കാരശ്ശേരി മാഷ് കരകവിയുമ്പോള്‍


മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് ജനിച്ചുവളരുകയും മുസ്ലിംകളുടെ നന്മകള്‍ കണ്ടുശീലിക്കുകയും ചെയ്ത ഇതരമതസ്ഥര്‍ക്ക്  അതിശയം തോന്നുന്ന രീതിയില്‍ അവാസ്തവികമായാണ്‌ മുസ്ലിംകള്‍ നിരന്തരം ചിത്രീകരിക്കപെടുന്നത് എന്നത് വര്‍ത്തമാനകാലത്തെ  അനിഷേധ്യമായ യാഥാര്ത്ഥ്യമാണ്‌.
സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ പലതലങ്ങളിലും പലരീതികളിലുമായി നടത്തപ്പെടുന്ന പ്രചണ്ഡമായ ഈ പ്രോപ്പഗണ്ടയുടെ ക്രമപ്രവൃദ്ധമായ സ്വാധീനത്താല്‍ മുസ്ലിംകള്‍ അപകടകാരികളാണെന്ന ഒരു ധാരണ പരക്കുകയും അത് ഒരു പൊതുബോധമായി വികാസം കൊള്ളുകയും ചെയ്യുന്നുണ്ട് എന്നത് കാണാതിരുന്നിട്ട് കാര്യമില്ല.

സംഘപരിവാറിന്‌ താരതമ്യേന സ്വാധീനം കുറവുള്ളതുകൊണ്ടും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ സ്വാധീനക്കൂടുതല്‍ കൊണ്ടും ഈ പ്രചാരണത്തിന്റെ ദുഃസ്വാധീനം കേരളത്തില്‍ അത്രതന്നെ പ്രകടമല്ലെങ്കിലും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ അതിന്റെ ആപത്ത് വളരെ പ്രകടവും വ്യാപകവുമാണ്‌. മുസ്ലിംകള്‍ക്ക് ഭൂമിവില്‍ക്കാതിരിക്കല്‍
, വാടകവീടും ഹോട്ടല്‍മുറിയും നല്‍കാതിരിക്കല്‍, വര്‍ഷങ്ങളായി താമസിച്ചുവരുന്ന പ്രദേശങ്ങളില്‍നിന്നുപോലും പുകച്ചുപുറത്തുചാടിക്കല്‍ തുടങ്ങി പലരീതിയില്‍ മുസ്ലിംകളെ അത് ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍, മുസ്ലിംകള്‍ ഈ ദുഷ്പ്രചരണക്കാര്‍ ചിത്രീകരിക്കുംപോലെയുള്ള അപകടകാരിതയുള്ളവരല്ലെന്നും നന്മയോട് ആഭിമുഖ്യമുള്ളവരാണ്‌ അവരില്‍ സിംഹഭാഗവുമെന്നുമുള്ള സത്യകഥനം നടത്താന്‍ ആരെങ്കിലും തയ്യാറാവുന്നുവെങ്കില്‍ അതൊരു പുണ്യപ്രവര്‍ത്തിയാണെന്ന് സമ്മതിക്കേണ്ടതായുണ്ട്. കാലുഷ്യവും ശാത്രവവും സമൂഹത്തില്‍ നിന്ന് വിപാടനം ചെയ്യാന്‍ ഉതകുന്ന അത്തരം  പ്രവര്‍ത്തികളാണ്‌ കാലം ആവശ്യപ്പെടുന്നതും.  ഇതിന്റെ വെളിച്ചത്തിലാണ്‌ കെ.പി.രാമനുണ്ണി മാതൃഭൂമി പത്രത്തിലെഴുതിയ 'ഇതാണ്‌ ഇസ്ലാം" എന്ന  ലേഖനം പരിശോധിക്കപ്പെടേണ്ടതും അതിന്റെ പ്രസക്തി വിലയിരുത്തപ്പെടേണ്ടതും.

എടുത്ത് കാണിച്ച് വിളിച്ചുപറയാന്‍ പാകത്തില്‍ പത്രങ്ങളിലൂടെ പ്രകാശനം ചെയ്യപ്പെട്ട നന്മയുള്ള ഒരു വാര്‍ത്ത കയ്യില്‍ കിട്ടിയപ്പോള്‍ അതിന്റെ ചുവട്പിടിച്ച് തന്റെ മനസ്സ് വെളിപ്പെടുത്തിക്കൊണ്ട് രാമനുണ്ണി എഴുതിയ ലേഖനത്തിന്റെ സാമൂഹികപ്രാധാന്യം വലുതാണ്‌.. പൊതുവെ മുസ്ലിംകളെപ്പറ്റി പറഞ്ഞുപരത്തിക്കൊണ്ടിരിക്കുന്ന കഥകളുടെ അത്യുഷ്ണത്തിനിടയില്‍ വന്നു ഭവിച്ച ഒരു കുളിര്‍മഴപോലെ തോന്നി ആ ലേഖനം.

മുസ്ലിംകള്‍ ധാരാളമായുള്ള ഒരു ഭൂഭാഗത്ത് അവര്‍ക്കിടയില്‍ ജനിച്ച് അവരോടൊത്ത് വളര്‍ന്ന് അവരുടെ നന്മതിന്മകള്‍ കണ്ട് ശീലിച്ച മുസ്ലിമേതരനായ  ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ കരുത്തും അത് നല്‍കുന്ന വിശ്വാസ്യതയുണ്ട്. അദ്ദേഹത്തിന്‌ സ്വന്തം മനസ്സു തുറക്കാന്‍ രാസത്വരകം പോലെ പ്രേരണയായതാകട്ടെ കടലുണ്ടി എന്ന ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ്‌.

പാഞ്ഞടുക്കുന്ന തീവണ്ടിയുടെ വരവറിയാതെ പാളം മുറിച്ചുകടക്കാന്‍ തുനിഞ്ഞ രാമന്‍ എന്ന ബധിരനായ മനുഷ്യനെ പാളത്തില്‍ നിന്ന് തള്ളിമാറ്റാനുള്ള ശ്രമത്തിനിടയില്‍ അബുദുല്‍റഹ്മാന്‍ എന്ന മനുഷ്യസ്നേഹി ട്രെയിനിടിച്ചുമരിച്ച സംഭവം. 


മതഭക്തനായ അബ്ദുല്‍റഹ്മാന്റെ പുണ്യപ്രവര്‍ത്തി ഇസ്ലാമികമായ സംസ്ക്കാരത്തിന്റെ മഹിമവിളിച്ചോതുന്നതാണെന്നും ഇത്തരം സേവകരാണ്‌ യഥാര്‍ത്ഥ ഇസ്ലാമിന്റെ പ്രതിനിധികളെന്നും കെ.പി.രാമനുണ്ണി ലേഖനത്തില്‍ വിശദീകരിച്ചു.  തന്റെ ചെറുപ്പം തൊട്ട് അദ്ദേഹം അനുഭവിച്ചും അറിഞ്ഞും വന്ന സത്യത്തെ ഏറ്റവും പുതിയ ഒരുദാഹരണത്തെ സാക്ഷിയാക്കി അദ്ദേഹം വിളിച്ചുപറഞ്ഞു.

അസത്യപ്രചരണങ്ങളുടെ ഘനാന്ധകാരത്തിലേക്ക് വീശിയ സത്യത്തിന്റെ ഒരു നെയ്ത്തിരിനാളമായാണ്‌ കേരളം പൊതുവെ ആ ലേഖനത്തെ കണ്ടത്. മറിച്ചൊരഭിപ്രായം ആര്‍ക്കും ഉണ്ടാകുമെന്ന് വിചാരിക്കാനും ന്യായമില്ല.

