ആഗ്നേയം.

ആഗ്നേയം.
----------------
ബാലചന്ദ്രൻ  ചുള്ളിക്കാടിനു അറുപത് വയസ്സ് തികയുന്നതിനേയും അദ്ദേഹത്തിന്റെ കവിത്വപ്രകാശനത്തിനു നാൽപ്പതു കൊല്ലം തികയുന്നതിനേയും അടയാളപ്പെടുത്തിക്കൊണ്ട് കുന്ദംകുളം റീഡേഴ്സ് ഫോറവും സാഹിത്യ അക്കാദമിയും സംയുക്തമായി ആഗ്നേയം എന്ന പേരിട്ട് സംഘടിപ്പിച്ച ഒത്തുചേരൽ എന്തുകൊണ്ടും സമുചിതമായി.
  
വർഷങ്ങൾക്ക് ശേഷവും തന്റെ ഈരടികൾ അനുവാചകന്റെ ചുണ്ടിൽ തത്തിക്കളിക്കുന്നത് കാണാനും അറിയാനും അവസരമുണ്ടാകുക എന്നത് ഏതൊരു കവിയെ സംബന്ധിച്ചും സാഫല്യത്തിന്റെ മുഹൂർത്തമായിരിക്കുമെന്ന് ചടങ്ങിൽ പി.പി.രാമചന്ദ്രൻ പറഞ്ഞത് ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവിയെ സംബന്ധിച്ചിടത്തോളം അന്വർത്ഥമായി പുലരുന്നതിനു കുന്ദംകുളം ബഥനി ആഡിറ്റോറിയം സാക്ഷിയായി.

ചുള്ളിക്കാടിന്റെ വായനക്കാരുടേയും ആസ്വാദകരുടേയും ആരാധകരുടേയും അദ്ദേഹത്തോടൊപ്പം സഹവസിച്ച് പരസ്പരം ഹൃദയത്തിലിടം കൊടുത്തവരുടേയും  ഇന്നത്തെ സംഗമം  കവിതയെ കേൾക്കാൻ ഇത്രമാതം ആളുകളോ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ കെ.എം.ഷാജിയെ വിസ്മയപ്പെടുത്താൻമാത്രം സമ്പന്നമായിരുന്നു എന്നതും സന്തോഷവർത്തമാനമാണ്.

അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇത്തരം പരിപാടികൾ സാധാരണയായി തൃശൂർ കേന്ദീകരിച്ചിട്ടായിരിക്കും എന്നതിനാൽ ആഗ്രഹിച്ചാലും പങ്ക്കൊള്ളാൻ കഴിയാത്തതിന്റെ ഖേദം സമ്മാനിക്കുന്ന അവസരങ്ങളാകാറാണ് പതിവ്. ഇതിപ്പോൾമ്മടെ സ്വന്തം കുന്ദംകുളത്ത്ആയപ്പോൾ ആദ്യന്തം എന്ന് പറയാവുന്ന വിധത്തിൽ ആസ്വദിക്കാനുള്ള സവിശേഷാവസരമായിത്തീർന്നു എനിക്ക്.

60 എന്ന അക്കത്തിന്റെ രൂപത്തിൽ  വിന്യസിച്ച മെഴുകുതിരികൾ കൊളുത്തിക്കൊണ്ട് കവി സച്ചിതാനന്ദന്റെ നേതൃത്വത്തിൽ പരിപാടികൾക്ക് തുടക്കമായി. നടൻ ശ്രീരാമന്റെ സ്വാഗതപ്രസംഗവും കവി റഫീഖ് അഹമ്മതിന്റെ ആദ്ധ്യക്ഷവുമായി പരിപാടി പുരോഗമിച്ചു.

