കൊടിയിറക്കം.
ഗൾഫിലെ ജോലിയിൽ നിന്ന് ഞാൻ ഞെട്ടറ്റ്
വീണു. അകാലത്തിലൊന്നുമല്ല ഈ
വീഴ്ച്ച എന്നതിനാൽ ഇതൊരത്യാഹിതമല്ല. അതുകൊണ്ട്തന്നെ ഇതിൽ ഞെട്ടാനുള്ള വക ഒട്ടുമില്ല. വേണ്ടത്ര മുന്നറിയിപ്പും മുന്നൊരുക്കങ്ങളും
ഉണ്ടായിരുന്നതിനാൽ ഒരു പാരച്ച്യൂട്ടിലെന്നപോലെയുള്ള അനായാസത ഉണ്ട്താനും.
എന്നാലും യുഎഇ-യിലെ ബേങ്ക് നോട്ടുകൾ ഇനിയും എനിക്കായ് പ്രസവിക്കില്ല
എന്നോർക്കുമ്പോൾ …….! J
പ്രവാസജീവിതത്തിന് നാൽപ്പത് കൊല്ലത്തെ
പ്രായമായി. നാൽപ്പതുകൊല്ലം ക്ഷിപ്രവേഗത്തിൽ ഒലിച്ചുപോയി എന്നാണ് പൊതുവിൽ
തോന്നുന്നതെങ്കിലും ചിലയിടത്തൊക്കെ അത് തളംകെട്ടി നിന്നതായും അനുഭവം പറയുന്നു. ജീവിതത്തിലെ ചില ദശാസന്ധികളുടെ
തരഭേദങ്ങളായിരിക്കാം അതിനു നിദാനം.
വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി ഇല്ലാതിരുന്ന പലതും കാലം കയ്യിൽ വെച്ചുതന്നു. ഉണ്ടായിരുന്ന പലതും
തിരിച്ചെടുത്ത് കൊണ്ടുപോകുകയും ചെയ്തു. ലാഭനഷ്ടങ്ങൾ
കണക്ക്കൂട്ടുമ്പോൾ അനുഭവങ്ങളുടെ ഒരു ഭാണ്ഡം നിറച്ച് മനസ്സിന്റെ ഒരു മൂലയിൽ
മാറ്റിവെച്ചിരിക്കുന്നതിനെ അവഗണിക്കാനാവില്ല. എത്ര
തട്ടിക്കിഴിച്ചാലും അത് ലാഭം തന്നെയാണ്.
മുമ്പേ പറന്ന ജ്യേഷ്ടന്റെ പിന്നാലെ
പറക്കമുറ്റിയപ്പോൽ ഞാനും ഗൾഫിലേക്ക്
പറന്നു. പഠനം പത്ത് കഴിഞ്ഞാൽ പാസ്സ്പോട്ട്
എടുക്കുക, പറക്കുക എന്നതായിരുന്നു അന്നത്തെ നാട്ടുരീതി. ഐ.ടി.ഐ-യിൽ ചേർന്ന ശേഷം കോഴ്സ് പൂർത്തിയാക്കാതെ
മുങ്ങിയിട്ടായിരുന്നു ഞാൻ ഗൾഫിൽ പൊങ്ങിയത് എന്നത് അടിവരയിട്ട് പറയേണ്ട
വിഡ്ഡിത്തമാണ്. പഠനത്തിന്റെ പ്രാധാന്യം മനസ്സിലായതും അതില്ലാത്തതിന്റെ അംഗവൈകല്യം
അനുഭവിച്ചറിഞ്ഞ് ഖേദിച്ചതും ഗൾഫിലെത്തിയിട്ടാണ്. കോടതി പിരിഞ്ഞശേഷം ലോപോയിന്റ്
മനസ്സിൽ വന്നിട്ട് കാര്യമില്ലല്ലോ. കയ്യിലുള്ളതിനെ
മിനുക്കിയെടുത്ത് ഒരുകൈ നോക്കിയാലേ അതിജീവനം സാദ്ധ്യമാകൂ എന്ന ബോദ്ധ്യവും അതിനുള്ള പരിശ്രമങ്ങളുമായപ്പോൾ വിധി ചില
അനുകൂലസാഹചര്യങ്ങൾ ഒരുക്കിത്തന്ന് സഹകരിച്ചു. അങ്ങനെ ആമ്പലും വെള്ളവും
ഒപ്പത്തിനൊപ്പം എന്ന വരവ്-ചിലവ് അനുപാതത്തിൽ നിന്ന് ഏറെനാളുകൾക്ക് ശേഷമാണെങ്കിലും
അനുകൂലമായ അവസ്ഥയിലെത്തി.
