ഒഴിവ്


ഉഴവുചാലുകളിലൂടെ
നുകക്കീഴിലെന്നപോലെ
ഏറെ നാള്‍ ..........
ഒരൊഴിവ് കൊതിക്കാത്തവരില്ല..

പ്രയാസങ്ങളുടെ
പെരുമഴയില്‍നിന്ന്,
പ്രതിസന്ധികളുടെ
ഒഴുക്കില്‍നിന്ന്,
സങ്കടങ്ങളുടെ
അഴിമുഖത്തുനിന്ന്,
സമ്മര്‍ദ്ദങ്ങളുടെ
ചുഴികളില്‍നിന്ന്,
സങ്കീര്‍ണ്ണതകളുടെ
അഴിയാക്കുരുക്കില്‍നിന്ന്,
കെട്ടുപാടുകളുടെ
ഒഴിയാബാധയില്‍നിന്ന്
ഒരൊഴിവ്.

മുമ്പൊക്കെ ഒഴിവ്
വ്യാഴവും വെള്ളിയുമായിരുന്നു.
ഈയിടെ ‘ഇമാറാത്തി‘ല്‍
വ്യാഴത്തിന് ശെനിയുടെ ‘അപഹാരം‘
വ്യാഴമായാലും ശെനിയായാലും
ഒഴിവുണ്ടായാല്‍ മതി.
(അതുമില്ലാത്തവരുടെ കഥയോ...!!)

ഒഴിവുദിനത്തില്‍ പലര്‍ക്കും
വാക്കുകള്‍ വഴുതും
അവര്‍ക്കുമുന്നില്‍ അന്ന്
കുപ്പികള്‍ ഒഴിയും.

പ്രവൃത്തിദിനങ്ങളില്‍ നിന്നുള്ള
വിഴുപ്പുകളലക്കുന്നവരേയും
ഓര്‍മ്മകളില്‍ അലസം
തുഴഞ്ഞ് നീങ്ങുന്നവരേയും
നിദ്രതന്‍നീരാഴിയില്‍ സദാ
തുഴയെറിയുന്നവരേയും
ഒഴിവുദിനങ്ങളില്‍ കാണാം.

ക്ലാസ്സിഫൈഡുകളില്‍
കണ്ണുനട്ടിരിക്കുന്നവരും
കൊതിക്കുന്നത്
ഒഴിവിനെത്തന്നെ.
വഴുക്കുന്നനിലങ്ങളീല്‍
നെട്ടോട്ടമോടിയോടീ
അവര്‍
കയറി നില്‍ക്കാനായുന്നതും
ഒഴിവിന്‍‌റ്റെ പഴുതിലാണ്.

ഒഴിവുകഴിവുകളിലൂടെ പലരും
ലക്‍ഷ്യമിടുന്നതും
ഒഴിവുതന്നെയാണ്.
പഴികേള്‍ക്കാതെ ഒഴിവാകാന്‍
വഴിയതാണ് പലര്‍ക്കും.

ഒന്നിനും ഒഴിവില്ലാത്തവര്‍ക്കും
ഒഴിവുകഴിവുകളില്‍
രക്ഷതേടുന്നവര്‍ക്കും
ഒഴിവുതേടിയലയുന്നവര്‍ക്കും
ഒഴിഞ്ഞുമാറാന്‍
ഇഷ്ടമില്ലാത്തവര്‍ക്കും
ഒഴിഞ്ഞ്‌പോകാന്‍
വഴിയില്ലാത്തവര്‍ക്കും
ഇവിടെയിത്തിരി ഒഴിവുണ്ട്.

സ്വാഗതം .
Continue Reading