പക്ഷെ, ആ ലേഖനത്തിനു പ്രതികരണമായി എംഎന്‍കാരശ്ശേരിയുടെ ഒരു കുറിപ്പ് മാതൃഭൂമില്‍ തന്നെ പ്രസിദ്ധീകൃതമായിരിക്കുന്നു. സാമൂഹികമായ ഒട്ടേറെ വിഷയങ്ങളില്‍ രചനത്മകമായി പ്രതികരിക്കാറുള്ള കാരശ്ശേരിമാഷുടെ ഇക്കാര്യത്തില്‍ വന്ന പ്രതികരണം നിഷേധാത്മകമായിപ്പോയി. ഇന്ത്യയുടെ മൊത്തം പരിപ്രേക്ഷ്യത്തില്‍ രാമനുണ്ണിയുടെ ലേഖനം മുന്നോട്ടുവെക്കുന്ന സൌഹൃദാത്മകമായ സന്ദേശത്തെ കണ്ടില്ലെന്ന് നടിച്ച് ആ ലേഖനം അപകടകരമായ സ്വത്വരാഷ്ട്രീയത്തിന്റെ വിഷബീജങ്ങളെ പേറുന്നുണ്ടെന്ന കണ്ടെത്തലാണ്‌ കുറിപ്പിന്റെ കാതല്‍. ഏതെങ്കിലും മതത്തിന്റെ അനുയായികളില്‍ നിന്നുണ്ടാകുന്ന സത്പ്രവര്‍ത്തികളെ ഇതരമതസ്ഥരായവര്‍ അനുമോദിച്ചുപറയുന്നതും പ്രശംസിക്കുന്നതും നല്ല പ്രവണതയല്ല, അത്തരത്തിലുള്ള എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും നാടിനെ ആപത്തിലേക്കാണ്‌ വലിച്ചുകൊണ്ടുപോകുന്നത് എന്നിങ്ങനെയും അദ്ദേഹത്തിന്റെ വാദഗതികള്‍ നീളുന്നു.

മതങ്ങള്‍ നന്മയുടെ സന്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനെ അതിന്റെ പ്രയോക്താക്കളായ മതഭക്തര്‍ ശിരസാവഹിക്കുകയും തങ്ങളുടെ ജീവിതംകൊണ്ട് ആ സത്യസന്ദേശങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് അപരാധമായിത്തീരുമെന്നാണ്‌ മാഷുടെ വാക്കുകള്‍ പറയാതെ പറയുന്നത്. അത്തരം നന്മകളെ സാമൂഹികസുസ്ഥിതിയെക്കരുതി ഉദാഹരിക്കുന്നത് പോലും അപകടകരമാണെന്ന് മാഷ് പറയുന്നതിന്റെ നേര്‍ക്ക്നേരെയുള്ള അര്‍ത്ഥം.

ദുഷ്ടനും ഭീകരനും മനുഷ്യപറ്റില്ലാത്തവനും രാജ്യദ്രോഹിയും ഒക്കെ ആയി ചിത്രീകരിക്കപ്പെടുകയും അതിന്റെ ഫലമായി ഭൂമിവാങ്ങാനോ വാടകവീടെങ്കിലും അനുവദിച്ചുകിട്ടാനോ പോലും അനര്‍ഹനാക്കപ്പെടുകയും ചെയ്യുന്ന സംഗതികള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും പതിവുരീതിയായിരിക്കുന്ന പരിതസ്ഥിതിയില്‍ മുസല്‍മാന്റെ ഏതെങ്കിലും ഒരു നന്മ എടുത്ത് കാണിച്ച് മുസ്ലിം അങ്ങനെയല്ല, ഇങ്ങനെയാണ്‌ എന്നൊരാള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് "മഹാപാതകം" ആയി കാരശ്ശേരിക്ക് തോന്നുന്നതില്‍ എന്തോ വശപ്പിശകുണ്ട്.

മതത്തിന്റെ പേരും പറഞ്ഞ് വികാരാവേശത്തിനടിമപ്പെട്ട് അത്യാചാരങ്ങള്‍ അരങ്ങുതകര്‍ക്കുന്ന അവസ്ഥ നാട്ടിലുണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. പക്ഷെ അതിനോടുള്ള എതിര്‍പ്പ് മതത്തോടും മതം അനുശാസിക്കുന്ന നന്മകളോടും നിഷേധാത്മകമായ നിലപാടെടുക്കുന്നിടത്തോളം പോകുന്നത് ആശാസ്യമായി തോന്നുന്നില്ല. അതേസമയം മതത്തിന്റെ അന്തഃസത്തക്ക് നിരക്കുന്ന കാരുണ്യപരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിനെ പ്രകീര്‍ത്തിക്കുന്നതും തിന്മകള്‍ക്ക് നേരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രായോഗികരൂപമായി കണക്കാക്കാവുന്നതുമാണ്‌. അങ്ങനെ മാത്രമേ മതത്തെ ദുരുപയോഗിച്ച് സമൂഹത്തില്‍ നാശംവിതക്കുന്നവരെ പ്രതിരോധിക്കാന്‍ കഴിയുകയുമുള്ളു.   രാമനുണ്ണി ലേഖനമെഴുത്തിലൂടെ ലക്ഷ്യമിട്ടതും അതുതന്നെയാണെന്നത് കണ്ണില്‍ തിമിരം ബാധിക്കാത്തവര്‍ക്കെല്ലാം സുതാരാം വ്യക്തമാണ്‌.

ഇഴകീറിയുള്ള മൈക്രോസ്കോപ്പിക്ക്  പരിശോധനയും വ്യാഖ്യാന കസര്‍ത്തുകളും കൊണ്ട് പുകമറ സൃഷ്ടിച്ച് സുതാര്യവും ലളിതവും സാമൂഹികനന്മ ലക്ഷ്യം വെക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയും  ആടിനെ പട്ടിയാക്കി ചിത്രീകരിക്കുകയും ചെയ്യുന്നതുകൊണ്ട് കാരശ്ശേരി മാഷ് ലക്ഷ്യം വെക്കുന്നത് എന്തായിരിക്കും !! ആരുടെയൊക്കെയോ കയ്യടിനേടുകയും അന്യദൃഷ്ടിയില്‍ സ്വന്തം മതേതരക്കുപ്പായം അല്‍പ്പം കൂടി വെളുപ്പിക്കുകയുമായിരിക്കാം അദ്ദേഹം തന്റെ ചെറുകുറിപ്പ്കൊണ്ട് ഒരുപക്ഷെ ഉന്നമിടുന്നത്. അതെന്തായാലും അദ്ദേഹത്തിന്റെ അനവധാനതയോടെയുള്ള ഈ കുറിപ്പെഴുത്ത് മനുഷ്യപക്ഷത്ത് നില്‍ക്കുന്നവരേയും വിശാലമാനവികതയേയും ബലപ്പെടുത്തുന്നതായിരിക്കയില്ല എന്നത് നിസ്തര്‍ക്കം.

ആളുകളെ ഇല്ലാത്ത ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാനും നിഷ്ക്കളങ്കവും നന്മയാല്‍ പ്രചോദിതവുമായ ഒരു പ്രവര്‍ത്തിയെ വികൃതമാക്കി ചിത്രീകരിക്കാനുമുള്ള ഈ ശ്രമം പിന്തുണയര്‍ഹിക്കാത്ത അപഹാസ്യതയാണെന്നാണ്‌ ഈയുള്ളവന്റെ പക്ഷം.

