മാര്‍ക്കണ്ഡേയ കഡ്ജുവും ഗാന്ധിജിയും.


മാര്‍ക്കണ്ഡേയ കഡ്ജുവും ഗാന്ധിജിയും.

ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നു എന്ന വിവാദപ്രസ്താവനയുമായി തന്റെ ഫേസ്ബുക്ക് പേജില്‍ ജസ്റ്റിസ്.മാര്‍ക്കണ്ഡേയ കഡ്ജു.

പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ വന്ന ഈ വാര്‍ത്തക്ക് കീഴെ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ടുള്ള കമന്റുകളാണ്‌ കുമിഞ്ഞുകൂടുന്നവയിലധികവും.

ആരും വിമര്‍ശനത്തിനതീതരല്ല. ഗാന്ധിജിയും.

ഗാന്ധിജിയെ സംബന്ധിച്ച് പതിവുപല്ലവിയില്‍ നിന്ന് വ്യത്യസ്തമായ  വീക്ഷണം അവതരിപ്പിച്ചു എന്നതിന്റെ പേരില്‍ മാര്‍ക്ക്ണ്ഡേയ കഡ്ജുവിനെ കല്ലെറിയുന്നതും ശരിയല്ല.

അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചരിത്രവസ്തുതകളുടെ വെളിച്ചത്തില്‍ നിരീക്ഷിക്കുമ്പോള്‍ സത്യവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് മുന്‍വിധിയില്ലാതെ പരിശോധിക്കുകയാണ്‌ വേണ്ടത്.

വിദ്യാസമ്പന്നനും ഉത്തരവാദപ്പെട്ട പദവിയില്‍ നിന്ന് വിരമിച്ച ദേഹവും സുപ്രധാനവിഷയങ്ങളില്‍ മുഖം നോക്കാതെ തന്റെ മനസ്സ് വെളിപ്പെടുത്തിയിട്ടുള്ളയാളുമാണ്‌ കഡ്ജു. ഒരു പഠനത്തിന്റെ പിന്‍ബലത്തില്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തമബോദ്ധ്യത്തോടെയാണ്‌ ഗാന്ധിജിയുടെ വ്യക്തിത്വത്തെപ്പറ്റിയുള്ള വ്യത്യസ്തവീക്ഷണം അവതരിപ്പിച്ചതെങ്കില്‍ അത്  മറ്റുള്ളവരുടെ ശ്രദ്ധയും പരിശോധനയും അര്‍ഹിക്കുന്നു.

സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ഗാന്ധിജി വഹിച്ച നേതൃത്വപരമായ പങ്കിനെ ആര്‍ക്കും കുറച്ചുകാണാനാവില്ല. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും തെളിയിക്കപ്പെട്ട വസ്തുതയാണ്‌. പക്ഷെ തികഞ്ഞ മതവിശ്വാസിയും ധര്‍മ്മചിന്തയുള്ള വ്യക്തിയും  എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശുദ്ധഗതി ചൂഷണം ചെയ്ത് അദ്ദേഹത്തെ കരുവാക്കാന്‍ ആര്‍ക്കെങ്കിലും (ബ്രിട്ടീഷുകാര്‍ക്ക് ഉള്‍പ്പടെ) കഴിയുകയുണ്ടായോ
, അനിച്ഛാപൂര്‍വ്വമായെങ്കിലും ആരുടേയെങ്കിലും പ്രത്യേക അജണ്ടകള്‍ക്ക് അദ്ദേഹം വിധേയനാകുകയുണ്ടായോ എന്നതൊക്കെ പരിശോധനാര്‍ഹമായ കാര്യങ്ങള്‍ തന്നെയാണ്‌.

