ഒരു പൂക്കുറിഞ്ഞിപക്ഷിയുടെ തേങ്ങല്‍

കാനേഷ് പൂനൂർ രചിച്ച പൂക്കുറിഞ്ഞിപക്ഷി എന്ന നോവൽ വായിച്ചവസാനിപ്പിച്ചത് മനസ്സിനെ ഗ്രസിച്ച വിങ്ങലോടെയാണ്.. സ്ത്രീജന്മങ്ങൾ നെരിപ്പോടിലെന്നപോലെ ജീവിതത്തിൽ എരിഞ്ഞൊടുങ്ങുന്നതിന്റെ ദാരുണദൃശ്യങ്ങൾ മനസ്സിൽ അത്രമേൽ വേവും വേപഥുവും നിറക്കുന്നു. 

ദാരിദ്ര്യാവസ്ഥയാൽ നിസ്സഹായരായിപ്പോകുന്ന പെൺകുട്ടികളുടെ ജീവിതഗതിയെ വിധി ഇരുളാണ്ട തുരങ്കത്തിലൂടെയെന്നപോലെ ദുരിതക്കയങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിലെ സങ്കടവും അതിനിടയാക്കുന്ന സാമൂഹികസാഹചര്യങ്ങളോടുള്ള അമർഷവും അതോടൊപ്പം  അർഹമായ പരിഗണന സ്ത്രീകൾക്ക് നൽകുന്നതിൽ പുരുഷന്മാർ പൊതുവെ പ്രകടമാകുന്ന പിശുക്കിനോടുള്ള പരിഭവവുമാണ് നോവലിന്റെ പ്രമേയസ്വീകാരത്തിന് പ്രേരണയെന്ന് രചയിതാവ് ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്.

 പുസ്തകത്തിന് പൂക്കുറിഞ്ഞിപക്ഷി എന്ന് പേരിട്ടതിന്റെ സാംഗത്യം നോവൽ വായിച്ചുകഴിയുന്നതോടെയാണ് വ്യക്തമാകുന്നത്. റൂഹാങ്കിളി തുടങ്ങിയ പക്ഷിപ്പേരുകൾ വേറെയും ബിംബകൽപ്പനപോലെ നോവലിന്റെ ഗതിനിർണ്ണയിക്കുന്ന വിധത്തിൽ വർത്തിക്കുന്നുണ്ടല്ലോ. പക്ഷെ ഒരു പൈങ്കിളീസ്പർശം  സമ്മാനിക്കുന്ന തരത്തിലും അങ്ങനെയൊരു മുൻവിധിയോടെ നോവലിനെ സമീപിക്കാനിടയാക്കുന്ന വിധത്തിലും ആ പേര് നോവലിന് ഒരു ബാദ്ധ്യതയായിത്തീരുന്നു എന്ന സങ്കടം തോന്നുന്നു. 

പരത്തിപ്പറയാൻ പൊതുവെ വിമുഖതയുള്ള നോവലിസ്റ്റിന്റെ കയ്യടക്കം ‘നോവെല്ല’ എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ പുസ്തകത്തിന്റെ വലിപ്പം കുറച്ചിട്ടുണ്ട്. പക്ഷെ പരത്തിപ്പറയേണ്ട പലഭാഗങ്ങളും കുറുകിപ്പോയത് ദോഷമായും ഭവിച്ചിട്ടുണ്ട്. പലഭാഗങ്ങളും പറയാനുദ്ദേശിക്കുന്നതിന്റെ നഖചിത്രങ്ങൾ മാത്രമായൊതുങ്ങി. ഭാവനാശാലികളായ വായനക്കാർക്ക് സ്വന്തം ഭാവുകത്വത്തിനനുസരിച്ച് ഇതൾവിടർത്തിയെടുക്കാനും വഴക്കിയെടുക്കാനുമുള്ള സാദ്ധ്യത തുറന്നിടുന്നതാണ് നോവലിസ്റ്റിന്റെ ഈ സമീപനമെങ്കിലും വാക്കുകളെ  മഴവില്ലുപോലെ മനോഹരമാക്കാൻ കെൽപ്പുള്ള രചയിതാവിന്റെ സ്വന്തം ഭാഷയിൽ പലരംഗങ്ങളും കൊഴുപ്പോടെ ആവിഷ്കൃതമായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയ അവസരങ്ങളുമുണ്ട്. 