20 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

ആളുകളെ ഇല്ലാത്ത ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാനും നിഷ്ക്കളങ്കവും നന്മയാല്‍ പ്രചോദിതവുമായ ഒരു പ്രവര്‍ത്തിയെ വികൃതമാക്കി ചിത്രീകരിക്കാനുമുള്ള ഈ ശ്രമം പിന്തുണയര്‍ഹിക്കാത്ത അപഹാസ്യതയാണെന്നാണ്‌ ഈയുള്ളവന്റെ പക്ഷം.

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

മഞ്ഞ കണ്ണട വെച്ചു നോക്കുന്നവന് അങ്ങിനെയേ തോന്നൂ. രാമനുണ്ണി ചൂണ്ടിക്കാട്ടിയ സംഭവം എല്ലാവര്‍ക്കും അറിയുന്നതും മനസ്സില്‍ തട്ടുന്നതുമാണ് .

ശിഹാബ് മദാരി said... Reply To This Comment

വ്യക്തമാണ് എഴുത്ത്. എമ്മെൻ കാരശ്ശേരി മാഷെ നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ പോലും വശപ്പിശക് കാണുന്നുണ്ട്. ഈ വിഷയം അല്ലാതെ തന്നെ മറ്റു പല കാര്യങ്ങ;ളിലും അത് പ്രകടവുമാണ്‌. ആരെയോ തൃപ്തിപ്പെടുത്താൻ????
മുസ്ലിംകൾ - ഞാനും നിങ്ങളും അടക്കം സംശയത്തിന്റെ നിഴലിൽ ആണ് . പരമ സത്യമാണത്. കേരളമൊഴിച്ചു ചിന്തിച്ചാൽ അത് അപകടകരമായ രീതിയിൽ വളരുന്നുണ്ട്‌. സംഘപരിവാര് രാജ്യത്തെ കുട്ടിച്ചോരാക്കും എന്നൊന്നും അതിനർതമില്ല. കാരണം വളരെ കുറഞ്ഞ ആ പരിവാര ശതമാനം നല്ലത് മാത്രം ചിന്തിക്കുന്ന ഹൈന്ദവ സഹോദരങ്ങളെ വിളക്കെടുക്കാൻ മാത്രം വളര്ന്നിട്ടില്ലല്ലോ.
മറ്റൊന്ന് - ആദ്യം മുസ്ലിം - പിന്നെ ക്രിസ്ത്യൻ - അത് കഴിഞ്ഞു കാലാകാലത്തേക്കു ജാതീയത - അവരക്കറിയാം കീഴ്ജാതിക്കാരെ തച്ചു കൊള്ളുന്ന ചാതുർവർന്ന്യത്തെ കുറിച്ച് - അല്പകാലത്തേക്ക് ഇതൊക്കെ നടക്കും.
മറിച്ചായാൽ എല്ലാവര്ക്കും ഒരു പോലെ അപകടമാണെന്ന് എല്ലാരും ചിന്തിച്ചു തുടങ്ങിയിട്ടുമുണ്ട്.
വിവരമുള്ളവർ മറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതും വസ്തുതയാണ്.
ബാക്കി കണ്ടറിയാം
നല്ല ലേഖനം - വായിക്കപ്പെടണം

yousufpa said... Reply To This Comment

നിരന്തരം ഇസ്ലാമിനെ കരിവാരി തേക്കുന്നതിൽ മിടുക്കരാണു ഹമീദ് ചേന്നമംഗല്ലൂരും എം എൻ കാരശ്ശേരിയും. മാതൃഭൂമി അതിനു പ്ലാറ്റ്ഫോം തയ്യാറാക്കുകയും ചെയ്യുന്നു. ഒന്നാലോചിച്ചു നോക്കൂ, ഈ കുളത്തിൽ കൊച്ചംകുത്തുകയല്ലാതെ വേറെ എന്ത് ഐഡന്റിറ്റിയാണുള്ളത്. അവർ എന്തിന്റെ പേരിലാണു അറിയപ്പെട്ടിട്ടുള്ളത്?. അതു കൊണ്ട് അവർ കൊച്ചംകുത്തട്ടേന്നയ്. സത്യാൻവേഷികൾക്ക് സത്യം അറിയാൻ ഇത്തരം ചർച്ചകൾ ഉദകിയേക്കും.

yousufpa said... Reply To This Comment

നിരന്തരം ഇസ്ലാമിനെ കരിവാരി തേക്കുന്നതിൽ മിടുക്കരാണു ഹമീദ് ചേന്നമംഗല്ലൂരും എം എൻ കാരശ്ശേരിയും. മാതൃഭൂമി അതിനു പ്ലാറ്റ്ഫോം തയ്യാറാക്കുകയും ചെയ്യുന്നു. ഒന്നാലോചിച്ചു നോക്കൂ, ഈ കുളത്തിൽ കൊച്ചംകുത്തുകയല്ലാതെ വേറെ എന്ത് ഐഡന്റിറ്റിയാണുള്ളത്. അവർ എന്തിന്റെ പേരിലാണു അറിയപ്പെട്ടിട്ടുള്ളത്?. അതു കൊണ്ട് അവർ കൊച്ചംകുത്തട്ടേന്നയ്. സത്യാൻവേഷികൾക്ക് സത്യം അറിയാൻ ഇത്തരം ചർച്ചകൾ ഉദകിയേക്കും.

Unknown said... Reply To This Comment

മതം എന്നത് ജീവിതത്തിൽ അനുഷ്ടിക്കാനുല്ലതല്ല ചിലര്ക്ക് എന്നാൽ അബ്ദു രഹ്മാണ് അത് അനുഷ്ടാനമായിരിക്കാം . കാരശ്ശേരി മാഷ്‌ അത് ഒരിക്കലും പ്രാവര്തിക മാക്കി കണ്ടിട്ടില്ല അദ്ദേഹം ഏതോ ഒഴിഞ്ഞു കിടക്കുന്ന സാമ്സാകരിക നായക കസേര ലെക്ഷ്യമിടുന്ന്നുണ്ടായിരിക്കാം . പുകഴ്ത്തിയില്ലെങ്കിലും ഇകഴ്താതിരിക്കാമായിരുന്നു. ലെകനതിലൂടെ രാമനുന്നിയെയാണ് ലെക്ഷ്യേം വെച്ചതെങ്കിലും ..അബ്ദു രമാന്റെ വിശ്വോസ്യതെയും ചോധ്യേം ചെയ്യാൻ മാഷിനായി ....തിമിര കാലം