സ്വാതന്ത്ര്യത്തിനു തൊട്ടു പിന്നാലെ വന്ന വര്‍ഷങ്ങളില്‍ സ്വാഭാവികമായും അദ്ദേഹം ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തില്‍ വിഗ്രഹപരിവേഷമുള്ള ആളായി കണക്കാക്കപ്പെട്ടു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം അദ്ദേഹത്തെ ദേവനു തുല്യമായ സ്ഥാനത്തേക്ക് ഇന്ത്യന്‍ മനസ്സില്‍ ഉയര്‍ത്തി നിര്‍ത്തി. ആ അവസഥയില്‍ ഖണ്ഡനപരമായ വിമര്‍ശനമോ പഠനമോ അദ്ദേഹത്തെപ്പറ്റി അധികമൊന്നും ഉണ്ടാകാതെയിരുന്നതില്‍ അത്ഭുതമില്ല.

കാലം ഇത്രയുമായി. എല്ലാ വിഗ്രഹങ്ങളുടെ നേര്‍ക്കും യാഥാര്‍ത്ഥ്യബോധത്തോടെയും  സൂക്ഷ്മതയോടെയുമുള്ള വെളിച്ചം കണിശമായി പായിക്കാനുള്ള സമയമായിക്കഴിഞ്ഞു. മാര്ക്കണ്ഡേയ കഡ്ജുവിന്റെപ്പോലെയുള്ളവര്‍ ആരാധനാ മനോഭാവം വെടിഞ്ഞ് സ്വതന്ത്ര മനസ്ക്കരായി സത്യസന്ധമായ പഠനത്തിനൊരുങ്ങി സത്യവുമായി ഏറെ ചേര്ന്നുനില്‍ക്കുന്ന വസ്തുതകള്‍ കണ്ടെത്തുന്നുവെങ്കില്‍ അതിനോട് മുഖം തിരിക്കേണ്ടതില്ല.

വിഗ്രഹഭഞ്ജനം നടത്തുന്നത് തകരപ്പാട്ടയില്‍ കൊട്ടി ആളെക്കുട്ടുന്നതുപോലെ വെറുതെ പേരെടുക്കാനാനെങ്കില്‍ അത് അക്ഷന്തവ്യമായ അപരാധവുമാണ്‌. കഡ്ജുവിനെപ്പോലെയുള്ള ഒരാള്‍ക്ക് അങ്ങനെ സ്വന്തം വില കുറക്കേണ്ട കാര്യവുമില്ല.

അദ്ദേഹത്തിന്റെ പഠനം വായിച്ചു പഠിച്ച് പരിശോധിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ കല്ലെറിയേണ്ടതില്ല. അതേസമയം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല അദ്ദേഹത്തിന്റെ കണ്ടെത്തലുകളെങ്കില്‍ അര്‍ഹിക്കുന്ന മഹത്വത്തോടെ ഇന്ത്യന്‍ ജനമനസ്സുകളില്‍  ചൈതന്യധന്യമായ ഓര്‍മ്മയായി ഗാന്ധി നിലനില്‍ക്കട്ടെ.

10 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

വിമര്‍ശനത്തിനു പാകമായ കാലാവസ്ഥ നിലനില്‍ക്കുക എന്നത് ജീവല്‍പ്രധാനമാണ്‌

പട്ടേപ്പാടം റാംജി said... Reply To This Comment

എനിക്ക് തോന്നുന്നത് ഓരോ വ്യക്തിയും ജീവിക്കുന്ന കാലഘട്ടത്തിനു അനുസരിച്ച് ചിന്തിക്കുന്ന/പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം വിലയിരുത്തുമ്പോള്‍, വിലയിരുത്തുന്ന കാലഘട്ടത്തെ ചിന്തകള്‍ക്ക് യോജിക്കും എന്ന് സംശയമാണ്. അതത് കാലഘട്ടത്തിനു അനുസരിച്ച നല്ല കാര്യങ്ങള്‍ എന്ന് തോന്നാവുന്നത് വരെ ആ കാലം മാറുമ്പോള്‍ ആ തീരുമാനം മോശമായിരുന്നു/തെറ്റായിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്. അതുകൊണ്ട് തന്നെ പഴയ കാലത്ത് ഒരു വ്യക്തി സ്വീകരിച്ച സമീപനം ഇന്നത്തെ കാലത്തിനനുസരിച്ച് വിലയിരുത്തുന്നതില്‍ എന്തെങ്കിലും അര്‍ത്ഥം ഉണ്ടെന്നു തോന്നുന്നില്ല.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