ചേക്കുട്ടിക്കോയ എന്ന ഭർത്താവിൽനിന്ന് അയാളുടെ പുകഴ്ച്ചയുടെ കാലത്ത് ബിയ്യാത്തുവിന് അനുഭവിക്കേണ്ടിവന്ന അവഗണനയും സ്നേഹരാഹിത്യവും, അതിനുശേഷം വന്ന തകർച്ചയുടെ കാലത്തെ അയാളുടെ കുമ്പസാരവും സ്നേഹാതിരേകവും അവസ്ഥാന്തരത്തിന് അനുരോധമായ സ്വാഭാവികതയായി സ്വീകരിക്കപ്പെടുമ്പോൾ, വീണ്ടുമെത്തിയ പുകഴ്ച്ചയുടെ കാലത്ത് ഹൃദയശൂന്യതയിലേക്കുള്ള അയാളുടെ മടക്കം അൽപ്പം അതിഭാവുകത്വത്തിന്റെ അംശം കലർന്നതായിപ്പോയി. ഇടയിലെ മാനസാന്തരക്കാലം അത്രമേൽ പ്രത്യാശാഭരിതമായി അനുഭവപ്പെട്ടതുകൊണ്ടായിരിക്കാം ഒടുവിൽ അയാൾ പുറത്തെടുക്കുന്ന ക്രൂരതയുടെ അതിപ്രസരം ഉൾക്കൊള്ളാൻ വായനക്കാരൻ വൈമനസ്യം കാണിക്കുന്നത്. അങ്ങനെനോക്കുമ്പോൾ തകർച്ചയുടെ കാലത്തെ അയാളുടെ ഉദാരമായ ഏറ്റുപറച്ചിലുകളെങ്കിലും ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. 

വിവാഹിതയായി ഏറെനാൾ പിന്നിട്ടിട്ടും ബിയ്യാത്തുവിന്റെ സ്വന്തം കുടുംബക്കാർ ഒട്ടും തിരിഞ്ഞുനോക്കാത്ത അവസ്ഥ എങ്ങനെ ഉണ്ടായി എന്നതും വിശ്വസനീയതയുടെ പരിധിക്ക് പുറത്താണ്. ആണും പെണ്ണുമായി അവർക്ക് ആകപ്പാടെയുള്ള മകളാണ് ബിയ്യാത്തു എന്ന നിലക്ക് പ്രത്യേകിച്ചും. ഹാജ്യാരുടെ വീട്ടിലെ ഉമ്മയുടെ അടുക്കളജോലിത്തിരക്കോ ഉപ്പയുടെ അടക്ക-വാഴക്കുല കച്ചവടത്തിരക്കോ അതിനുള്ള ഫലപ്രദമായ ന്യായീകരണമായെടുക്കാൻ മനസ്സ് വിസമ്മതിക്കുന്നു. 