കൊച്ചു ഗോവിന്ദൻ said... Reply To This Comment

മതത്തെ കുറിച്ച് മിണ്ടിയാൽ വർഗീയത ആരോപിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ ലേഖനം വായിച്ച പലരും അഭിപ്രായം രേഖപ്പെടുത്താതെ പോകുന്നതും അതുകൊണ്ട് തന്നെയാവണം.
സ്വന്തം ജീവൻ ബലി കൊടുത്ത് മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നത് അതിരറ്റ മനുഷ്യസ്നേഹത്തിന്റെ ഉദാഹരണം തന്നെയാണ്. നന്മ വറ്റാത്ത ഒരു വലിയ സമൂഹം നിത്യേന ഏറിയോ കുറഞ്ഞോ ഇത്തരം പുണ്യപ്രവൃത്തികളിൽ ഏർപ്പെടുന്നുമുണ്ട്. പക്ഷേ, ഇതാണ് ഇസ്ലാം, ഇതാണ് ഹിന്ദു എന്ന രീതിയിൽ ആ പ്രവൃത്തികളെ വർഗീകരിക്കേണ്ടതുണ്ടോ? അങ്ങനെ ചെയ്യുമ്പോൾ ബോധപൂർവമല്ലെങ്കിൽ പോലും ഒരു തരംതിരിവ് സൃഷ്ടിക്കപ്പെടുന്നില്ലേ?
ശ്രീ. എം.എൻ കാരശ്ശേരി സാറിന്റെ ആരോപണങ്ങൾ പലതിനോടും എനിക്കും വിയോജിപ്പുണ്ട്. പക്ഷേ, നാളത്തെ പത്രങ്ങളിൽ ഹിന്ദു മുസ്ലിമിന് രക്തം കൊടുത്തു, മുസ്ലിം ക്രിസ്ത്യാനിയെ രക്ഷിച്ചു തുടങ്ങിയ വാർത്തകൾ വരുന്നത് അംഗീകരിക്കാൻ വയ്യ. സ്വന്തം സുഹൃത്തിനെ രക്ഷിക്കാൻ ജീവൻ ത്യജിച്ച ശ്രീ. അബ്ദുറഹിമാൻ എന്ന യഥാർത്ഥ ഇസ്ലാം അഥവാ യഥാർത്ഥ മനുഷ്യസ്നേഹി ഈ ലോകത്തിന്റെ കാപട്യങ്ങൾ ഓർത്ത് ദുഃഖിക്കുന്നുണ്ടാകും.

പ്രവീണ്‍ ശേഖര്‍ said... Reply To This Comment

കെ.പി രാമനുണ്ണിയുടെയും കാരശ്ശേരി മാഷിന്റെയും ലേഖനങ്ങൾ വായിച്ചു. അത് വായിച്ച അറിവിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഞാൻ കാരശ്ശേരി മാഷ്‌ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുകയാണ്. മാഷിന്റെ ലേഖനം ഇസ്ലാമിനെ അപമാനിക്കാനോ ഇകഴ്ത്തി കാണിക്കാനോ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വളരെ പ്രസക്തമായ കാര്യങ്ങൾ തന്നെയാണ് മാഷ്‌ പറഞ്ഞിട്ടുള്ളത്. കെ. പി രാമനുണ്ണി വർഗ്ഗീയവാദി ആണെന്നോ പുള്ളി മോശം ഉദ്ദേശ്യത്തോടെ എഴുതിയതാണ് ആ ലേഖനം എന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷെ കാര്യങ്ങളെ മതാടിസ്ഥാനത്തിൽ വിലയിരുത്തുന്ന നിലപാടിനോട് യോജിക്കാനാകുന്നില്ല. എല്ലാ മതങ്ങളും പരസ്പ്പര സ്നേഹവും സഹകരണവും ഒക്കെ തന്നെയാണ് പഠിപ്പിക്കുന്നത്. അത് പ്രാവർത്തികമാക്കുന്നവർ ചുരുക്കം മാത്രമാണ്. ഇവിടെ കെ.പി രാമനുണ്ണിക്ക് നേരിട്ട് അറിയുന്ന ആള് പോലുമല്ല മരിച്ച അബ്ദു റഹ്മാൻ. അദ്ദേഹം ജീവിതത്തിൽ എത്രത്തോളം ശരിയായ രീതിയിൽ ഇസ്ലാമിനെ പകർത്തിയിട്ടുണ്ടായിരുന്നു എന്നതിനും അറിവില്ല. എന്നാൽ അദ്ദേഹം ചെയ്ത ഒരു നല്ല കാര്യത്തെ അദ്ദേഹത്തിന്റെ മതത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയത് തീർത്തും അനുചിതമായി എന്ന അഭിപ്രായമാണ് എനിക്ക്. അവിടെയാണ് കാരശ്ശേരി മാഷ്‌ ചോദിച്ച ചോദ്യത്തിന്റെ പ്രസക്തി ഏറുന്നത്. വിശ്വാസികളുടെ നന്മകളെല്ലാം മതത്തിന്റെ കണക്കിലെഴുതിയാല്‍ അവരുടെ തിന്മകളും ആ കണക്കില്‍ എഴുതേണ്ടിവരില്ലേ?

കെ. പി രാമനുണ്ണിയുടെ ഇപ്പോഴത്തെ ലേഖനത്തിനു പ്രസക്തി കൊടുത്തെന്നാൽ നാളെ മുതൽ നന്മ ചെയ്യുന്നവരെയെല്ലാം അവരവരുടെ മതത്തെ നോക്കി കൊണ്ട് ഇതായിരിക്കണം ഹിന്ദു ...ഇതായിരിക്കണം ക്രിസ്ത്യൻ ..ഇതായിരിക്കണം സിഖ് ...എന്ന് തുടങ്ങിയുള്ള ലേഖനങ്ങളുടെ പ്രവാഹമായിരിക്കുമല്ലോ പത്ര മാധ്യമങ്ങളിൽ . ഏതെങ്കിലും ഒരു മതവിഭാഗത്തിൽ പെട്ടവൻ ഏതെങ്കിലും ക്രിമിനൽ ആക്ടിവിറ്റി ചെയ്‌താൽ അത് മതത്തിന്റെ തകരാറായി വ്യാഖ്യാനിച്ച് മതത്തിനു ചീത്ത പേര് വരുത്തുമ്പോൾ നമ്മൾ പറയില്ലേ അയ്യോ ഇതൊന്നും മതത്തിന്റെ കുഴപ്പമല്ല വ്യക്തികളുടെ കുഴപ്പമാണ് എന്ന് ...അത് പോലെ തന്നെ വ്യക്തിഗതമായി കാണാകുന്ന കാര്യങ്ങളെ ഈ വിഷയത്തിലും സംഭവിച്ചിട്ടുള്ളൂ .

ajith said... Reply To This Comment
This comment has been removed by the author.
ajith said... Reply To This Comment

ഞാന്‍ പൂര്‍ണ്ണമായും കാരശ്ശേരി മാഷിനോട് യോജിക്കുന്നു. കാരണം ഇങ്ങനെയൊരു സംഭവത്തില്‍ മുസ്ലിം ഹിന്ദുവിനെ ജാതിമതം നോക്കാതെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന് ഹൈലൈറ്റ് ചെയ്യുന്നത് തികഞ്ഞ അശ്ലീലമാണെന്ന് ഞാന്‍ കരുതുന്നു. ഒരു അരമതിലിന്മേല്‍ ശബരിമലവ്രതവേഷത്തിലുള്ള രണ്ട് യുവാക്കളും ഒരു മുസ്ലിം യുവാവും ഒന്നിച്ച് ഇരിക്കുന്നത് കണ്ടയുടനെ ഒരു മന്ത്രിക്ക് ഹര്‍ഷോന്മാദം ഉണ്ടാവുകയും മതസൌഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃക എന്നപേരില്‍ അതിന് അഭിനന്ദനമറിയിക്കുന്നതും പോലെ അശ്ലീലം തന്നെയാണ് ഇതും. എന്തുകൊണ്ട് ആദ്യത്തെ ദൌര്‍ഭാഗ്യകരമായ സംഭവത്തിലെ പാത്രങ്ങളെ രണ്ട് മനുഷ്യരെന്ന് മാത്രം കാണാതിരുന്നു. എന്തുകൊണ്ട് അവരുടെ മതം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. കേരളത്തില്‍ എന്തിനിങ്ങനെ ഒരു വേര്‍തിരിവ് സൃഷ്ടിക്കണം. വീടിന് വെളിയിലേക്കൊന്നിറങ്ങിനോക്കാം. അവിടെ മതഭേദങ്ങളില്ലാതെ മനുഷ്യര്‍ ഇടപഴകുന്നതും സമരസപ്പെട്ട് ജീവിക്കുന്നതും നമുക്ക് സമൃദ്ധമായി കാണാനാകും. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മുഖം അങ്ങനെയാണ്. അരമതിലില്‍ ഇരുന്ന മൂന്ന് യുവാക്കളെപ്പോലെ എത്ര ആയിരം യുവാക്കളുണ്ടെന്നോ നാട്ടില്‍! അത് കാണാന്‍ കണ്ണില്ലാത്ത വര്‍ഗീയക്കോമരങ്ങളാണ് വല്ലപ്പഴും അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വാര്‍ത്തകളെ മതത്തിന്റെ കള്ളികളിലേക്ക് വേര്‍തിരിച്ച് നിര്‍ത്തുന്നത്. ഞാന്‍ പുച്ഛത്തോടെ അവരുടെ വിഷമൊഴികളെ തള്ളിക്കളയുന്നു.

