കാരശ്ശേരി മാഷ് കരകവിയുമ്പോള്‍


മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് ജനിച്ചുവളരുകയും മുസ്ലിംകളുടെ നന്മകള്‍ കണ്ടുശീലിക്കുകയും ചെയ്ത ഇതരമതസ്ഥര്‍ക്ക്  അതിശയം തോന്നുന്ന രീതിയില്‍ അവാസ്തവികമായാണ്‌ മുസ്ലിംകള്‍ നിരന്തരം ചിത്രീകരിക്കപെടുന്നത് എന്നത് വര്‍ത്തമാനകാലത്തെ  അനിഷേധ്യമായ യാഥാര്ത്ഥ്യമാണ്‌.
സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ പലതലങ്ങളിലും പലരീതികളിലുമായി നടത്തപ്പെടുന്ന പ്രചണ്ഡമായ ഈ പ്രോപ്പഗണ്ടയുടെ ക്രമപ്രവൃദ്ധമായ സ്വാധീനത്താല്‍ മുസ്ലിംകള്‍ അപകടകാരികളാണെന്ന ഒരു ധാരണ പരക്കുകയും അത് ഒരു പൊതുബോധമായി വികാസം കൊള്ളുകയും ചെയ്യുന്നുണ്ട് എന്നത് കാണാതിരുന്നിട്ട് കാര്യമില്ല.

സംഘപരിവാറിന്‌ താരതമ്യേന സ്വാധീനം കുറവുള്ളതുകൊണ്ടും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ സ്വാധീനക്കൂടുതല്‍ കൊണ്ടും ഈ പ്രചാരണത്തിന്റെ ദുഃസ്വാധീനം കേരളത്തില്‍ അത്രതന്നെ പ്രകടമല്ലെങ്കിലും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ അതിന്റെ ആപത്ത് വളരെ പ്രകടവും വ്യാപകവുമാണ്‌. മുസ്ലിംകള്‍ക്ക് ഭൂമിവില്‍ക്കാതിരിക്കല്‍
, വാടകവീടും ഹോട്ടല്‍മുറിയും നല്‍കാതിരിക്കല്‍, വര്‍ഷങ്ങളായി താമസിച്ചുവരുന്ന പ്രദേശങ്ങളില്‍നിന്നുപോലും പുകച്ചുപുറത്തുചാടിക്കല്‍ തുടങ്ങി പലരീതിയില്‍ മുസ്ലിംകളെ അത് ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍, മുസ്ലിംകള്‍ ഈ ദുഷ്പ്രചരണക്കാര്‍ ചിത്രീകരിക്കുംപോലെയുള്ള അപകടകാരിതയുള്ളവരല്ലെന്നും നന്മയോട് ആഭിമുഖ്യമുള്ളവരാണ്‌ അവരില്‍ സിംഹഭാഗവുമെന്നുമുള്ള സത്യകഥനം നടത്താന്‍ ആരെങ്കിലും തയ്യാറാവുന്നുവെങ്കില്‍ അതൊരു പുണ്യപ്രവര്‍ത്തിയാണെന്ന് സമ്മതിക്കേണ്ടതായുണ്ട്. കാലുഷ്യവും ശാത്രവവും സമൂഹത്തില്‍ നിന്ന് വിപാടനം ചെയ്യാന്‍ ഉതകുന്ന അത്തരം  പ്രവര്‍ത്തികളാണ്‌ കാലം ആവശ്യപ്പെടുന്നതും.  ഇതിന്റെ വെളിച്ചത്തിലാണ്‌ കെ.പി.രാമനുണ്ണി മാതൃഭൂമി പത്രത്തിലെഴുതിയ 'ഇതാണ്‌ ഇസ്ലാം" എന്ന  ലേഖനം പരിശോധിക്കപ്പെടേണ്ടതും അതിന്റെ പ്രസക്തി വിലയിരുത്തപ്പെടേണ്ടതും.

എടുത്ത് കാണിച്ച് വിളിച്ചുപറയാന്‍ പാകത്തില്‍ പത്രങ്ങളിലൂടെ പ്രകാശനം ചെയ്യപ്പെട്ട നന്മയുള്ള ഒരു വാര്‍ത്ത കയ്യില്‍ കിട്ടിയപ്പോള്‍ അതിന്റെ ചുവട്പിടിച്ച് തന്റെ മനസ്സ് വെളിപ്പെടുത്തിക്കൊണ്ട് രാമനുണ്ണി എഴുതിയ ലേഖനത്തിന്റെ സാമൂഹികപ്രാധാന്യം വലുതാണ്‌.. പൊതുവെ മുസ്ലിംകളെപ്പറ്റി പറഞ്ഞുപരത്തിക്കൊണ്ടിരിക്കുന്ന കഥകളുടെ അത്യുഷ്ണത്തിനിടയില്‍ വന്നു ഭവിച്ച ഒരു കുളിര്‍മഴപോലെ തോന്നി ആ ലേഖനം.

