്ങളെ സഹിക്കില്ല എന്നത് സ്പഷ്ടമാണല്ലോ. സ്ഫോടനങ്ങൾക്ക് വഴിമരുന്നിടാൻ ഒരു ചെറിയ സ്ഫുലിംഗം മതിയാകും. ശക്തിയേറിയ ജലസമ്മർദ്ദം പൊട്ടിയൊഴുകാൻ ചെറിയ ലീക്കുകളുടെ സാന്നിദ്ധ്യം മതിയാകും.  മാനുഷികവികാരങ്ങളുടെ കാര്യവും തഥൈവ.

കാമവികാരത്തിന്റെ പിരിമുറുക്കത്തിന് വിധേയരായ സംസ്ക്ര്‌തചിത്തരല്ലാത്ത ആളുകളിൽ, പ്രകോപനപരമായ വസ്ത്രധാരണംവഴി തെരുവുകളിൽ അരങ്ങേറുന്ന  നഗ്നതാപ്രദർശനത്തിന്റെ അനിവാര്യഫലം അവരിലെരിയുന്ന പാപചിന്താകനലുകളിൽ എണ്ണയൊഴിക്കൽ തന്നെയാണ് എന്നത് നിസ്തർക്കമായ കാര്യമാണ്.  പ്രകോപനം സ്ര്‌ഷ്ടിക്കുന്ന നഗ്നതാദർശനം ഉണർത്തുന്ന അഭിനിവേശത്തെ സംസ്ക്ര്‌തചിത്തരായ ആളുകൾക്ക് തങ്ങളുടെ ആത്മശക്തിയാൽ അതിജയിക്കാൻ കഴിയുന്നു എന്നതിനാൽ അവരിൽനിന്ന് അനർത്ഥങ്ങളുണ്ടാകുന്നില്ലെന്ന്മാത്രം.

നിർഭാഗ്യവശാൽ കാമവികാരത്തിന്റെ പിരിമുറുക്കം ഏറ്റാനുള്ള സാഹചര്യം  ചാനലുകളിലേയും മറ്റും ലൈംഗികാതിപ്രസരമുള്ള കാഴ്ചകളുടെയും മറ്റും ഫലമായി സാർവ്വത്രികവുമാണ്. ചിന്താശേഷിയേയും വരുംവരായ്കകളെക്കുറിച്ചുള്ള ഭയത്തേയും പാപബോധത്തെയും - അങ്ങനെയൊന്നുണ്ടെങ്കിൽ! - മന്ദീഭവിപ്പിക്കുന്ന മദ്യലഹരിയുടെ സ്വാധീനം വേറെയും. പത്രകോളങ്ങളിൽ കുമിയുന്ന ലൈംഗികാതിക്രമവാരത്തകളുടെ ആധിക്യത്തിന്റെ കാരണം മറ്റെവിടെയും ചികയേണ്ടതില്ല.

മനുഷ്യന്റെ ജനിതകസ്വാഭാവികമായ ഈ ജൈവികത പ്രകോപനപരമായ സാഹചര്യത്തിൽ സ്പോടനാത്മകത സംവഹിക്കുന്നതാണെന്ന സത്യത്തെ  തർക്കങ്ങൾക്കിടയിലെ കേവല ജയപരാജയങ്ങളുടെ പേരിൽ തമസ്ക്കരിക്കാനുള്ള ശ്രമത്തെ ആത്മവഞ്ചന എന്ന്തന്നെ വിശേഷിപ്പിക്കേണ്ടിവരും.

വസ്ത്രധാരണത്തിലെ മാന്യതയുടെ കാര്യം പറയുന്നവരിലെല്ലാം ഒരു “പൊട്ടെൻഷ്യൽ റേപ്പിസ്റ്റ്“ കുടികൊള്ളുന്ന എന്ന പ്രസ്താവം വലിയൊരു അത്യുക്തി തന്നെയാണ്. ആ പ്രസ്താവത്തിലടങ്ങിയ അപമാനം സംസ്ക്കാരസമ്പന്നരിൽ പ്രതിഷേധമുണർത്തുന്നതും സ്വാഭാവികം. അവരിൽ പലരും  ആ പ്രസ്താവത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ ശക്തിയായി മുന്നോട്ട് വന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല.

