കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ ഗാനം.

“എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമയുടെ  ഇതിവൃത്തത്തിന്റെ കാമ്പ് കണ്ടറിഞ്ഞ് അതിനെ ഒരു പാട്ടിന്റെ ഏതാനും ഈരടികളിലേക്ക് ലയിപ്പിച്ചുചേർത്ത റഫീഖ്  അഹമ്മദിന്റേത് അനിതരസാധാരണമായ രചനാമായാജാലം.                                                                                                                                                      
പ്രപഞ്ചത്തെ ഒരു  കുഞ്ഞു മഞ്ഞുകണത്തിലേക്കൊതുക്കി പ്രതിബിംബിപ്പിക്കുന്ന ജാലവിദ്യപോലെ.
                                                                                                                                   
കാലം  കടന്നുപോകെ പുഴ മെലിയുന്നതും, അത് നൂലുപോലെ നേർക്കുന്നതും, ഒഴിഞ്ഞ കടവുപോലെ നായികയുടെ അകം ഏകാന്തമാകുന്നതും, മഴയും വെയിലും മാറിമാറിയെത്തിയ ഏറെ തുഭേദങ്ങളിലൂടെ എരിഞ്ഞെരിഞ്ഞ് മനം തിരിപോലെ കരിയുന്നതും, തിരഞ്ഞ്തിരഞ്ഞ് കണ്ണുകൾ തിരപോലെ അലയുന്നതും,  ഒടുവിൽ ആ കാത്തിരിപ്പ് അനന്തമാണെന്നറിയുന്നതോടെ വേനലിന്റെ കാഠിന്യം മലർദലങ്ങളെയുതിർക്കുമ്പോലെ മോഹത്തിന്റെ വളകൾ മനസ്സിൽനിന്ന് ഊർന്നുപോകുന്നതും.... 

സ്വന്തം മനസ്സിനെ കവർന്നെടുത്തശേഷം ഏതോ നിയോഗത്തിനുപിന്നാലെ കടന്നുകളഞ്ഞ പ്രിയങ്കരന്റെ പ്രിയരൂപം പിന്നെപ്പിന്നെ ഓർമ്മകളിലും മനസ്സിന്റെ കണ്ണുകളിലും  തെന്നിയും മിന്നിയും തെളിഞ്ഞുമായുന്നതും.....

മൊയ്തീനുവേണ്ടി മാത്രം ജീവിച്ച കാഞ്ചനമാലയുടെ ഉൽക്കടമായ ഹൃദയവികാരങ്ങൾക്ക്  ഗാനാവിഷ്ക്കാരം നിർവഹിക്കാനായി
ബിംബകൽപ്പനാസമ്പന്നമായ  തന്റെ കവിമനസ്സിനെ  റഫീഖ് അഹമ്മദ്  ഈരടികളിലേക്ക് ഉദാരമായി  കുടഞ്ഞിടുകയായിരുന്നു  എന്നുതോന്നുന്നു.                                                                                                                                                    മനംകവരുന്ന ബിംബകൽപ്പനകളുടെ സാമജ്ജസ്യം സമ്മാനിക്കുന്ന സമ്പൂർണ്ണത അത്രമേൽ ഹൃദ്യമായി  ഈരടികളിൽ പരിലസിക്കുന്നു.                                                                                                                                         ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും പുഴപോലെ നിറഞ്ഞൊഴുകിയ ഒരു മനസ്സ് പിന്നീട് വിധിയുടെ അപ്രതിഹതമായ ആഘാതമേറ്റ് എവ്വിധം ഊഷരമായിപ്പോയെന്ന് വരികൾ തേങ്ങുമ്പോൾ അതിനൊപ്പം ഗാനാസ്വാദകരുടെ മനസ്സും വിങ്ങുന്നു....