ഷഷ്ടിപൂർത്തി ആഘോഷച്ചടങ്ങുകൾ സർഗ്ഗാത്മക സാംസ്ക്കാരിക പ്രവർത്തനങ്ങൾ ആയിത്തീർന്നതിന്റെ പൂർവ്വകാലാനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ടായിരുന്നു ശ്രീരാമന്റെ സ്വാഗതപ്രസംഗം. കാട്ടുമാടം നാരായണന്റെ ഷഷ്ടിപൂർത്തിയാഘോഷത്തിന്റെ ഉപോത്പ്പന്നമായി കൈരളിക്ക് വന്ദേരിനാട് എന്ന പുസ്തകം ലഭിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

തുടർന്ന് സംസാരിച്ച സുനിൽ..പി.ഇളയിടം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കാവ്യജീവിതത്തിലേക്കുള്ള നോട്ടം ഭാഷയിലേക്കുള്ള നോട്ടം ആക്കിയാണ് സദസ്സിനെ വാഗ്ധോരണിയാൽ അനുഗ്രഹിച്ചത്. കവിതയിലേക്കുള്ള നോട്ടം നമ്മിലേക്ക് തന്നെയുള്ള നോട്ടമാണെന്നും വാക്കുകൾ കൊണ്ട് തെളിയിച്ചെടുക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ലോകം ഇരുളാണ്ട്പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അനുഭവത്തിനു ക്രമമുണ്ടാക്കി പ്രാപ്യമാക്കിത്തരുന്നതാണ് വാക്ക്. ഉണ്മയുടെ ആധാരസ്വരൂപമായ ഭാഷയെ ആശയവിനിമയത്തിനുള്ള കേവലോപാധി എന്ന് ലഘൂകരിച്ചു പറയാറുണ്ട്. യഥാർത്ഥത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. മനുഷ്യനെ നന്നായി നിർവ്വചിക്കാവുന്നത് ഭാഷയെ ഉപയോഗിക്കുന്നവൻ എന്നാണ്. നമ്മളെ സാമൂഹികജീവിയാക്കുന്നത്  ഭാഷയാണ്. മാനുഷികതയുടേ അടിവേര് ഭാഷയാണ്. നിങ്ങൾ കൂടി ഉപയോഗിക്കുന്ന ഭാഷയിലാണ് ഞാൻ പ്രാപ്യനാകുന്നതും ഞാൻ സാധുവാകുന്നതും. ആത്മനിഷ്ടതയുടെ ചരിത്രം കവിതയിലൂടെയാണ്. വൈലോപ്പിള്ളിയുടെകുടിയൊഴിക്കൽ’   അരനൂറ്റാണ്ടിനിപ്പുറം ഇന്ന് തെളിയേണ്ട കവിത അന്നേ തെളിഞ്ഞ വിസ്മയമാണ്. ജ്ഞാനോദയമാനവികത പോലെയുള്ള വലിയ ആശയങ്ങൾ അതിന്റെ പ്രഭവസ്ഥാനങ്ങളിൽ തന്നെ പരിമിതപ്പെട്ടുപോകുന്നത് സങ്കടകരമാണ്. ഉപയോഗ്യതയുടെ സംസ്ക്കാരം ലോകത്തെ വിഴുങ്ങിത്തീർക്കുന്നതിനു മുമ്പ് കവിതയേയും സംസ്ക്കാരത്തേയും വീണ്ടെടുക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെയുള്ള പ്രതിരോധം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞുനിർത്തി.