സിയാഫ് അബ്ദുള്‍ഖാദര്‍ said... Reply To This Comment

കാരശ്ശേരി മാഷിന്‍റെയോ രാമനുണ്ണിയുടെയോ ലേഖനങ്ങള്‍ വായിക്കാന്‍ ഇടയായിട്ടില്ല .അത് കൊണ്ട് താങ്കള്‍ ഈ ലേഖനത്തില്‍ വിവരിക്കുന്ന കാര്യങ്ങള്‍ വെച്ചു പറയാം .
1.മത വിശ്വാസം എന്നത് തികച്ചും സ്വകാര്യമായ ഒരു കാര്യമാണ് .അത് ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേക്കും വലിച്ചിഴക്കുന്നത് നല്ല രീതിയല്ല .ഇസ്ലാം ആയത് കൊണ്ടല്ല ,അബ്ദുല്‍റഹിമാന്‍ രാമനെ രക്ഷിച്ചതും രക്ഷിക്കേണ്ടതും . പകരം മനുഷ്യന്‍ ആയത് കൊണ്ടാണ് .അതിനെ കണ്ടോ ഞങ്ങളുടെ മതത്തില്‍ പെട്ടവര്‍ മറ്റേ മതക്കാരനെ രക്ഷിച്ചു ,,നോക്കൂ ഞങ്ങളുടെ മത വിശ്വാസത്തിന്റെ പോരിശ എന്നഭിമാനിക്കുന്നത് ബാലിശം മാത്രമല്ല ലജ്ജാകരവുമാണ് .മതത്തില്‍ വിശ്വസിക്കാത്ത ആളുകള്‍ അങ്ങനെ ചെയ്താല്‍ അത് ആരുടെ കണക്കില്‍ കൊള്ളിക്കണം?ഇനി മത വിശ്വാസികള്‍ അങ്ങനെ ചെയ്യേണ്ടതില്ല എന്നാണോ അര്‍ത്ഥം? ഇസ്ലാം ട്രെയിനിന്റെ മുന്നില്‍ നിന്നു അന്യമതസ്ഥരെ രക്ഷിക്കണം എന്നൊന്നും അനുശാസിക്കുന്നില്ല ,അന്യ മതസ്ഥരോട് അത്രക്കൊന്നും സൌഹാര്‍ദ്ദപരമായ സമീപനം ആണ് പുലര്‍ത്തുന്നതെന്ന് പോലും പറയാന്‍ കഴിയില്ല
2.കേരളത്തില്‍ അടക്കം ഇസ്ലാം മത വിശ്വാസികള്‍ മറ്റ് മതസ്ഥരില്‍ നിന്ന്‍ നേരിടുന്ന പീഡനങ്ങളുടെ അഞ്ചോ പത്തോ ഇരട്ടി പീഡനങ്ങള്‍ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ മറ്റ് മതങ്ങളില്‍ ഉള്ളവര്‍ നേരിടേണ്ടി വരാറുണ്ട് ,അതിനെതിരെ അവിടങ്ങളില്‍ കാര്യമായ എതിര്‍പ്പുകള്‍ ഒന്നും മുസ്ലിങ്ങളില്‍ നിന്ന്‍ ഉണ്ടാവാറില്ല .ഒരു രാമനുണ്ണിയെപ്പോലൂം നിങ്ങള്ക്ക് അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല .പിന്നെങ്ങനെയാണ് ഇസ്ലാം മത വിശ്വാസികള്‍ സമാധാന പ്രിയരും മറ്റ് മതങ്ങളെ ബഹുമാനിക്കുന്നവരും ആണെന്ന് പറയുക ?
അവിജിത്ത് റോയിയെ വെടി വെച്ചു കൊന്നതിനെതിരെ താങ്കള്‍ എങ്ങനെയാണ് പ്രതികരിച്ചത് ?മത വിശ്വസം താങ്കള്‍ ഈ പറയുന്നതു പോലെ വിശാലവും മഹത്തരവും ആയിരുന്നെങ്കില്‍ അതും ചെയ്യേണ്ടതല്ലേ ?(രക്ഷിക്കാന്‍ കഴിയില്ല എന്നത് മനസ്സിലാക്കാം ,പക്ഷേ കൊലക്കെതിരെ മൌനം പാലിക്കുന്നത് കൊലയാളികളെ പിന്തുണക്കുന്നത് പോലെ തന്നെയല്ലേ )
3.പൊതുധാരണയില്‍ ഉള്ള ഈ മത സൌഹാര്‍ദ്ദം തികച്ചും പൊള്ളയാണ് ,മാനസികമായ ഐക്യമാണ് വേണ്ടത് .അല്ലാതെ മോയ്ല്‍യരുടെയും പള്ളീലച്ചന്റെയും പൂജാരിയുടെയും വേഷം ധരിച്ചവരുടെ ഫോട്ടോ പതിച്ചത് കൊണ്ടൊന്നും മത സൌഹാര്‍ദ്ദം ഉണ്ടാവുകയില്ല .വേഷം കെട്ടലുകളല്ല ,ആത്മാര്‍ഥതയോടെയുള്ള ഇടപെടലുകളും പരസ്പര സ്നേഹവും ബഹുമാനവും ആണ് വേണ്ടത് ..(അത് മതങ്ങളുടെ ഇടയില്‍ സാധ്യമാവുകയില്ല എന്നത് വേറൊരു കാര്യം ,ആത്യന്തികമായി ഞാന്‍ പറയുന്നതു മാത്രമാണു ശരി എന്ന്‍ പറയുന്ന മതങ്ങള്‍ക്ക് മറ്റ് മതങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളാനാകും )

Pradeep Kumar said... Reply To This Comment

മനുഷ്യനെ മതങ്ങളുടെ ലേബലിൽ നിർവ്വചിക്കുന്നത് ബുദ്ധിജീവികളെങ്കിലും അവസാനിപ്പിച്ചിരുന്നെങ്കിൽ.....

കൂതറHashimܓ said... Reply To This Comment

എല്ലായിടതും മതപരമായ ചട്ടക്കൂടിടിൽ കാര്യത്തെ വിലയിരുത്തുന്നതു ശരിയെല്ലെന്ന് വ്യക്തം.
'എല്ലാവരും അതിനു പിറകെ അയതിനാൽ തനും..' എന്ന ട്രാക്കിൽ മിക്കവരും ആയിപ്പോവുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അത്തരം ട്രാപ്പിൽ മിക്കവരും ഒതുങ്ങി കൂടുന്നതും ആവാം.