ഏകിയ ഈണത്തിന്റെ ഇമ്പത്തിനൊപ്പം വാദ്യസംഗീതത്തിന്റെ  ഔചിത്യപൂർണ്ണമായ വിന്യാസചാരുതയും  ചേർന്ന് ഗാനത്തിന്റെ ഭാവോന്മീലനത്തെ   പരമകാഷ്ടയിലെത്തിക്കുന്നതിൽ സംഗീതസംവിധായകൻ വിജയിക്കുമ്പോൾ, അനിർവ്വചനീയമായ  സംഗീതാനുഭവത്താൽ ശ്രോതാവ് സമ്മാനിതനാകുകയുമാണ് ഈ ഗാനത്തിലൂടെ.                                                                                                                                             
ഭാവതീവ്രതയാർന്ന  വരികളുടെ ഉള്ളറിഞ്ഞ് ഉചിതമായ ഈണം ഇണക്കിയ എം.ജയചന്ദ്രനും അങ്ങനെ  രചയിതാവിനു സമശീർഷനായി  കൃതഹസ്തനാകുന്നു.  

ഗാനത്തിന്റെ ആത്മാവറിഞ്ഞ് ആലാപനം നിർവ്വഹിച്ച് ശ്രോതാക്കളുടെ ഉള്ളിൽ അസുലഭ അനുഭൂതിയും  തീരാത്ത വേദനയും പടർത്തിയ ശ്രേയാഘോഷാലിന്റെ ചാതുര്യം മലയാള ഗാനശാഖയ്ക്ക് വരദാനം പോലെയായി.                                                                                                                                             
ശ്രേയയുടെ സ്വരസഞ്ചാരത്തെ ഒട്ടും വിഘ്നപ്പെടുത്താതെ അനുഗമിക്കുന്ന പശ്ചാത്തലസംഗീതവും ശ്രേയക്ക് മാത്രം സ്വന്തമായ ചില അത്യപൂർവ്വ സൂക്ഷ്മസ്വരവിന്യാസങ്ങളുടെ സമർത്ഥമായ സന്നിവേശവും ഗാനത്തിന് സവിശേഷമായ ഭാവത്തികവും ശ്രവണസുഭഗതയുമേകി.

രചനാസൗകുമാര്യം അരുളുന്ന വശ്യതയും, സംഗീതപരിജ്ഞാനം തീർക്കുന്ന മായികതയും, ആലാപന ചാതുരി ഒരുക്കുന്ന മധുരിമയും ചേരുംപടിചേർന്ന പ്രതിഭാത്രയസംഗമത്തിന്റെ സുകൃതം, ഇനിയും ഏറെ വർഷങ്ങളിലൂടെ സംഗീതപ്രേമികൾക്ക് നെഞ്ചേറ്റാൻ പൊന്നുരുപ്പടിപോലെ മൂല്യവത്തായൊരു പാട്ടിനു പിറവിനൽകി.

“കാത്തിരുന്ന് കാത്തിരുന്ന്..” എന്ന് തുടങ്ങുന്ന പാട്ടിനെപ്പറ്റിയാണ് പറഞ്ഞുവന്നത്.

ഇത്തരമൊരുഗാനത്തിനായി ഇനിയും മലയാളം എത്രകാലം കാത്തുകാത്തിരിക്കണം !!


ഉസ്മാൻ പള്ളിക്കരയിൽ.           








13 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

ഗാനാസ്വാദകരുടെ സഫലമായൊരു കാത്തിരിപ്പ്...

yousufpa said... Reply To This Comment

എല്ലാം കൊണ്ടും ആസ്വാദ്യകരമായിരുന്നു ഈ ഗാനം.
പോസ്റ്റ് എല്ലാ ഇടവൗം സ്പർശിച്ചു.

aboothi:അബൂതി said... Reply To This Comment

ഇപ്പോഴത്തെ മലയാളം സിനിമാ ഗാനങ്ങളിൽ കാതിനും കരളിനും കൊള്ളാവുന്നത് വല്ലപ്പോഴുമെ സംഭവിക്കുന്നുള്ളൂ. ഒരു പക്ഷെ പുതിയ ആളുകള്ക്ക് വേണ്ടത് നല്ലതല്ല എന്നൊരു മുൻവിധി ഈ പാട്ടെഴുത്ത് കാറിലും ഉണ്ടെന്ന് തോന്നുന്നു. എന്നിരുന്നാലും ചിലപ്പോഴൊക്കെ നിലാവിൽ സുഗന്ധം ചാലിച്ച രചനകൾ ഉണ്ടാവുന്നുണ്ട്. അത്രയെങ്കിലും ആശ്വാസം..

