അലിഞ്ഞുപോയ അത്താണികള്‍.
ജീവിതായോധനത്തിന്റെ യാതനകള്‍ നിറഞ്ഞ ഒരു കാലത്തിന്റെ കഥ പറയുന്ന പ്രതീകങ്ങളാണ്
അത്താണികള്‍. നിരത്തുകളും വാഹനങ്ങളും അന്യമായിരുന്ന ഒരു കാലത്തിന്റെ അതിജീവനപ്രതീകങ്ങള്‍.
പഴയകാലത്തെ ആളുകളുടെ ജീവിതഭാരത്തിന് ആവുന്നതോതില്‍
ഇളവുനല്‍കിയിരുന്ന ഈ ലളിതനിര്‍മ്മിതിയെ നന്മയുടെ
പ്രതീകമായും വിശേഷിപ്പിക്കാം.
ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ |
മണ്ണുകൊണ്ടുണ്ടാക്കിയ പീടികകളും വീടുകളും സര്‍വ്വസാധാരണമായിരുന്ന പഴയകാലത്ത് കല്ലുവെച്ച്
പടുത്തുണ്ടാക്കിയവ അപൂര്‍വ്വമായതുകൊണ്ടാകാം "കല്ലുവെച്ച പീടിക" എന്ന് ആ എടുപ്പിനെ
ആളുകള്‍ പ്രത്യേകമായി പേര്‍ ചൊല്ലിവിളിച്ചത്.
കല്ലുവെച്ചപീടികയ്ക്ക് മുന്നില്‍ പ്രതാപത്തോടെ നിലകൊണ്ടിരുന്ന കരിങ്കല്ലുകൊണ്ടുള്ള ഭീമാകാരനായ അത്താണിയാണ് ജീവിതത്തില്‍ ഞാന്‍ കണ്ട ആദ്യത്തെ അത്താണി. ഒരേസമയം പല ചുമടുകള്‍ക്ക് ഇടം നല്‍കാന്‍മാത്രം വിസ്തൃതമായൊരത്താണി. ഒരുപക്ഷെ കല്ലുവെച്ചപീടികയ്ക്ക് അത്രയും പെരുമയും അതിലെ കച്ചവടസ്ഥാപനങ്ങള്‍ക്ക് അത്രയും ജനകീയതയും ലഭിച്ചത് മുറ്റത്ത് സ്ഥാപിതമായിരുന്ന അത്താണിയുടെ സാന്നിദ്ധ്യം കൊണ്ട്തന്നെയാകാം.
പീടികമുതല്‍ തെക്കോട്ട് പരന്നു കിടക്കുന്ന വിശാലമായ പാടമായിരുന്നു. പാടത്തിനു നടുവില്‍ തെക്കുവടക്കായി വലിയ നെടുവരമ്പുമായി സ്ഥിതിചെയ്യുന്ന തോട്. കല്ലുവെച്ച പീടികയുടെ ഏതാനും വാര അകലെ വരെ നേരെ വന്ന് പിന്നെ പടിഞ്ഞാട്ട് വളഞ്ഞ് അടുത്ത ഗ്രാമങ്ങളിലൂടെ നീണ്ടുപോയി തോട് അങ്ങകലെ പൊന്നാനിയോളം ചെന്ന് ബീയം കായലില്‍ ലയിക്കുന്നു. പാടത്തിനപ്പുറം അഞ്ഞൂര്, നായരങ്ങാടി, ഞവണേങ്ങാട്, ഉള്ളിശ്ശേരി പ്രദേശങ്ങളില്‍ നിന്ന് നെടിയ തോടുവരമ്പും പാടവരമ്പും താണ്ടി തലയില്‍ ചുമടുമായി വലഞ്ഞ് നടന്നെത്തിയ ഒട്ടേറെ പഥികര്‍ക്ക് ആ അത്താണി ഏറെക്കാലം വലിയ ആശ്വാസം നല്‍കിയിരുന്നിരിക്കണം.