ഗൾഫിന്റെ അന്നും ഇന്നും എന്നതിനെ
വസ്തുനിഷ്ഠമായി വിലയിരുത്തുക എന്ന ഉദ്ദേശ്യമൊന്നും വ്യക്തിനിഷ്ഠമായ ഈ കുറിപ്പിനില്ല. പലകാരണങ്ങൾകൊണ്ടും അതിനു ഞാൻ അസമർത്ഥനുമാണ്.
എന്റെ പ്രവാസജീവിതം തുടങ്ങിയ കാലത്ത് 505 ദിർഹം കൊടുത്താൽ മാത്രം വാങ്ങാൻ കിട്ടുമായിരുന്ന ആയിരം
രൂപയുടെ ഡ്രാഫ്റ്റ് ഇപ്പോൾ 55 ദിർഹത്തിന് കിട്ടും. മണിമാർക്ക്റ്റ് അത്രയ്ക്ക് ‘യൂസർ ഫ്രന്റ്ലി’
ആയിട്ടും ആളുകളുടെ മുഖത്ത് പഴയ പ്രസാദം ഇല്ലാത്തത്, പെരുക്കിന് 50 രൂപയ്ക്ക് യഥേഷ്ടം കിട്ടുമായിരുന്നു നാട്ടുമ്പുറത്തെ മണ്ണ് ഇപ്പോൾ 5000
കൊടുത്താലും കിട്ടാനില്ലെന്ന് വന്നതുകൊണ്ടായിരിക്കാം.
നാല്പതുകൊല്ലം മുമ്പ് നാലുനിലയുള്ള
എടുപ്പിനെ കാണുമ്പോൾ മനസ്സിൽ തോന്നിയിരുന്നത് അമ്പരപ്പായിരുന്നു. ഇപ്പോഴത്തെ പുതിയ
എടുപ്പുകളെ അംബരത്തോളം കണ്ണുകളുയർത്തിനോക്കിയാലും മുഴുവനായും
ഉൾക്കൊള്ളാനാകുന്നില്ലല്ലോ എന്ന അന്ധാളിപ്പായി അത് മാറിയിട്ടുണ്ട്
റോൾ ഫിലിമുകൾ വാങ്ങി കേമറയിൽ ലോഡ്
ചെയ്ത്, വെളിച്ചത്തെക്കുറിച്ചും നിഴലിനെക്കുറിച്ചും വെളിവില്ലാതെ അച്ചാലും
മുച്ചാലും ക്ലിക്ക് ചെയ്ത ഒരു കാലമുണ്ടായിരുന്നു. കോപ്പിയൊന്നിന് രണ്ട് ദിർഹം നിരക്കിൽ അജ്മാനിലെ ഏകകളർ
സ്റ്റുഡിയോയിലേക്ക് കഴുകാനയച്ചാൽ മാത്രമേ അന്ന് കളർപ്രിന്റ് ലഭ്യമായിരുന്നുള്ളു. കടിഞ്ഞൂൽ
സന്തതിയുടെ പിറവികാത്ത് കഴിയുന്ന പിതാവിന്റെ മനസ്സോടെ ആഴ്ച്ചയോളം കാത്തിരുന്ന്
സ്റ്റുഡിയോയിൽനിന്ന് തിരിച്ചു കിട്ടിയിരുന്ന മങ്ങിയ ചിത്രങ്ങൾ പലതും
മനസ്സിലിപ്പോഴും തെളിച്ചത്തോടെയുണ്ട്. ആ കാലം
കഴിഞ്ഞുപോയി. ഡിജിറ്റൽ
കേമറയും കൈവെള്ളയിലെ സ്ഥിരതാമസക്കാരനായ സ്മാർട്ട്ഫോണും മിന്നൽ വേഗത്തിൽ അതീവവിശദാംശസഹിതം കാണിച്ചുതരുന്ന തിളക്കമുള്ള
പുതിയ ചിത്രങ്ങളാണിപ്പോൾ. എന്നിട്ടും അവ പഴയചിത്രങ്ങളുടെയത്ര
മനസ്സിൽ പതിയാത്തത് മനസ്സിന്റെ മങ്ങൽ കൊണ്ടായിരിക്കാം.