അതേസമയം വസ്ത്രധാരണത്തിലെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വശത്തിന് സർവ്വപ്രാധാന്യം കൽ‌പ്പിച്ചുനൽകുന്നവരിൽ പലരും നടേ സൂചിപ്പിച്ച അപമാനകരമായ പരാമർശത്തോട്‌ മനസ്സുകൊണ്ട് മമതയുള്ളവരാണെന്നോ അത്തരം ഒരു സാമാന്യവത്ക്കരണത്തെ അവരെല്ലാവരും അനുകൂലിക്കുന്നുണ്ട് എന്നോ ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വക്താവെന്ന നിലയിൽ വള്ളിക്കുന്നിന്റെ ബ്ലോഗിൽ സ്വന്തം വാദഗതിയെ ബലപ്പെടുത്താനായി ഒരു ചിത്രം പോസ്റ്റ് ചെയ്ത ആളെ അതുകൊണ്ടുമാത്രം ഒരു ഞരമ്പ് രോഗിയായോ അരാജകവാദിയായോ മുദ്രകുത്താനും  ഞാൻ വിചാരിക്കുന്നില്ല. സ്വാഭിപ്രായസമർത്ഥനത്തിന്  സഹായകമാണെന്ന് അദ്ദേഹം കരുതിയ ഒരു ചിത്രം നിർദ്ദോഷമനസ്സോടെ പോസ്റ്റ് ചെയ്തു എന്നുമാത്രം.

സാമൂഹികമായ വിശാലകാഴ്ചപ്പാടുള്ളവർക്ക് വിഭിന്ന ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്തന്നെ സാമൂഹ്യസുസ്ഥിതീവിഷയകമായ കാര്യങ്ങളിൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താനാകേണ്ടതുണ്ട്. കുളം കലക്കി മീൻ പിടിക്കാൻ ഉന്നം വെക്കുന്ന ഇരുട്ടിന്റെ ശക്തികളെ തോല്പിക്കാൻ അങ്ങനെ മാത്രമേ കഴിയുകയുള്ളൂ. തർക്കങ്ങൾക്ക് എരിവേകാനും വിഷയത്തിന്റെ മർമ്മത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുമുള്ള നിഗൂഡോദ്ദേശ്യങ്ങളോടെ കമന്റാൻ വരുന്ന തൽ‌പ്പരകക്ഷികളുടെ ദുഷ്ടലാക്കിൽ വീണുപോകാതിരിക്കാനുള്ള ജാഗ്രതയും അനിവാര്യം.

സാമൂഹ്യവിഷയങ്ങളിലെ അഭിപ്രായാന്തരങ്ങൾ തർക്കങ്ങളായി പരിണമിക്കുമ്പോൾ അതിനിടയിലേക്ക് വ്യക്തിപരതയുടെ അനാവശ്യമായ കടന്നുകയറ്റമുണ്ടാകുന്നതിന് കടിഞ്ഞാണിടാൻ ഓരോരുത്തർക്കും കഴിഞ്ഞാൽ മാത്രമേ ഈ ചർച്ചകളുടെയെല്ലാം ആത്യന്തികഫലം നന്മയായി ഭവിക്കുകയുള്ളു.

