കോൺഗ്രസ്സിന്റ് മദ്യവർജ്ജന നയവും സർക്കാറിന്റെ പ്രായോഗിക നയവും സുധീരന്റെ “തൃശങ്കു” അവസ്ഥയും.

മദ്യനയത്തിൽ കോൺഗ്രസ്സിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാൻ സംസ്ഥാനകോൺഗ്രസ്സ് പ്രസിഡന്റ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ള പ്രയത്നം സ്വന്തം പാളയത്തിലുള്ളവരുടെ കാലുവാരലിന്റെ ഫലമായും മദ്യരാജാക്കന്മാരുടെ അവിഹിതസ്വാധീനത്തിന്റെ ആസുരശക്തിയാലും ഒരു പരിധിവരെ പരാജയപ്പെട്ട അവസ്ഥയിലാണല്ലോ

ഇക്കാര്യത്തിൽ സുധീരനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവർ പോലും പരാജയാവസ്ഥയിൽ അദ്ദേഹത്തെ പരിഹസിക്കാനും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനും തുടങ്ങിയിരിക്കുന്നു. ഇക്കൂട്ടർ അദ്ദേഹം കോൺഗ്രസ്സിന്റെ സംസ്ഥാനപ്രസിഡന്റ് മാത്രമാണെന്നും പ്രസിഡന്റിന് എക്സിക്ക്യൂട്ടീവ് അധികാരങ്ങളില്ല എന്ന വസ്തുതയും വിസ്മരിക്കുന്നു.. 

നയം നടപ്പിലാക്കാൻ ആഗ്രഹം പ്രകടിപ്പിക്കാനും അജണ്ടയായി അത് കമ്മിറ്റിയോഗത്തിൽ സമർപ്പിക്കാനും അദ്ദേഹത്തിനു കഴിയും. നിയമനിർമ്മാണത്തിലൂടേയും ഉദ്യോഗസ്തരോട് കൽപ്പന പുറപ്പെടുവിച്ചും അത് സാധിതപ്രായമാക്കാൻ സാധിക്കുന്നത് മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയ്ക്ക് മാത്രമാണ്

നയവും നിയമവും നടപ്പാക്കാൻ അകമഴിഞ്ഞ പിന്തുണകൊടുത്ത് കരുത്തേകേണ്ടവർ പ്രത്യക്ഷത്തിൽ വെളുക്കെച്ചിരിച്ച് അനുകൂലമായി അഭിപ്രായം പറയുകയും പരോക്ഷമായി മദ്യരാജാക്കന്മാരുമായി കൈകോർക്കുകയും ചെയ്യുമ്പോൾ കാര്യം ഉദ്ദേശിച്ച കടവിലടുപ്പിക്കാൻ അദ്ദേഹത്തിനാവില്ല. എതിരിടേണ്ടത് പണച്ചാക്കുകളോടും അവർ പണമുപയോഗിച്ച് വിലക്ക് വാങ്ങിയ സ്വന്തമെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഫലത്തിൽപ്രതിപക്ഷമായ ശക്തികളോടുമാകുമ്പോൾ അവരോട് ജയിക്കണമെങ്കിൽ അതിമാനുഷശക്തി വേണ്ടിവരും. “നിർഭാഗ്യവശാൽസുധീരൻ ആൾ ദൈവമല്ല”.


 ന്യായമായതും മദ്യപാനികളെക്കൊണ്ടുള്ള കെടുതി അനുഭവിച്ചറിഞ്ഞ കേരളത്തിലെ അനവധി കുടുംബങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കിയതുമായ മദ്യനിരോധനനയം ഉദ്ദിഷ്ടലക്ഷ്യം കാണാതെ പരാജയം രുചിച്ച അവസ്ഥയിൽ ഒന്നുകിൽ തലകുനിച്ച് സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് 'ഈ രക്തത്തിൽ എനിക്ക് പങ്കില്ല' എന്നു പറഞ്ഞ് സുധീരൻ രാഷ്ട്രീയ വനവാസത്തിനു പോകണം. അല്ലെങ്കിൽ മദ്യനയം പോലെത്തന്നെ പ്രധാനമായ മറ്റു പല കാര്യങ്ങളിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാനുള്ള സദുദ്ദേശത്തോടെ പാർട്ടിയെ ശരിയായ വഴിയിലേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ട് അതിനായി സ്ഥാനത്ത് തന്നെ ഉറച്ചിരിക്കണം. 



രണ്ടാമത്തെ മാർഗ്ഗമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് തോന്നുന്നു. നിസ്സഹായതയുടെ നിഴലിൽ പാർട്ടിയുടെ അമരത്ത് തുടരുമ്പോഴും മദ്യനയത്തിലെ തന്റെ നിലപാടുകൾ മാറിയിട്ടില്ലെന്ന് തന്നിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ള സ്വന്തം അണികളെയെങ്കിലും ബോദ്ധ്യപ്പെടുത്തേണ്ടത് അദ്ദേഹത്തിന് സ്വന്തം വിശ്വാസ്യതയുടെ ആവശ്യമാണ്. ഗോകുലം ഗോപാലനെപ്പോലെയുള്ള മദ്യരാജാക്കന്മാരെ കേൾവിക്കാരായി വേദിയിലിരുത്തിക്കൊണ്ട് തന്നെ ആ സത്യം വിളിച്ചു പറയാനുള്ള ആർജ്ജവം അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. മദ്യനയത്തിൽ പ്രായോഗികതയുടെ പേരുപറഞ്ഞ് വെള്ളം ചേർത്ത അവസ്ഥയിൽ മദ്യാസക്തിയുടെ മഹാവിപത്തിനെപ്പറ്റി മിണ്ടാനുള്ള യോഗ്യത ഇനി സുധീരന് ഇല്ല എന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളെ അസംബന്ധം എന്നേ വിശേഷിപ്പിക്കാൻ പറ്റൂ.



അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു പറ്റം സഹപ്രവർത്തകരൊത്ത് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിയാത്തതിന് അദ്ദേഹം പഴി അർഹിക്കുന്നില്ല. മറിച്ച് സഹതാപം മാത്രമേ അർഹിക്കുന്നുള്ളു. 




ഒരു കാലത്ത് അദ്ദേഹം മദ്യപാനിയായിരുന്നു എന്നാണ് ഒരു മദ്യരാജാവിൽ നിന്ന് വന്നിരിക്കുന്ന പുതിയ ആരോപണം. അദ്ദേഹം പണ്ട് മദ്യം ഉപയോഗിച്ചിരുന്നു എന്നത് സത്യമായിരുന്നാൽ പോലും അതിന്റെ ദൂഷ്യം അനുഭവിച്ചറിഞ്ഞ് അതിൽ നിന്ന് പിന്മാറിയ ഒരാൾക്ക് തീർച്ചയായും മദ്യത്തിനെതിരെ ശബ്ദമുയർത്താൻ മറ്റുള്ളവരെക്കാൾ അർഹത കൂടുതലാണുള്ളത്. ഭാര്യാ സഹോദരന് ബാറുണ്ട് എന്നതാണ് മറ്റൊരു കുറ്റം അത് സത്യമായിരുന്നാൽ പോലും വ്യക്തിപരമായ അദ്ദേഹത്തിന്റെ ക്രഡിബിലിറ്റിയെ അത് ബാധിക്കുന്നില്ല. കുടുംബത്തിൽ പെട്ട മറ്റുള്ളവർ എന്തു ബിസിനസ്സ് നടത്തണം എന്ന് തീരുമാനിക്കാൻ അദ്ദേഹത്തിനെന്നല്ല, ആർക്കുമാവില്ല. .


കൊള്ളരുതാത്തവർക്ക്  കൈകാര്യം ചെയ്യാൻ അവസരം കൊടുത്ത് സ്ഥാനം വലിച്ചെറിഞ്ഞ് സ്ഥലം വിടാൻ ദയവ് ചെയ്ത് അദ്ദേഹത്തെ നിർബ്ബന്ധിക്കരുത്. രാഷ്ട്രീയത്തേയും അധികാരസ്ഥാനങ്ങളേയും മൊത്തമായി മാഫിയയുടെ പിടിയിലേക്ക് വിട്ടുകൊടുത്ത് ആദർശശുദ്ധിയുള്ള അപൂർവ്വം ആളുകൾ കൂടി അരങ്ങോഴിഞ്ഞാൽ നാടിന്റെ ഗതി എങ്ങോട്ടായിരിക്കും എന്ന് ചിന്തിക്കാൻ നിക്ഷിപ്തതാൽ‌പര്യങ്ങളില്ലാത്ത എല്ലാവർക്കും കക്ഷിഭേദമന്യേ കടമയുണ്ട്.

2 comments:

ബഷീർ said... Reply To This Comment

ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ എന്ന് പറഞ്ഞപോലെയായി കാര്യങ്ങൾ എല്ലാം പഴയ പടിയായി അല്ല ഒന്ന് കൂടി ഉഷാറായി എന്നു വേണം പറയാൻ... (ആൾ ദൈവങ്ങൾ അതിമാനുഷരാണെന്ന് തോന്നുന്ന വിധത്തിലുള്ള വരിയിൽ വിയോജിപ്പ്.. അങ്ങിനെ അവർ തോന്നിപ്പിച്ച് കബളിപ്പിക്കയല്ലേ ചെയ്യൂന്നത്)

usman Pallikkarayil said... Reply To This Comment

"ആൾദൈവം" എന്നത് ഇതിൽ കാണിച്ച പ്രകാരം "ഇൻവെർട്ടഡ് കോമ" ക്കുള്ളിലാണ് എഴുതിയിരിക്കുന്നത്. അതിനെ ഞാൻ ഉൾക്കൊള്ളുന്നില്ലെന്നും ആ സങ്കൽപ്പത്തിലെ അന്ത:സാരശൂന്യതയെയുമാണത് സൂചിപ്പിക്കുന്നത്. ആ വാക്യത്തിന്റെ തുടക്കത്തിലെ "നിർഭാഗ്യവശാൽ" എന്ന വാക്കും ഇൻവെർട്ടഡ് കോമ ഇട്ട് തന്നെയാണ് കൊടുത്തിരിക്കുന്നത്. @ Basheer Vellarakad.