ഗതി

ഗതിയുടെ കാര്യം
ആലോചിച്ചാല്‍
വലിയ തമാശതന്നെയാണ്……

പുരോഗതിയില്‍ നിന്ന്‌
പുരോഗതിയിലേയ്ക്ക്‌
കുതിക്കുന്നവരും
അധോഗതിയില്‍ നിന്ന്
അധോഗതിയിലേക്ക്
പതിക്കുന്നവരും
സ്ഥിതിഭേദമില്ലാതെ സദാ
മിതാവസ്ഥയാലനുഗ്രഹീതരും..….

പതനം എളുപ്പവും
ഉത്ഥാനം കടുപ്പവുമാണത്രെ…..

എങ്ങനെ വീണാലും
നാലുകാലിലാവുന്നവരും
എത്ര താങ്ങിയാലും
നേരെനില്‍ക്കാനാകാത്തവരുമുണ്ട്‌……

ചതിപ്രയോഗത്താല്‍
ഗതിതടയപ്പെട്ടവരുണ്ട്‌
ഭാഗ്യക്കുറിനേടുകയാല്‍
ഗതികേടിന്നറുതിയായവരും .........

കുഴിയുടെ ആഴത്തില്‍നിന്ന്‌
കഷ്ടതയേറെയറിഞ്ഞ്
കഷ്ടിച്ച്‌ കരേറിയവരുണ്ട്‌.
സൌഭാഗ്യ ശൃംഗമേറി
സുഖഭോഗരസം നുണഞ്ഞനന്തരം
പാതാളത്തിലേക്കാപതിച്ചവരും........

ദുര്‍ഗതി സ്വയംവരിച്ചവരും
അതടിച്ചേല്‍പ്പിക്കപെട്ടവരുമുണ്ട്‌.
സത്ഗതി അടിച്ചെടുത്തവരുണ്ട്‌
അത് വീണുകിട്ടിയവരുമുണ്ട്‌……..

ഗതിയുടെ ഗുട്ടന്‍സ്
തേടിയിറങ്ങിയവരാരും
സംഗതിയിതുവരേയും
തപ്പിയെടുത്തതായറിവില്ല.

വിധിവിഹിതമത്രെ

ഗതിവിഗതികളുടെ കാര്യം...….---------------------------------
Continue Reading

ദുര്‍മരണം


വാര്‍ത്തകേട്ട്‌ അവിശ്വസനീയതയാല്‍
വാപൊളിച്ച ജനം മൂക്കത്ത് വിരല്‍ വെച്ചു.......

ബേങ്ക്‌ സമുച്ചയത്തിന്നിടനാഴിയില്‍
അനാഥമായ് കിടന്ന ജഡം
ത്രീപീസ് സൂട്ട് ധാരിയായിരുന്നു.

അധികം പഴക്കമാകുംമുമ്പേ അത്‌
അസാധാരണമാം വിധം ചീര്‍ത്തുവന്നു..

കൊലയാണെന്നും വിഷബാധയെന്നും
പലപക്ഷമുണ്ട്‌ മാലോകരില്‍ .

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
മദിരാക്ഷിയുടെയും കഥകളും,
ഊഹക്കച്ചവടത്തിന്റെയും ചൂതാട്ടത്തിന്റെയും
പിന്നാമ്പുറക്കഥകളും പടരുന്നു.....

ഫോറന്‍സിക് ഫലങ്ങളില്‍
അറപ്പിക്കുന്ന വിവരങ്ങളുണ്ടത്രെ.

ഇറാഖ്, അഫ്ഗാന്‍, ഫലസ്തീന്‍ വംശജരുടെ
മാംസശിഷ്ടങ്ങളാമാശയത്തിലുണ്ടായിരുന്നുപോല്‍ ...!!

ഗ്വാണ്ടനാമോ, അബൂഗാരിബ് ജെയിലറകളില്‍
ഗതികിട്ടാതലയുമാത്മാക്കളുടെ
ശാപബാധയുമാകാം മരണകാരണമെന്ന്‌
ഉപശാലകളീല്‍ ജനസംസാരം .

ആസന്നമരണനായ്‌ അര്‍ദ്ധബോധത്തില്‍
ബുഷ്..ബുഷ് എന്നുരുവിട്ടിരുന്നുവത്രെ.

ശപിക്കയായിരുന്നോ വിലപിക്കയായിരുന്നോ
പശ്ചാത്തപിക്കയായിരുന്നോ എന്നാര്‍ക്കും
തീര്‍ച്ചയും മൂര്‍ച്ചയും ഇല്ലതാനും ...

എന്നാലും എങ്ങനെ കഴിഞ്ഞതാണെന്നൊരാള്‍ .
വിനാശകാലേ വിപരീതബുദ്ധിയെന്ന് മറ്റൊരാള്‍ .
വാളെടുത്തവന്‍ വാളാല്‍ എന്നു വേറൊരാള്‍ .
മുജ്ജന്‍മദുഷ്കൃതം എന്ന് ഇനിയുമൊരാള്‍ .

ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്ന്‌
ആരോ പണ്ടേ പറഞ്ഞുവെച്ചിട്ടുമുണ്ട്‌.....
----------------------------------
Continue Reading