ഐക്കരപ്പടിയന്‍ said... Reply To This Comment

Lyrics kitto ikkaa, adipoli avatharanam...

ajith said... Reply To This Comment

ഞാൻ സിനിമേം കണ്ടില്ല, പാട്ടും കേട്ടില്ല. ഇതെന്തായാലും ഒന്ന് കേൾക്കട്ടെ

ma said... Reply To This Comment

പാട്ടെഴുത്ത് .

ഒരിക്കൽക്കൂടി പോയി ആ പാട്ടൊന്ന് കേൾക്കട്ടെ .
നന്നായി ഉസ്മാൻ ഭായ്

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

‘\എന്റെ മൊയ്തീനിലെ‘ എല്ല്ലാ ഗാനങ്ങളും
നമ്മളെ , നമ്മുടെ പഴയ ഗോൾഡൻ മെലഡികളിലേക്ക്
തിരിച്ച് കുണ്ടുപോകുന്ന ഫീൽ ഉണ്ടാക്കുന്നവയാണ് ....!

വേണുഗോപാല്‍ said... Reply To This Comment

മനസ്സില്‍ തങ്ങാത്ത ഒരു പാട് നവസിനിമാ ഗാനങ്ങള്‍ ഒരുക്കുന്നവര്‍ക്ക് ഒരു ദിശാസൂചികയാണ് മൊയ്തിനീലെ ഈ ഗാനം!!

Cv Thankappan said... Reply To This Comment

പുതിയ സിനിമാഗാനങ്ങള്‍ കേട്ട് മടുത്തിരിക്കുന്നവര്‍ക്കിനി ചുണ്ടിലും മനസ്സിലും തങ്ങിനില്ക്കാനൊരു നല്ല ഗാനം.
ആശംസകള്‍

Akbar said... Reply To This Comment

പാട്ടിനോടും പാട്ടിലെ കവിതയോടും നീതി പുലർത്തിയ വിലയിരുത്തൽ..

പ്രവാഹിനി said... Reply To This Comment

നല്ല വിലയിരുത്തൽ .തീർച്ചയായും ഇത്‌ നല്ലൊരു ഗാനം തന്നെയാണ്‌

Abdulkader kodungallur said... Reply To This Comment

കാലങ്ങള്‍ക്ക് ശേഷം കാലെടുത്തു വെച്ചത് കിനാവുപാടത്തിലേക്കാണെന്ന് മനസ്സുമന്ത്രിച്ചപ്പോള്‍ ചുവടുകള്‍ക്കു സൂക്ഷ്മത നല്‍കി . ഭാഷാ ജ്ഞാനകോവിലകത്തെ തമ്പുരാന്‍റെ പാടമായതുകൊണ്ട് വരമ്പുകളില്‍ ഉതിര്‍ന്നു വീണ കതിര്‍ മണികള്‍ക്ക് പോലും ആദരം നല്‍കി. വിളഞ്ഞു നിന്ന കതിര്‍ക്കുലകളൊന്നു കൈക്കലാക്കിയപ്പോഴാണ് പതിരില്ലാ വിളയുടെ വിളയാട്ടം കണ്ടത്.
റഫീഖ് അഹമ്മദിന്‍റെ പ്രണയ ഗാനങ്ങളെക്കുറിച്ച് ഡോ . എം . ലീലാവതി മാത്രൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ നിരൂപണത്തില്‍ നിന്നും ഒരു പടി മുന്നില്‍ നില്‍ക്കുന്നു താങ്കളുടെ വിലയിരുത്തലുകള്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല തന്നെ.ഈ സമസ്യ തുടരുക. ഭാവുകങ്ങള്‍ .

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

വാക്കുകളുടെ വിന്യാസത്തിൽ വിദഗ്ദ്ധനായ ഒരാളിൽ നിന്ന് കിട്ടുന്ന പ്രശംസയ്ക്ക് അന്യാദൃശമായ അമൂല്യതയുണ്ട്.
സന്തോഷം.