വർഗ്ഗീയതയുടേയും ഹിംസാത്മകതയുടെയും  അടിയൊഴുക്കുള്ള തത്വശാസ്ത്രങ്ങൾ വഴിനടത്തുന്ന രോഗഗ്രസ്തമനസ്സുകളോട്‌ വേദമോതുന്നതിൽ അർത്ഥമില്ല. ബഹുസ്വരസമൂഹത്തിന്റെ പരസ്പര സഹവർത്തിത്തിൽ വിശ്വസിക്കുന്ന വിവേകമതികളോട് മാത്രമാണ് എന്റെ വാക്കുകൾ. ഞാൻ ഏറെ ബഹുമാനിക്കുന്ന രണ്ട് സുഹ്ര്‌ത്തുക്കളുടെ ഫേസ് ബുക്കിലെ  വാക് പയറ്റ്  സൌഹ്ര്‌ദത്തിന്റെ ലക്ഷ്മണരേഖ ലംഘിക്കുന്നതിനു സാക്ഷിയാകേണ്ടിവന്നപ്പോൾ മനസ്സിൽ വന്ന ചിന്തകൾ പങ്ക് വെച്ചെന്നുമാത്രം.

23 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

ഫേസ് ബുക്കിൽ ഇട്ട ഒരു കമന്റ് ചില്ലറ രൂപഭേദങ്ങളോടെ.

ajith said... Reply To This Comment

ചിന്തകള്‍ ആഴവും പരപ്പുമുള്ളവ തന്നെ

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

താങ്കളുടെ സ്നേഹവചസ്സുകൾക്ക് നന്ദി അജിത് സാർ.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said... Reply To This Comment

അന്ന് രാജാവ്‌ നഗ്നന് ആണ് എന്ന് പറഞ്ഞ കുട്ടിക്ക് കൈ നിറയെ സമ്മാനം കിട്ടി .......
ഇന്ന് സ്ത്രീകള്‍ അര്‍ദ്ധ നഗ്നയാണ് എന്ന് പറയുന്നവരെ സദാചാര വാദികള്‍ ഞെക്കി കൊല്ലുന്നു !!

ശിഹാബ് മൊഗ്രാല്‍ said... Reply To This Comment

താങ്കളെപ്പോലുള്ളവരുടെ പക്വതയാർന്ന വാക്കുകളിൽ നിന്നെങ്കിലും നേരു ദർശിക്കാൻ ഇത്തരം "അന്ധവിശ്വാസങ്ങൾ" പുലർത്തുന്നവർക്ക് സാധിക്കട്ടെ..
നല്ല വാക്കുകൾ.

ഷാജു അത്താണിക്കല്‍ said... Reply To This Comment

ഇങ്ങനെ പറഞ്ഞാൽ അല്ലെ താലിബാന്റെ ആളാവുക , അല്ല അങ്ങനെയാണ് ഇന്നലെ വരെ നമ്മുടെ സമൂഹം പറഞ്ഞിരുന്നതേയ്

നിസാരന്‍ .. said... Reply To This Comment

വ്യക്തമായ കാഴ്ചപ്പാട്. കൂടുതല്‍ പക്വവും. ചര്‍ച്ചാ വാദികള്‍ക്കിടയില്‍ നിന്നും വേറിട്ട ശബ്ദം. എന്റെ മനസിലും തോന്നിയിരുന്ന ചിന്തകള്‍ .

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ ആരിഫ് സാർ, ഞാൻപ്രകാശിപ്പിക്കാനാഗ്രഹിച്ച ആശയങ്ങൾ ഇത്തിരി വാക്കുകളിൽ താങ്കൾ സംഗ്രഹിച്ചു. ആ വരികളിൽ വിഷയത്തിന്റെ കാതൽ കുടികൊള്ളുന്നു.നന്ദി ആരിഫ് സാർ

പട്ടേപ്പാടം റാംജി said... Reply To This Comment

ചര്‍ച്ചകള്‍ പലപ്പോഴും വികാരപരവും അപക്വവുമാകുമ്പോള്‍ യതാര്‍ത്ഥ കാരണം കണ്ടെത്തേണ്ടാതിനു പകരം ഞാന്‍ പിടിച്ച മുയലിനു നാലു കൊമ്പ് എന്നായിത്തീരുന്നു. അവിടെ വാശിയും എന്റെ വാദവും എന്ന് മാത്രമായിത്തീരുന്നു.

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

ഫേസ് ബുക്കിലെ തര്‍ക്കം കാണാനിടയായിട്ടില്ല.ഏതായാലും അവസരോചിതമായ ഇടപെടല്‍. നന്നായിട്ടുണ്ട്.