ശരീരം തടിപ്പിക്കാനുള്ള
മാർഗ്ഗങ്ങളെപ്പറ്റിയുള്ള കൂലങ്കഷചർച്ചകൾ ഗൾഫിലെത്തിയ ആദ്യകാലത്ത് പൊടിപൊടിച്ച് നടന്നിരുന്നത്
പോകെപ്പോകെ മെലിഞ്ഞ്മെലിഞ്ഞ് തീരെ ഇല്ലാതായി. പകരം കുറച്ചുകൊല്ലങ്ങളായി തടി എങ്ങനെ
മെലിയിപ്പിക്കാം എന്ന ചിന്തകളാണ് മനസ്സിൽ
വണ്ണംവെച്ചുകൊണ്ടിരുന്നത്. അനുഭവങ്ങളും അതുനൽകിയ അവബോധവുമായിരിക്കാം ആളുകളുടെ കാഴ്ച്ചപ്പാടുകളിലെ ഈ മാറ്റത്തിന്
അടിസ്ഥാനമായത്.
1970-കളിൽ പ്രവാസികളാകാനുള്ളവരുടെ
പ്രവാഹത്തിൽ തിക്കിത്തിരക്കി ഇവിടെ എത്തിച്ചേർന്നവരിൽ സിംഹഭാഗവും
അവിവാഹിതയൗവ്വനങ്ങളായിരുന്നു. ജോലി
കഴിഞ്ഞുള്ള വെടിവട്ടങ്ങളിലും പ്രസിദ്ധീകരണങ്ങളിലെ പ്രതിപാദനങ്ങളിലും അന്ന് അവർക്ക്
പ്രേമം ഇഷ്ടവിഷയമായിരുന്നതിന് അതിനാൽ സ്വാഭാവികതയുണ്ട്. പതിറ്റാണ്ടുകൾ പിന്നിട്ട പ്രവാസജീവിതത്തിനു ശേഷം
ഏറെ പറയുന്നതും ശ്രദ്ധിക്കുന്നതും അനിഷ്ടവിഷയമായിട്ടും പ്രമേഹത്തെപ്പറ്റിയാണെന്നത്
സങ്കടം കലർന്ന സത്യമാണ്. എത്ര
ശ്രദ്ധിച്ചാലും ഇത്തിരി പ്രമേഹവും പ്രഷറും ഒത്തിരി കൊളസ്റ്റ്രോളുമായിട്ടല്ലാതെ
മടങ്ങാൻ കഴിയുന്നവർ വിരളം. ഞാനും ആ
സാമാന്യനിയമത്തിന് അതീതനല്ല. ഒറ്റയടിക്ക്
മുപ്പത് ‘പുഷ് അപ്പു’കൾ പുഷ്പം പോലെ സാധിച്ചിരുന്നത് ഇപ്പോൾ
മൂന്നെണ്ണത്തിലെത്തുമ്പോഴേക്ക് കുത്തനെയുള്ള മലകയറ്റം പോലെ ഗിയർ താഴ്ത്തി വലിപ്പിക്കാൻ
പാടുപെടുന്നതിന്റെ ആയാസത്തെ പ്രിയത്തോടെയല്ലെങ്കിലും പ്രായം എന്ന് തന്നെയല്ലേ
പറയേണ്ടത് ?
ഗൾഫിൽ നിന്നുള്ള രണ്ടാം അവധിക്കാലത്ത് എന്നെ പിടിച്ചു പെണ്ണുകെട്ടിച്ച് എനിക്കൊരു
തുണയെത്തന്ന് പ്രിയപ്പെട്ട ഉപ്പ ഈ ലോകത്തുനിന്ന് യാത്രയായി. എനിക്ക് നാലുമക്കൾ പിറന്ന ശേഷം ഇനി എന്റെ ഭാവി ഭദ്രമെന്ന ആശ്വാസവുമായി പിന്നീട് എന്റെ
പൊന്നുമ്മയും യാത്രയായി. രണ്ട് വൻനഷ്ടങ്ങൾ.. പാതിവഴിയിൽ പറയാതെ പോയ പ്രിയപ്പെട്ടവരായ വേറെയും
പലരുണ്ട്. പ്രിയപ്പെട്ടവരുടെ ആ നിരയുടെ അഭാവം എന്റെ മനസ്സിന്റെ അകത്തേയും, പുറത്തെ
ലോകത്തേയും വലിയൊരളവോളം പരിശൂന്യമാക്കിക്കളഞ്ഞു. ആ ശൂന്യതയിലേക്ക് ദുഃഖത്തോടെ
നോക്കി മനസ്സെപ്പോഴും പ്രാർത്ഥനാപൂർവ്വം കണ്ണുനീർ വാർക്കുന്നുമുണ്ട്.
