അകത്തേക്കൊഴുകുന്ന കണ്ണീര്‍ ......













അനിയന്റെ സ്ഥാനത്ത്‌
അവരോധിതനായവന്‍
അരങ്ങൊഴിഞ്ഞു.........

** ** ** **

നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ ത്തി
'ഇതെന്റെ ഫസ്റ്റ് കസിനാണെ'ന്ന് നീയിനി പറയില്ല...
സ്കൂള്‍ കാലഘട്ടത്തെ അനുസ്മരിച്ച്
"നിങ്ങളെ സ്റ്റേജില്‍കണ്ടപ്പോള്‍ഞാന്‍ കോരിത്തരിച്ചു" എന്നു മൊഴിഞ്ഞ്‌
എന്റെ ആത്മാഭിമാനത്തില്‍ പീലികൊണ്ടുഴിയില്ല...........

ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തി
നൂറ്റിയൊന്നാം തവണയും
പഴങ്കഥകള്‍ പറയിക്കില്ല.
കഥകേട്ടു വിസ്മയക്കണ്ണുമായ്‌
നീയിനിയും എന്നെനോക്കിയിരിക്കില്ല.........

നഗരത്തിലെ അനാഥത്വത്തില്‍
നിന്റെ അര്‍ദ്ധശയ്യ ഇനിയുമെനിക്ക്‌
അഭയസ്ഥാനമാവില്ല.......

ഫ്ളാറ്റില്‍ നിന്റെ സംഘാടനത്തില്‍
'മെഹ്ഫിലു'കളുണരുന്നതില്‍
പാടാന്‍ ഇനിയെന്നെ പ്രേരിപ്പിക്കില്ല.
എന്റെ പടുപാട്ടിനു തലയിളക്കി
ഇനി നീ പ്രോല്‍സാഹിപ്പിക്കില്ല.........

താളവാദ്യത്തില്‍ സംഗീതമുണര്‍ത്താന്‍
നിന്റെ വിരലുകളിനി ചലിക്കുകയില്ലാ..
നീയുള്ളിടത്തുനിന്നെല്ലാം ഉയര്‍ന്നു കേള്‍ക്കുമായിരുന്ന
മൂളിപ്പാട്ടുകളും ഇനിയില്ല......

സുഹൃദ്സദസ്സുകളില്‍
നിറഞ്ഞുനില്‍ക്കുന്ന വെളിച്ചമായ്
നിന്നെയിനികാണില്ല...
സ്വന്തവും പരകീയവുമായ
തമാശക്കഥകളുടെ കെട്ടഴിച്ച്
പൊട്ടിച്ചിരികളുണര്‍ത്താന്‍ ഇനി നീയില്ല....

എന്റെ ഏകാന്തതയുടെ കനംകുറക്കാന്‍
പ്രസാദമധുരമായ വാക്കുകളുമായ്‌
സുദീര്‍ഘമായ ഫോണ്‍കാളുകള്‍
ഇനി എന്നെത്തേടിയെത്തില്ല....

എന്റെ ആജ്ഞകള്‍ ശിരസാവഹിക്കാന്‍
എന്റെ കുഞ്ഞനിയനായ്
നീയിനി നിന്നുതരില്ല.........

** ** ** **

നിന്റെ ഘടികാരം നിലച്ചിരിക്കുന്നു.......

'ശജറത്തുല്‍ മുന്‍ തഹ'യില്‍ നിന്ന്
ആരുടെ നാമം വഹിക്കുന്ന ഇലയ്ക്കാണ്‌
പൊഴിയാന്‍ അടുത്ത ഊഴം എന്നാര്‍ക്കറിയാം ....

"അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാണ്‌
അനന്തമായ സമയമുള്ളത്"
അതിന്റെ താഴും താക്കോലും
അവന്റെ കയ്യില്‍ തന്നെ.....

എന്റെ ഹൃദയം പ്രാര്‍ഥനാ നിര്‍ഭരമാകുന്നു..

നിന്റെ പാപവിമോചനത്തിന്‌..
നിന്റെ സുദീര്‍ഘനിദ്രാസൌഖ്യത്തിന്‌.,
നിന്റെ പരലോകമോക്ഷത്തിന്‌....
നാകലോകത്തെ നമ്മുടെ പുനഃസമാഗമത്തിന്‌............

യാ...ഇലാഹീ.......

---------------------------

(അകാലത്തില്‍ പൊലിഞ്ഞുപോയ ആത്മസുഹൃത്ത്...അനുജന്‍.. ഒല്ലാശ്ശേരി റസ്സാക്കിന്റെ ഓര്‍മ്മയില്‍ ..
റസ്സാഖ് 12-01-07-നു അബൂദാബിയില്‍ വെച്ച് അന്തരിച്ചു. 13-നു നാട്ടില്‍ ഖബറടക്കം നടന്നു.)
ചുറ്റും സൌഹൃദത്തിന്റെ കാന്തി പരത്തിക്കൊണ്ട്‌ നിലാത്തിരിപോലെ പ്രകാശിച്ച്‌ പൊടുന്നനെ അണഞ്ഞുപോയ സ്നേഹസാന്നിദ്ധ്യം .........
നഷ്ടബോധത്തിന്റെ വിങ്ങലുകളാല്‍ വീര്‍പ്പുമുട്ടിക്കുന്ന ഒരോര്‍മ്മ...........