ശ്രീ said... Reply To This Comment

സമയോചിതമായ ലേഖനം, മാഷേ

habeeba said... Reply To This Comment

വളരെ പ്രസക്തമായ നിരീക്ഷണം ..

മാന്യമല്ലാത്ത വസ്ത്രധാരണ രീതികള്‍ ,
പരസ്യങ്ങളിലെ ,ദൃശ്യ മാധ്യമങ്ങളിലെ , സിനിമകളിലെ പെണ്നുടലുകളുടെ ശരീര പ്രദര്‍ശനങ്ങളും കച്ച വടവല്‍ക്കരണവും വികലമായ മാനസികാവസ്ഥകളുള്ള പുരുഷന്മാരെ വളരെ ദുഷിച്ച രീതിയില്‍ സ്വാധീനിക്കുന്നു എന്നതില്‍ തര്‍ക്കമില്ല

മന്‍സൂര്‍ ചെറുവാടി said... Reply To This Comment

ബലാത്സംഗം ഒഴിവാക്കാൻ മാന്യമായ വസ്ത്രധാരണം ഒരളവുവരെ ഉപയുക്തമാണെന്ന് ഒരു മതവിശ്വാസിയുടെ ഭാഗത്ത് നിന്ന് അഭിപ്രായപ്രകടനം ഉണ്ടാകുമ്പോഴേക്കും അതിന് മതപരമായ സമ്മതികൂടിയുണ്ടെന്ന ഏക കാരണത്താൽ ആ നിർദ്ദേശത്തോട് നെഗറ്റീവ് ആയി പ്രതികരിക്കാനാണ് പലരുടേയും വ്യഗ്രത!

വളരെ ശ്രദ്ധേയമായ നിരീക്ഷണം ആണിത് .

നല്ല ലേഖനം ഉസ്മാന്‍ ഭായ്

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@Akbar താങ്കൾ സൂചിപ്പിച്ച കാര്യങ്ങളോടെല്ലാം പൂർണ്ണമായും യോജിക്കുന്നു. വിശദമായ വായനയ്ക്കും കമന്റിനും ഏറെ നന്ദിയുണ്ട്

ഫൈസല്‍ ബാബു said... Reply To This Comment

കാലിക പ്രസക്തമായ ഒരു വിഷയത്തിലേക്കാണ് ഈ പോസ്റ്റ്‌ വിരല്‍ ചൂണ്ടുന്നത് , നല്ല നിരീക്ഷണത്തോടെ തയ്യാറാക്കിയ പോസ്റ്റ്‌ .
--------------------------
ഈ ബ്ലോഗ്‌ കാണാന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നു .

yousufpa said... Reply To This Comment

തിന്മ വാഴണമെന്നാണല്ലൊ ഇപ്പോഴത്തെ നാട്ടുനടപ്പ്.തിന്മക്കെതിരെ തിരിഞ്ഞവനെല്ലാം തീവ്രവാദിയും താലിബാനുമൊക്കെ ആവും . ഒരു ഇഷ്യുവിനെ മറക്കാന്‍ മറ്റൊരു ഇഷ്യു. അതിന്റെ മരവില്‍ കോടികളും മറ്റും ..കയ്യൊതുക്കുന്നു. ഒന്നും നമുക്ക് മനസ്സിലാവതെയല്ല.എല്ലാം അറിഞ്ഞോണ്ടു തന്നെ. സ്വന്തം കാര്യം സിന്ദാബാദ്.

aboothi:അബൂതി said... Reply To This Comment

ഇക്കാ, ഈ ഒരു രചന കാണാതെ പോയല്ലോ..
തീര്‍ച്ചയായും ഞാനടങ്ങുന്ന പുതുവായനക്കാര്‍ക്ക് നന്മകള്‍ വായിക്കാന്‍ താല്പര്യം കുറവാണ്..
പുരോഗമനം ചിലര്‍ക്ക് അധംപതനം ആണ്.. സത്യം..
ഈ നല്ല കുറിപ്പിന് ഒരു നൂറു അഭിനന്ദനങ്ങള്‍..