എന്റെ അമ്മായി (പിതൃസഹോദരി) എനിക്കോര്‍മ്മവെച്ച കാലംമുതല്‍ വിധവയായും മക്കളില്ലാതെയും ഞങ്ങളോടൊപ്പമായിരുന്നു. ഉപ്പയുടേയും ഉമ്മയുടേയും മാതാപിതാക്കള്എന്റെ ജനനത്തിനു മുമ്പ്തന്നെ മരണപ്പെട്ടുകഴിഞ്ഞിരുന്നതിനാല്‍ വല്യുപ്പ-വല്യുമ്മമാരുടെ ഉദാരമായ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിയാന്‍ യോഗമുണ്ടാകാതെപോയ എനിക്ക് ആ കുറവറിയാതിരുന്നത് അമ്മായിയുടെ സാന്നിദ്ധ്യത്താലായിരുന്നു. ഉദാരമായ സ്നേഹവാത്സല്യവും ഒപ്പം ശരിയായ രീതിയില്‍ വഴിനടത്താനുള്ള ജാഗരൂകതയും അവരില്‍ സമമായി സമ്മേളിച്ചിരുന്നു. വര്‍ഷങ്ങളോളം വീടുവിട്ടുനില്‍ക്കുന്ന ഉപ്പയുടെ മലേഷ്യന്‍ പ്രവാസത്തില്‍ ഉമ്മക്ക് അളവറ്റ പിന്തുണയുമായി ഒരത്താണിപോലെ കാര്യപ്രാപ്തിയില്‍ പുരുഷനോളം മികവുണ്ടായിരുന്ന അമ്മായി വീടിന് താങ്ങുംതണലുമായി. ഒരു തള്ളക്കോഴിയുടെ ചിറകിനടിയിലെന്നപോലെ, ഉമ്മയും ഞങ്ങള്‍ മൂന്ന് കുഞ്ഞുങ്ങളും ഉപ്പയുടെ അഭാവത്തിലും അമ്മായിയുടെ തണലില്‍ സുരക്ഷിതരായിരുന്നു.
രണ്ടുതവണ വിവാഹിതയായ അവര്‍ ആദ്യഭര്‍ത്താവിന്റെ കടുത്ത നടപടിദൂഷ്യത്തില്‍ മനംമടുത്ത് ആ വിവാഹത്തില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു. പുനര്‍വിവാഹാനന്തരം മലേഷ്യയിലേക്ക് പോയ ഭര്‍ത്താവ് അവിടെവെച്ച് അകാലമരണമടയുകയും ചെയ്തതോടെ ഇനിയൊരു വിവാഹത്തിനില്ലെന്ന് ഉറച്ച തീരുമാനമെടുത്ത് ഇളയ രണ്ട് ആങ്ങളമാരുടേയും അനിയത്തിയുടേയും മക്കളെ സ്വന്തമെന്നപോലെ സ്നേഹിച്ച് ശിഷ്ടകാലം ജീവിച്ചു.
വിളകളേയും വിത്തുകളേയും വളപ്രയോഗങ്ങളേയും സംബന്ധിച്ച പരിജ്ഞാനം, പലഹാരക്കൂട്ടുകളിലെ അറിവും പാചകവൈഭവവും, വിശ്രമവേളകളിലെ തഴപ്പായ നെയ്ത്ത്, അടുക്കളത്തോട്ടം പരിചരണം, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കല്‍, കഷ്ടപ്പാടുള്ളവരെ കയ്യയച്ച് സഹായിക്കല്‍, ഇമ്പമാര്‍ന്ന രീതിയില്‍ പഴയകാല മാപ്പിളപ്പാട്ടുകളുടെ ആലാപനാസ്വാദനങ്ങള്‍, കയ്യളവുകളാല്‍ ശീല കൃത്യമായി ചീന്തിമുറിച്ച് സൂചിയുപയോഗിച്ച് പെണ്‌കുപ്പായങ്ങള്‍ തുന്നിയുണ്ടാക്കല്‍, അവയില്‍ നിറമുള്ള നൂലുകൊണ്ട് ചിത്രപ്പണികള്‍ ചെയ്യല്‍ തുടങ്ങി അമ്മായിയുടെ അഭിരുചികള്‍ ബഹുമുഖമായിരുന്നു.