എല്ലാ പിതാക്കന്മാരെയും പോലെ ഞാനും
ആസ്വദിച്ചുകൊണ്ട്തന്നെ അർപ്പിതമായ ചുമതലകൾ നിർവ്വഹിക്കുന്നതിൽ ഇക്കാലമത്രയും
വ്യാപൃതനായി. നല്ല
മൂല്യങ്ങൾ മുറുകെപ്പിടിക്കാനുള്ള തിരിച്ചറിവ് നൽകലും നല്ല വിദ്യാഭ്യാസം മക്കൾക്ക്
ലഭ്യമാക്കലും മുന്തിയ പരിഗണനയായി എന്നും കണക്കിലെടുത്തു.
സഹനവും സഹായവും സ്നേഹവും സഹകരണവുമായി സഹധർമ്മിണി
എല്ലായിപ്പോഴും കൂടെനിന്നു. മക്കൾ പ്രതീക്ഷകൾകൊത്ത് ഉയർന്നു എന്ന സംതൃപ്തിയും
ഞങ്ങൾക്ക് സ്വന്തമാണ്.
ചോരാത്ത കൂര തന്നെയായിരുന്നു പണ്ടും
ഉണ്ടായിരുന്നത്. എന്നാലും പ്രൗഡിയുള്ള കൂരയൊന്ന്
പടുത്തുയർത്തുന്ന എല്ലാ ഗൾഫുകാരുടേയും കൂട്ടയോട്ടത്തിൽ സജീവമായി ഞാനും കൂടുകയുണ്ടായി എന്നും
ഏറ്റുപറയേണ്ടതുണ്ട്.
രണ്ട് പെണ്മക്കളും മകനും വിവാഹിതരായി. അവർക്ക്
അനുരൂപരായ നല്ല ഇണകളെത്തന്നെ ലഭിച്ചു എന്നത്
എടുത്തുപറയേണ്ട സൗഭാഗ്യമാണ്. മൂവരിലുമായി നാലുപേരക്കുഞ്ഞുങ്ങളാലും ഞങ്ങൾ
അനുഗ്രഹീതരായി. ചിത്രകലാകാരികൂടിയായ ഇളയമകൾ പഠനത്തിലും മികവുപുലർത്തി
ആർക്കിടെക്ച്ചറൽ എഞ്ചിനീയറിങ്ങിന്റെ മുന്നാം വർഷത്തിലെത്തി മുന്നോട്ട് ഗമിക്കുന്നു.
കൈവന്ന ശമ്പളക്കാശിന്റെ ചെറുതല്ലാത്ത
ഒരു വിഹിതം വിശ്വാസവഞ്ചനയുടെ
കുരുക്കിലകപ്പെട്ട് അന്യാധീനപ്പെട്ട അഹിതത്തിന് ശരാശരി ഗൾഫുകാരെപ്പോലെ ഞാനും
വിധേയനായി.
തലകുനിയാനിടവരാതെ കാര്യങ്ങൾ മുന്നോട്ട് നീക്കാനുള്ള ത്രാണി
എന്നിട്ടും വിധി ബാക്കിയാക്കിയതിനാൽ അതിലിപ്പോൾ ഞാൻ ഖിന്നമാനസനല്ല.