മാനുഷിക മൂല്യങ്ങൾക്കുള്ള പ്രചോദനത്തിനു മതത്തെ ഉപയോഗപ്പെടുത്തട്ടെ.. അല്ലാതെ അവയെ മതാടിസ്ഥനത്തിൽ വേർതിരിച്ച് വിശകലനം ചെയ്യാനല്ലാ.
അതിലുപരി നന്മക്കായുള്ള വക്താവിന്റെ സാരാംശം ചർച്ച ചെയ്യാതെ പോകുകയും അരുതു

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ സിയാഫ് അബ്ദുൽ ഖാദർ.
>> മതവിശ്വാസം എന്നത് തികച്ചും സ്വകാര്യമായ ഒരു കാര്യമാണ് <<
യോജിക്കുന്നു.
>> അത് ജീവിതത്തിന്റെ സമസ്തമേഖലയിലേക്കും വലിച്ചിഴക്കുന്നത് ശരിയല്ല <<
വിയോജിക്കുന്നു. ഒരാൾ ഏതെങ്കിലും ഒരു മതവിശ്വാസിയാണെങ്കിൽ ആ വിശ്വാസത്തിന്റെ ധാർമ്മികമാനദണ്ഡങ്ങൾ തനിക്കും ലോകത്തിനും ഇണങ്ങുന്നതും ഗുണകരവുമാണെന്ന് ബോദ്ധ്യമുള്ളതുകൊണ്ടായിരിക്കണം വിശ്വാസിയാകുന്നത്. അങ്ങനെയെങ്കിൽ അതിനെ അയാളുടെ വ്യക്തിജീവിതത്തിന്റെ സമസ്തമേഖലയിലേക്കും “വലിച്ചിഴക്കേണ്ടി” വരും. (ചില കാര്യങ്ങളിൽ മാത്രം മതം ബാധകമാക്കുകയും മറ്റു ചിലതിൽ മതത്തെ അട്ടത്ത് വെക്കുകയും ചെയ്യാൻ തീരുമാനിച്ച് ഒരാൾ കടം വാങ്ങിയത് തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ മതാനുശാസനം അനുസരിക്കേണ്ട എന്ന് തീരുമാനിച്ചാൽ സംഗതി കുഴയും :)
ഇനി രാഷ്ടവ്യവഹാരത്തിന്റെ കാര്യത്തിലാണ് സിയാഫ് ഉദ്ദേശിച്ചതെങ്കിൽ യോജിപ്പുണ്ട്.
>> ഇസ്ലാം ആയതുകൊണ്ടല്ല അബ്ദുറഹിമാൻ രാമനെ രക്ഷിച്ചതും രക്ഷിക്കേണ്ടതും <<
രക്ഷിക്കാൻ ശ്രമിച്ച നേരത്ത് അബ്ദുറഹിമാനെ പ്രചോദിപ്പിച്ചത് മതവിശ്വാസമാണോ കേവലജീവകാരുണ്യമാണോ എന്നത് അബ്ദുറഹിമാന് മാത്രം അറിയാവുന്ന കാര്യമാണ്. രാമനുണ്ണിയുടെ ഊഹം അബ്ദുറഹിമാന്റെ മതബോധത്തിലൂന്നിയ ഉന്നതസംസ്കാരമാണ് അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നാണ്. സിയാഫിനും ഇക്കാര്യത്തിൽ ഊഹം മാത്രമല്ലേയുള്ളു? (എനിക്ക് ഇക്കാര്യത്തിൽ ഊഹങ്ങളില്ല :) )
>> അതിനെ “കണ്ടോ ഞങ്ങളുടെ മതവിശ്വാസത്തിന്റെ പോരിശ” എന്നഭിമാനിക്കുന്നത് ബാലിശം മാത്രമല്ല, ലജ്ജാകരം കൂടിയാണ് <<
യോജിക്കുന്നു. മതവിശ്വാസികൾ നിസ്വാർത്ഥരും സേവനോത്സുകരും ആയിരിക്കുക എന്നത് സ്വാഭാവികമായി പുലർന്നുകാണേണ്ട കാര്യമാണ്. അതിനെ കൊട്ടിഘോഷിക്കേണ്ടതില്ല. ഒരാൾ ഒരു പുണ്യപ്രവർത്തി ചെയ്തതിനെ പൊക്കിപ്പിടിച്ച് അത് മതത്തിന്റെ ഔൽകൃഷ്ട്യമാണെന്ന് പരസ്യപ്പെടുത്തേണ്ടതാണെന്ന് എന്റെ കുറിപ്പിൽ ഞാനെവിടെയും എഴുതിയിട്ടുമില്ലല്ലോ. അബ്ദുറഹിമാന്റെ മതക്കാർ അതിനെ കൊട്ടിഘോഷിച്ചതായും അറിവില്ലാത്തതിനാൽ സിയാഫ് ഇരുട്ടിലേക്ക് വെറുതെ ഒരു വെടിപൊട്ടിച്ചതായി തോന്നുന്നു.
ഇവിടെ മതവിശ്വാസത്തിന്റെ മഹത്വമായി അതിനെ ഉയർത്തിക്കാണിച്ചത് രാമനുണ്ണി എന്ന അന്യമതസ്ഥനാണ്. രാമനുണ്ണിയുടെ നിഷ്ക്കളങ്കവും നിസ്വാർത്ഥവുമായ നിലപാട് എന്തോ വലിയ മാരണമാണെന്നും അത് എന്തൊക്കെയോ അപകടം പിടിച്ച സ്വത്വരാഷ്ടീയത്തിന്റെ രോഗലക്ഷണമാണെന്നും കാരശ്ശേരി തട്ടിവിട്ടപ്പോൾ രാമനുണ്ണിയുടെ പ്രവർത്തിയിൽ തിന്മയാരോപിക്കുന്നത് കടുംകയ്യാണെന്ന എന്റെ അഭിപ്രായം കുറിപ്പിലൂടെ പ്രകാശിപ്പിക്കുകയാണ് ഞാൻ ചെയ്തത്.
>> മതത്തിൽ വിശ്വസിക്കാത്തയാളുകൾ അങ്ങനെ ചെയ്താൽ അത് ആരുടെ കണക്കൽ കൊള്ളിക്കണം? <<
ചോദ്യം രാമനുണ്ണിയോടല്ല, എന്നോടാണ് എന്നതിനാൽ എന്റെ വീക്ഷണം പറയാം. സ്വാർത്ഥത തീണ്ടാത്ത സത്പ്രവർത്തി ആരുചെയ്യുമ്പോഴും അതിനു അയാളെ പ്രചോദിപ്പിച്ചത് അയാളിലെ ഏതു നന്മയാണെന്നു വെച്ചാൽ അതിന്റെ ക്രെഡിറ്റ് ആ നന്മയ്ക്ക് ഞാൻ വകവെച്ചുകൊടുക്കും. രാമനുണ്ണിയുടെ മനസ്സും സമാനമായി ആ വഴിയിലാണെന്ന തിരിച്ചറിവാണ് വിശാലമായ ആ മാനവികവീക്ഷണത്തെ തലകീഴാക്കിപ്പിടിച്ച് കാരശ്ശേരി കൊഞ്ഞനം കുത്തിയതിനോട് പ്രതികരിക്കാൻ എന്നെ പ്രേരിതനാക്കിയത്.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ സിയാഫ് അബ്ദുൽ ഖാദർ.
>> ഇസ്ലാം അന്യമതസ്ഥരെ ട്രെയിനിനു മുന്നിൽ നിന്ന് രക്ഷിക്കാൻ അനുശാസിക്കുന്നില്ല <<
എനിക്ക് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. എല്ലാ വാഹനങ്ങളുടേയും പേരെഴുതി പുണ്യപ്രവർത്തികളെ വിശദീകരിക്കുകയാണെങ്കിൽ ഗീതയുടേയും ഖുർ’ആന്റെയും ബൈബിളിന്റേയും ഗുരുഗ്രന്ഥസാഹിബിന്റേയും ഒക്കെ ഭാരം അവയെ ക്രെയിൻ ഉപയോഗിച്ചാൽ മാത്രം എടുത്തുപൊക്കാൻ കഴിയുന്ന അളവിൽ ആകുമായിരുന്നു 