വാര്‍ദ്ധക്യത്തിലെത്തിയ അവര്‍ പിന്നീട് രോഗിണിയായി ശയ്യാവലംബിയായി. ഇടക്കിടെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍
വിവരമറിയിക്കാനായി നാലുനാഴിക അകലേയുള്ള കുട്ടിവൈദ്യരുടെ വീട്ടിലേക്ക്
അന്ന് പ്രൈമറിക്ലാസുകളില്‍ പഠിച്ചിരുന്ന ഞാന്‍ ഇടക്കിടെ പോകുമായിരുന്നു. (വൈദ്യരുടെ മുഴുവന്‍ പേര്‍ രാമന്‍കുട്ടിയെന്നോ
കൃഷണന്‍കുട്ടിയെന്നോ ഒക്കെ ആയിരുന്നിരിക്കാം). കല്ലുവെച്ചപീടിക പിന്നിട്ടിട്ട് വേണം
അഞ്ഞൂരുള്ള വൈദ്യരുടെ വീട്ടിലോ മരുന്ന് ഷോപ്പിലോ എത്താന്‍. ആ കാല്‍നടയാത്രയില്‍, കല്ലുവെച്ചപീടികയുടെ അരികിലെത്തുമ്പോള്‍ ഞാന്‍ അന്നോളം മറ്റെവിടെയും കണ്ടിട്ടില്ലാത്ത ആ അത്താണിയെ
കൌതുകപൂര്‍വ്വം കുറച്ചുനേരം നോക്കിനില്‍ക്കല്‍ പതിവുപരിപാടിയായിരുന്നു.
ആരെങ്കിലും ദീനവിവരം അറിയിച്ചാലുടന്‍
നാട്ടുവഴികളിലൂടെ സ്വന്തം സൈക്കിള്‍ ചവുട്ടി വീടുകളില്‍ വന്നിരുന്ന ഹൃദയാലുവായ
കുട്ടിവൈദ്യര്‍ എന്റെ അറിയിപ്പുപ്രകാരം അഞ്ഞൂര്‍ ദേശത്ത് നിന്നും ഒട്ടേറെ തവണ കല്ലുവെച്ചപീടികയും അത്താണിയും പിന്നിട്ട് സൈക്കിളില്‍
സഞ്ചരിച്ച് ഞങ്ങളുടെ വീട്ടില്‍ വന്നു. കാരുണ്യപൂര്‍വ്വം രോഗവിവരങ്ങളാരാഞ്ഞ് കുറിപ്പടികള്‍ മാറ്റിയെഴുതി പലപ്പോഴും പ്രതിഫലം വാങ്ങാന്‍ കൂട്ടാക്കാതെ, കര്‍മ്മം ചെയ്ത കൃതാര്‍ത്ഥതമാത്രം കൈമുതലാക്കി തിരിച്ചുപോയി. കുറിപ്പടികള്‍ പ്രകാരം ഉമ്മ തയ്യാറാക്കിയ കഷായക്കൂട്ടുകളും ശ്രുശ്രൂഷയുംകൊണ്ട് അമ്മായി രോഗശാന്തിയറിഞ്ഞു. രോഗപീഡയില്‍ വൈദ്യര്‍ ഞങ്ങള്‍ക്കെന്നപോലെ അഞ്ഞൂരിന്റെ നാലഞ്ച് കിലോമിറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം ആശ്രയമായിരുന്നു. വിളിച്ചാല്‍ വിളിപ്പുറത്ത് എന്നപോലെ രോഗികളായിരുന്ന വയോജനങ്ങള്‍ക്ക് വീട്ടിലെത്തി
ചികിത്സ നല്‍കിയിരുന്ന കുട്ടിവൈദ്യരും ജനങ്ങളുടെ ദീനങ്ങളുടേയും വേദനകളുടേയും ദുരിതഭാണ്ഡങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന മറ്റൊരത്താണിയായി.