എന്നും നഗരത്തിനുപുറത്ത്
ജോലിചെയ്യാനാണ് ഇടവന്നത്. അതിനാൽ
വിപുലമായ സുഹൃദ്വൃന്ദം കൊണ്ട് ഞാൻ അനുഗൃഹീതനായില്ല എന്ന നിരാശ തോന്നിയിട്ടുണ്ട്. എന്റെ ഏകാന്തതയിലേക്ക് വഴിതെറ്റി വല്ലപ്പോഴും വന്നുപെട്ടവരിൽനിന്ന് കയ്യിൽ തരത്തിനുകിട്ടിയ സമാനമനസ്ക്കരെ
രക്ഷപ്പെടാനനുവദിക്കാതെ അള്ളിപ്പിടിച്ചതിനാൽ കുറവനുഭവപ്പെടാതെ കഴിഞ്ഞുകൂടാനുള്ള വക
സൗഹൃദങ്ങളുടെ വകുപ്പിൽ ഇപ്പോഴുണ്ട്. പോരാത്തതിന് സോഷ്യൽമീഡിയയിലെ സഹവാസത്തിൽ നിന്ന്
ചിലരെ അരിച്ചുപെറുക്കിയെടുത്ത് എന്റെ ധ്രൃതരാഷ്ട്രാലിംഗനത്തിന് വിധേയരാക്കാൻ
കഴിഞ്ഞിട്ടുമുണ്ട്. J
പ്രതിസന്ധിഘട്ടങ്ങൾ
പലപ്പോഴുമുണ്ടായിട്ടുണ്ട്. സഹായഹസ്തവുമായി തക്കസമയത്ത്
എത്തി രക്ഷകരായവർ എന്നും മനസ്സിലുണ്ട്. എന്റെ പ്രാർത്ഥനകളിലും
അവരൊക്കെയുണ്ട്.
ആഗ്രഹങ്ങളെ നിലവിലുള്ള
യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുംവിധം പരിമിതപ്പെടുത്താൽ പൊതുവെ
ശ്രദ്ധിച്ചിരുന്നതിനാൽ കാര്യമായാ ഇച്ഛാഭംഗങ്ങളൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ല
. അതേസമയം ഒന്നും വെള്ളിത്താലത്തിൽ വെച്ച്
നീട്ടിത്തരുമ്പോലെ അനായാസലബ്ധമായിരുന്നുമില്ല.
താൻ പാതി ദൈവം പാതി എന്നാണല്ലോ. നേട്ടങ്ങളായി എണ്ണാവുന്ന എല്ലാറ്റിന്റേയും
പിന്നിൽ അലച്ചിലിന്റേയും പിടച്ചിലിന്റേയും കഥകളുണ്ട്. അതിനാൽ കിട്ടിയതിന്റേയെല്ലാം വില നന്നായി
ബോദ്ധ്യമുണ്ട്. ജഗന്നിയന്താവിനോട് അതിനെല്ലാം നന്ദിയുമുണ്ട്.
വലിയ വേതനവും കുടുംബത്തെയൊട്ടാകെ കൂടെക്കൂട്ടാനുള്ള
ശേഷിയുമുള്ള ചെറുന്യൂനപക്ഷത്തെ ഒഴിച്ചുനിർത്തിയാൽ മഹാഭൂരിപക്ഷത്തിനും പ്രവാസം
ആസ്വാദ്യകരമായ അനുഭവമല്ല എന്ന് എല്ലാവർക്കുമറിയാം. ഒരിക്കൽ പ്രവാസിയായവന്റെ ചുമലിൽ പിന്നീട് ഏറിയേറിവരുന്ന ചുമതലകൾ സ്വയം വിമോചിതനാകാൻ കഴിയാത്തവണ്ണം പ്രവാസാവസ്ഥയിൽ അവനെ തളച്ചിടുകയും സ്വന്തമായി അതിനൊരന്ത്യം കുറിക്കാൻ അശക്തനാക്കുകയുമാണ്. ജീവിക്കാനും
ജീവിപ്പിക്കാനുമായി ഇത്തരത്തിൽ സ്വദേശം വെടിയേണ്ട ഗതികേട് കൂട്ടത്തോടെ
അനുഭവിക്കേണ്ടിവരുന്ന മറ്റേതെങ്കിലും ജനവിഭാഗം മലയാളികളല്ലാതെ ഭൂഗോളത്തിന്റെ
ഏതെങ്കിലും ഭാഗത്തുണ്ടാകുമോ എന്ന് ആശ്ചര്യം തോന്നാറുണ്ട്. ഇഷ്ടജനങ്ങളുടെ സാമീപ്യമനുഭവിച്ച് അവനവന്റെ ഗൃഹപരിസരത്ത് സ്വന്തം
ഭാഗധേയം നിർണ്ണയിക്കാനും നിലനിൽക്കാനും
അവസരം കിട്ടാത്ത നിരാലംബജീവിതങ്ങളുടെ അഭിശപ്തത ജന്മപരമ്പരകളിലൂടെ
ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