ഭർത്താവിന്റെ ആദ്യഭാര്യയുടെ മരണത്തെത്തുടർന്ന് അവരുടെ മൂന്നുമക്കളുടെ ഉമ്മസ്ഥാനം കൂടി ഏറ്റെടുത്തുകൊണ്ടാണ് ചേക്കുട്ടിക്കോയയുടെ ഭാര്യാപദത്തിൽ അവൾ എത്തിപ്പെടുന്നത്. എല്ലാ ആട്ടുംതുപ്പും സഹിച്ചുകൊണ്ട്, അഗമ്യഗമനശ്രമങ്ങളെ അതിജീവിച്ചുകൊണ്ട്, അറപ്പിക്കുന്ന കാഴ്ച്ചകളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, എല്ലാം ജോലിഭാരങ്ങളും ചുമന്ന് ഭർത്തൃഗൃഹത്തിൽ ബിയ്യാത്തു കഴിഞ്ഞുകൂടിയത് ഭാവശുദ്ധിയുടെ ബലം ഒന്നുകൊണ്ട് മാത്രമാണ്. പ്രവാസം കഴിഞ്ഞെത്തിയ ഭർത്താവിന്റെ ശാരീരികാവശ്യനിർവ്വഹണത്തിന് അവളുടെ താൽക്കാലികമായ രോഗാവസ്ഥ തടസ്സമായെന്ന ഒറ്റക്കാരണത്താൽ ഒരു സപത്നിയെ സഹിക്കേണ്ടിവരുന്ന ദുര്യോഗമാണവൾക്ക് പിന്നെ വന്നുചേർന്നത്.  അതോടെ സഹനത്തിന്റെ നെല്ലിപ്പടി കണ്ട അവൾ സ്വഗൃഹത്തിലേക്ക് മടങ്ങാൻ തന്റേടം കാണിച്ചു. തിരികെ ചെല്ലാനുള്ള ശുപാർശയുമായെത്തിയ ഭർത്തൃസഹോദരൻ മുഹമ്മതും ഒത്താശക്കാരി കദിയോമത്തയും അവളെ അനുനയിപ്പിക്കാനായി പ്രയോഗിച്ച ഒടുവിലത്തെ തുരുപ്പുശീട്ട് ബാപ്പു എന്ന പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിലിന്റെ കാര്യമായിരുന്നു. ഏറെനാൾ പരിപാലിച്ച കുഞ്ഞിന്റെ സങ്കടത്തിൽ അലിഞ്ഞ് അവൾ നിലതെറ്റിവീണുപോയതും തിരികെ ചെല്ലാൻ തീരുമാനിച്ചതും വായനക്കാരന്റെ ദുഃഖമായെന്ന് പറയാതെ വയ്യ

കളിപ്പാട്ടം പോലെ പെണ്ണിനെ തട്ടിക്കളിക്കുന്ന ആണിന്റെ മുഷ്ക്കിന് ആഘാതമേൽപ്പിച്ചുകൊണ്ട് അവൾ മുഹമ്മതിനേയും കദിയോമത്തയേയും ആട്ടിപ്പറഞ്ഞയച്ചിരുന്നെങ്കിൽ അത് നോവലിലൂടേ സമൂഹത്തിനു നൽകാൻ കഴിയുന്ന സന്ദേശമായേനേ. ഭൂമികച്ചവടത്തിന്റെ ദല്ലാൾ പണിയും മറ്റുമായി സ്വന്തം മാതാപിതാക്കളുടെ സാമ്പത്തികനില തൃപ്തികരമായിരിക്കുന്നതിന്റെ അനുകൂലഘടകം പിന്തുണയേകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും അവൾക്കതിനു കഴിയേണ്ടതായിരുന്നു. പക്ഷെ രചയിതാവിലെ കാൽപ്പനികതയുടെ കാമുകൻ അവളെ കണ്ണുകാട്ടി വിളിച്ചത് ബാപ്പു എന്ന അരുമക്കുരുന്നിന്റെ മോണകാട്ടിച്ചിരിയുടെ വശ്യതയിലേക്കാണ്. ഇവിടെ വായനക്കാരന് ധർമ്മസങ്കടത്തോടെ നിൽക്കാനേ കഴിയുന്നുള്ളു….. 