വളരെ അലക്ഷ്യമായി ലാഘവത്തോടെ പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിത്വമല്ല ഗാന്ധിജി എന്നത നിരാക്ഷേപമായ വസ്തുതയാണ്‌.
ഋഷിതുല്യമായ ജീവിതം നയിക്കുകയും ഒപ്പം രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ഒടുവില്‍ തന്റെ ഉറച്ച നിലപാടുകള്‍ തങ്ങളുടെ വഴിയില്‍ വിഘ്നമാണെന്നുകണ്ട ആദര്‍ശപ്രതിയോഗികളാല്‍ നിര്‍ദ്ദയം വധിക്കപ്പെട്ട് രക്തസാക്ഷ്യം വരിക്കുകയും ചെയ്ത് ഒരു ധന്യജീവിതം.
ബൃഹത്തായ ഒരു ദൌത്യത്തിന്റെ അമരത്തിരിക്കവെ മലരികളും ചുഴികളും നിറഞ്ഞ രാഷ്ട്രീയകാലവസ്ഥയില്‍ നിനച്ചിരിക്കാതെ വരുന്ന ഗതിമാറ്റങ്ങള്‍ക്കിടയില്‍ അപ്പഴപ്പഴത്തെ അവസ്ഥയ്ക്കനുസരിച്ച് യുക്തമെന്ന് തോന്നുന്ന തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുന്നത് ഏറെക്കാലത്തിനു ശേഷം മറ്റൊരവസ്ഥയിലിരുന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിലെ നിരര്‍ത്ഥകത ഞാനും അംഗീകരിക്കുന്നു. എന്നിരുന്നാലും ഇതുവരെ വെളിച്ചം പായിക്കാതിരുന്ന ചരിത്രത്തിലെ/വ്യക്തിജീവിതത്തിലേയും ഇരുണ്ട സ്ഥലികളിലേക്ക് പിന്നീട് ലഭ്യമായ ചില വിവരങ്ങള്‍ വെച്ചുകൊണ്ട് ആരെങ്കിലു വെളിച്ചം പായിക്കുമ്പോള്‍ അതിനോട് കഠിനമായ അസഹിഷ്ണുതപുലര്‍ത്തേണ്ടതുമില്ല.
മഹത്ജീവിതങ്ങള്‍ / ചരിത്രങ്ങള്‍ മഹത്തായ മാതൃകയുമാണെന്നതിനൊപ്പം നിഷ്കൃഷ്ടമായ പരിശോധനയ്ക്ക് വിധേയമാക്കാവുന്ന പഠനസാമഗ്രികളുമാണല്ലോ. വിയോജിപ്പുകള്‍ ഉത്തരവാദിത്തത്തോടെ ഉന്നയിക്കുന്നവരും കല്ലെറിയപ്പെടേണ്ടവരല്ല എന്നു ചൂണ്ടിക്കാട്ടി എന്നുമാത്രം.


റാംജിയുടെ വരവിനും വായനക്കും കുറിച്ചിട്ട അഭിപ്രായത്തിനും ഏറെ നന്ദി.

ajith said... Reply To This Comment

അതേന്നെ. ബ്രിട്ടിഷുകാരുടെ ഏജന്റാരുന്നു ഗാന്ധി. സ്വാതന്ത്ര്യപ്രഖ്യാപനം 1947 വരെ വൈകിയതുപോലും അയാള്‍ ചെയ്ത ചില സമര്‍ത്ഥമായ കരുനീക്കങ്ങള്‍ കൊണ്ടല്ലേ! കൊല്ലപ്പെട്ടില്ലാരുന്നെങ്കില്‍ ബ്രിട്ടനിലേക്ക് കുടിയേറുകയും ചെയ്തേനെ!!

