സായൂജ്യം

വര്‍ഷപാതമായ്‌ ഞാന്‍
പെയ്തിറങ്ങാം .......

നിന്റെ

കണ്ണീരിന്റെ
ഉപ്പിലേക്ക്‌
ദുഃഖത്തിന്റെ
ചതുപ്പിലേക്ക്

ആശങ്കയുടെ
നിഴലുകളിലേക്ക്‌
ഭയത്തിന്റെ
നിലവറകളിലേക്ക്‌

നിരാസത്തിന്റെ

ശൂന്യതയിലേക്ക്‌
വിഷാദത്തിന്റെ
ദൈന്യതയിലേക്ക്‌

പരിഭവത്തിന്റെ

അമാവാസിയിലേക്ക്
പ്രതിരോധത്തിന്റെ
കവചങ്ങളിലേക്ക്‌

മൌനത്തിന്റെ

കയങ്ങളിലേക്ക്‌
സംയമനത്തിന്റെ
വിശുദ്ധിയിലേക്ക്‌

വ്രതങ്ങളുടെ

മുള്‍മുനയിലേക്ക്‌
ജാഗ്രതയുടെ
വാള്‍ത്തലയിലേക്ക്‌

ചിന്തകളുടെ

വെളിമുഖത്തേക്ക്‌
പ്രതീക്ഷകളുടെ
പ്രതലങ്ങളിലേക്ക്‌

ആശയുടെ

ആഴിയിലേക്ക്‌
വിശ്വാസങ്ങളുടെ
അദ്രിയിലേക്ക്‌

മമതയുടെ

മാധുര്യത്തിലേക്ക്‌
സൌഭാഗ്യത്തിന്റെ
ശോഭകളിലേക്ക്‌

നിലാവായ്‌ ഞാന്‍
വീണലിയാം ........

നിന്റെ

മോഹങ്ങളുടെ പൂവനിയിലേക്ക്                                                                                                        
ന്ദസ്മിതത്തിന്റെ
തിളക്കത്തിലേക്ക്‌

മൊഴികളുടെ

കുളിരിലേക്ക്‌
മിഴികളുടെ
ക്ഷണത്തിലേക്ക്‌

സൌന്ദര്യത്തിന്റെ

സമ്മോഹനയിലേക്ക്
സാമീപ്യത്തിന്റെ
ലഹരിയിലേക്ക്‌

തനുവിന്റെ

സ്നിഗ്ദ്ധതയിലേക്ക്‌
അനുഭൂതിയുടെ
പുഷ്പങ്ങളിലേക്ക്‌

ദാഹത്തിന്റെ

അഗ്നിയിലേക്ക്‌
രഹസ്യങ്ങളുടെ
മധുവനിയിലേക്ക്‌

സ്പര്‍ശത്തിന്റെ

കനിവിലേക്ക്‌
നിശ്വാസത്തിന്റെ
ഊഷ്മളതയിലേക്ക്‌

ലാസ്യത്തിന്റെ
പൂമെത്തയിലേക്ക്‌
ഹര്‍ഷത്തിന്റെ

പൂഞ്ചിറകിലേക്ക്‌

കിനാവുകളുടെ
വര്‍ണ്ണരാജിയിലേക്ക്‌
വികാരങ്ങളുടെ
ടാകത്തിലേക്ക്‌

അഴകിന്റെ

പൊരുളുകളിലേക്ക്‌
ആവേശത്തിന്റെ
അലമാലകളിലേക്ക്‌

ആനന്ദത്തിന്റെ

ഉല്‍സവങ്ങളിലേക്ക്‌
അഭിനിവേശത്തിന്റെ
ഉന്മാദത്തിലേക്ക്‌

നിര്‍വൃതിയുടെ

മധുകണങ്ങളിലേക്ക്‌
സംതൃപ്തിയുടെ

പുലരികളിലേക്ക്‌.....
Continue Reading

ആശംസകള്‍....



സമത്വസുന്ദരമായ
ഭൂതകാലത്തിന്റെ
സ്മരണകളുമായെത്തുന്ന
തിരുവോണവും
പുണ്യംപുലരുന്ന
വ്രതകാലവും
സംഗമിക്കുന്ന വേളയില്‍
എല്ലാ സുമനസ്സുകള്‍ക്കും
ഹൃദയംഗമമായ ആശംസകള്‍....

-----------------------
Continue Reading

ഭ്രൂണവിലാപം


വളരെ സുഖകരമാണീ അവസ്ഥ.
ഏറെ ഊഷ്മളം, അതീവ ഹൃദ്യം .
എന്റെ കൈവിരലുകള്‍, കാല്‍പ്പാദങ്ങള്‍
രൂപംകൊണ്ടുതുടങ്ങിയിരിക്കുന്നു.....

അമ്മയുടെ മാര്‍ത്തടത്തിന്റെ മസൃണതയും
അച്ഛന്റെ ദൃഡപേശികളരുളുന്ന സുരക്ഷയും
എന്നെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളാണ്‌..
പ്രതീക്ഷാനിര്‍ഭരമാണെന്റെ ഹൃദയം...

