വീക്ഷണഭേദങ്ങൾക്കിടയിലെ ഐക്യസാദ്ധ്യതകൾ


വീക്ഷണഭേദങ്ങൾക്കിടയിലെ ഐക്യസാദ്ധ്യതകൾ
“ഏതെങ്കിലും തരത്തിലുള്ള ആത്യന്തികതയെ  എതിർക്കാൻ ഒരുങ്ങിപ്പുറപ്പെടുന്നവർ സ്വയമറിയാതെ അതിന്റെ മറ്റേ അറ്റത്തുള്ള അത്യന്തികതയിൽ എത്തിപ്പെടുന്നു“ എന്ന് ആരോ പറഞ്ഞുവെച്ചിട്ടുണ്ട്.

സംസ്ക്ര്‌തസമൂഹം എല്ലാവിധ വിഭാഗീയതകൾക്കുമതീതമായി ഒന്നിക്കുന്ന ഒരു പോയിന്റാണ് ബലാത്സംഗം തിന്മയാണ് എന്നത്. അതിന്റെ വിപാടനത്തിനായി ഒരേവികാരത്തോടെ ചിന്തിക്കുകയും അതിനുള്ള പോംവഴികൾ സമൂഹസമക്ഷം സമർപ്പിക്കുകയും ചെയ്യുമ്പോൾ ഉദ്ദിഷ്ടലക്ഷ്യസാധ്യത്തിന് ആ നിർദ്ദേശം അണുഅളവെങ്കിലും സംഭാവനനൽകുന്നതാണെങ്കിൽ സർവ്വാ‍ത്മനാ സ്വാഗതം ചെയ്യപ്പെടുക എന്നതാണ് സാമാന്യനീതി.

വിചിത്രമെന്ന് പറയട്ടെ, ബലാത്സംഗം ഒഴിവാക്കാൻ മാന്യമായ വസ്ത്രധാരണം ഒരളവുവരെ ഉപയുക്തമാണെന്ന് ഒരു മതവിശ്വാസിയുടെ ഭാഗത്ത് നിന്ന് അഭിപ്രായപ്രകടനം ഉണ്ടാകുമ്പോഴേക്കും അതിന് മതപരമായ സമ്മതികൂടിയുണ്ടെന്ന ഏക കാരണത്താൽ ആ നിർദ്ദേശത്തോട് നെഗറ്റീവ് ആയി പ്രതികരിക്കാനാണ് പലരുടേയും വ്യഗ്രത!

അന്യഥാ വിവാദവിഷയങ്ങളിൽ സമചിത്തതയോടെ പ്രതികരിക്കുകയും ബുദ്ധിപരമായ സത്യസന്ധത പ്രകടിപ്പിക്കുകയും ചെയ്യാറുള്ള പലരും ഈ നിർദ്ദേശത്തിനെതിരിൽ വാളെടുക്കാൻ ധ്ര്‌ഷ്ടരാകുന്നു എന്നത് തികച്ചും അമ്പരപ്പിക്കുന്ന കാഴ്ചയാണ്.

ഒരാത്യന്തികതക്കെതിരെ നിലപാടെടുക്കുന്നവർ സ്വയമറിയാതെ അനഭിലഷണീയമായ രീതിയിൽ മറ്റൊരാത്യന്തികതയിലെത്തിച്ചേരുന്നതിന്റെ ഉദാഹരണമായിട്ടാണ് എനിക്ക് ഇതനുഭവപ്പെട്ടത്.

വൈകാരികപിരിമുറുക്കമുള്ള അവസ്ഥ പ്രകോപനങ്ങളെ സഹിക്കില്ല എന്നത് സ്പഷ്ടമാണല്ലോ. സ്ഫോടനങ്ങൾക്ക് വഴിമരുന്നിടാൻ ഒരു ചെറിയ സ്ഫുലിംഗം മതിയാകും. ശക്തിയേറിയ ജലസമ്മർദ്ദം പൊട്ടിയൊഴുകാൻ ചെറിയ ലീക്കുകളുടെ സാന്നിദ്ധ്യം മതിയാകും.  മാനുഷികവികാരങ്ങളുടെ കാര്യവും തഥൈവ.