(അതൊക്കെ പോട്ടെ. ചരിത്രത്തെ തിരുത്തിയെഴുതാന്‍ ആരെക്കൊണ്ടിയലും! ഓയില്‍ റിഗിലെ ജോലി എങ്ങനെയുണ്ട്? ഏത് കമ്പനിയിലാണ്? എന്‍സ്കോ, റോവാന്‍, ഷെല്‍ഫ്, അറെബ്യന്‍ ഡ്രില്ലിംഗ്, നാബോര്‍സ് ഇവരുടെയൊക്കെ റിഗുകളാണ് ഞങ്ങളുടെ സ്ഥിരം കസ്റ്റമേര്‍സ്)

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ ആജിത്.

ശരിയാണ്‌. ആഴത്തില്‍ എഴുതപ്പെട്ടവ മായ്ക്കാന്‍ പ്രയാസമാണ്‌.
മായ്ച്ചിട്ട് പ്രയോജനവുമില്ല !!

Mansoor Ahammed said... Reply To This Comment

ഞാനപ്പോഴും കിനാവ്‌ പാടത്ത് ജീവിക്കുന്ന ആളാണ്‌ . അപ്പോൾ ആ മനോഹരമായ പേരിലുള്ള ബ്ലോഗിൽ നല്ല കിനാക്കൾ അല്ലേ വേണ്ടത് ?

ചുമ്മാ പറഞ്ഞതാട്ടോ . രാഷ്ട്രീയം ആയതോണ്ട് എനിക്കൊന്നും പറയാനില്ലല്ലോ .
അപ്പോൾ അടുത്ത തവണ ഇവിടെ വരുമ്പോൾ കിനാക്കളായി അക്ഷരങ്ങൾ പെയ്യണം ഉസ്മാൻ ഭായ്

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ Mansoor Ahmed

രാഷ്ട്രീയത്തിലും കിനാവുകള്‍ക്ക് പ്രസക്തിയുണ്ട് മന്‍സൂര്‍. :)

(പക്ഷെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പല ഓമല്‍ക്കിനാവുകളും പേക്കിനാവായിമാറുകയാണ്‌ പതിവ്‌ !!)

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

കഡ്ജുവിന്റെ ഫേസ് ബുക്ക് പേജ് കാണാന്‍ അവസരമുണ്ടായി. വിസ്തൃതമായ പഠനമോ അഭിപ്രായം സ്വരൂപിക്കാന്‍ ആധാരമായ രേഖകളോ ഇല്ലാതെ കേവലം അനുമാനങ്ങള്‍ വച്ചുകാച്ചിയതാണെന്നാണ്‌ അത് വായിച്ചപ്പോള്‍ തോന്നിയത്. ഒഴുക്കന്‍ പ്രസ്താവനകള്‍ എന്നതിനപ്പുറം ഒന്നും കാണാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷ് ഏജന്റ് എന്നൊക്കെ വിളിച്ചാക്ഷേപിക്കാന്‍ ധൈര്യം കാണിച്ചപ്പോള്‍ അതിനുപോത്ബലകമായ വസ്തുതകള്‍ എടുത്തുകാണിക്കാന്‍ കഡ്ജു സജ്ജനായിരിക്കുമെന്ന് വെറുതെ ചിന്തിച്ചുപോയതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പോസ്റ്റ്.

മനുഷ്യന്‌ ധര്‍മ്മചിന്തകള്‍ പകര്‍ന്നു നല്‍കിയത് മതങ്ങളാണെന്നത് അവിതര്‍ക്കിതമായ യാഥാര്‍ത്ഥ്യമാണ്‌. നാസ്തികര്‍പോലും പൊതുജീവിതത്തില്‍ പുലര്‍ത്തുകയും വകവെക്കുകയും ചെയ്യുന്ന മര്യാദകള്‍ അവയുടെ വേര്‍ ആഴ്ത്തിയിരിക്കുന്നത് മതങ്ങളില്‍ തന്നെയാണെന്ന് കാണാന്‍ കഴിയും. ഗാന്ധിജിയുടേയും ധര്‍മ്മസ്രോതസ്സ് അദ്ദേഹം വിശ്വസിച്ചിരുന്ന മതം തന്നെ.

രാഷ്ട്രം വന്നുപെട്ട ആപത്തില്‍ നിന്ന് കരകയറ്റാന്‍ ഋഷിതുല്യനായ ഒരു വ്യക്തി യത്നിക്കുമ്പോള്‍ അയാള്‍ അശ്രയിക്കുന്നതും അയാല്‍ക്ക് കരുത്തേകുന്നതും അയാളുടെ ദര്‍ശനം തന്നെയായിരിക്കും. ഗാന്ധിജിയുടെ പ്രസംഗങ്ങളില്‍ കടന്നുവരുന്ന മതസംബന്ധിയായ പരാമര്‍ശങ്ങളെ ആ മാനത്തില്‍ മാത്രമേ മനസ്സിലാക്കേണ്ടതുള്ളു. ഇന്ത്യാക്കാര്‍ ആ രീതിയില്‍ മാത്രമേ ആ വാക്കുകളെ പരിഗണിച്ചിട്ടുമുള്ളു.

ഗാന്ധിജിയുടെ മതവിധേയത്വം ഒരിക്കലും പരമതനിന്ദയായി അധ:പതിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏതെങ്കിലും ഒരു മുസ്ലിമിനെ മുസ്ലിംലീഗില്‍ ചേരാനും ദേശവിരുദ്ധനാകാനും പ്രേരിതനാക്കി എന്നു ചിത്രീകരിക്കുന്നത് കടന്നകയ്യായിപ്പോകും.

ഇനി ആ രീതിയില്‍ ചില സ്വാധീനങ്ങള്‍ അത് സമൂഹത്തില്‍ സൃഷ്ടിച്ചുവെങ്കില്‍പോലും അത് ബ്രിട്ടീഷുകാര്‍ക്ക് വിടുപണി ചെയ്യാനുറച്ച് മനപ്പൂര്‍വ്വം നടപ്പാക്കിയ ഒരജണ്ടയാണെന്ന് പറയാനാകില്ല. മറിച്ച്‌, അനിച്ഛാപൂര്‍വ്വം സംഭവിച്ചതാണെന്ന് പറയാനേ കഴിയൂ. അതിനാല്‍,ഒരു ബ്രിട്ടീഷ് ഏജന്റാണെന്ന വിശേഷണം ഗാന്ധിജിക്കിണങ്ങുമെന്ന് തോന്നുന്നില്ല.

ഗാന്ധിജിക്കെതിരായി കഡ്ജു നിരത്തുന്ന മറ്റു വാദങ്ങളും ആഴത്തിലുള്ള പഠനങ്ങളുടെ പിന്‍ബലമൊന്നുമില്ലാത്ത കേവലം ഉപരിപ്ലവങ്ങളായ തോന്നലുകള്‍ മാത്രമായിപ്പോയി. ഇത്ര ലാഘവത്തോടെ പരാമര്‍ശിക്കപ്പെടേണ്ട വിധം അത്ര നിസ്സാരമല്ല ഗാന്ധിജിയുടെ വ്യക്തിത്വം.

Pradeep Kumar said... Reply To This Comment

മജ്ജയും മാംസവുമായി ഈ ലോകത്ത് ജീവിച്ച മനുഷ്യരെ വിഗ്രഹമാക്കുന്നത് അവരുടെ മഹത്വത്തെ കുറച്ചുകാണലാണ്.അദ്ദേഹത്തോടുള്ള ആദരവ് പുലർത്തിക്കൊണ്ടുതന്നെ ഗാന്ധിജി വിമർശനാതീതനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.അരുന്ധതീ റോയിയോ, ജസ്റ്റിസ് മാർക്കണ്ഡേയയോ ഗാന്ധിജിയെ വിമർശിക്കുന്നെങ്കിൽ അതിലുള്ള വസ്തുതകൾ പരിശോധിക്കപ്പെടുകയാണ് വേണ്ടത്. വിമർശനം ഉന്നയിക്കുമ്പോൾ വസ്തുതാപരമായിരിക്കണമെന്ന് വിമർശിക്കുന്നവരും മനസ്സിലാക്കണം...

മൻസൂർ അബ്ദു ചെറുവാടി said... Reply To This Comment
This comment has been removed by the author.