സഹോദരകവിയുടെ ഷഷ്ടിപൂർത്തിയാഘോഷത്തിന്റെ പ്രസക്തിയെ ഒരർത്ഥത്തിൽ   കവി ഭാഷയ്ക്ക് ചെയ്ത സംഭാവനകളോടുള്ള ആദരം, അല്ലെങ്കിൽ നിങ്ങൾക്കും വയസ്സായി എന്ന ഓർമ്മിപ്പിക്കൽ എന്ന്  ഒരു നർമ്മവിചാരത്തോടെയായിരുന്നു കവി സച്ചിതാനന്ദൻ പ്രഭാഷണം ആരംഭിച്ചത്. കവിതയെ അഗാധമായി നെഞ്ചേറ്റുന്നവർക്ക് കവിത എന്ന ജൈവസാകല്യത്തെക്കുറിച്ച്  ആലോചിക്കാൻ ഉള്ള സന്ദർഭമാണിത്. ദൈവം തന്റെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നും നേരെ തിരിച്ച് മനുഷ്യൻ തന്റെ രൂപത്തിൽ ദൈവത്തെ സൃഷ്ടിച്ചു എന്നു പറയാറുണ്ട്. ഇതേ രീതിയിൽ കവികൾ സ്വന്തം രൂപത്തിൽ അനുഭവസാകല്യത്തെ ഒരു മൂർത്തിയാക്കി (മെറ്റഫർ’) പുനസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. തന്റെ കാലത്തെ വേദന ആവിഷ്ക്കരിക്കാനുള്ള യത്നത്തിലാണ് കവിത ജനിക്കുന്നത്. കാലങ്ങളിലൂടെ അതിന്റെ രീതി നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു മാത്രം. അലകും പിടിയും പലപ്പോഴായി പലതവണമാറ്റിയിട്ടും തന്റെ മുതുമുത്തച്ഛന്മാർ ഉപയോഗിച്ചിരുന്ന കോടാലി തന്നെയാണ് താൻ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് ഒരു വിറകുവെട്ടുകാരൻ വിശ്വസിക്കുന്നപോലെയാണ് കവിതയുടെ കാര്യവും എന്ന് സച്ചിമാഷ് ഉദാഹരിച്ചു. പാരമ്പര്യവും നവീകരണവും രീതിയിലാണ് പ്രവർത്തിക്കുന്നത്.
ബ്രഹ്മത്തെ
നിർവ്വചിക്കുക പ്രയാസകരമാകുമ്പോലെത്തെന്നെയാണ് കവിതയെ നിർവ്വചിക്കലും.. അതെന്താണ് എന്ന് പറയുന്നതിനെക്കാൾ  എന്തല്ല എന്ന് പറയുകയായിരിക്കും എളുപ്പം. മറ്റ് സാഹിത്യത്തിൽ നിന്ന് ലഭിക്കാത്ത അനന്യവും അപൂർവ്വവും അദ്വിതീയവുമായ ഒന്ന് കവിതയിൽ നിന്ന് കിട്ടും. അതാത് കാലത്തിന്റെ അമൂർത്തമായ അനുഭവങ്ങളെ മൂർത്തമാക്കി മാറ്റാനുള്ള പരിശ്രമമാണ് കവിത. എഴുത്തച്ചനിൽ നിന്ന് ആരംഭിച്ച കാവ്യസംസ്ക്കാരം അതിനെത്തന്നെ നിരന്തരം നവീകരിച്ചുകൊണ്ട് അനുസ്യൂതം നിലനിൽക്കുന്നു. പുതിയ കവികൾ പാരമ്പര്യത്തിന്റെ അനുസ്യൂതിയേയും ഒപ്പം പാരമ്പര്യത്തെ പൊളിക്കേണ്ടതിന്റെ അനിവാര്യതയേയും ബോദ്ധ്യപ്പെടുത്തി. ശീലുകളിൽ നിന്നു മാറി പുതിയ താളങ്ങളിൽ രുഗ്ണമായ അനുഭവങ്ങളെ കാണിച്ച് കവിത അതിന്റെ രീതികളെ നവീകരിച്ചു. ഇങ്ങനെ അനേകം സ്വരങ്ങളിലേക്ക് കവിത വിമോചിപ്പിക്കപ്പെടുന്നത് എഴുപതുകളിലാണ്. ചുള്ളിക്കാട് അതിൽ വലിയ പങ്ക് വഹിച്ചു. കെ..ജി.ശങ്കരപ്പിള്ള, കടമ്മനിട്ട, വിനയചന്ദ്രൻ എന്നിവരും  കൂടാതെ എഴുതി മറഞ്ഞുപോയ ഒരു പറ്റം കവികൾ കൂടിയുമാണ് കാലത്തെ സൃഷ്ടിച്ചത്. Nest of singing birds എnn പറയാവുന്ന പോലെയുള്ള  കൂട്ടത്തിലെ പ്രധാനകവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്.
പതിനെട്ടു
കവിതകൾ എന്ന ചുള്ളിക്കാടിന്റെ കവിതാസമാഹാരം ധാരാളം ശൈലികൾ പരീക്ഷിക്കപ്പെട്ടതും ഏറെ ജനപ്രിയമായതുമാണ്. സമകാലികരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി നിർത്തിയ ഒരു ഘടകം അദ്ദേഹം ഉദാത്തശൈലിയോടുള്ള പക്ഷപാതം നിലനിർത്തി എന്നതാണ്. അഗ്നിമയമാണ് അദ്ദേഹത്തിന്റെ കവിതകൾ. ബഹുതന്ത്രിയായ വിപഞ്ചിക എന്ന് അദ്ദേഹത്തെ വിളീക്കാം. രുഗ്ണതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും കവിത സൃഷ്ടിക്കപ്പെടുമോ എന്ന അന്യേഷണമാണ് കവിതകൾ. അതിമധുരത്തിനും അതിഭാവുകത്വത്തിനുമപ്പുറം അതിതീക്ഷ്ണമാണ് അദ്ദേഹത്തിന്റെ ശൈലി. പാരമ്പര്യത്തെ അഗാധമായി അറിഞ്ഞതിന്റെ മുദ്രകൾ കവിതയിലുണ്ട്. പാരമ്പര്യത്തെ അഗാധമായി തന്റെ രക്തത്തിലേറ്റുവാങ്ങിയ ഒരാൾക്ക് സ്വാഭാവികമായി വരുന്ന വിധത്തിൽ പൂർവ്വകവികളുടെ ച്ഛായകൾ, വാഗ്സംയുക്തങ്ങൾ, താളങ്ങൾ സ്വന്തം കവിതകളീൽ വെളിപ്പെടുത്തിയ കവി. പക്ഷെ അതൊരിക്കലും അനുകരണമായിരുന്നിട്ടുമില്ല എന്ന് എടുത്തുപറയണം.