കാമവികാരത്തിന്റെ പിരിമുറുക്കത്തിന് വിധേയരായ സംസ്ക്ര്‌തചിത്തരല്ലാത്ത ആളുകളിൽ, പ്രകോപനപരമായ വസ്ത്രധാരണംവഴി തെരുവുകളിൽ അരങ്ങേറുന്ന  നഗ്നതാപ്രദർശനത്തിന്റെ അനിവാര്യഫലം അവരിലെരിയുന്ന പാപചിന്താകനലുകളിൽ എണ്ണയൊഴിക്കൽ തന്നെയാണ് എന്നത് നിസ്തർക്കമായ കാര്യമാണ്.  പ്രകോപനം സ്ര്‌ഷ്ടിക്കുന്ന നഗ്നതാദർശനം ഉണർത്തുന്ന അഭിനിവേശത്തെ സംസ്ക്ര്‌തചിത്തരായ ആളുകൾക്ക് തങ്ങളുടെ ആത്മശക്തിയാൽ അതിജയിക്കാൻ കഴിയുന്നു എന്നതിനാൽ അവരിൽനിന്ന് അനർത്ഥങ്ങളുണ്ടാകുന്നില്ലെന്ന്മാത്രം.

നിർഭാഗ്യവശാൽ കാമവികാരത്തിന്റെ പിരിമുറുക്കം ഏറ്റാനുള്ള സാഹചര്യം  ചാനലുകളിലേയും മറ്റും ലൈംഗികാതിപ്രസരമുള്ള കാഴ്ചകളുടെയും മറ്റും ഫലമായി സാർവ്വത്രികവുമാണ്. ചിന്താശേഷിയേയും വരുംവരായ്കകളെക്കുറിച്ചുള്ള ഭയത്തേയും പാപബോധത്തെയും - അങ്ങനെയൊന്നുണ്ടെങ്കിൽ! - മന്ദീഭവിപ്പിക്കുന്ന മദ്യലഹരിയുടെ സ്വാധീനം വേറെയും. പത്രകോളങ്ങളിൽ കുമിയുന്ന ലൈംഗികാതിക്രമവാരത്തകളുടെ ആധിക്യത്തിന്റെ കാരണം മറ്റെവിടെയും ചികയേണ്ടതില്ല.

മനുഷ്യന്റെ ജനിതകസ്വാഭാവികമായ ഈ ജൈവികത പ്രകോപനപരമായ സാഹചര്യത്തിൽ സ്പോടനാത്മകത സംവഹിക്കുന്നതാണെന്ന സത്യത്തെ  തർക്കങ്ങൾക്കിടയിലെ കേവല ജയപരാജയങ്ങളുടെ പേരിൽ തമസ്ക്കരിക്കാനുള്ള ശ്രമത്തെ ആത്മവഞ്ചന എന്ന്തന്നെ വിശേഷിപ്പിക്കേണ്ടിവരും.

വസ്ത്രധാരണത്തിലെ മാന്യതയുടെ കാര്യം പറയുന്നവരിലെല്ലാം ഒരു “പൊട്ടെൻഷ്യൽ റേപ്പിസ്റ്റ്“ കുടികൊള്ളുന്ന എന്ന പ്രസ്താവം വലിയൊരു അത്യുക്തി തന്നെയാണ്. ആ പ്രസ്താവത്തിലടങ്ങിയ അപമാനം സംസ്ക്കാരസമ്പന്നരിൽ പ്രതിഷേധമുണർത്തുന്നതും സ്വാഭാവികം. അവരിൽ പലരും  ആ പ്രസ്താവത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ ശക്തിയായി മുന്നോട്ട് വന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല.