35 വർഷത്തോളം നീണ്ട മലേഷ്യാവാസമാണ് ഞങ്ങളെ പോറ്റാനായി എന്റെ പിതാവ് നൽകിയ കനത്ത വില. പിതാവിന്റെ സമകാലികരായ ഞങ്ങളുടെ പ്രദേശത്ത്നിന്നുള്ള ഒട്ടേറെ പേർ അന്ന് മലേഷ്യയെ ആശ്രയിച്ചിരുന്നു. അതിനു തൊട്ടുമുമ്പത്തെ തലമുറയ്ക്ക് ആശ്രയമായത് സിലോൺ (ശ്രീലങ്ക) ആയിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ തലമുറയ്ക്ക് ഗൾഫ് അഭയസ്ഥാനമായതിനുപിന്നാലെ മകനുൾപ്പടെയുള്ള പുതുതലമുറയും ഗൾഫ് പ്രവാസം തുടങ്ങിക്കഴിഞ്ഞു. അതിനടുത്ത തലമുറയോ? അരിക്കാശിന് അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന് ഈ ദുസ്ഥിതിക്ക് ആസന്നഭാവിയിലൊന്നും അവസാനമുണ്ടാകുമെന്ന് കരുതാൻ കാരണങ്ങളില്ല. ഉദ്ദേശശുദ്ധിയില്ലാത്തവരും സ്വാർത്ഥംഭരികളുമായ രാഷ്ട്രീയക്കാർ അധികാരം കയ്യാളുകയും അഴിമതിയിലാറാടുകയും ചെയ്ത് രാഷ്ട്രപുരോഗതിയെ സ്തംഭിപ്പിക്കുന്ന അവസ്ഥ ഏറെ നാളായി അരങ്ങ് തകർക്കുന്നു. കൂനിന്മേൽ കുരു എന്നപോലെ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരാരോഹണത്തിന് എളുപ്പവഴി അന്യേഷിക്കുന്നവർ ഉഡായിപ്പുകളിലൂടെ ജനസ്വാധീനമാർജ്ജിക്കുന്നതും ജാതിമതാടിസ്ഥാനത്തിലെ ജനവിഭജനത്തിലൂടെ പരസ്പരസ്പർദ്ധയുണ്ടാക്കുന്നതുമായ പുതിയ പ്രവണതകൾ കാണുമ്പോൾ പ്രത്യാശയുടെ കര പിന്നെയും അകലുന്നതായി തോന്നുന്നു.
നാടിന്റെ അവസ്ഥയുടെ പ്രാതികൂല്യത്തിനുപുറമെ അനാവശ്യ ആചാരങ്ങൾക്കും ആഡംബരത്തിനും വേണ്ടിയുള്ള ധൂർത്തും ആസൂത്രണത്തിന്റെ അഭാവവും പ്രവാസിയെ തോൽപ്പിക്കുന്ന സെല്ഫ്ഗോൾ ആകുന്നുണ്ട്. പൊങ്ങിവരാൻ അനുവദിക്കാതെ വീണ്ടും വീണ്ടും പ്രവാസത്തിന്റെ ആഴത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിൽ സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ പങ്ക് എത്രത്തോളമുണ്ടെന്നത് ഓരോ പ്രവാസിയും ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട വൈയക്തികമായ വിഷയമാണ്.
ഏറെനാൾ കുടുംബത്തെ പിരിഞ്ഞിരികുന്ന പീഡയാണ് പ്രവാസത്തിലെ ഏറ്റവും ദൈന്യത മുറ്റിയ ഘടകം. ഉറ്റവരെ പോറ്റുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടി അനുഷ്ടിക്കുന്ന ആത്മബലിക്ക് സമാനമായ ത്യാഗമാണത്. ദാമ്പത്യത്തിലെ ഇരുപങ്കാളികളും ആ ത്യാഗാഗ്നിയിലേക്ക് ഹവിസ്സായി തുല്യനിലയിൽ സ്വയം അർപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള പ്രവാസി സഹോദരങ്ങളുടെ മുന്നിൽ പ്രവാസപീഡകളെക്കുറിച്ച് പരിദേവനം ചെയ്യാൻ ഞാൻ അർഹനല്ല. ആദ്യകാലത്തെ 15 വർഷങ്ങളിൽ ആ കൈപ്പ്രസവും അതിന്റെ തീക്ഷ്ണതയും പൂർണ്ണാർത്ഥത്തിൽ ഞാനും അറിഞ്ഞിട്ടും അനുഭവിച്ചിട്ടുമുണ്ടെങ്കിലും, ഒടുവിലെ കാൽ നൂറ്റാണ്ടായി സ്ഥിതി വ്യത്യസ്തമായിരുന്നു. നാട്ടിലും ഗൾഫ്നാട്ടിലും ഇടവിട്ട മാസങ്ങളിൽ കഴിയാനുള്ള അവസരം എണ്ണപ്പാടത്തെ എന്റെ തൊഴിൽ ഉറപ്പുനൽകിയിരുന്നു.