ബിയ്യാത്തുവിന്റെ പാത്രസൃഷ്ടി അതിമനോഹരമായിരിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. സ്ഫടികജലംപോലെ അടിത്തട്ടുകാണാവുന്ന അവളുടെ മനസ്സിന്റെ പരിശുദ്ധിയെ സുവ്യക്തമായി വായനക്കാരന് കാണിച്ചുകൊടുക്കുന്നതിൽ എഴുത്തുകാരൻ ആർജ്ജിച്ച വിജയം നൂറുശതമാനം തന്നെയാണ്. അഴകും സൗശീല്യവുമൊത്ത ബിയ്യാത്തുവിന്റെ ജീവിതം ഇനിയെങ്കിലും പച്ചപിടിക്കണേ എന്ന പ്രാർത്ഥന ജീവിതത്തിൽ അവൾ നേരിടുന്ന ഓരോ ദുരിതാനുഭവത്തിനു ശേഷവും വായനക്കാരന്റെ ഉള്ളിലുണരുന്നു. ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്ക് വേച്ചുപോകുന്ന ആ ജീവിതത്തിന്റെ ദുർവ്വിധി വായനക്കാരന്റെ സങ്കടമായി പരിണമിക്കുന്നുണ്ട്. 

ഏതൊരു സ്ത്രീയും അന്തരാ ഉൾക്കൊള്ളുന്ന വികാരമായ അമ്മയാകാനുള്ള ആഗ്രഹം പൂവണിയുന്നതിനെസംബന്ധിച്ചുള്ള സ്വപ്നങ്ങൾ താലോലിക്കാൻ തുടങ്ങവെ ആ സ്വപ്നങ്ങളെ കശക്കിയെറിയുവാൻ തയ്യാറായ ഭർത്താവിനോട് ഹൃദയം നുറുങ്ങിക്കൊണ്ട് യാചിക്കുന്നതും പിന്നെ പൊട്ടിത്തെറിക്കുന്നതും അവസാനശ്രമമെന്ന നിലയിൽകരീമിനേയും റൈഹാനയേയും ബാപ്പുവിനേയും ഞാൻ പൊന്നുപോലെ നോക്കിക്കോളാംഎന്ന് കെഞ്ചിനോക്കുന്നതും തന്മയത്വത്തോടേയുള്ള ആഖ്യാനമികവിന് ഉദാഹരണമാണ്. 

കാൽപ്പനികതയുടെ കാന്തി ഇയലുന്ന പദപ്രയോഗങ്ങളും ശൈലീവിശേഷങ്ങളും ഗദ്യത്തിന് തോരണം ചാർത്തി അങ്ങിങ്ങ് വിതാനിച്ചിരിക്കുന്നത് നോവലിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. പ്രകൃതിവർണ്ണനയുടേയും പരിസരവിവരണങ്ങളുടേയും ആകർഷണീയമായ സമ്മിശ്രണം വഴി വായനക്കാരനെ കഥയുടെ ലോകത്തേക്ക് മാറ്റിപ്രതിഷ്ടിക്കാൻ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. 

ദരിദ്രഭവനത്തിലാണെങ്കിലും ബിയ്യാത്തുവിന്റെ വിവാഹഘോഷം മനസ്സ്നിറയ്ക്കുന്ന വിധത്തിൽ വിദഗ്ദ്ധമായി ആവിഷ്ക്കരിക്കാൻ നോവലിസ്റ്റ് നൈപുണ്യം കാണിക്കുന്നുകല്യാണത്തിനായി വീടുണരുന്നതും അതിന്റെ കുതൂഹലങ്ങളും ഏതാനും വാചകങ്ങളിൽ വായനക്കാരനെ അനുഭവിപ്പിക്കാൻ കഴിഞ്ഞ മിടുക്ക് അഭിനന്ദനീയം. 

നബീസു എന്ന ആത്മസഖിയും കദിയാത്ത എന്ന നാത്തൂനും അമ്മായിഉമ്മയും ഉൾപ്പടെയുള്ള ഇതരകഥാപാത്രങ്ങൾക്കും വേണ്ടത്ര മിഴിവേകാനായിട്ടുണ്ട്. ഉപകഥകളെ അൽപ്പംകൂടി വികസിപ്പിക്കാൻ തയ്യാറായിരുന്നെങ്കിൽ നോവൽ ബൃഹത്തായതാകുമായിരുന്നു. അതിനുള്ള സാദ്ധ്യത നോവലിസ്റ്റ് ഉപയോഗപ്പെടുത്താതിരുന്നത് നോവലിന്റെ ഇഴയടുപ്പത്തിനും ശിൽപ്പഭദ്രതയ്ക്കും  മുൻഗണന നൽകിയതുകൊണ്ടായിരിക്കാം. 