പ്രതിഫലമിച്ഛിക്കാത്ത സേവനതല്‍പ്പരരായിരുന്ന അത്തരം വൈദ്യന്മാരും അത്താണിയെപ്പോലെത്തന്നെ ഇന്നു കണികാണാന്‍ കിട്ടാത്തവിധം അന്യംനിന്നുപോയ നാട്ടുപുണ്യങ്ങളാണ്. തൂവെള്ളവസ്ത്രത്തില്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ചര്‍മ്മകാന്തിയുമായി മുക്കാലും വെളുത്തുകഴിഞ്ഞ തലമുടി ഭംഗിയായി പിറകോട്ട് ചീകിവെച്ച് ക്ലീന്‍ഷേവുചെയ്ത മുഖവും കരുണരസം സ്ഫുരിക്കുന്ന കണ്ണുകളും മുഖത്ത് തികഞ്ഞ ശാന്തഭാവവുമായി അദ്ദേഹം ഭൂമിയെ വേദനിപ്പിക്കാതെ പതിയെ സൈക്കിള്‍ ചവുട്ടി പോകുന്ന ചിത്രം മനസ്സില്‍ ഇപ്പോഴും ഒട്ടും നിറം മങ്ങാതെയുണ്ട്.
1976-ല്‍ എന്നെ ഗള്‍ഫിലേക്ക് യാത്രയാക്കിയ അമ്മായി ഞാന്‍ തിരിച്ചെത്താന്‍ കാത്തുനില്‍ക്കാതെ
കടന്നുപോയി. എന്നെ രൂപപ്പെടുത്തിയതിന് ഞാന്‍ ഏറെ കടപ്പെട്ട ആ
അത്താണിയെ കാലം കൊണ്ടുപോയി....
കാലപ്രവാഹത്തില്‍ പാടത്തിന്റേയും
തോടിന്റേയും നെടുവരമ്പിന് വീതി കൂടി. മണ്ണിട്ട റോഡായും
കല്ലിട്ട റോഡായും പിന്നിട് ടാര്‍റോഡായും പതുക്കെപ്പതുക്കെ
അത് പരിണമിച്ചു. തലച്ചുമടുകാരും കാവിന്റെ നടുഭാഗം തോളില്‍
വെച്ച് രണ്ടറ്റത്തും ഭാരം തൂക്കിയിട്ട് താളാത്മകമായി ചാടിച്ചാടി നടന്നുപോയിരുന്നവരും അപൂര്‍വ്വ കാഴ്ചകളായി. റോഡുകളും
മോട്ടോര്‍വാഹനങ്ങളും സാര്‍വത്രികമാകുകയും തലച്ചുമടിന്റെ ആവശ്യകത ഇല്ലാതാകുകയും ചെയ്ത്
നാട് പരിഷ്ക്കാരങ്ങളെ വാരിയണിഞ്ഞപ്പോള്‍ പ്രസക്തി നഷ്ടപ്പെട്ട് അവഗണിക്കപ്പെട്ട് അത്താണികള്‍
എല്ലായിടത്തും അനാഥമായി. അനവസരത്തില്‍ അസ്ഥാനത്ത് നിലകൊള്ളുന്ന ജാള്യതയോടെ അവ കുറേ
നാള്‍ കൂടി നിലനിന്നു. കല്ലുവെച്ചപീടികക്ക് മുന്നിലെ അത്താണിയും നിരുപയോഗമായെങ്കിലും ഒരോര്‍മ്മത്തെറ്റുപ്പോലെ
ഏറെനാള്‍ അവിടെത്തന്നെ കാണപ്പെട്ടിരുന്നു. കാലാന്തരത്തില്‍ ആദ്യം അത്താണിയും തുടര്‍ന്ന് കല്ലുവെച്ച
പീടിക തന്നെയും നിഷ്ക്കാസനം ചെയ്യപ്പെട്ടു.
കല്ലുവെച്ച പീടികയുടെ സ്ഥാനത്ത് ഒരു വാര്‍പ്പുവീട് ഉയര്‍ന്നു.