>> അന്യമതസ്ഥരോട് അത്രക്കൊന്നും സൗഹാർദ്ദപരമായ സമീപനം ആണ് ഇസ്ലാം പുലർത്തുന്നതെന്നും പറയാൻ കഴിയില്ല <<
അനുശാസനങ്ങളിൽ നിന്ന് (ഖുർ’ആൻ, ഹദീസ്) സാമ്പിൾ ആയി ഈ വാദത്തിന് ഉപോദ്ബലകമായതെന്തെങ്കിലും സിയാഫിന് എടുത്തുദ്ധരിക്കാമായിരുന്നു !!
>> കേരളത്തിൽ അടക്കം ഇസ്ലാം മതവിശ്വാസികൾ മറ്റു മതസ്ഥരിൽ നിന്നും നേരിടുന്ന പീഡനങ്ങളുടെ അഞ്ചോ പത്തോ ഇരട്ടി പീഡനങ്ങൾ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിൽ മറ്റ് മതസ്ഥർ നേരിടേണ്ടിവരാറുണ്ട് <<
ഉവ്വോ? കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും എനിക്കിതൊരു പുതിയ അറിവാണ്. സത്യമാണെങ്കിൽ ആശങ്കാജനകം തന്നെ! കേരളത്തിൽ ആ അപകടം സംഭവിക്കുന്നത് എവിടെയാണെന്നറിയാൻ ജിജ്ഞാസ തോന്നുന്നു.
>> അവിജിത് റോയിയെ വെടിവെച്ചു കൊന്നതിനെ താങ്കൾ എങ്ങനെയാണ് പ്രതികരിച്ചത്? കൊലക്കെതിരെ മൗനം പാലിക്കുന്നത് കൊലയാളികളെ പിന്തുണക്കുന്നതിനു പോലെയല്ലെ? <<
അവിജിത് റോയിയെ കൊലപ്പെടുത്തിയതിനെ അപലപിച്ച് ഞാൻ ലേഖനമെഴുതിയിട്ടില്ല എന്നത് ശരിയാണ്. ടി.പി.ചന്ദ്രശേഖരനെ വധിച്ചപ്പോഴും ഇടുക്കിയിൽ “വൺ,ടൂ,ത്രീ” കൊലപാതകങ്ങൾ നടന്നപ്പോഴും അങ്ങനെ മറ്റനേകം പേർ അന്യായമായി കൊല്ലപ്പെട്ടപ്പോഴും ഞാൻ ലേഖനമെഴുതിയിട്ടില്ല. ഞാൻ കണ്ടിട്ടില്ലെങ്കിലും, ഓരോ കൊലക്കും ഓരോ ലേഖനം വീതം സിയാഫ് എഴുതിയിരിക്കുമെന്ന് ഇപ്പോൾ എനിക്ക് ബോദ്ധ്യമായി  കൊലയെ “മൗനം കൊണ്ട് പിന്തുണച്ചവനെ”ന്ന പേരിൽ എനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പറഞ്ഞില്ലല്ലോ. നന്ദി 
(അവിജിത് റോയി വധത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഫേസ്ബുക്കിൽ എന്റെ ശ്രദ്ധയിൽ വന്ന ഓരോ പോസ്റ്റിനേയും ലൈക്ക് ചെയ്തുകൊണ്ട് എന്റെ വികാരം ഞാൻ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ദയാവായി വിശ്വസിക്കുക)
>> പൊതുധാരണയിൽ ഉള്ള മതസൗഹാർദ്ദം തികച്ചും പൊള്ളയാണ്. മാനസികമായ ഐക്യമാണ് വേണ്ടത് <<
ഇത് വെറും ഒരൊഴുക്കൻ പ്രസ്താവനയാണ്. മാനസികൈക്യം എന്നതിന്റെ മാനവികമായ വിശാലാർത്ഥത്തിൽ വരുന്ന ഒരു സംഗതിയാണ് മതസൗഹാർദ്ദം എന്നതും. മതവും മതവിശ്വാസവും ഒക്കെ ലോകത്ത് നിലനിൽക്കുന്ന യാഥാർത്ഥ്യമായ നിലക്ക് അതൊക്കെ പിരിച്ചുവിട്ട് ഇവിടെ ഒരു മാനസികൈക്യം സ്ഥാപിക്കുക എന്നൊക്കെ പറയുന്നത് നിരർത്ഥകമായ ഉട്ടോപ്യൻ വർത്തമാനമായി തോന്നുന്നു.
>> ആത്യന്തികമായി ഞാൻ പറയുന്നത് മാത്രമാണ് ശരി എന്ന് പറയുന്ന മതങ്ങൾക്ക് മറ്റു മതങ്ങളെ എങ്ങനെ ഉൾക്കൊള്ളാനാകും? <<
പലമതങ്ങളിലായി നിലകൊള്ളുമ്പോഴും പരസ്പരം നന്മയിൽ സഹകരിക്കാനും പരസ്പരസഹിഷ്ണുതയോടെ സമാധാനപൂർവ്വം കഴിയാനും സാധിക്കുമെന്ന് കാണിച്ചുതന്ന ഒരു ഭൂതകാലവും വലിയ പരിക്കില്ലാത്ത വർത്തമാനകാലവും കേരളീയരായ നമുക്ക് മുന്നിൽ തന്നെ ഉള്ളപ്പോൾ ഈ ചോദ്യം അപ്രസക്തം. ഈ നില തുടരാനുള്ള ജാഗ്രതയാണ് വേണ്ടത്. അതിനെ തകർക്കാനുള്ള നീക്കങ്ങളോടുള്ള കരുതലാണ് രാമനുണ്ണിയിൽ നിന്നെന്ന പോലെ കാരശ്ശേരിയിൽ നിന്നും സിയാഫിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നത്. എന്റെ കുറിപ്പിന്റെ ഊന്നലും ഈ പോയിന്റിൽ തന്നെയാണ്.
അസത്യപ്രചരണങ്ങളിൽ അഭിരമിക്കുന്നതിനെക്കാൾ അഭികാമ്യം അന്യരുടെ നന്മകളെ അംഗീകരിക്കുന്ന മനസ്സ് തന്നെയാണെന്നതിൽ ആർക്കും അഭിപ്രായവ്യതാസം ഉണ്ടാകാനിടയില്ലല്ലോ. രാമനുണ്ണി എഴുതിയ മട്ടിൽ ലേഖനങ്ങൾ എഴുതുകയാണ് എല്ലാവരും വേണ്ടതെന്ന് വിവക്ഷയില്ല. ആർക്കെങ്കിലും സ്വമനസ്സാലെ ചില നന്മകളെ അപ്രീഷിയേറ്റ് ചെയ്യാൻ തോന്നിയാൽ അതിനെ പരിഹസിക്കാനും ദുരർത്ഥം കൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയെങ്കിലും ആവാം.
മഹായശസ്വിയായ കാരശ്ശേരിമാഷെ മാനവികത പഠിപ്പിക്കാനൊന്നും ഞാൻ വളർന്നിട്ടില്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഉന്നം തെറ്റിപ്പോയെന്ന അഭിപ്രായമേയുള്ളു.