aboothi:അബൂതി said... Reply To This Comment

ഇക്കാ, ഈ ഒരു രചന കാണാതെ പോയല്ലോ..
തീര്‍ച്ചയായും ഞാനടങ്ങുന്ന പുതുവായനക്കാര്‍ക്ക് നന്മകള്‍ വായിക്കാന്‍ താല്പര്യം കുറവാണ്..
പുരോഗമനം ചിലര്‍ക്ക് അധംപതനം ആണ്.. സത്യം..
ഈ നല്ല കുറിപ്പിന് ഒരു നൂറു അഭിനന്ദനങ്ങള്‍..

കൊമ്പന്‍ said... Reply To This Comment

ഗൌരവതരമായ ഒരു ചര്‍ച്ചയാണ് ഇവിടെ നടന്നത്

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... Reply To This Comment

ഇന്നും ഈ ചർച്ച പ്രസക്തം തന്നെ ,വിഷയം ആ വട്ടത്തിൽ തന്നെ കിടന്ന് കറങ്ങുകയല്ലേ...ആഭാസം വരെ ആവിഷ്കാര സ്വാതന്ത്ര്യമായി അളക്കുന്ന കാലമായി.. നന്നായി ഈ ലേഖനം

ബെഞ്ചാലി said... Reply To This Comment

ശ്രദ്ധേയമായ നിരീക്ഷണം.

Anonymous said... Reply To This Comment

പ്രിയപ്പെട്ട ഉസ്മാന്

താങ്കള് എഴുതിയ വീക്ഷണങ്ങൾ ക്കിടയിലെ ഐക്യ സാധ്യതകൾ എന്നാ കുറിപ്പും അതിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളും ശ്രദ്ധയോടെ വായിച്ചു. കൂട്ടത്തിൽ അക്ബറിന്റെ പ്രതികരണം സവിഷേഷതയാർന്നതാണു. നിങ്ങൾ രണ്ട് പേരും പറയുന്നതിനോട് പൂർണ്ണമായും യോജിച്ചു കൊണ്ട് ചിലത് കൂടി കുറിക്കട്ടെ!

സ്ത്രീ പീഢനങ്ങളും ബലാത്സംഘങ്ങളും പത്രത്താളുകളിൽ എന്നും സജീവമായി നില നിൽക്കുന്ന ഈ കാലഘട്ടത്തിൽ അല്ലെങ്കിൽ അതൊരു വാർത്ത യല്ലാതായി മാറിവരുന്ന ഈ കാലത്ത് ഇങ്ങനെ വേറിട്ട ഒരു ചിന്തയും അതിന്റെ പ്രതികരണങ്ങളും വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് എന്നതിൽ സംശയമില്ല. പക്ഷേ ഈ ഒരു അവസ്ഥക്കു കാരണം സ്ത്രീ കളുടെ വസ്ത്രധാരണ മാണോ? അല്ലെങ്കിൽ മത വിദ്യാഭ്യാസത്തിന്റെ കുറവുകളാണോ ? നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.!!

എന്റെ ഒരനുഭവം ഇവിടെ പങ്കുവെക്കാം.