മുസ്ലിംകള്‍ ധാരാളമായുള്ള ഒരു ഭൂഭാഗത്ത് അവര്‍ക്കിടയില്‍ ജനിച്ച് അവരോടൊത്ത് വളര്‍ന്ന് അവരുടെ നന്മതിന്മകള്‍ കണ്ട് ശീലിച്ച മുസ്ലിമേതരനായ  ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ കരുത്തും അത് നല്‍കുന്ന വിശ്വാസ്യതയുണ്ട്. അദ്ദേഹത്തിന്‌ സ്വന്തം മനസ്സു തുറക്കാന്‍ രാസത്വരകം പോലെ പ്രേരണയായതാകട്ടെ കടലുണ്ടി എന്ന ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ്‌.

പാഞ്ഞടുക്കുന്ന തീവണ്ടിയുടെ വരവറിയാതെ പാളം മുറിച്ചുകടക്കാന്‍ തുനിഞ്ഞ രാമന്‍ എന്ന ബധിരനായ മനുഷ്യനെ പാളത്തില്‍ നിന്ന് തള്ളിമാറ്റാനുള്ള ശ്രമത്തിനിടയില്‍ അബുദുല്‍റഹ്മാന്‍ എന്ന മനുഷ്യസ്നേഹി ട്രെയിനിടിച്ചുമരിച്ച സംഭവം. 


മതഭക്തനായ അബ്ദുല്‍റഹ്മാന്റെ പുണ്യപ്രവര്‍ത്തി ഇസ്ലാമികമായ സംസ്ക്കാരത്തിന്റെ മഹിമവിളിച്ചോതുന്നതാണെന്നും ഇത്തരം സേവകരാണ്‌ യഥാര്‍ത്ഥ ഇസ്ലാമിന്റെ പ്രതിനിധികളെന്നും കെ.പി.രാമനുണ്ണി ലേഖനത്തില്‍ വിശദീകരിച്ചു.  തന്റെ ചെറുപ്പം തൊട്ട് അദ്ദേഹം അനുഭവിച്ചും അറിഞ്ഞും വന്ന സത്യത്തെ ഏറ്റവും പുതിയ ഒരുദാഹരണത്തെ സാക്ഷിയാക്കി അദ്ദേഹം വിളിച്ചുപറഞ്ഞു.

അസത്യപ്രചരണങ്ങളുടെ ഘനാന്ധകാരത്തിലേക്ക് വീശിയ സത്യത്തിന്റെ ഒരു നെയ്ത്തിരിനാളമായാണ്‌ കേരളം പൊതുവെ ആ ലേഖനത്തെ കണ്ടത്. മറിച്ചൊരഭിപ്രായം ആര്‍ക്കും ഉണ്ടാകുമെന്ന് വിചാരിക്കാനും ന്യായമില്ല.

പക്ഷെ, ആ ലേഖനത്തിനു പ്രതികരണമായി എംഎന്‍കാരശ്ശേരിയുടെ ഒരു കുറിപ്പ് മാതൃഭൂമില്‍ തന്നെ പ്രസിദ്ധീകൃതമായിരിക്കുന്നു. സാമൂഹികമായ ഒട്ടേറെ വിഷയങ്ങളില്‍ രചനത്മകമായി പ്രതികരിക്കാറുള്ള കാരശ്ശേരിമാഷുടെ ഇക്കാര്യത്തില്‍ വന്ന പ്രതികരണം നിഷേധാത്മകമായിപ്പോയി. ഇന്ത്യയുടെ മൊത്തം പരിപ്രേക്ഷ്യത്തില്‍ രാമനുണ്ണിയുടെ ലേഖനം മുന്നോട്ടുവെക്കുന്ന സൌഹൃദാത്മകമായ സന്ദേശത്തെ കണ്ടില്ലെന്ന് നടിച്ച് ആ ലേഖനം അപകടകരമായ സ്വത്വരാഷ്ട്രീയത്തിന്റെ വിഷബീജങ്ങളെ പേറുന്നുണ്ടെന്ന കണ്ടെത്തലാണ്‌ കുറിപ്പിന്റെ കാതല്‍. ഏതെങ്കിലും മതത്തിന്റെ അനുയായികളില്‍ നിന്നുണ്ടാകുന്ന സത്പ്രവര്‍ത്തികളെ ഇതരമതസ്ഥരായവര്‍ അനുമോദിച്ചുപറയുന്നതും പ്രശംസിക്കുന്നതും നല്ല പ്രവണതയല്ല, അത്തരത്തിലുള്ള എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും നാടിനെ ആപത്തിലേക്കാണ്‌ വലിച്ചുകൊണ്ടുപോകുന്നത് എന്നിങ്ങനെയും അദ്ദേഹത്തിന്റെ വാദഗതികള്‍ നീളുന്നു.

മതങ്ങള്‍ നന്മയുടെ സന്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനെ അതിന്റെ പ്രയോക്താക്കളായ മതഭക്തര്‍ ശിരസാവഹിക്കുകയും തങ്ങളുടെ ജീവിതംകൊണ്ട് ആ സത്യസന്ദേശങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് അപരാധമായിത്തീരുമെന്നാണ്‌ മാഷുടെ വാക്കുകള്‍ പറയാതെ പറയുന്നത്. അത്തരം നന്മകളെ സാമൂഹികസുസ്ഥിതിയെക്കരുതി ഉദാഹരിക്കുന്നത് പോലും അപകടകരമാണെന്ന് മാഷ് പറയുന്നതിന്റെ നേര്‍ക്ക്നേരെയുള്ള അര്‍ത്ഥം.