അത്ഭുതകരമായ വൈവിധ്യം കവിതകളിൽ കാണാം. ഭാഷാസമ്പന്നതകൊണ്ട് തിളക്കം വെച്ച കവിതകളണവ. പ്രേതാവിഷ്ടമായ വീട്, രതിമൂർച്ഛപോലും മൃതിമൂർച്ഛയായി മാറുന്ന അവസ്ഥ തുടങ്ങി സംഘർഷങ്ങളും പരാജയബോധത്തിന്റെ നൈരാശ്യവും തുടങ്ങിയ കാലുഷ്യങ്ങളെ ആവിഷ്ക്കരിക്കുന്നതുമായ കവിതകൾ ഒരേസമയം ആത്മപരിവേദനവും സമൂഹത്തിന്റെ ദുഖവും സമന്വയിക്കുന്നതുമാണ്. നഷ്ടപ്രണയം, നഷ്ടഭവനം, നഷ്ടസ്വപ്നം തുടങ്ങി നഷ്ടങ്ങളുടെ സമാഹാരമായിട്ടാണ് കവിതകളിലൂടെ സ്വയം കാണുന്നത്. പീഡനകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന ബോധം കാലത്തെ കവികൾ പൊതുവെ പങ്ക് വെക്കുന്നുണ്ട്. തോറ്റമ്പാട്ടുകളിൽ നിന്ന് മാറ്റമ്പാട്ടുകളിലേക്ക് എന്ന് ബാലചന്ദ്രൻ തന്നെ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. നരകസഞ്ചാരങ്ങളുടെ കവി എന്ന് ഭാഗികമായി ബാലചന്ദ്രനെ വിലയിരുത്താം. കരാളം, ഉന്മത്തം എന്നീ വാക്കുകളിലൂടെയാണ് പ്രേമത്തെപ്പോലും കവി അടയാളപ്പെടുത്തുന്നത്. ആസക്തിയിലൂടെ സൗഖ്യമോ അതോ അതിലൂടെ നാം സഞ്ചരിക്കുന്നത് മൃതിയിലേക്കോ എന്നാണ് കവി സംശയിക്കുന്നത്രതിയെ ആവിഷ്ക്കരിക്കുമ്പോൾ പുരുഷകാഴ്ച്ചപ്പാടും ഹിംസാത്മകത്വവുമാണ് തെളിയുന്നത്. നിലയിൽ തിക്തകശക്തികൊണ്ട് ശ്രദ്ധേയമാകുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. തമ:ശക്തി ചുള്ളിക്കാടിന്റെ കവിതകളെ യോജിപ്പിക്കുന്നു എന്ന നിരീക്ഷണത്തോടെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നാൽപ്പതു വർഷത്തെ കവിതാവഴികളിലൂടെയുള്ള വാഗ്സഞ്ചാരം സച്ചി മാഷ് ഉപസംഹരിച്ചു.

