ഗതി

ഗതിയുടെ കാര്യം
ആലോചിച്ചാല്‍
വലിയ തമാശതന്നെയാണ്……

പുരോഗതിയില്‍ നിന്ന്‌
പുരോഗതിയിലേയ്ക്ക്‌
കുതിക്കുന്നവരും
അധോഗതിയില്‍ നിന്ന്
അധോഗതിയിലേക്ക്
പതിക്കുന്നവരും
സ്ഥിതിഭേദമില്ലാതെ സദാ
മിതാവസ്ഥയാലനുഗ്രഹീതരും..….

പതനം എളുപ്പവും
ഉത്ഥാനം കടുപ്പവുമാണത്രെ…..

എങ്ങനെ വീണാലും
നാലുകാലിലാവുന്നവരും
എത്ര താങ്ങിയാലും
നേരെനില്‍ക്കാനാകാത്തവരുമുണ്ട്‌……

ചതിപ്രയോഗത്താല്‍
ഗതിതടയപ്പെട്ടവരുണ്ട്‌
ഭാഗ്യക്കുറിനേടുകയാല്‍
ഗതികേടിന്നറുതിയായവരും .........

കുഴിയുടെ ആഴത്തില്‍നിന്ന്‌
കഷ്ടതയേറെയറിഞ്ഞ്
കഷ്ടിച്ച്‌ കരേറിയവരുണ്ട്‌.
സൌഭാഗ്യ ശൃംഗമേറി
സുഖഭോഗരസം നുണഞ്ഞനന്തരം
പാതാളത്തിലേക്കാപതിച്ചവരും........

ദുര്‍ഗതി സ്വയംവരിച്ചവരും
അതടിച്ചേല്‍പ്പിക്കപെട്ടവരുമുണ്ട്‌.
സത്ഗതി അടിച്ചെടുത്തവരുണ്ട്‌
അത് വീണുകിട്ടിയവരുമുണ്ട്‌……..

ഗതിയുടെ ഗുട്ടന്‍സ്
തേടിയിറങ്ങിയവരാരും
സംഗതിയിതുവരേയും
തപ്പിയെടുത്തതായറിവില്ല.

വിധിവിഹിതമത്രെ

ഗതിവിഗതികളുടെ കാര്യം...….---------------------------------
Continue Reading

ദുര്‍മരണം


വാര്‍ത്തകേട്ട്‌ അവിശ്വസനീയതയാല്‍
വാപൊളിച്ച ജനം മൂക്കത്ത് വിരല്‍ വെച്ചു.......

ബേങ്ക്‌ സമുച്ചയത്തിന്നിടനാഴിയില്‍
അനാഥമായ് കിടന്ന ജഡം
ത്രീപീസ് സൂട്ട് ധാരിയായിരുന്നു.

അധികം പഴക്കമാകുംമുമ്പേ അത്‌
അസാധാരണമാം വിധം ചീര്‍ത്തുവന്നു..

കൊലയാണെന്നും വിഷബാധയെന്നും
പലപക്ഷമുണ്ട്‌ മാലോകരില്‍ .

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
മദിരാക്ഷിയുടെയും കഥകളും,
ഊഹക്കച്ചവടത്തിന്റെയും ചൂതാട്ടത്തിന്റെയും
പിന്നാമ്പുറക്കഥകളും പടരുന്നു.....

ഫോറന്‍സിക് ഫലങ്ങളില്‍
അറപ്പിക്കുന്ന വിവരങ്ങളുണ്ടത്രെ.

ഇറാഖ്, അഫ്ഗാന്‍, ഫലസ്തീന്‍ വംശജരുടെ
മാംസശിഷ്ടങ്ങളാമാശയത്തിലുണ്ടായിരുന്നുപോല്‍ ...!!

ഗ്വാണ്ടനാമോ, അബൂഗാരിബ് ജെയിലറകളില്‍
ഗതികിട്ടാതലയുമാത്മാക്കളുടെ
ശാപബാധയുമാകാം മരണകാരണമെന്ന്‌
ഉപശാലകളീല്‍ ജനസംസാരം .

ആസന്നമരണനായ്‌ അര്‍ദ്ധബോധത്തില്‍
ബുഷ്..ബുഷ് എന്നുരുവിട്ടിരുന്നുവത്രെ.

ശപിക്കയായിരുന്നോ വിലപിക്കയായിരുന്നോ
പശ്ചാത്തപിക്കയായിരുന്നോ എന്നാര്‍ക്കും
തീര്‍ച്ചയും മൂര്‍ച്ചയും ഇല്ലതാനും ...

എന്നാലും എങ്ങനെ കഴിഞ്ഞതാണെന്നൊരാള്‍ .
വിനാശകാലേ വിപരീതബുദ്ധിയെന്ന് മറ്റൊരാള്‍ .
വാളെടുത്തവന്‍ വാളാല്‍ എന്നു വേറൊരാള്‍ .
മുജ്ജന്‍മദുഷ്കൃതം എന്ന് ഇനിയുമൊരാള്‍ .

ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്ന്‌
ആരോ പണ്ടേ പറഞ്ഞുവെച്ചിട്ടുമുണ്ട്‌.....
----------------------------------
Continue Reading

സാഫല്യം


സ്നേഹത്തിന്‍ പൊരുളറിയും പൂര്‍ണ്ണത
നിസ്വാര്‍ത്ഥത ഉടലണിയും ഹൃദ്യത
മാനസങ്ങള്‍ തമ്മിലറിയും ധന്യത
ദാമ്പത്യജീവിതത്തിന്‍‌ ചാരുത................

അനുഭവങ്ങളരുളീടും മധുരം‌
അകതാരില്‍ നിനവുകളായ് കിനിയും
അനുഭൂതിസാന്ദ്രതകളുടലില്‍‌
അനുരാഗമധുരമകക്കാമ്പില്‍....................

സ്നേഹാര്‍ദ്രം പങ്കിട്ടോരാശകള്‍‌
സാഫല്യപ്പൂര്‍ണ്ണത പുല്‍കും വേളകള്‍
ഉടയോന്‍‌ കനിഞ്ഞേകും കനികള്‍‌
ഇണകള്‍ക്ക് ജീവിത സുകൃതം....................

സുഖദുഃഖസമ്മിശ്ര വാഴ്വില്‍‌
തുണനില്‍ക്കും ഇണകളന്യോന്യം‌
നന്മകള്‍‌ പൂവിടര്‍ത്തും‌ വഴിയില്‍‌
കൈവിരല്‍‌ കോര്‍ത്തു ഗമിക്കും‌...................


തന്നിണതന്‍‌ ക്ഷേമം‌ കൊതിക്കും‌പ്രാര്‍ത്ഥനകള്‍ നാഥങ്കലെത്തും‌അവനരുളീടുമിരുപേര്‍ക്കുമൊപ്പം‌ഇഹലോക പരലോക സൌഖ്യം....................

 
Continue Reading

ഒഴിവ്


ഉഴവുചാലുകളിലൂടെ
നുകക്കീഴിലെന്നപോലെ
ഏറെ നാള്‍ ..........
ഒരൊഴിവ് കൊതിക്കാത്തവരില്ല..

പ്രയാസങ്ങളുടെ
പെരുമഴയില്‍നിന്ന്,
പ്രതിസന്ധികളുടെ
ഒഴുക്കില്‍നിന്ന്,
സങ്കടങ്ങളുടെ
അഴിമുഖത്തുനിന്ന്,
സമ്മര്‍ദ്ദങ്ങളുടെ
ചുഴികളില്‍നിന്ന്,
സങ്കീര്‍ണ്ണതകളുടെ
അഴിയാക്കുരുക്കില്‍നിന്ന്,
കെട്ടുപാടുകളുടെ
ഒഴിയാബാധയില്‍നിന്ന്
ഒരൊഴിവ്.

മുമ്പൊക്കെ ഒഴിവ്
വ്യാഴവും വെള്ളിയുമായിരുന്നു.
ഈയിടെ ‘ഇമാറാത്തി‘ല്‍
വ്യാഴത്തിന് ശെനിയുടെ ‘അപഹാരം‘
വ്യാഴമായാലും ശെനിയായാലും
ഒഴിവുണ്ടായാല്‍ മതി.
(അതുമില്ലാത്തവരുടെ കഥയോ...!!)

ഒഴിവുദിനത്തില്‍ പലര്‍ക്കും
വാക്കുകള്‍ വഴുതും
അവര്‍ക്കുമുന്നില്‍ അന്ന്
കുപ്പികള്‍ ഒഴിയും.

പ്രവൃത്തിദിനങ്ങളില്‍ നിന്നുള്ള
വിഴുപ്പുകളലക്കുന്നവരേയും
ഓര്‍മ്മകളില്‍ അലസം
തുഴഞ്ഞ് നീങ്ങുന്നവരേയും
നിദ്രതന്‍നീരാഴിയില്‍ സദാ
തുഴയെറിയുന്നവരേയും
ഒഴിവുദിനങ്ങളില്‍ കാണാം.

ക്ലാസ്സിഫൈഡുകളില്‍
കണ്ണുനട്ടിരിക്കുന്നവരും
കൊതിക്കുന്നത്
ഒഴിവിനെത്തന്നെ.
വഴുക്കുന്നനിലങ്ങളീല്‍
നെട്ടോട്ടമോടിയോടീ
അവര്‍
കയറി നില്‍ക്കാനായുന്നതും
ഒഴിവിന്‍‌റ്റെ പഴുതിലാണ്.

ഒഴിവുകഴിവുകളിലൂടെ പലരും
ലക്‍ഷ്യമിടുന്നതും
ഒഴിവുതന്നെയാണ്.
പഴികേള്‍ക്കാതെ ഒഴിവാകാന്‍
വഴിയതാണ് പലര്‍ക്കും.

ഒന്നിനും ഒഴിവില്ലാത്തവര്‍ക്കും
ഒഴിവുകഴിവുകളില്‍
രക്ഷതേടുന്നവര്‍ക്കും
ഒഴിവുതേടിയലയുന്നവര്‍ക്കും
ഒഴിഞ്ഞുമാറാന്‍
ഇഷ്ടമില്ലാത്തവര്‍ക്കും
ഒഴിഞ്ഞ്‌പോകാന്‍
വഴിയില്ലാത്തവര്‍ക്കും
ഇവിടെയിത്തിരി ഒഴിവുണ്ട്.

സ്വാഗതം .
Continue Reading