വർഷങ്ങൾക്ക് മുൻപ് ഞാൻ ലണ്ടൻ സന്ദർശിക്കുന്ന വേളയിൽ ചെലവു ചുരുക്കൽ പദ്ധതിയുടെ ഭാഗമായി ആറു പേർ താമസിക്കുന്ന ഒരു ടോർമെട്രി യാണു തെരഞ്ഞെടുത്തത്. യാത്ര യുടെ ക്ഷീണത്തിൽ ആ മുറിയിലെ മറ്റു അന്തേവാസികളെ ശ്രദ്ധിക്കുവാൻ എനിക്ക് കഴിഞ്ഞില്ല. പിറ്റേന്നു നേരം പുലാരാരയപ്പോഴാണു ഞാൻ കിടക്കുന്ന കട്ടിലിന്റെ പാർശ്ശ്വത്തിൽ ആരോ ഇരിക്കുന്നു. ഒറ്റ നോട്ടത്തിൽത്തന്നെ അതൊരു പെണ്‍കുട്ടിയാണെന്ന് . അവൾ താഴെ കുനിഞ്ഞിരുന്നു ബേഗ്ഗജ്
ഒരുക്കി വെക്കുന്നതിന്റെ തിരക്കിലായിരുന്നു.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു, ഇന്നലെ രാത്രി മുഴുവൻ ഈ സുന്ദരിയായ പെണ്‍ കുട്ടി കിടന്നുറങ്ങിയത് എന്റെ ബെഡി ന്നു നേരെ മുകളിലുള്ള ബങ്ക് ബെഡി ലായിരുന്നു. അഞ്ചു അന്യ പുരുഷൻമാർ താമസിക്കുന്ന ആ മുറിയിൽ അതും ഊരും പേരും അറിയാത്ത ഏതോ നാട്ടിൽ നിന്നും വന്നു ചേർന്ന അഞ്ചു പുരുഷന്മാർ -- അവരുടെ കൂടെ താമസിക്കുവാൻ അവൾ ക്കെങ്ങിനെ ധൈര്യം വന്നു. എന്നാണു നമ്മൾ അന്വേഷിച്ചു കണ്ടെത്തെണ്ടത്,

അവൾ പർദ്ദ അണിഞ്ഞിരുന്നില്ല
ഏത് മത വിശ്വാസിയാണെന്നു നമുക്കറിയില്ല !!
അവൾ മോഡേൻ വസ്ത്രങ്ങളിണിഞ്ഞിരുന്നു. -- അവൾ അൽപ വസ്ത്ര ധാരിയായിരുന്നു

എന്നിട്ടും അവിടെ അവള്ക്കൊന്നും സംഭവിക്കുന്നില്ല. ആരും അവളെ പീഡിപ്പിക്കുന്നില്ല ആരും അവളെ ബലാത്സംഘം ചെയ്യുന്നില്ല,

എന്നാൽ ഇവിടെ എന്ത് സംഭവിക്കുന്നു? സന്ധ്യമയങ്ങിയാൽ രോട്ടിലൂടെ ധൈര്യമായി നടക്കാൻ കഴിയുമോ? ഓട്ടോ രിക്ഷക്കാർ പിടിച്ചു വലിക്കുന്നു. പൂവാലന്മാർ പിറകെ കൂടുന്നു എത്ര മാന്യമായി വസ്ത്രം ധരിച്ചാലും ഇത് തന്നെയാണു സ്ഥിതി . പര്ദ്ദ ധരിക്കുന്നത് കൊണ്ട് ഇതിന്നൊരു മാറ്റം ഉണ്ടാവുമെന്നും ഞാൻ കരുതുന്നില്ല. മത പഠനം കൊണ്ട് ഈ ഒട്ടോക്കാര്ക്ക് ഒരു പരിവര്ത്തനം ഉണ്ടാക്കാനും കഴിയുമെന്നു തോന്നുന്നില്ല.

പിന്നെ എന്ത് ??

ലണ്ടൻ, പാരീസ് ആം സ്റ്റർഡാം പോലുള്ള നഗരങ്ങളിൽ 24 മണിക്കൂറും ബ്ലു ഫിലിം പ്രദർശ്ശിപ്പിക്കൂന്ന തിയ്യെറ്ററൂ കൾ ഉണ്ട്, കള്ളും കഞ്ചാവും മറ്റു ലഹരി പദാർഥ ങ്ങളും സുലഭമാണ്. എന്നിട്ടും അവിടെങ്ങളിൽ ഏത് പാതിരാവിലും ഒരു ഭയാശങ്കകളും കൂടാതെ ഇറങ്ങി നടക്കാം. നമ്മുടെ നാട്ടിലെ സ്ഥിതിയെന്താണു - സന്ധ്യ മയങ്ങിയാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാന്റ് വരെ ഓട്ടോ പിടിച്ചു പോകുവാൻ ഏത് പെണ്‍കുട്ടി ധൈര്യ പ്പെടും.?