ചുള്ളിക്കാടിന്റെസഹശയനംഎന്ന കവിതയുടെ ആസ്വാദനം വി.എം.ഗിരിജ അവതരിപ്പിച്ചു. മുൻകാല കവിതകളിൽ നിന്ന് വിഭിന്നമായി സ്ത്രീപുരുഷബന്ധങ്ങളുടെ കലാചിത്രണങ്ങൾ ആധുനിക കവിതയിൽ അപൂർവ്വമാണെന്ന നിരീക്ഷണത്തോടെയായിരുന്നു തുടക്കം. ചുള്ളിക്കാടിന്റെ സഹശയനം എന്ന കവിത നിലയിൽ പ്രത്യേകം ശ്രദ്ധേയമാണെന്നും അവർ കൂട്ടിച്ചേർത്തു. ഒരുപാട് തലങ്ങളിൽ വായിക്കാവുന്ന കവിതയാണത്. അതിൽ ഒരുപാട് അനുഭവതലങ്ങളുമുണ്ട്. അടരുകൾ അഴിച്ച വായിക്കാവുന്ന ആസ്വാദ്യകരമായ കവിതയാണതെന്ന് ഗിരിജ വിശദീകരിച്ചു. ബാലാമണിയമ്മയുടെവൃദ്ധകന്യകഎന്ന കവിതയുമായി ആശയതലത്തിൽ പങ്കിടുന്ന സാമ്യതകളും അവർ വ്യക്തമാക്കി.

തുടർന്ന് സംസാരിച്ച് കെ.സി.നാരായണൻ എഴുപതുകളിലെ കവിതയെക്കുറിച്ചും അതിന്റെ ഭാവുകത്വങ്ങളെക്കുറിച്ചും വിശദീകരിച്ചു. ചുള്ളിക്കാടിന്റെ കവിതകളുടെ സാരാംശത്തെ ആഗ്നേയം എന്ന ഒറ്റ വാക്ക് കൊണ്ട് ജ്വലിപ്പിക്കുന്ന പ്രതീകമാക്കി ഒന്നിച്ച് കള്ളിതിരിക്കുന്നതിലെ അപാകത  ഏതാനും കവിതകളെ വിശകലനം ചെയ്തുകൊണ്ട് സമർത്ഥിച്ചു. അലങ്കാരഭാരങ്ങളിൽ നിന്ന് വിമോചിതമാക്കി, പക്ഷിയെ പ്രതീകാർത്ഥങ്ങളില്ലാതെ ലളിതമാക്കി, രൂപകങ്ങളില്ലാതെയും വ്യാഖ്യാനങ്ങളില്ലാതെയും വസ്തുമാത്രമായി അവതരിപ്പിക്കാൻ കഴിയുമോ എന്നാണ് പരുന്ത് എന്ന കവിതയിലൂടെ ബാലചന്ദ്രൻ ശ്രമിച്ചത്. ധ്യാനസ്ഥനായ, കടലിന്റെ ശാന്തതയുള്ള ഒരാളുടെ കവിതകളായി അവ ബുദ്ധദർശനങ്ങളോടെ ചേർന്ന് വേറിട്ടു നിൽക്കുന്നു. ബൗദ്ധമായ അനുഭൂതി, ശാന്തമായ അവസ്ഥ ഇതൊക്കെ പിന്നീട് അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയതിന്റെ അടയാളങ്ങൾ പരുന്ത്, വര തുടങ്ങിയ കവിതകൾ കാണിച്ചുതരുന്നു. സാധാരണരീതിയിലുള്ള പ്രേക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി അഗ്നേയതയെ വിട്ടുകളയുന്ന   ആഖ്യാനഭേദം കൂട് കൂട്ടിച്ചേർത്ത് വേണം ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവിയുടെ പൂർണ്ണചിത്രം വരയ്ക്കാൻ എന്ന് നാരായണൻ മാഷ് പറഞ്ഞുവെച്ചു.