അത്താണിയെ പുതിയ കാലം ഒരു സ്മാരകമായി പോലും
എവിടെയും നിലനിര്‍ത്തിയതായി കാണുന്നില്ല. എങ്കിലും പല സ്ഥലപ്പേരുകളിലും അത്താണി അദൃശ്യസാന്നിദ്ധ്യമായി ഇപ്പോഴും കുടിയിരിക്കുന്നുണ്ട്. കൊച്ചനൂര്‍ എന്ന എന്റെ ഗ്രാമത്തിന്റെ അതിരുപങ്കിടുന്ന ഗ്രാമത്തിന്റെ പേര് അത്താണിയുമായി
ബന്ധപ്പെട്ടതാണ് . നടനും എഴുത്തുകാരനും, 'വേറിട്ട കാഴ്ച്ചകള്‍' എന്ന ടി.വി. പരമ്പരയുടെ ശില്‍പ്പിയുമായ
വി.കെ.ശ്രീരാമന്റെ ഗ്രാമമായ ചെറുവത്താണി. പുത്തനത്താണി, രണ്ടത്താണി, കരിങ്കല്ലത്താണി തുടങ്ങി മലബാറില്‍ അത്താണിപ്പെരുമയുള്ള പേരുകള്‍ പേറുന്ന വേറെയും
ഊരുകളുണ്ടല്ലോ.
അത്താണിയെപ്പറ്റി, ഒപ്പം ജീവിതത്തില്‍ അത്താണിയായി വര്‍ത്തിച്ചവരെപ്പറ്റിയുമുള്ള ഓര്‍മ്മകള്‍ എന്റെ
മനസ്സിലിപ്പോള്‍ ഉണര്‍ത്തിയെടുത്തത് സെന്റര്‍ കോര്‍ട്ട് എന്ന ബ്ലോഗില്‍ മന്‍സൂര്‍ ചെറുവാടി
എഴുതിയ ഒരു പോസ്റ്റിന്റെ വായനയാണ്. അത്താണി, തെരപ്പം, റാന്തല്‍ വിളക്ക് തുടങ്ങി കാലത്തില്‍ വിലയംകൊണ്ട ചില പഴയകാലപ്രതീകങ്ങള്‍ കാവ്യാത്മകമായ ഭാഷയില്‍ സ്മരിക്കപ്പെട്ടിരിക്കുന്നു.
പോയകാലത്തിന്റെ നാട്ടുനന്മകളെഴുതിയത് വായിക്കുമ്പോള്‍ ആ പഴയകാലത്തേക്ക് മനസ്സ് കുതിക്കുകയായി.
പരാമര്‍ശിക്കപ്പെട്ട പലതും അറിയുകയും ആസ്വദിക്കുകയും ചെയ്ത
ഒരു കുട്ടിക്കാലം എന്റേത്കൂടിയാണ്. അല്ല, മദ്ധ്യവയസ്സ് പിന്നിട്ട
എല്ലാ മലയാളികളുടേതുമാണ്.
ഫോക്ക് നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന നടത്തയുമായി കീരന്‍കുട്ടി വന്ന് അത്താണിയില്‍
തലച്ചുമടിറക്കി വെച്ചതും നാടന്‍ബീഡിക്ക് തീപിടിപ്പിച്ച് അത്താണിയില്‍ ചാരിയിരുന്ന്
വിശ്രമിച്ചതും മന്‍സൂര്‍ മനോഹരമായി എഴുതിയപ്പോള്‍, ചിത്രകാരന്‍ ഇസ്‌ഹാഖ് അതിന് ഉചിതമായ ദൃശ്യഭാഷ നല്‍കിയപ്പോള്‍ അത് ഹൃദയഹാരിയായി. ഒപ്പം പ്രിയതരമായ ഒരുപാട് ഓര്‍മ്മകളെ
തൊട്ടുണര്‍ത്തുകയും ചെയ്തു..
ഈ വരികള്‍ക്ക് ആധാരമായ മന്‍സൂറിന്റെ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിനെ
പിന്തുടര്‍ന്നുപോയാല്‍ വായിക്കാം: