വര്‍ഷപ്പകര്‍ച്ചയുടെ നേരം .......


ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന്‌ ഒരേടുകൂടി പുറകോട്ട് മറിക്കപ്പെടുന്നു.....
ഓര്‍ത്തോമനിക്കാനും വിഷാദിക്കാനും ഒട്ടേറെ മനസ്സിലിട്ടുതന്നുകൊണ്ട്‌ഒരു വര്‍ഷം കൂടി വിട പറയുന്നു...

പോയ വര്‍ഷത്തിലേയ്ക്ക്‌ മനസ്സുകൊണ്ട്‌ ഒരു മടക്കയാത്ര നടത്തുമ്പോള്‍, പ്രസാദാത്മകമായ ചിത്രങ്ങളേക്കാള്‍ കാളിമപുരണ്ട കലുഷചിത്രങ്ങളാണ്‌ മനസ്സു നിറയെ.

ദാരിദ്ര്യ ദുഃഖം,

പരിസരമലിനീകരണം,
തേഞ്ഞുതീരുന്ന വനമേഖല,
ജീവജാലങ്ങളുടെ വംശനാശം,
അന്യം നിന്നുപോകുന്ന സാംസ്കാരിക ഈടുവെപ്പുകള്‍ ,
വിനഷ്ടമാകുന്ന ഗുരുത്വം,
കൂസലന്യേ കൊണ്ടുനടക്കുന്ന വഴിപിഴച്ച ബന്ധങ്ങള്‍ ,
അടിച്ചേല്‍പ്പിക്കപ്പെടുന്ന യുദ്ധങ്ങള്‍ ,
അന്യായമായി തടങ്കല്‍പ്പാളയങ്ങളീല്‍ ഒടുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ജന്‍മങ്ങള്‍,
അരങ്ങുതകര്‍ത്താടുന്ന അനീതിയുടെ കിരാതവേഷങ്ങള്‍,
അനീതിക്കിരയാകുന്നവരുടെ വനരോദനങ്ങള്‍, ബധിരകര്‍ണ്ണങ്ങളീല്‍ വീഴുന്ന വിലാപങ്ങള്‍ ..
ധാര്‍മ്മികതയുടെയും നൈതികതയുടേയും വംശനാശം,
പരിശുദ്ധി വഴിഞ്ഞിരുന്ന ഗൃഹാന്തരീക്ഷത്തിലേക്ക്‌ "ആന്റിന"കള്‍ വഴി അസാന്‍മാര്‍ഗ്ഗികതയുടെ അധിനിവേശം..
ചാനലുകളുടെ വിഷപ്രയോഗങ്ങളാല്‍ മലിനമാകുന്ന മനോതലങ്ങളും അതനിവാര്യമാക്കുന്ന സാമൂഹിക പ്രതിസന്ധികളും,
"എയ്‌ഡ്‌സി"ന്റെ മരണക്കയത്തിലേക്ക്‌ നീന്തിയടുക്കാന്‍ പാകത്തില്‍ മൂന്നാം ലോകത്തിനും ശീലമായിക്കൊണ്ടിരിക്കുന്ന അരാജക ലൈംഗികത,
വര്‍ഗ്ഗീയതയുടെ അഗ്നിയെരിയുന്ന ഗലികളില്‍ ചോരയോടുചേര്‍ന്നു ചാലിടുന്ന കണ്ണീരരുവികള്‍,
ഹോട്ടലുകളില്‍ അന്നത്തിന്റെ മുന്നിലിരിക്കുന്നവരുടെ നെഞ്ചിലേക്ക് ഉന്നംപിടിക്കുന്ന ക്രൂരതയായി വഴിതെറ്റിപ്പോകുന്ന പ്രതിഷേധമാര്‍ഗ്ഗങ്ങള്‍, തീവ്രവാദഭീഷണീകള്‍ ....
കട്ടവനെകണ്ടില്ലെങ്കില്‍ കണ്ടവനെ പിടികൂടുന്ന ഭരണകൂടഭീകരതകള്‍ ....
കുളം കലക്കി മീന്‍പിടിക്കാന്‍ നോക്കുന്നവരുടെ ചതിപ്രയോഗങ്ങള്‍ ...
സര്‍വ്വനാശത്തിന്റെ കേളിക്കൊട്ടുയര്‍ത്തുന്ന ആണവസഹകരണങ്ങള്‍ അഭിമാനപൂര്‍വ്വം കൊണ്ടാടപ്പെടുന്നതിന്റെ വൈരുദ്ധ്യങ്ങള്‍,
വര്‍ണ്ണക്കടലാസ്സില്‍ വെച്ചു നീട്ടുന്ന ഉദാരവല്‍ക്കരണത്തിന്റെ വിഷഗുളികകള്‍,
കുരങ്ങന്റെ അപ്പംപങ്കിടലിനെ അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്ര മാദ്ധ്യസ്ഥ പ്രഹസനങ്ങള്‍,
അധിനിവേശത്തിന്റെ പല്ലിടുക്കിലരയുന്ന ഇറാഖിയന്‍, ഫാലസ്തീനിയന്‍ യൌവ്വനങ്ങള്‍,
ഉപരോധത്തില്‍പ്പെട്ട്‌ ചക്രശ്വാസം വലിക്കുന്ന ഇറാനിയന്‍ ശൈശവങ്ങള്‍,
ആഗോളവല്‍ക്കരണം ഊതിവീര്‍പ്പിച്ചുവെച്ചിരുന്ന കുമിള പൊടുന്നനെയുടഞ്ഞപ്പോള്‍ ആവിയായിപ്പോയ ബാങ്കിങ് മേഖലയും രാഷ്ട്രങ്ങളുടെ സാമ്പത്തികസുസ്ഥിതിയും,
പിന്നെയും പിന്നെയും കനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാധാരണക്കാരന്റെ മടിശ്ശീലകള്‍,അങ്ങനെയങ്ങനെ.....    പോയ വര്‍ഷം വെച്ചുനിട്ടുന്ന പാഥേയത്തില്‍ കല്ലും കുപ്പിച്ചില്ലുകളുമെമ്പാടും...

അതോടൊപ്പം ,

എല്ലാറ്റിനേയും നിര്‍വ്വികാരതയോടെ ഏറ്റുവാങ്ങാന്‍ ശീലിച്ച ഷണ്ഡീകൃതമായ പ്രതികരണശേഷിയുമായി സമൂഹം...

"അവനവനിസ"ത്തിന്റെ മാളത്തിലേയ്ക്ക്‌ വലിയുന്ന അണുകുടുംബങ്ങള്‍,
എല്ലാറ്റിനേയും ഒരു ഹോളിവുഡ്‌ സിനിമയുടെ എക്സ്റ്റന്‍ഷന്‍ മാത്രമായി കാണാന്‍ ലാഘവത്വം സിദ്ധിച്ച യുവമനസ്സുകള്‍ ...

ഉള്ളിന്റെയുള്ളില്‍ കരുണയുടെയും കനിവിന്റെയും മമതയുടേയും അനുതാപത്തിന്റെയും നെയ്ത്തിരി കാറ്റില്‍ക്കെടാതെ കൊണ്ടുനടക്കുന്നവര്‍ക്ക്‌ വിടപറയുന്ന വര്‍ഷങ്ങള്‍ മനസ്സില്‍ ബാക്കിയിടുന്നത്‌ വേവും വേപഥുവും സമ്മാനിക്കുന്ന ചിത്രങ്ങള്‍ മാത്രം....

വര്‍ഷപ്പകര്‍ച്ചയുടെ സായന്തനത്തില്‍ മനസ്സിലെരിയുന്നത്‌ വ്യഥിത ചിന്തകള്‍ .......

ആകുലതകല്‍ക്കിവിടെ പഞ്ഞമില്ല.....   എങ്കിലും,

അതീതഭൂതകാലത്തിന്റെ ആകാശങ്ങളില്‍ ഇനിയും അണയാന്‍ കൂട്ടാക്കാതെ മുനിഞ്ഞുകത്തുന്ന നക്ഷത്രങ്ങള്‍ പ്രകാശരശ്മികള്‍ നീട്ടിത്തന്ന് മനുഷ്യകുലത്തിന്‌ വഴിതെളിച്ചേക്കാം....

വഴികള്‍ വീണ്ടും ഇരുള്‍ നീങ്ങി തെളിഞ്ഞേക്കാം ...
നമുക്ക് ശുഭാപതി വിശ്വാസികളാകാം..
ഒരു പിന്‍വിളിക്ക്‌ കാതോര്‍ക്കാം

ഒരു തിരിഞ്ഞു നടത്തം അനിവാര്യമാണ്‌.

പിറക്കാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഭൂമി സമാധാനമറിയട്ടെ.....
----------------------------------------------
Continue Reading