റസ്സാക്കിന്റെ ഛായാചിത്രം ഒരുക്കിയത്‌:
പി. എ. യൂസഫ്‌, കൊച്ചനൂര്‍ (യൂസഫ്‌പ എന്ന ബ്ലോഗര്‍)

16 comments:

പള്ളിക്കരയില്‍ said... Reply To This Comment

ചുറ്റും സൌഹൃദത്തിന്റെ കാന്തി പരത്തിക്കൊണ്ട്‌ നിലാത്തിരിപോലെ പ്രകാശിച്ച്‌ പൊടുന്നനെ അണഞ്ഞുപോയ ഒരു സ്നേഹസാന്നിദ്ധ്യം .........
നഷ്ടബോധത്തിന്റെ വിങ്ങലുകളാല്‍ വീര്‍പ്പുമുട്ടിക്കുന്ന ഒരോര്‍മ്മ...........


ആ വിയോഗം.....
മനസ്സുകൊണ്ട്‌ ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു യാഥാര്‍ത്ഥ്യം .........
പ്രാര്‍ത്ഥനകളോടെ..........

ശ്രീ said... Reply To This Comment

ആ സുഹൃത്തിനെ, അനുജനെ എന്തു മാത്രം സ്നേഹിച്ചിരുന്നു എന്ന് ഈ വാക്കുകളില്‍ നിന്ന്‍ മനസ്സിലാക്കുന്നു മാഷേ.

പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു...

B Shihab said... Reply To This Comment

"അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാണ്‌
അനന്തമായ സമയമുള്ളത്"
അതിന്റെ താഴും താക്കോലും
അവന്റെ കയ്യില്‍ തന്നെ.....


എന്റെ ഹൃദയം പ്രാര്‍ഥനാ നിര്‍ഭരമാകുന്നു..
നിന്റെ പാപവിമോചനത്തിന്‌..
നിന്റെ സുദീര്‍ഘനിദ്രാസൌഖ്യത്തിന്‌.,
നിന്റെ പരലോകമോക്ഷത്തിന്‌....
സ്വര്‍ഗ്ഗപ്രവേശത്തിന്‌....
so touching

നജീബ് said... Reply To This Comment

വിങ്ങലുകളാല്‍ വീര്‍പ്പുമുട്ടിക്കുന്ന ഒരോര്‍മ്മ...........

saleem said... Reply To This Comment

I am speechless,hard to express my feelings.words are blocked off.New posting in memory of our brother could really be touching.

യൂസുഫ്പ said... Reply To This Comment

ചെറപറാന്ന് പെയ്യുന്ന മഴയെ പോലെയാണ് റസാക്കിക്ക.അവസാനം പെയ്തൊഴിഞ്ഞു ആ മഴ ശോകമൂകമായ്.
ചിരിച്ചും ചിന്തിപ്പിച്ചും കരയിച്ചും അയാള്‍ നമ്മോട് വിടചൊല്ലി.

വെളിച്ചപ്പാട് said... Reply To This Comment

മറ്റുള്ളവരെ ചിരിപ്പിച്ച് ഉള്ളില്‍ കരയുന്നവനായിരുന്നിരിക്കണം പരേതന്‍ എന്ന് തോന്നുന്നു.

പള്ളിക്കരയില്‍ said... Reply To This Comment

This comment has been removed by the author.

പള്ളിക്കരയില്‍ said... Reply To This Comment

ശ്രീ,
ശിഹാബ്‌,
നജീബ്‌,
സലിം,
മാണിക്യം,
വെളിച്ചപ്പാട്‌,
യൂസഫ്പ.

നന്ദി. ബ്ലോഗില്‍ വന്നതിനും എന്റെ ദുഃഖം പങ്കിട്ടതിതിനും.

നീര്‍വിളാകന്‍ said... Reply To This Comment

hridayathil kondu... oru suhurthinu ithilum valyoru samarpanam nalkan kazhiyilla.... bhavukangal!

പള്ളിക്കരയില്‍ said... Reply To This Comment

നീര്‍വിളാകനു നന്ദി.. എന്റെ ഹൃദയത്തോട് ചേര്‍ന്നുനിന്നതിന്...

ചാണക്യന്‍ said... Reply To This Comment

എത്താന്‍ വൈകി മാഷെ....

പ്രാര്‍ത്ഥനയില്‍ പങ്ക് ചേരുന്നു.....

Kavitha sheril said... Reply To This Comment

പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു...

ബഷീര്‍ വെള്ളറക്കാട്‌ / pb said... Reply To This Comment

ആത്മ ബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നു ഈ വരികളിലൂടെ

പ്രാർത്ഥനകളോടെ ഓർക്കുക. ഇനിയത് മാത്രമല്ലേ ഊഴം കാത്തിരിക്കുന്നവർക്ക് ചെയ്യാൻ കഴിയുകയുള്ളൂ


ഓ.ടോ:

യൂസ്ഫ്പ ഒരു ചിത്രകാരൻ കൂടിയാണല്ലേ ..അഭിനന്ദനങ്ങൾ

പള്ളിക്കരയില്‍ said... Reply To This Comment

ചാണക്യന്‍,
കവിതാഷെറില്‍,
ബഷീര്‍ വെള്ളറക്കാട്...

ഹൃദയപൂര്‍വ്വമായ നന്ദി..

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

താങ്കളുടെ അനുജന്റെ(സുഹൃത്തിന്റെ ) വിയോഗത്തില്‍ താങ്കളുടെ ദു:ഖത്തില്‍ പങ്കെടുക്കുന്നതോടൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.അല്ലാഹു അദ്ദേഹത്തിന്റെ ആഖിറം വിജയമാക്കി കൊടുക്കട്ടെ,ആമീന്‍!