പ്രൊഫസർ വിജി തമ്പിയുടെ പ്രസംഗം കവിയുമായുള്ള വ്യക്തിബന്ധത്തിന്റെ ഊടും പാവും മനോഹരമായി പ്രദർശിപ്പിക്കുന്നതും കൂടിയായിരുന്നു. കവിയുടേതായി പ്രസിദ്ധീകൃതമായപതിനെട്ടു കവിതകൾഎന്ന ആദ്യസമാഹാരത്തിനു ആമുഖമെഴുതിയതിന്റെ അഭിമാനം അദ്ദേഹത്തിന്റെ വാക്കുകളീലുണ്ടായിരുന്നു. കവിതയിലെ ദൃഡപ്രതീക്ഷ എന്ന് ആമുഖത്തിൽ അന്ന് കുറിച്ചിട്ടത് അർത്ഥവത്തായി കാലം തെളിയിച്ചു. എവിടെ തൊട്ടാലാണ് ബാലചന്ദ്രനെ പൂർണ്ണമായി തൊടാനാവുക, എവിടെയാണദ്ദേഹത്തെ പൂർണ്ണമായി സ്നേഹിക്കാനാവുക എന്ന് തിട്ടമില്ല . നാൽപ്പതു വർഷത്തിനുള്ളിൽ കേവലം എൺപത് കവിതകൾ മാത്രം എഴുതിയാണ് ബാലചന്ദ്രൻ ചുള്ളീക്കാട് എന്ന കവി അനുവാചകമനസ്സിൽ അമരനായി ഇരിക്കുന്നത് എന്ന അപൂർവ്വതയും വിജി തമ്പി സദസ്സിനെ ഓർമ്മപ്പെടുത്തി. കാലത്തിന്റെ അഗ്നിക്ക് ചാമ്പലാക്കാൻ കഴിയാത്ത കവിതകളാണ് ചുള്ളിക്കാടിന്റേതെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിയിൽ നിന്ന് ശമനത്തിലേക്ക് ബാലചന്ദ്രന്റെ കവിതകൾ വഴിമാറിയ വസ്തുതയും വിശദീകരിച്ച ശേഷംചെമ്പോത്ത്എന്ന സ്വന്തം കവിതയും അദ്ദേഹം അവതരിപ്പിച്ചു.

ബാലാമണിയമ്മയുടെ ഒരു പ്രയോഗം കടമെടുത്താൽ ബലവത്തായ വിനയം കൈമുതലായുള്ള കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നു പറഞ്ഞുകൊണ്ടാണ് കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രസംഗമാരംഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ബാലചന്ദ്രനെ കണ്ടതിന്റെ അനുഭവംകാട്ടുതീയിൽ നിന്ന് പൊരിഞ്ഞടർന്നുവീണ കത്തുന്ന ചില്ലപോലെയായിരുന്നു ബാലൻഎന്ന് കാവ്യാത്മകമായി ആലങ്കോട് അവതരിപ്പിച്ചു. ബാലചന്ദ്രൻ എന്ന കവി ജീവിച്ച ഭൗതികസാഹചര്യം കണക്കിലെടുത്ത് കവി അറുപതാം പിറന്നാൾ വരെ എത്തുമെന്ന് വിചാരിച്ചില്ല എന്ന് പറഞ്ഞത് സദസ്സ് നിശ്ശബ്ദമായി കേട്ടു. കവിതതന്നെയായിരിക്കാം ബാലനെ ജീവിപ്പിച്ചത്. അദ്ദേഹത്തിൽ നിന്ന് എഴുപതുകളിലെ രാഷ്ട്രീയം മരിച്ചിട്ടില്ല എന്നതിന്മാധ്യമംആഴ്ച്ചപ്പതിപ്പിൽ ഏറ്റവും ഒടുവിൽ വന്നചെണ്ടഎന്ന കവിത ഉദാഹരിച്ചു. ധബോൽക്കർ, പൻസാര തുടങ്ങിയ പലരേയും നിശ്ശബ്ദരാക്കിയ ഫാസിസം ഭീഷണമായി ദംഷ്ട്രകൾ തെളിയിക്കുമ്പോൾ എഴുപതുകളിൽ നിന്ന് ചിറക് പകുതി വെന്ത ഫീനിക്സ് പക്ഷിയെപ്പോലെ ചെണ്ട എന്ന കവിതയുമായി ബാലചന്ദ്രൻ ചുള്ളിക്കാട് പറന്നെത്തുന്നു. ബാലചന്ദ്രന്റെസന്ദർശനംഎന്ന കവിത ചൊല്ലിയാണ് ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം അവസാനിപ്പിച്ചത്.