പുറത്ത്‌ കളിയും ചിരിയും.
അതെന്റെ ചേച്ചിയുടേതാകാം,
കൊച്ചുചേട്ടന്റേതാകാം.
അവര്‍ എന്റെ ശബ്ദത്തിനു കാതോര്‍ത്ത്‌
ചെവി വട്ടംപിടിക്കുന്നതറിയുന്നു...

കളിപ്പാട്ടങ്ങളുടെ സമൃദ്ധിയും
കിളികളുടെ കളകൂജനങ്ങളും
കുളിരോലുന്ന നിലാസ്പര്‍ശവും
വിളംബംവിനാ ഞാനറിയുകയായി....

ഓ..... എന്റെ സ്വച്ഛതയിലേക്ക്‌
എന്തോ കടന്നുകയറുന്നുവല്ലോ.....!
ലോഹനിര്‍മ്മിതമായ ഉപകരണങ്ങള്‍......!
വേദന..... ദുസ്സഹമായ വേദന......

എന്തോ കുഴപ്പമുണ്ട്‌......

ഇനിയും തെളിഞ്ഞിട്ടില്ലാത്ത എന്റെ കണ്ണുകള്‍
കുത്തിപ്പൊട്ടിക്കുകയാണ്‌....
എന്റെ നെഞ്ചിലേക്ക്‌ കത്തി തുളയുന്നു...

അരുതമ്മേ...എനിക്ക്‌ പിറക്കണം.
എനിക്ക്‌ നിങ്ങളുടെ മകനാകണം.....

മരവിപ്പ്‌ പടരുന്നു.....അന്ധകാരവും.
ഇല്ല.... എനിക്കിനി ജീവിതമില്ല.
എല്ലാം തകര്‍ന്നു.....
ഞാന്‍ ഇരുളിലേക്ക്‌ മടങ്ങുകയാണ്‌.......

Continue Reading

വെള്ളാമ്പല്‍പ്പൂ.

ആമ്പല്‍ക്കുളത്തിലന്നാദ്യമായ്‌ കൂമ്പിയ
വെള്ളാമ്പല്‍മൊട്ടിനു നാണം.
ജലസസ്യജാലത്തിന്‍ ശ്യാമാവരണത്തി-
ലവള്‍ തന്റെ നാണം മറച്ചൂ...........

നിനവിലും കനവിലും പ്രിയനാം ശശിയുടെ
പൊന്‍മുഖം കാണാനുഴറീ
ചുടുനെടുവീര്‍പ്പുകളേറെപ്പൊഴിച്ചുകൊ-
ണ്ടവള്‍ നിന്നു നിര്‍ന്നിദ്രയായീ..............

താരകള്‍ തിങ്ങിയ രാവുകളെത്രയോ
അവള്‍ തന്റെ നാഥനെ കാത്തു
താരകളവളുടെ രാഗംകൊതിച്ചുകൊ-
ണ്ടേറേക്കടാക്ഷം പൊഴിച്ചൂ............

നീരദകന്യകളംബരം വിട്ടൊരു
രാവിലവന്‍ വന്നുചേര്‍ന്നൂ.
കാമുകദര്‍ശനഹര്‍ഷത്തിലവളുടെ
തൂമുഖം വ്രീളയാല്‍ ചോന്നൂ........

രാവിന്റെ യാമത്തില്‍ കാന്തന്റെമാറിലെ
ചൂടില്‍ മയങ്ങാന്‍ കൊതിക്കെ
സാന്ദ്രനിലാവാം കൈകളാല്‍ മുഴുതിങ്ക-
ളവളെ പരിരംഭണത്തിലൊതുക്കീ...........

കതിര്‍കൈകള്‍ നീട്ടി പ്രസൂനത്തെയന്നവന്‍
ആപാദചൂഡം തഴുകീ
ജന്‍മസാഫല്യത്തിന്‍ നിമിഷത്തിലവളന്നു
നിര്‍വൃതിപ്പൊന്‍കതിര്‍ ചൂടീ.......

ഉന്‍മാദഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
നിമിഷശതങ്ങളിലൂടെ
പുളകംപുതച്ചുകൊണ്ടവള്‍ മതിലേഖതന്‍
മാറില്‍ തളര്‍ന്നു മയങ്ങീ.......

പുലരിതന്‍ വെട്ടത്തില്‍ കണ്‍തുറന്നീടവെ
അവനടുത്തില്ലെന്നറിഞ്ഞൂ
വേപഥുപൂണ്ടവള്‍ നാഥനെയോര്‍ത്തുകൊ-
ണ്ടേറേ മിഴിനീര്‍ പൊഴിച്ചൂ..............

ഇനിയും വരില്ലയെന്നറിയാതെയേറെനാള്‍
കാതോര്‍ത്തുകണ്‍പാര്‍ത്തു നിന്നൂ
ഒടുവിലാപ്പൊയ്കതന്‍ അന്തരാളത്തിലേ-
ക്കുയിര്‍വെടിഞ്ഞവള്‍ പോയ് മറഞ്ഞൂ.....

കാര്‍മേഘപാളിതന്‍ കാരാഗൃഹം തകര്‍-
ത്തൊരുനാള്‍ ശശിലേഖ വന്നൂ
മല്‍സഖിതന്നുടെ വിധിയില്‍ സന്തപ്തനായ്‌
ഖിന്നനായ്‌ മൌനം കരഞ്ഞൂ........

Continue Reading