ഉറൂബിന്റെഉമ്മാച്ചുവുംബഷീറിന്റെഉപ്പുപ്പാക്കൊരാനേണ്ടാർന്ന്എന്ന കൃതിയും വെളിവാക്കുന്ന മുസ്ലിംഗൃഹജീവനത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും ഉജ്ജ്വലമാതൃകകൾക്ക് സദൃശമായ മാപ്പിളജീവിതപശ്ചാത്തലം ഈ കൃതിക്കും സ്വന്തമാണ്. അതിന്റെ തന്മയത്വത്തോടെയുള്ള ആഖ്യാനമികവിൽ കാനേഷ് സമശീർഷത പുലർത്തുന്നുണ്ടെന്നതും നിരീക്ഷിക്കപ്പെടേണ്ടതാണ്. വിശ്വാസപരമായ വിശുദ്ധി വഴിയുന്ന ഗൃഹാന്തരീക്ഷത്തിന്റേയും ചിത്തവൃത്തികളുടേയും ചാരുതയുറ്റ രൂപങ്ങൾ സമ്മോഹനമായ രീതിയിൽ ഈ കൃതിയിൽ വരച്ചിട്ട വാങ്മയചിത്രങ്ങളാണ്. 

ആഖ്യായികയിലെ ആദ്യകാൽവയ്പ്പ് എന്നതിന്റെ ആനുകൂല്യം വകവെച്ചുകൊടുത്തുകൊണ്ട് പറയട്ടെ, ഉജ്ജ്വലമെന്നും ഒന്നാംകിടയെന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും നടേപടഞ്ഞ പോരായമകളോടുകൂടിയും ഈ നോവലിന്റെ സ്ഥാനം ഇന്ന് കൊണ്ടാടപ്പെടുന്ന മറ്റു പല കൃതികളെക്കാളും ഉയരത്തിൽ തന്നെയാണ്.

ക്ലിക്കുകളിൽ പെടാതെ തന്റെമാത്രം ഏകാന്തമായ സാഹിത്യവഴിത്താരയിൽ സഞ്ചരിക്കുന്ന ആളാണ് കാനേഷ് പൂനൂർ.  കഥ, നോവൽ, കവിത, കവിതയൂറുന്ന സിനിമാഗാനങ്ങൾ, കുറിപ്പുകൾ, മാപ്പിളപ്പാട്ടുകൾ, നർമ്മപംക്തികൾ, ലേഖനങ്ങൾ, സിനിമാനിരൂപണങ്ങൾ, ലേഖനസമാഹാരങ്ങളുടെ എഡിറ്റിങ്ങ്, ആനുകാലികങ്ങളുടെ പത്രാധിപത്വം തുടങ്ങി സാഹിത്യത്തിന്റെ ഒട്ടുമിക്ക കർമ്മമേഖലകളിലും സ്വന്തം കയ്യൊപ്പ് പതിച്ചുകഴിഞ്ഞ അദ്ദേഹത്ത്ന്റെ സപര്യയെ അർഹമായ വിധത്തിൽ ശ്രദ്ധിക്കാൻ മലയാളം മനസ്സുവെക്കേണ്ടിയിരിക്കുന്നു

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കപ്പെടുകയുംഒട്ടേറെ വായനക്കാരെ ആകർഷിക്കുകയും ചെയ്തപൂക്കുറിഞ്ഞിപക്ഷിസുജീഷ് പുതുക്കുടിയുടെ കമനീയമായ കവർ ഡിസൈനിങ്ങും പി.കെ.ദയാനന്ദിന്റെ ശ്രദ്ധേയമായ അവതാരികയുമായിലിപി പബ്ലിക്കേഷൻസ്പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിക്കുന്നു. (വില 85.00 രൂപ). 
Continue Reading