ശാരീരികമായ അസ്വാസ്ഥ്യങ്ങളാൽ ദീർഘമായി സംസാരിക്കാനില്ലെന്ന് പറഞ്ഞ് ശാരദകുട്ടി ടീച്ചർ പരാമർശിച്ചത് പ്രധാനമായും ബാലചന്ദ്രൻ എന്ന കവിയുടെ അഗാധമായ ജ്ഞാനത്തെ സംബന്ധിച്ചായിരുന്നു. വിശ്വസാഹിത്യത്തെ സംബന്ധിച്ച് അദ്ദേഹത്തെപ്പോലുള്ളവരുടെ ജ്ഞാനം ഉപയോഗപ്പെടുത്താനായി സിലബസ്സിൽ വരെ മാറ്റം വരുത്തേണ്ടതാണെന്ന് ശാരദക്കുട്ടി ടീച്ചർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെപ്പോലുള്ളവർ മൗനമാകുമ്പോൾ ജ്ഞാനമാണ് മൗനമാകുന്നതെന്ന് അവർ വിഷാദിച്ചു.
അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് വന്ന കവിയാണ് ചുള്ളിക്കാട് എന്ന് കെ.വി.സുബൈദ ടീച്ചർ നിരീക്ഷിച്ചു. ഒരു നിശ്ശബ്ദതയ്ക്ക് ശേഷം അദ്ദേഹം എഴുതിയ കവിതകൾ അശാന്തിയും അസ്വസ്ഥതകളും ക്ഷോഭങ്ങളും ഇല്ലാത്തവയായിരുന്നു എന്ന് അവർ പറഞ്ഞു.

ധീരമായ സത്യസന്ധതയാണ് മുൻ കാലകവിതകളുടെ പ്രത്യേകതയെന്ന് അക്കാദമി സെക്രട്ടറി കെ..പി.മോഹനൻ മാസ്റ്റർ നിരീക്ഷിച്ചു. ശുഭാപ്തിബോധത്തിന്റെ വെളിച്ചത്തിലാണ് മലയാളകവിത കുറേകാലം സഞ്ചരിച്ചത്. ഇടശ്ശേരിയുടെ കവിതകൾക്ക് പ്രവചനാത്മകതയുണ്ടായിരുന്നു. സ്വഭാവം പിന്നീട് നഷ്ടപ്പെട്ടുവോ? സമൂഹത്തെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് എഴുത്തുകാരന്റെ ചുമതല, കവിതയുടെ ധർമ്മം.

ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലുള്ളവരുടെ കവിതകളിലൂടെയുള്ള സഞ്ചാരം സ്വന്തം ആത്മകഥയിലൂടേയുള്ള സഞ്ചാരമായാണ് അനുഭവപ്പെടുക എന്ന് പറഞ്ഞാണ് ഗോപീകൃഷ്ണൻ തന്റെ പ്രസംഗം തുടങ്ങിയത്. കവിതകളെ നിരാകരിക്കുക എന്നാൽ സ്വന്തം ആത്മകഥയെ നിരാകരിക്കുക എന്നാണർത്ഥം. അത്രമേൽ രക്തത്തിൽ കലർന്നവയാണവ. ധമനികളീൽ അലിഞ്ഞുചേർന്ന കാലത്തെ എങ്ങനെ അടർത്തിയെടുത്ത് വിശകലനം ചെയ്യും എന്ന ധർമ്മസങ്കടമാണ് കാലത്തെ കവിതയെപ്പറ്റി പറയേണ്ടിവരുമ്പോൾ അനുഭവിക്കുന്നതെന്ന് ഗോപീകൃഷ്ണൻ നിസ്സഹായനായി.  പാശ്ചാത്യസാഹിത്യത്തിൽ നിന്ന് വിഭിന്നമായി കേരളത്തിൽ ആധുനീകത് പിറന്നതും വളർന്നതും തെരുവിലാണ്. വാമൊഴിയായി വന്നെത്തി ഉള്ളിൽ കടന്ന ശേഷമാണ് ഈരടികൾ വരമൊഴിയിൽ കാണുന്നത്. ബാലചന്ദ്രനെപ്പോലുള്ളവർ ആധുനീകതയ്ക്ക് അസ്തിവാരമിട്ടു എന്നതിനു പുറമെ തൊട്ടു മുൻ തലമുറയിലെ ഇടശ്ശേരി, സുഗതകുമാരി, ബാലാമണിയമ്മ, വൈലോപ്പിള്ളി തുടങ്ങിയവരുടെ പഴയഭാഷാശൈലിയിൽ എഴുതപ്പെട്ട വിപ്ലവകരവും പുരോഗമനപരവുമായ സംഗതികളിലേക്കിറങ്ങിച്ചെല്ലാൻ പ്രേരണയാകുകയും ചെയ്തു. നിലക്ക് പുതിയ ഇന്നിനു പുറമെ പുതിയ ഇന്നലെകളെയും അവർ ഉണ്ടാക്കിത്തന്നു എന്ന് പറയാവുന്നതാണ്.
സ്വർഗ്ഗീയകാഴ്ച്ചകളും
ദുരന്തകാഴ്ച്ചകളും നിറഞ്ഞ ഇരട്ടസ്ഥലിയിലൂടെ ഒരു പാലത്തിലൂടേയുള്ള യാത്രപോലെയാണ് ബാലചന്ദ്രന്റെ കവിതകൾ. കവിതാവായനക്കിടയിൽ ഏതുതരം വായനക്കാരനും ഏതെങ്കിലും ഒരു തിരിവിൽ വെച്ച് ഇയാളെ എനിക്കറിയാമല്ലോ എന്ന തോന്നലുണ്ടാക്കും. പൊട്ടിത്തെറിക്കുന്ന ആശയങ്ങൾ ഭദ്രമായ വൃത്തത്തിനുള്ളിൽ സുഘടിതമായ ശിൽപ്പം പോലെ നൽകുന്നവയാണ് ബാലചന്ദ്രന്റെ കവിതകൾ. അർത്ഥത്തിൽ അവ ഭൂതകാല വിച്ഛേദനത്തിനു പകരം സംയോജനമാണ് നിർവ്വഹിക്കുന്നത്. ഒരു ഹൈബ്രിഡ് നേച്ചർ അദ്ദേഹത്തിനെ കവിതകൾക്കുണ്ട്.

കെ.എം.ഷാജി, ജോയ്മാത്യൂ, വൈശാഖൻ, അനു പാപ്പച്ചൻ എന്നിവരും സംസാരിച്ചു. പ്രമോദ് രാമൻ, ഹരിനാരായണൻ, പി.രാമൻ തുടങ്ങിയവർ ചുള്ളിക്കാടിന്റെയും മറ്റും കവിതകൾ മനോഹരമായി ആലപിച്ചു.
-----------------------

ഉസ്മാൻ പള്ളിക്കരയിൽ
Continue Reading