Rainy Dreamz ( said... Reply To This Comment

മുസ്ലിംകൾ - ഞാനും നിങ്ങളും അടക്കം സംശയത്തിന്റെ നിഴലിൽ ആണ് . പരമ കേരളമൊഴിച്ചു ചിന്തിച്ചാൽ അത് അപകടകരമായ രീതിയിൽ വളരുന്നുണ്ട്‌. സംഘപരിവാര് രാജ്യത്തെ കുട്ടിച്ചോരാക്കും എന്നൊന്നും അതിനർതമില്ല. കാരണം വളരെ കുറഞ്ഞ ആ പരിവാര ശതമാനം നല്ലത് മാത്രം ചിന്തിക്കുന്ന ഹൈന്ദവ സഹോദരങ്ങളെ വിളക്കെടുക്കാൻ മാത്രം വളര്ന്നിട്ടില്ലല്ലോ... നല്ല ലേഖനം..

Rainy Dreamz ( said... Reply To This Comment

എന്ത് പറ്റിയെന്നറിയില്ല, അഞ്ചാറ് കമന്റ് അടിക്കേണ്ടി വന്നു ഒരെണ്ണം ഇവിടെ വീഴാൻ, അതും എവിടെയൊക്കെയോ കട്ടായി ഒരു തുണ്ട് മാത്രം വീണിരിക്കുന്നു, ;)

Akbar said... Reply To This Comment

വളരെ പ്രസക്തമായ ലേഖനം. നിർഭാഗ്യവശാൽ രാമനുണ്ണിയുടെ ലേഖനവും കാരശ്ശേരിയുടെ പ്രതികരണവും വായിക്കാൻ കഴിഞ്ഞില്ല. ഈ കുറിപ്പിലൂടെ നിലപാടുകൾ വ്യക്തമായി. ബ്ലോഗിലെ ഈ ലേഖനം ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തിൽ വരേണ്ടതായിരുന്നു..

A said... Reply To This Comment

ഒരു മനുഷ്യന്‍ അവന്‍റെ അടിസ്ഥാന ചോദനയില്‍ ഒരു മനുഷ്യന്‍ മാത്രമാണ്. മതം പിന്നീട് വരുന്ന ഒരു വിശ്വാസ കാര്യമാണ്. അപകടവും മരണവും മതം നോക്കാതെ ആരെ തേടിയും ഏതു നേരവും വരാം. അവിടെ മനുഷ്യത്വമുള്ള മനുഷ്യര്‍ മതം നോക്കാതെ പരസ്പരം സഹായിക്കും. ഈ അടിസ്ഥാന സത്യം കാരശേരിക്കും രാമനുണ്ണിക്കും നമ്മെക്കാള്‍ ഏറെ അറിയാമല്ലോ. ഇതില്‍ അവര്‍ വിയോജിക്കുമെന്നു തോന്നുന്നില്ല. സംഘ പരവര്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയത ഓരോ മതേതര ഹിന്ദുവിനെയും തങ്ങള്‍ ആ കൂട്ടത്തില്‍ അല്ല എന്ന് തെളിയിച്ചു കാണിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അതെ പോലെ മുസ്ലിം വര്‍ഗ്ഗീയത അവരിലെ മതേതര മനുഷ്യരെ തങ്ങള്‍ ഈ കൂട്ടത്തില്‍ അല്ല എന്ന് തെളിയിച്ചു കാണിക്കാനും നിര്‍ബന്ധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പറയുന്ന കാര്യങ്ങള്‍ ആണ് രാമനുന്നിയെയും കാര്ശേരിയെയും ഇരുഭാഗത്ത് നില്‍ക്കുന്നതായി കാണിക്കുന്ന വാക്കുകളില്‍ എത്തിച്ചത് എന്ന് കരുതുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ Ajith @ kochugovindan @ Praveen

പ്രകടിപ്പിക്കപ്പെട്ട അഭിപ്രായത്തോട് എനിക്ക് തത്വത്തില്‍ വിയോജിപ്പില്ലെന്ന് അറിയിക്കട്ടെ. മനുഷ്യപക്ഷത്ത് നില്‍ക്കുന്നവരുടെ ഒരു പ്രത്യേക ആംഗിളില്‍നിന്നുള്ള വീക്ഷണമാണത്.

രാമനുണ്ണിയുടേതും മറ്റൊരു ആംഗിളില്‍ നിന്നുള്ള മനുഷ്യസ്നേഹപരമായ വീക്ഷണമാണ്‌. ഒന്ന് മതത്തിന്റേയോ വിശ്വാസത്തിന്റേയോ സ്പര്‍ശമില്ലാത്ത മനുഷ്യസ്നേഹത്തിന്റേതാകുമ്പോള്‍ മറ്റേത് വൈവിദ്ധ്യമാനമായ ആദ്ധ്യാത്മികതയുടെ വെളിച്ചത്തില്‍ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന മനുഷ്യസ്നേഹപരമായ വീക്ഷണമാണ്‌. രണ്ടും സാമൂഹികമായ ഐക്യത്തെത്തന്നെയാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്. പൊതുവായ നന്മ ലാക്കാക്കുന്നതാകുമ്പോള്‍ രണ്ട് അഭിവീക്ഷണങ്ങളേയും ഞാന്‍ തുല്യബഹുമാനത്തോടെ കാണുന്നു.

കാരശ്ശേരിയുടെ കുറിപ്പില്‍ കലഹപ്രിയത മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു.ദുരൂഹമായ എന്തോ കണക്ക്തീര്‍ക്കലിന്റെ സ്വരവും.

ഏതായാലും കോലാടുകള്‍ തമ്മിലുള്ള അനാവശ്യമായ ഇടിയില്‍
ദുര്‍ബ്ബലമാകുന്നത് മനുഷ്യപക്ഷമാണെന്നതില്‍ സംശയമില്ല.
ആനന്ദിക്കാന്‍ കഴിയുക ആര്‍ക്കാണെന്നതും വ്യക്തം.

സാമുദായികമായി മാത്രം എല്ലാറ്റിനേയും കാണലും അളക്കലും
അനുഗ്രഹമോ നിന്ദയോ ചൊരിയലും ശീലമായിക്കൊണ്ടിരിക്കുന്ന പിഴച്ചപോക്കിനിടയില്‍ ഒരാള്‍ ജാതിമതപരിഗണനകൂടാതെ ഒരു നന്മയെ ഉയര്‍ത്തിക്കാണിച്ചു എന്നത് സര്‍വ്വശക്തിയും പ്രയോഗിച്ച് പരാജയപ്പെടുത്തേണ്ട സംഗതിയല്ല എന്നുതന്നെയാണ്‌ അഭിപ്രായം. അത്തരം എഴുത്തിനെ പ്രോത്സാഹനം ആവശ്യമില്ല എന്ന് ചിന്തിക്കുന്നവരോട് ഒരു പരിധിവരെ യോജിക്കുന്നു. കല്ലെറിഞ്ഞോടിക്കേണ്ടതുമില്ല എന്ന്‌ ദൃഡമായി വിശ്വസിക്കുന്നു