അതേസമയം വസ്ത്രധാരണത്തിലെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വശത്തിന് സർവ്വപ്രാധാന്യം കൽ‌പ്പിച്ചുനൽകുന്നവരിൽ പലരും നടേ സൂചിപ്പിച്ച അപമാനകരമായ പരാമർശത്തോട്‌ മനസ്സുകൊണ്ട് മമതയുള്ളവരാണെന്നോ അത്തരം ഒരു സാമാന്യവത്ക്കരണത്തെ അവരെല്ലാവരും അനുകൂലിക്കുന്നുണ്ട് എന്നോ ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വക്താവെന്ന നിലയിൽ വള്ളിക്കുന്നിന്റെ ബ്ലോഗിൽ സ്വന്തം വാദഗതിയെ ബലപ്പെടുത്താനായി ഒരു ചിത്രം പോസ്റ്റ് ചെയ്ത ആളെ അതുകൊണ്ടുമാത്രം ഒരു ഞരമ്പ് രോഗിയായോ അരാജകവാദിയായോ മുദ്രകുത്താനും  ഞാൻ വിചാരിക്കുന്നില്ല. സ്വാഭിപ്രായസമർത്ഥനത്തിന്  സഹായകമാണെന്ന് അദ്ദേഹം കരുതിയ ഒരു ചിത്രം നിർദ്ദോഷമനസ്സോടെ പോസ്റ്റ് ചെയ്തു എന്നുമാത്രം.

സാമൂഹികമായ വിശാലകാഴ്ചപ്പാടുള്ളവർക്ക് വിഭിന്ന ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്തന്നെ സാമൂഹ്യസുസ്ഥിതീവിഷയകമായ കാര്യങ്ങളിൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താനാകേണ്ടതുണ്ട്. കുളം കലക്കി മീൻ പിടിക്കാൻ ഉന്നം വെക്കുന്ന ഇരുട്ടിന്റെ ശക്തികളെ തോല്പിക്കാൻ അങ്ങനെ മാത്രമേ കഴിയുകയുള്ളൂ. തർക്കങ്ങൾക്ക് എരിവേകാനും വിഷയത്തിന്റെ മർമ്മത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുമുള്ള നിഗൂഡോദ്ദേശ്യങ്ങളോടെ കമന്റാൻ വരുന്ന തൽ‌പ്പരകക്ഷികളുടെ ദുഷ്ടലാക്കിൽ വീണുപോകാതിരിക്കാനുള്ള ജാഗ്രതയും അനിവാര്യം.

സാമൂഹ്യവിഷയങ്ങളിലെ അഭിപ്രായാന്തരങ്ങൾ തർക്കങ്ങളായി പരിണമിക്കുമ്പോൾ അതിനിടയിലേക്ക് വ്യക്തിപരതയുടെ അനാവശ്യമായ കടന്നുകയറ്റമുണ്ടാകുന്നതിന് കടിഞ്ഞാണിടാൻ ഓരോരുത്തർക്കും കഴിഞ്ഞാൽ മാത്രമേ ഈ ചർച്ചകളുടെയെല്ലാം ആത്യന്തികഫലം നന്മയായി ഭവിക്കുകയുള്ളു.

വർഗ്ഗീയതയുടേയും ഹിംസാത്മകതയുടെയും  അടിയൊഴുക്കുള്ള തത്വശാസ്ത്രങ്ങൾ വഴിനടത്തുന്ന രോഗഗ്രസ്തമനസ്സുകളോട്‌ വേദമോതുന്നതിൽ അർത്ഥമില്ല. ബഹുസ്വരസമൂഹത്തിന്റെ പരസ്പര സഹവർത്തിത്തിൽ വിശ്വസിക്കുന്ന വിവേകമതികളോട് മാത്രമാണ് എന്റെ വാക്കുകൾ. ഞാൻ ഏറെ ബഹുമാനിക്കുന്ന രണ്ട് സുഹ്ര്‌ത്തുക്കളുടെ ഫേസ് ബുക്കിലെ  വാക് പയറ്റ്  സൌഹ്ര്‌ദത്തിന്റെ ലക്ഷ്മണരേഖ ലംഘിക്കുന്നതിനു സാക്ഷിയാകേണ്ടിവന്നപ്പോൾ മനസ്സിൽ വന്ന ചിന്തകൾ പങ്ക് വെച്ചെന്നുമാത്രം.

Continue Reading