ദുഷ്ടനും ഭീകരനും മനുഷ്യപറ്റില്ലാത്തവനും രാജ്യദ്രോഹിയും ഒക്കെ ആയി ചിത്രീകരിക്കപ്പെടുകയും അതിന്റെ ഫലമായി ഭൂമിവാങ്ങാനോ വാടകവീടെങ്കിലും അനുവദിച്ചുകിട്ടാനോ പോലും അനര്‍ഹനാക്കപ്പെടുകയും ചെയ്യുന്ന സംഗതികള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും പതിവുരീതിയായിരിക്കുന്ന പരിതസ്ഥിതിയില്‍ മുസല്‍മാന്റെ ഏതെങ്കിലും ഒരു നന്മ എടുത്ത് കാണിച്ച് മുസ്ലിം അങ്ങനെയല്ല, ഇങ്ങനെയാണ്‌ എന്നൊരാള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് "മഹാപാതകം" ആയി കാരശ്ശേരിക്ക് തോന്നുന്നതില്‍ എന്തോ വശപ്പിശകുണ്ട്.

മതത്തിന്റെ പേരും പറഞ്ഞ് വികാരാവേശത്തിനടിമപ്പെട്ട് അത്യാചാരങ്ങള്‍ അരങ്ങുതകര്‍ക്കുന്ന അവസ്ഥ നാട്ടിലുണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. പക്ഷെ അതിനോടുള്ള എതിര്‍പ്പ് മതത്തോടും മതം അനുശാസിക്കുന്ന നന്മകളോടും നിഷേധാത്മകമായ നിലപാടെടുക്കുന്നിടത്തോളം പോകുന്നത് ആശാസ്യമായി തോന്നുന്നില്ല. അതേസമയം മതത്തിന്റെ അന്തഃസത്തക്ക് നിരക്കുന്ന കാരുണ്യപരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിനെ പ്രകീര്‍ത്തിക്കുന്നതും തിന്മകള്‍ക്ക് നേരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രായോഗികരൂപമായി കണക്കാക്കാവുന്നതുമാണ്‌. അങ്ങനെ മാത്രമേ മതത്തെ ദുരുപയോഗിച്ച് സമൂഹത്തില്‍ നാശംവിതക്കുന്നവരെ പ്രതിരോധിക്കാന്‍ കഴിയുകയുമുള്ളു.   രാമനുണ്ണി ലേഖനമെഴുത്തിലൂടെ ലക്ഷ്യമിട്ടതും അതുതന്നെയാണെന്നത് കണ്ണില്‍ തിമിരം ബാധിക്കാത്തവര്‍ക്കെല്ലാം സുതാരാം വ്യക്തമാണ്‌.

ഇഴകീറിയുള്ള മൈക്രോസ്കോപ്പിക്ക്  പരിശോധനയും വ്യാഖ്യാന കസര്‍ത്തുകളും കൊണ്ട് പുകമറ സൃഷ്ടിച്ച് സുതാര്യവും ലളിതവും സാമൂഹികനന്മ ലക്ഷ്യം വെക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയും  ആടിനെ പട്ടിയാക്കി ചിത്രീകരിക്കുകയും ചെയ്യുന്നതുകൊണ്ട് കാരശ്ശേരി മാഷ് ലക്ഷ്യം വെക്കുന്നത് എന്തായിരിക്കും !! ആരുടെയൊക്കെയോ കയ്യടിനേടുകയും അന്യദൃഷ്ടിയില്‍ സ്വന്തം മതേതരക്കുപ്പായം അല്‍പ്പം കൂടി വെളുപ്പിക്കുകയുമായിരിക്കാം അദ്ദേഹം തന്റെ ചെറുകുറിപ്പ്കൊണ്ട് ഒരുപക്ഷെ ഉന്നമിടുന്നത്. അതെന്തായാലും അദ്ദേഹത്തിന്റെ അനവധാനതയോടെയുള്ള ഈ കുറിപ്പെഴുത്ത് മനുഷ്യപക്ഷത്ത് നില്‍ക്കുന്നവരേയും വിശാലമാനവികതയേയും ബലപ്പെടുത്തുന്നതായിരിക്കയില്ല എന്നത് നിസ്തര്‍ക്കം.

ആളുകളെ ഇല്ലാത്ത ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാനും നിഷ്ക്കളങ്കവും നന്മയാല്‍ പ്രചോദിതവുമായ ഒരു പ്രവര്‍ത്തിയെ വികൃതമാക്കി ചിത്രീകരിക്കാനുമുള്ള ഈ ശ്രമം പിന്തുണയര്‍ഹിക്കാത്ത അപഹാസ്യതയാണെന്നാണ്‌ ഈയുള്ളവന്റെ പക്ഷം.
Continue Reading