ഇവിടെ ശക്തമായ നിയമങ്ങളും പഴുതില്ലാത്ത ശിക്ഷാ നടപടികളുമാണ് വേണ്ടത്. പണം കൊണ്ടോ രാഷ്ട്രീയ സ്വാധീനം കൊണ്ടോ ഒരു കുര്യനും ഒരു കുഞ്ഞാലിക്കുട്ടിയും രക്ഷപ്പെടാൻ പാടില്ല. അന്ന് മാത്രമേ ഈ സ്ത്രീ പീഢനങ്ങൾക്കും ബലാത്സംഘങ്ങൾക്കും അറുതി വരുത്താൻ കഴിയൂ. ഇപ്പോൾ തന്നെ കുഞ്ഞാലിക്കുട്ടി, കുര്യൻ, ജഗതി തുടങ്ങിയവരുടെ പേരുകൾ പത്ര താളുകളിൽ സ്ഥാനം പിടിച്ചതിന്നു പിറകെ ഒട്ടേറെ പീഢന വീരന്മാർ തല വലിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. തലയിൽ മുണ്ടിട്ട് നടക്കുവാൻ ആര്ക്കും കൊതിയുണ്ടാവില്ല. ഇന്നല്ലെങ്കിൽ നാളെ താൻ പിടിക്കപ്പെടും എന്നാ ഒരു ഭോധം ഉണ്ടായാൽ തെറ്റുകളിൽ നിന്ന് പിന്മാറാൻ അത് പ്രയൊചനം ചെയ്യും.

മത പഠനങ്ങളും പർദ്ദ ധരിക്കുന്നതും അതുപോലെ മാന്യമായ വസ്ത്രധാരണവും ഗുണം തന്നെയാണു സമൂഹത്തിന്നു നല്കുന്നത് എന്നതില സംശയമില്ല. അതിനെ എതിര്ക്കുന്നത് ഒരു സ്പോണ്‍സേട് പരിപാടിയാണ്. മുഖവും കൈപത്തിയും മാത്രം വെളിവാക്കി കൊണ്ടുള്ള കന്യസ്ത്രീകളുടെ യൂനിഫോം ദൈവികവും പാവനവുമാണ്. അതുപോലെ മതർ തെരേസയുടെ വസ്ത്രങ്ങൾ കാരുണ്യത്തിന്റേയും സേവനത്തിന്റെയും സിമ്പലുകളാണു. അതേ വസ്ത്ര ധാരണം പിൻപറ്റുന്ന മുസ്ലീം പെണ്‍കുട്ടികൾ തീവ്രവാദികളുടെ ഗണത്തിൽ പെട്ടവരുമാകുന്നു. ഈ ഒരു വിവേചനം തുറന്നു കാണിക്കണം ഭോധവൽക്കരിക്കണം. അതിന്നായി ഒറ്റക്കെട്ടായി പ്രവര്ത്തിക്കണം.

സ്വന്തം അബ്ദുൽ റഷീദ് നമ്പിപുന്നിലത്


ബിലാത്തിപട്ടണം Muralee Mukundan said... Reply To This Comment

സാമൂഹ്യവിഷയങ്ങളിലെ
അഭിപ്രായാന്തരങ്ങൾ തർക്കങ്ങളായി
പരിണമിക്കുമ്പോൾ അതിനിടയിലേക്ക്
വ്യക്തിപരതയുടെ അനാവശ്യമായ കടന്നുകയറ്റമുണ്ടാകുന്നതിന്
കടിഞ്ഞാണിടാൻ ഓരോരുത്തർക്കും കഴിഞ്ഞാൽ മാത്രമേ
ഈ ചർച്ചകളുടെയെല്ലാം ആത്യന്തികഫലം നന്മയായി ഭവിക്കുകയുള്ളു.

Copy and WIN : http://bit.ly/copy_win