യു.എ.ഇ-യിൽ ഒരിക്കൽ
പോലും ഒരുദ്യോഗസ്ഥനും വഴിയിൽ തടഞ്ഞുനിർത്തി പരിശോധിച്ച അനുഭവം എനിക്കില്ല. പാസ്സ് ചോദിക്കാൻ പോലും ആരും മുതിർന്നിട്ടില്ല. ഒരു തദ്ദേശീയനും അമാന്യമായി
പെരുമാറിയിട്ടില്ല. ഒരു കാര്യത്തിനും കൈക്കൂലികൊടുക്കേണ്ടി
വന്നിട്ടില്ല. ഒരു രേഖയും അനുവദിച്ചുകിട്ടുന്ന കാര്യത്തിൽ
ആരും വെച്ചുതാമസിപ്പിച്ചിട്ടില്ല. എന്നിങ്ങനെ അനുഭവസാക്ഷ്യത്തോടെ ഒട്ടേറെ നന്മകൾ ഈ നാടിനെക്കുറിച്ച്
പറയാനുണ്ട്. വിദ്യാവിഹീനതയുടെ
പരാധീനതയുമായി ഈ മണ്ണിൽ വിമാനമിറങ്ങിയ എന്നെപ്പോലൊരാൾക്ക് കൈകാലിട്ടടിച്ച് സ്വയം
നീന്തൽ പഠിക്കാനും സ്വപരിശ്രമത്താൽ
നീന്തിനീന്തി ഒരു കരപറ്റാനും അവസരം തന്ന് സഹായിച്ച ഈ നാടിനോടുള്ള നന്ദിയും
സ്നേഹാതിരേകവും പെറ്റനാടിനോടുള്ള അത്രയും തന്നെയാണ്. സമീപസ്ഥനാടുകളിൽ നടമാടുന്ന
അരാജകാവസ്ഥകൾ തീണ്ടാതെ ഈ നാടിനെ കാത്തുകൊള്ളണേ എന്ന് പ്രാർത്ഥനാനിർഭരമാണ് എന്റെ
മനസ്സ്. ഒപ്പം എന്റെ
സ്വന്തം നാട്ടുകാർക്കായി ഇനിയുമേറെക്കാലം യു.എ.ഇ-യിൽ ബേങ്ക്നോട്ടുകൾ പെറ്റുപെരുകണേ എന്ന പ്രാർത്ഥനയും
അത്രതന്നെ ഉൽക്കടമായി ഉള്ളിലുണ്ട്.
എനിക്ക് ഒരു ഋതുസംക്രമത്തിന്റെ നാളുകളാണിത്. ജീവിതാകാശത്തിന്റെ
പശ്ചിമകോണിലെ അന്തിച്ചുവപ്പ് കാണാറായിട്ടുണ്ട്. അതിനുമുമ്പത്തെ പൊൻവെയിലിൽ ശേഷിക്കുന്ന
കാലം ഉല്ലസിക്കാനുള്ള അവസരമൊരുക്കുന്നതിനു വേണ്ടിയാകാം പ്രവാസത്തിന്റെ ഈ കൊടിയിറക്കം . എന്റെ ശുഭാപ്തിവിശ്വാസം രൂഡമൂലമായിരിക്കുന്നത് ദൈവത്തിന്റെ കാരുണ്യത്തിലും
പ്രിയജനങ്ങളുടെ സ്നേഹവായ്പ്പിലും തന്നെയാണ്.
പ്രിയരേ നന്ദി.
ഉസ്മാൻ പള്ളിക്കരയിൽ